Advertisment

പ്രവാസികൾ കേരള സമ്പദ്ഘടനയുടെ നട്ടെല്ല്, അവരെ നാം കൈവിടരുതെന്ന് ഫാ. റ്റെജി പുതുവീട്ടിൽക്കളം

New Update

ലോകംമുഴുവനും കോവിഡ്-19 എന്ന മഹാമാരിയുടെ പിടിയിൽ അമർന്നിരിക്കുന്ന ഈ സമയത്ത്, ഇതിന്‍റെ ഭവിഷ്യത്ത് ഏറ്റവും ദോഷകരമായി ബാധിക്കുന്നവരിൽ ഒരു വലിയ ജനവിഭാഗം നമ്മുടെ പ്രവാസി സഹോദരങ്ങളാണ്. കേരളത്തിൽ നിന്നുള്ള പ്രവാസി സഹോദരങ്ങൾ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും, ഈ ഘട്ടത്തിൽ താരതമ്യേന ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് ഗൾഫ് രാജ്യങ്ങളിലെ നമ്മുടെ പ്രവാസി സഹോദരങ്ങളാണ്.

Advertisment

publive-image

നമ്മുടെ രാജ്യത്തിന്‍റെയും പ്രത്യേകിച്ച് ഈ കൊച്ചു കേരളത്തിന്‍റെയും സന്പദ്ഘടനയുടെ നട്ടെല്ലാണ് ഈ പ്രവാസി സഹോദരങ്ങൾ. എന്തുകൊണ്ടാണ് അവരെ നാം നമ്മുടെ സമ്പദ്ഘടനയുടെ നട്ടെല്ല് എന്നുവിളിക്കുന്നത്?

ഇന്ന് അവർ അനുഭവിക്കുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളും വെല്ലുവിളികളും എന്തൊക്കെയാണ്? അവരോടുള്ള സ്നേഹവും കരുതലും ഈ പ്രതിസന്ധിഘട്ടത്തിൽ എപ്രകാരമാണ് നാം പ്രകടമാക്കേണ്ടത്? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയാണ് ഈ ലേഖനത്തിലൂടെ. മേൽപ്പറഞ്ഞ ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്തുന്നതിന് ഗൾഫ് നാടുകളിലേക്കുള്ള മലയാളി പ്രവാസികളുടെ കുടിയേറ്റത്തിന്‍റെ ഒരു ചരിത്രം പരിശോധിക്കുന്നത് ഉചിതമാണെന്നു തോന്നുന്നു.

publive-image

ഗൾഫ് നാടുകളിലേക്കുള്ള മലയാളി പ്രവാസികളുടെ കുടിയേറ്റം: ഒരു ചരിത്ര പശ്ചാത്തലം

1930-കളുടെ ആരംഭത്തിൽ കിഴക്കൻ അറേബ്യൻ അഥവാ പേർഷ്യൻ ഗൾഫ് മേഘലകളിൽ വലിയ എണ്ണ ശേഖരം കണ്ടെത്തുന്നതോടെയാണ് ഗൾഫ്രാജ്യങ്ങൾ ഒരു സാമ്പത്തിക ശക്തിയായി ലോകരാജ്യങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. 1950-കളുടെ ആരംഭം മുതൽ ഗൾഫ് രാജ്യങ്ങൾ വ്യാവസായിക അടിസ്ഥാനത്തിൽ എണ്ണ വ്യാപാരം ആരംഭിച്ചു. കണക്കില്ലാത്ത എണ്ണ ശേഖരം ഉണ്ടായിരുന്നെങ്കിലും, അതിനെ സംസ്കരിച്ചെടുക്കുന്നതിനോ, അന്താരാഷ്ട്രകന്പോളങ്ങളിൽ എത്തിക്കുന്നതിനോ ആവശ്യമായ മനുഷ്യ വിഭവ ശേഷിയോ, തൊഴിൽപരമായ നൈപുണ്യമോ അക്കാലങ്ങളിൽ ഗൾഫ് രാജ്യങ്ങൾക്കില്ലാതിരുന്നതിനാൽ തൊഴിൽപരമായ ഒരു വലിയ പ്രതിസന്ധിയെ അവർക്ക് നേരിടേണ്ടി വന്നു. ഈ പ്രതിസന്ധിയെ മറികടക്കാനാണ് ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ നാടുകളിലേക്ക് ആദ്യമായി പ്രവാസികളെ സ്വാഗതം ചെയ്യുന്നത്.

20-ാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയോടുകൂടി നേരിട്ട തൊഴിലില്ലായ്മയേയും കടുത്ത സാമ്പത്തിക പ്രതിസന്ധിയേയും ചെറുത്തുനിൽക്കാനായി ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളുടെ മുന്പിൽ തെളിഞ്ഞ ഒരു സുവർണ്ണാവസരമായിരുന്നു ഗൾഫ് നാടുകളിൽ നിന്നുള്ള ഈ സ്വാഗതം. ഇത്തരത്തിൽ 1972 മുതൽ 1983 വരെയുള്ള വർഷങ്ങളിൽ കേരളത്തിൽനിന്ന് ഗൾഫ് നാടുകളിലേക്ക് ഒരു വലിയ പ്രവാസി ഒഴുക്കുണ്ടായി. ഗൾഫ് നാടുകളിലേക്കുള്ള ഈ പ്രവാസി ഒഴുക്ക് 2008 വരെ വളരെ കാര്യമായി തുടർന്നെങ്കിലും, 2008- ൽ ഗൾഫ് നാടുകളിലുണ്ടായ കടുത്ത സാന്പത്തിക പ്രതിസന്ധി ഈ പ്രവാസി കുടിയേറ്റത്തെ കാര്യമായി ബാധിച്ചു. എങ്കിലും 2010- ലെ കണക്കനുസരിച്ച് ഏകദേശം 35 ലക്ഷം മലയാളികൾ, ആ കാലയളവിൽ ഗൾഫ് നാടുകളിൽ ജോലി ചെയ്തിരുന്നു.

പ്രവാസി മലയാളികൾ നമ്മുടെ സമ്പദ്ഘടനയുടെ നട്ടെല്ല്

2010-ലെ കണക്കനുസരിച്ചുള്ള ഈ 35 ലക്ഷം പ്രവാസി മലയാളികളുടെ അധ്വാനഫലമായി ആ വർഷം നമ്മുടെ നാട്ടിലേയ്ക്കൊഴുകിയെത്തിയത് എകദേശം 681 കോടി അമേരിക്കൻ ഡോളറിന് തുല്യമായ പണമായിരുന്നു. 2008-ൽ ഇന്ത്യക്കുപുറത്തുനിന്നും വരുമാനമായി എത്തിയ ആകെ തുകയുടെ 15.13 ശതമാനത്തേക്കാൾ കൂടുതലായിരുന്നു മേൽപ്പറഞ്ഞ 681 കോടി അമേരിക്കൻ ഡോളറിനു തുല്യമായ പണം (6.81 billion US$).

2008 ൽ ഗൾഫ് രാജ്യങ്ങളിലുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മന്ദഗതിയിലായി കേരളത്തിൽ നിന്നും അവിടേക്കുള്ള പ്രവാസി കുടിയേറ്റം. തുടർന്നുള്ള വർഷങ്ങളിലും വീണ്ടും താഴേക്ക് കുതിക്കുന്നതായാണ് തിരുവനന്തപുരത്തെ സെന്‍റർ ഫോർ ഡെവലപ്പ്മെന്‍റ് സ്റ്റഡീസ് (Centre for Development Studies - CDS) 2018 ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലൂടെ വ്യക്തമാക്കുന്നത്. 2013 മുതൽ 2018 വരെയുള്ള വർഷങ്ങളിൽ മാത്രം ഏകദേശം 3 ലക്ഷത്തോളം പ്രവാസികൾ ഇത്തരത്തിൽ കേരളത്തിലേക്ക് തിരിച്ചു വന്നു. 2013 ൽ ഉണ്ടായിരുന്ന ആകെ മലയാളി പ്രവാസികളുടെ എണ്ണത്തിന്‍റെ ഏകദേശം പത്തിലൊന്നു ഭാഗമായിരുന്നു നാട്ടിലേക്കു തിരികെയെത്തിയ ഈ പ്രവാസി മക്കൾ.

മേൽപ്പറഞ്ഞ ഈ പഠനത്തിലെ കണക്കനുസരിച്ച് 2018 ആയപ്പോഴേക്കും ഗൾഫ് നാടുകളിലേക്കുള്ള മലയാളി പ്രവാസികളുടെ ഒഴുക്കിന് 11.6 ശതമാനം വളർച്ചാ നിരക്കാണ് ഉണ്ടായിട്ടുള്ളത്. കേരളത്തിന്‍റെ ജനസംഖ്യാ നിരക്ക് കുറഞ്ഞതിന്‍റെ ഫലമായി, പ്രവാസ ജീവിതത്തിന് അനുയോജ്യമായ 15 നും 29 നും വയസിനിടയിൽ പ്രായമായവരുടെ എണ്ണം കുറഞ്ഞതും, ഗൾഫ് നാടുകളിലെ സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായുണ്ടായ ശബളക്കുറവും, ഗൾഫ് നാടുകളിലെ തൊഴിൽ മേഘലകളിലുണ്ടായ തദ്ദേശീയ വൽക്കരണവും, ഈ കാലഘട്ടത്തിൽ കേരളത്തിലുണ്ടായ സാമ്പത്തിക വളർച്ചയും മറ്റും ഇത്തരത്തിൽ ഗൾഫ് നാടുകളിലേക്കുള്ള മലയാളി പ്രവാസികളുടെ ഒഴുക്കു കുറയ്ക്കുന്നതിന് കാരണമായിട്ടുണ്ട്. ഈ കാലഘട്ടത്തിൽ ഗൾഫ് നാടുകളിലെ ചില രാജ്യങ്ങളിൽ മലയാളി പ്രവാസികളുടെ എണ്ണത്തിലുണ്ടായ കുറവ് ഇപ്രകാരമാണ്: 2013 ൽ യു.എ യിൽ 8.9 ലക്ഷം മലയാളി പ്രവാസികൾ ഉണ്ടായിരുന്നെങ്കിൽ 2018-ൽ അത് 8.3 ലക്ഷമായി കുറഞ്ഞു; 2013-ൽ സൗദി അറേബ്യയിൽ 5.22 ലക്ഷം മലയാളി പ്രവാസികൾ ഉണ്ടായിരുന്നെങ്കിൽ 2018-ൽ 4.87 ലക്ഷമായി കുറഞ്ഞു.

ബഹറിനിൽ 2013-ൽ 1.49 ലക്ഷം മലയാളികൾ ഉണ്ടായിരുന്നെങ്കിൽ 2018 ആയപ്പോഴേക്കും അത് 0.81 ലക്ഷമായി കുറഞ്ഞു. 2013-ൽ 1.06 ലക്ഷമായിരുന്ന മലയാളി പ്രവാസികൾ 2018-ൽ 1.86 ലക്ഷമായി നേരിയതോതിൽ ഉയർന്ന ഖത്തറിൽ മാത്രമാണ് മലയാളിപ്രവാസികളുടെ വളർച്ചാ നിരക്ക് കൂടിയത്. ഇത്തരത്തിൽ 2018-ലെ കേരളാ മൈഗ്രന്‍റ് സർവേ അനുസരിച്ച് ഏകദേശം 1 2,90,000 മലയാളികൾ ഗൾഫ് നാടുകളിൽ നിന്നും പ്രവാസ ജീവിതമുപേക്ഷിച്ച് കേരളത്തിലേക്കു വന്നിട്ടുണ്ട്. വരും വർഷങ്ങളിലും ഇത്തരത്തിൽ ഗൾഫ് നാടുകളിൽനിന്നും തിരിച്ചുവരുന്നവരുടെ എണ്ണം കൂടുമെന്നുതന്നെയാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഈ കഴിഞ്ഞകാലങ്ങളിൽ ഗൾഫ് നാടുകളിലേക്കുള്ള പ്രവാസി മലയാളികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ടെങ്കിലും, അവിടെനിന്ന് കേരളത്തിലേക്കെത്തുന്ന പണത്തിന്‍റെ അളവ് കുറഞ്ഞിട്ടില്ല എന്ന് മാത്രമല്ല, അതിൽ കാര്യമായ വളർച്ചാനിരക്ക് ഉണ്ടായിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം. അതിന് പ്രധാന കാരണം അവിടെ തുടരുന്ന പ്രവാസികൾക്ക് മെച്ചപ്പെട്ട ജോലി ലഭിച്ചതും അതുവഴിയുണ്ടായ ശബള വർധനവും മറ്റുമാണ്. ഇത്തരത്തിൽ 2018-ൽ മാത്രം കേരളത്തിലേക്കെത്തിയത് ഏകദേശം 85,092 കോടി രൂപ ആയിരുന്നു.

ഇന്ന് പ്രവാസി മലയാളികൾ അനുഭവിക്കുന്ന പ്രധാന പ്രതിസന്ധികളും പ്രശ്നങ്ങളും എന്തൊക്കെയാണ്?

മേൽപ്പറഞ്ഞതുപോലെ പ്രവാസി മലയാളികളുടെ അധ്വാനത്തിന്‍റെയും വിയർപ്പിന്‍റെയും ഫലമായി കോടിക്കണക്കിന് രൂപാ പ്രതിവർഷം കേരളത്തിലേക്ക് വന്നിട്ടുണ്ടെങ്കിലും, അവയിൽ മുന്തിയ ശതമാനവും വിനിയോഗിക്കപ്പെട്ടത് സ്ഥലം വാങ്ങുക, വീടു പണിയുക, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ക്രമീകരിക്കുക തുടങ്ങിയ പ്രാഥമിക ആവശ്യങ്ങൾക്കു വേണ്ടിയായിരുന്നു. അതുകൊണ്ടുതന്നെ ഇത്തരത്തിൽ ഗൾഫ് നാടുകളിൽനിന്നും കേരളത്തിലേക്കെത്തിയ പണംകൊണ്ട് ഇവിടെ പുതിയ തൊഴിൽ സാധ്യതകളോ, വൻകിട മൂലധന നിക്ഷേപങ്ങളോ ഉണ്ടായിട്ടില്ല എന്ന് ചുരുക്കം. മുൻപ് സൂചിപ്പിച്ച പലവിധ കാരണങ്ങളാൽ പ്രവാസി മക്കൾക്ക് നാട്ടിലേക്ക് തിരികെ വരേണ്ടി വന്നാൽ അവർക്ക് ആവശ്യമായ തൊഴിൽ സംരംഭങ്ങൾ ഇവിടെയില്ല എന്നത് പ്രവാസികൾ നേരിടാൻപോകുന്ന ഒരു വലിയ പ്രതിസന്ധിതന്നെയാണ്.

ഇതിലും രൂക്ഷമാണ് കൊറോണാ രോഗം മൂലം ഉണ്ടാകാൻ പോകുന്ന പ്രതിസന്ധികൾ. കൊറോണരോഗം സൃഷ്ടിക്കുന്ന പ്രതിസന്ധിയുടെ ഫലമായി ലോകത്താകമാനം ഏകദേശം 20,00,00,000 (20 കോടി) ജനങ്ങൾക്ക് ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ട് എന്നാണ് പുതിയ കണക്കുകൾ തെളിയിക്കുന്നത്. അറബ് രാജ്യങ്ങളിൽ മാത്രം അവിടെയുള്ള ആകെ തൊഴിൽ സാധ്യതയുടെ 33.2 ശതമാനവും ഇല്ലാതാകും എന്നാണ് ഏപ്രിൽ 7, 2020-ന് ബി.ബി.സി. പ്രസിദ്ധീകരിച്ച ഒരു പഠനം വെളിവാക്കുന്നത്. ചുരുക്കത്തിൽ കോവിഡ്-19 എന്ന മഹാവ്യാധി രണ്ട് തരത്തിലാണ് ഗൾഫ് നാടുകളിലുള്ള സഹോദരങ്ങളെ ദോഷകരമായി ബാധിക്കുന്നത്. ഒന്നാമതായി ഇവർക്ക് കോവിഡ്-19 പടർന്നുപിടിക്കാനുള്ള സാദ്ധ്യത കൂടുതൽ ഉണ്ടെന്നുള്ളതും, ഇതിനോടകം ഈ രോഗം പടർന്നുപിടിച്ചവർക്ക് നാട്ടിൽ എത്താനുള്ള സൗകര്യം ഇല്ലാത്ത അവസ്ഥ നിലനിൽക്കുന്നു എന്നതുമാണ്. യുകെ., ഓസ്ടേലിയ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിലെയും, മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെയും മലയാളി പ്രവാസികളിൽ നിന്നും വ്യത്യസ്തരായി, ഗൾഫ് രാജ്യങ്ങളിലെ പ്രവാസി മലയാളികളിൽ ഭൂരിഭാഗവും താമസിക്കുന്നത് ലേബർ ക്യാമ്പുകളിലോ, മറ്റ് ഷെയേർഡ് ഷെൽറ്ററുകളിലോ ആണ്. മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് ഇത്തരം ഒന്നിച്ചുള്ള താമസ കേന്ദ്രങ്ങളിൽ കോവിഡ് പടർന്നുപിടിക്കാൻ സാധ്യത കൂടുതലാണ്. ഇപ്പോഴത്തെ നിലയിൽ പല ഗൾഫ് രാജ്യങ്ങൾക്കും രോഗബാധിതർക്ക് ചികിത്സാ സഹായമെത്തിക്കാൻ കഴിഞ്ഞേക്കും. എങ്കിലും, രോഗബാധിതരുടെ എണ്ണം വരും ദിവസങ്ങളിൽ ക്രമാതീതമായി വർധിച്ചാൽ അവർക്ക് വേണ്ട വിധത്തിലുള്ള ചികിത്സാ സൗകര്യം നൽകാൻ ഈ രാജ്യങ്ങൾക്കു സാധിച്ചേക്കുമോ എന്ന കാര്യം സംശയമാണ്. ഇനി ആരെങ്കിലും രോഗബാധിതർ ആയാൽത്തന്നെ അവർക്ക് നമ്മുടെ നാട്ടിൽ തിരിച്ചെത്തി ചികിത്സാ നേടാൻ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളത്. ഇതിനെല്ലാമുപരി രോഗബാധിതരും അല്ലാത്തവരുമായ നമ്മുടെ പ്രവാസി സഹോദരങ്ങളിൽ ഒരു വലിയ ശതമാനവും കഴിഞ്ഞ കുറെ ആഴ്ചകളായി ലോക്ഡൗണ്‍ മൂലം ജോലി ഇല്ലാതെ തുടരുന്ന അവസ്ഥയിലാണ് ജീവിക്കുന്നത്. രണ്ടാമത്തെ പ്രശ്നം കൊറോണബാധയ്ക്കു ശേഷം ഉണ്ടാകാൻ സാധ്യതയുള്ള, മുന്പ് പരാമർശിച്ച രൂക്ഷമായ തൊഴിലില്ലായ്മയാണ്. അപ്രകാരം ഒരവസ്ഥയിൽ തൊഴിൽ നഷ്ടപ്പെടുന്ന നമ്മുടെ പ്രവാസികളുടേയും അവരെ ആശ്രയിച്ചു കഴിയുന്ന അവരുടെ കുടുംബാംഗങ്ങളുടെയും അവസ്ഥ ഏറെ ക്ലേശകരമായിരിക്കും.

പ്രവാസികളോടുള്ള നമ്മുടെ സ്നേഹവും കരുതലും ഈ പ്രതിസന്ധി ഘട്ടത്തിൽ എപ്രകാരമാണ് നാം പ്രകടമാക്കേണ്ടത്?

ഗൾഫ് നാടുകളിൽ കോവിഡ്-19 ക്രമാതീതമായി പടർന്നുപിടിക്കുന്ന ഈ സാഹചര്യത്തിൽ നാം ആദ്യം ചെയ്യേണ്ടത് നമ്മുടെ പ്രവാസികളെ നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുകയെന്നതാണ്. അവരെ നാട്ടിൽ എത്തിച്ചാൽ വേണ്ട ക്രമീകരണങ്ങൾ ചെയ്തുകൊടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണെങ്കിലും, രോഗം പടർന്നുപിടിക്കാൻ സാദ്ധ്യതയുള്ളതിനാൽ കേന്ദ്ര ഗവണ്‍മെന്‍റ് പ്രവാസികളെ ഇപ്പോൾ നാട്ടിലെത്തിക്കാൻ വിസമ്മതിക്കുന്ന അവസ്ഥയാണുള്ളത്.

ഈ ഒരു പശ്ചാത്തലത്തിൽ അവരെ നാട്ടിൽ തിരിച്ചെത്തിക്കാനായി കേന്ദ്ര ഗവണ്‍മെന്‍റിനോട് അഭ്യർഥിക്കേണ്ട ധാർമിക ഉത്തരവാദിത്വം നമുക്കുണ്ട്. അതുമാത്രമല്ല, അവരെ നാട്ടിൽ എത്തിച്ചാൽ ആവശ്യമായ താമസവും ഭക്ഷണവും, ചികിത്സയും നൽകുന്നതിനു വേണ്ടി നമ്മളാൽ കഴിയുന്ന വിധത്തിൽ സഹായങ്ങൾ നൽകി ഗവണ്‍മെന്‍റിന്‍റെ പ്രവർത്തനങ്ങൾക്ക് ശക്തി പകരേണ്ട ഒരു വലിയ മാനസിക തുറവിയും നമുക്കുണ്ടാകേണ്ടതുണ്ട്.

മറ്റൊരു കരുതൽ കൊറോണ രോഗം അവസാനിക്കുമ്പോൾ തൊഴിൽ നഷ്ടപ്പെടാൻ സാധ്യതയുള്ളവർക്കുവേണ്ടിയാണ്. തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരികെ വരുന്ന നമ്മുടെ പ്രവാസികൾക്ക് ഗൾഫിലേതിനു സമാനമായ പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ നമുക്കാവണം. ഇതിന് മാറി മാറി വരുന്ന ഗവണ്‍മെന്‍റുകളെ പ്രേരിപ്പിക്കേണ്ടതും ആ ഗവണ്‍മെന്‍റുകൾക്ക് അതിനു വേണ്ട പിൻബലം കൊടുക്കേണ്ടതും ഓരോരുത്തരുടെയും ഉത്തരവാദിത്തവും കടമയുമാണ്.

കാരണം നമുക്കുവേണ്ടിയാണ് അവർ പിറന്ന നാടിനെയും പ്രിയപ്പെട്ടവരെയും വിട്ട് മരുഭൂമിയുടെ വിജനതകളിൽ ജോലി ചെയ്തത്. അവരുടെ കണ്ണുനീരിന്‍റെയും വിയർപ്പിന്‍റെയും ഫലമായിട്ടാണ് ഇന്നു കാണുന്ന വിധത്തിൽ കേരളത്തിലെ സമ്പദ് വ്യവസ്ഥയും ജീവിത നിലവാരവും ഉയരാൻ ഇടയായത്. ഒരിക്കൽകൂടി നമുക്ക് നമ്മോടുതന്നെ പറയാം: പ്രവാസികൾ നമ്മുടെ സന്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ നാം അവരെ കൈവിടരുത്.

pravasi article
Advertisment