സജി ചെറിയാന് എതിരായ പരാതി: ഗവർണറുടെ പരിഗണനയ്ക്ക് വിട്ട് രാഷ്ട്രപതി

New Update

publive-image

സജി ചെറിയാനെതിരായ പരാതി ഗവർണറുടെ പരിഗണനയ്ക്ക് വിട്ട് രാഷ്ട്രപതി. ബെന്നി ബഹനാൻ നൽകിയ പരാതിയാണ് ഗവർണർക്ക് രാഷ്ട്രപതി കൈമാറിയത്. ക്യാബിനറ്റ് സെക്രട്ടറി വഴിയാണ് നടപടി. മുൻ മന്ത്രി സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചെന്ന് എഫ് ഐ ആറിൽ പറയുന്നു. പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ട് സെക്ഷൻ 2 പ്രകാരമാണ് കേസ്. പരാതി പരിശോധിച്ച് അടിയന്തരമായി ഉചിത നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

Advertisment

മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് സജി ചെറിയനെതിരെ ചുമത്തിയത്. അതേസമയം, ഭരണഘടനയെ അവഹേളിച്ചുവെന്ന പരാതിയിൽ മുൻ മന്ത്രി സജി ചെറിയനെതിരായ കേസ് തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. സജി ചെറിയനെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് കേസ് ഇന്ന് വീണ്ടും പരിഗണിക്കുന്നത്.

അതേസമയം, സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. സജി ചെറിയാൻ വിവാദം സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യും. സജി ചെറിയാൻ രാജിവച്ച ഒഴിവിലേക്ക് പുതിയ മന്ത്രി വേണമോ എന്ന കാര്യത്തിലും തീരുമാനമുണ്ടായേക്കും. പ്രതിപക്ഷം എം എൽഎ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം കടുപ്പിക്കാത്തതും അനുകൂലമെന്ന വിലയിരുത്തലിലാണ് സിപിഐ എം. സജി ചെറിയാൻ ഭരണഘടനയെ കുറിച്ച് പറഞ്ഞത് സിപിഎമ്മിന്റെ കണ്ണൂർ രാഷ്ട്രീയ പ്രമേയത്തിന് വിരുദ്ധമായ നിലപാടാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. അദ്ദേഹം പറഞ്ഞ വാക്കുകൾ ഇടത് മുന്നണിയുടേയോ സിപിഎമ്മിന്റെയോ നിലപാടനുസരിച്ചല്ല. കണ്ണൂർ പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിന് വിരുദ്ധമാണ് അദ്ദേഹത്തിന്റെ വാക്കുകൾ. മന്ത്രിസ്ഥാനം രാജി വെച്ച സജി ചെറിയാൻ എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നും കാനം വ്യക്തമാക്കി.

എംഎൽഎ സ്ഥാനത്ത് നിന്ന് രാജി പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ടെങ്കിലും പാർട്ടി ആവശ്യം തള്ളുകയാണ്. മുഖ്യമന്ത്രി ഏറ്റെടുത്ത സജി ചെറിയാന്റെ വകുപ്പുകൾ നിലവിലെ ഏതെങ്കിലും മന്ത്രിക്ക് കൈമാറാനും സാധ്യതയുണ്ട്. മന്ത്രിയെന്ന നിലയിൽ നല്ല പ്രവർത്തനമാണ് സജി ചെറിയാൻ നിർവഹിച്ചതെന്ന വിലയിരുത്തലാണ് പാർട്ടിക്കുള്ളത്.

Advertisment