Advertisment

ചലച്ചിത്ര നടനും വൈമാനികനുമായ ക്യാപ്റ്റൻ അഖിൽ വിജയ് ഡോ. കല ഷഹിയുടെ പാനലിൽ ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

New Update
akhil vijay

 

Advertisment

ഫ്ലോറിഡ: ചലച്ചിത്ര നടനും വൈമാനികനുമായ ക്യാപ്റ്റൻ അഖിൽ വിജയ് ഫൊക്കാനയുടെ 2024 - 2026 കാലയളവിൽ ഫ്ലോറിഡയിൽ നിന്ന് നാഷണൽ കമ്മിറ്റിയിലേക്ക് മത്നിരിക്കുമെന്ന് പ്രസിഡന്റ് സ്ഥാനാർത്ഥി ഡോ. കല ഷഹി അറിയിച്ചു. 

ഫ്ലോറിഡ കൈരളി ആർട്ട്സ് ക്ലബ് അംഗമായ അഖിൽ വിജയ് ഡെൽറ്റ എയർലൈൻസിൽ പൈലറ്റായി ജോലി ചെയ്യുകയാണിപ്പോൾ. ഒപ്പം റിയൽ എസ്റ്റേറ്റ് മേഖലയിലും സജീവമാണ്. 

അതിലുപരി ഫ്ലോറിഡയിലെ സാമൂഹിക സാംസ്കാരിക മേഖലയിൽ സജീവവുമായ അഖിൽ മലയാള ചലച്ചിത്ര രംഗത്ത് ഉദിച്ചുയരുന്ന ഒരു താരം കൂടിയാണ്. 2019 ൽ ശരത് ജി. മോഹൻ സംവിധാനം ചെയ്ത കർണൻ നെപ്പോളിയൻ ഭംഗത് സിംഗ് എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്തു കൊണ്ട് മലയാള  സിനിമയിൽ അരങ്ങേറ്റം കുറിച്ച അഖിലിന്റെ മനസിൽ സിനിമ തന്നെയാണ് ലക്ഷ്യം. 

ഏറെ ശ്രദ്ധിക്കപ്പെട്ട ആലീസ് ഇൻ പഞ്ചാലി നാട്, മൂൺവാക്ക്, തുടങ്ങിയ സിനിമയിലും അഭിനയിച്ച അഖിലിന് സാംസ്കാരിക സാമൂഹ്യ പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ട്. കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിലൂടെ തിരുവനന്തപുരത്ത് രാഷ്ട്രീയരംഗത്തും സജീവമായിരുന്നു അഖിൽ. 

മുഖ്യധാരാ മാധ്യമങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന അഖിലിന്റെ മറ്റൊരു മേഖല മോഡലിംഗ് ആണ്. നിരവധി ഷോർട്ട് ഫിലിമിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ഡോ. ബാബൂസ്റ്റീഫന്റെ നേതൃത്വത്തിലുള്ള ഫൊക്കാനയുടെ പ്രവർത്തനങ്ങൾ ശ്ലാഖനീയമാണ്. ജോർജി വർഗ്ഗീസിന്റെ നേതൃത്വത്തിൽ ഫ്ലോറിഡയിൽ നടന്ന കൺവൻഷൻ തനിക്ക് ഫൊക്കാനയുടെ പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ അവബോധം നൽകുകയും ഫൊക്കാനയിലേക്ക് യുവജനങ്ങൾ കടന്നു വരുന്നതിനായി നടപ്പിലാക്കുന്ന പദ്ധതികളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും അഖിൽ വിജയ് പറഞ്ഞു.

ഒരു പൈലറ്റ് ആവുക എന്ന ആഗ്രഹം സാധിക്കുവാൻ തന്റെ സ്ഥിരോത്സാഹവും പ്രവർത്തിപരതയും ഏറെ സഹായിച്ചു. ആഗ്രഹങ്ങൾക്ക് പുറകെ സഞ്ചരിച്ച് അത് നേടിയെടുക്കുക എന്നതാണ് തന്റെ ശൈലിയെന്നും അഖിൽ പറഞ്ഞു.

അഖിൽ വിജയിനെ പോലെ ചുറുചുറുക്കുള്ള ചെറുപ്പക്കാരനെ ഫൊക്കാനയുടെ 2024- 2026 കാലയളവിൽ ഫൊക്കാനയുടെ നാഷണൽ കമ്മിറ്റിയിലേക്ക് സ്ഥാനാർത്ഥിയായി ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ഫൊക്കാന പ്രസിഡന്റ് സ്ഥാനാർത്ഥി ഡോ. കല ഷഹി പറഞ്ഞു. 

ചലച്ചിത്ര, സാംസ്കാരിക, സാമൂഹിക മേഖലയിൽ വളർന്നു വരുന്ന അഖിലിന്റെ സേവനം വരും വർഷങ്ങളിൽ ഫൊക്കാനയുടെ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടായിരിക്കുമെന്ന് ഫൊക്കാന ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി ജോർജ് പണിക്കർ, ട്രഷറർ സ്ഥാനാർത്ഥി രാജൻ സാമുവേൽ എന്നിവർ അറിയിച്ചു.

Advertisment