Advertisment

അന്നും ഇന്നും നടന്ന കാര്യങ്ങള്‍ തമ്മില്‍ ആനയും ആടുംപോലുള്ള അന്തരമാണുള്ളത്; അന്ന് മലപോലെ വന്ന ആരോപണങ്ങള്‍ എലിപോലെ പോയെങ്കില്‍ ഇന്ന് മലപോലെ വന്ന് കൊടിമുടി പോലെ വളരുകയാണ്; കണ്ണൂരില്‍ വച്ച് സിപിഎമ്മുകാര്‍ എറിഞ്ഞ കല്ല് മുഖ്യമന്ത്രിയുടെ നെറ്റിയിലും നെഞ്ചത്തുമാണ് കൊണ്ടത്; ഇന്ത്യയില്‍‍ ആദ്യമായി ഒരൂ മുഖ്യമന്ത്രിക്ക് ഐക്യരാഷ്ട്രസംഘടനയുടെ പൊതുജന സേവനത്തിനുള്ള അന്തര്‍‍ദേശീയ പുരസ്‌കാരം ജൂണ്‍ 28ന് ലഭിച്ചതോടെയാണ് സോളാര്‍‍ സമരം വന്യവും മൃഗീയവുമായത്; എന്താണ് സോളാര്‍ കേസിന്റെ കാതല്‍‍?; പിടി ചാക്കോ എഴുതുന്നു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

പിടി ചാക്കോ

Advertisment

publive-image

കേരളം കണ്ട ഏറ്റവും രൂക്ഷമായ സോളാര്‍ സമരത്തിലെ സെക്രട്ടേറിയറ്റ് വളയല്‍ നടന്നത് 2013 ഓഗസ്റ്റ് 12,13 തീയതികളിലായിരുന്നു. ഇന്ന് ഏഴുവര്‍ഷമാകുന്നു. സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട ആയിരക്കണക്കിനു സിപിഎം പ്രവര്‍ത്തകര്‍ രണ്ടു ദിവസം സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാണ് അവസാനിപ്പിച്ചത്.

ഇത്രയും പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളാനാകാതെ നഗരം വീര്‍പ്പുമുട്ടിയപ്പോള്‍ അനിശ്ചിതകാല സമരത്തില്‍ നിന്ന് ഊരിപ്പോരാന്‍ ജുഡീഷ്യല്‍ അന്വേഷണം പിടിവള്ളിയായി. ദിവസങ്ങളോളം ക്ലിഫ് ഹൗസ് വളയല്‍, മുഖ്യമന്ത്രിയെ എവിടെയും കരിങ്കൊടി കാണിക്കല്‍, എല്ലാ ജില്ലകളിലും നടന്ന ജനസമ്പര്‍ക്ക പരിപാടി തടസപ്പെടുത്തല്‍ തുടങ്ങിയ സമരാഭാസങ്ങളും അരങ്ങേറി. കണ്ണൂരില്‍ വച്ച് സിപിഎമ്മുകാര്‍ എറിഞ്ഞ കല്ല് മുഖ്യമന്ത്രിയുടെ നെറ്റിയിലും നെഞ്ചത്തുമാണ് കൊണ്ടത്. കുടുംബാംഗങ്ങളെ വിവാദത്തിലേക്ക് വലിച്ചിഴച്ചു.

ഇന്ത്യയില്‍ ആദ്യമായി ഒരൂ മുഖ്യമന്ത്രിക്ക് ഐക്യരാഷ്ട്രസംഘടനയുടെ പൊതു ജനസേവനത്തിനുള്ള അന്തര്‍ദേശീയ പുരസ്‌കാരം ജൂണ്‍ 28ന് ലഭിച്ചതോടെയാണ് സോളാര്‍ സമരം വന്യവും മൃഗീയവുമായത്. എന്താണ് സോളാര്‍ കേസിന്റെ കാതല്‍?

32 കേസുകളില്‍ 6 കോടി രൂപ സ്വകാര്യവ്യക്തികളില്‍നിന്നു തട്ടിച്ചതാണ് കേസ്. സോളാര്‍ ഇടപാടുകൊണ്ട് ഒരു രൂപപോലും സര്‍ക്കാരിനു നഷ്ടമുണ്ടായില്ല. ഒരു രൂപയുടെ ആനുകൂല്യം തട്ടിപ്പുനടത്തിയ കമ്പനിക്കു സര്‍ക്കാര്‍ നല്കിയിട്ടില്ല. തട്ടിപ്പിന് ഇരയായവരുടെ പരാതി അനുസരിച്ച് വഞ്ചാനാക്കുറ്റം ചുമത്തി കേസ് എടുത്തു. അതില്‍ ഒരാള്‍ക്കുപോലും സര്‍ക്കാരിന്റെ നടപടിയില്‍ അതൃപതിയില്ല. ഇടതുസര്‍ക്കാര്‍ അധികാരമേറ്റശേഷം പ്രതികളെ സഹായിക്കാന്‍ കേസുനടത്തിപ്പ് മന:പൂര്‍വം വൈകിക്കുകയാണ്.

2006ലെ ഇടതുസര്‍ക്കാര്‍ ഇതേ കമ്പനി തട്ടിപ്പു നടത്തിയപ്പോള്‍ കേവലം സിവില്‍ കേസ് മാത്രമേ എടുത്തിട്ടുള്ളു. വഞ്ചനാക്കുറ്റത്തിനു കേസ് എടുത്തില്ല. കമ്പനിക്കെതിരേ കേസു കൊടുത്തവര്‍ അനേഷണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടിയിരുന്നു.

സോളാര്‍ കേസിലെ പ്രതികള്‍ക്ക് സര്‍ക്കാരില്‍ വലിയ സ്വാധീനം ഉണ്ടെന്നായിരുന്നു പ്രചാരണം. എന്നാല്‍ അവര്‍ക്ക് മുഖ്യമന്ത്രിയുടെ ഒരു ലെറ്റര്‍ പാഡുപോലും വ്യാജമായി നിര്‍മിക്കേണ്ടി വന്നു. ഇതു കേസാകുകയും പ്രതികളെ ശിക്ഷിക്കുകയും ചെയ്തു.

സോളാര്‍ കേസിലെ പ്രതിയുമായി 3 പേര്‍ (2 ക്ലര്‍ക്കും ഒരു ഗണ്‍മാനും) ടെലിഫോണില്‍ സംസാരിച്ചു എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ഉണ്ടായ പരാതി. 3 പേരെയും ജോലിയില്‍ നിന്ന് ഉടനേ ഒഴിവാക്കി.

അധികാരത്തില്‍ വന്ന് 4 വര്‍ഷം കഴിഞ്ഞിട്ടും ഇടതുസര്‍ക്കാരിന്, യുഡിഎഫ് കാലത്ത് എടുത്തതിന് അപ്പുറത്ത് ഒന്നും ചെയ്യുവാന്‍ സാധിച്ചില്ല. കേസുകള്‍ കുത്തിപ്പൊക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ചില തീരുമാനങ്ങള്‍ മന്ത്രി എകെ ബാലന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ സമിതി അന്വേഷിച്ചെങ്കിലും നിയമ വിരുദ്ധമായ യാതൊന്നും കണ്ടെത്തിയില്ല.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സോളാര്‍ കേസിലെ പ്രതി എഴുതിയ കത്തുമാത്രം കേന്ദ്രീകരിച്ചായിരുന്നു. ആ കത്ത് ഹൈക്കോടതി റിപ്പോര്‍ട്ടില്‍ നിന്ന് നീക്കം ചെയ്തു. അതോടെ ആ റിപ്പോര്‍ട്ട് തന്നെ അപ്രസക്തമായി.

ഉമ്മന്‍ ചാണ്ടിയെ 14 മണിക്കൂര്‍ തുടര്‍ച്ചയായി വിസ്തരിച്ച സോളാര്‍ കമ്മീഷന്‍ തയാറാക്കിയ റിപ്പോര്‍ട്ടാണ് ഹൈക്കോടതി അസാധുവാക്കിയത്. ഗവണ്മന്റിന് എന്തെങ്കിലും നഷ്ടമുണ്ടായോ എന്ന ചോദ്യത്തിന് കമ്മീഷനെ വച്ചതിലൂടെ ഉണ്ടായ നഷ്ടമാണ് ചൂണ്ടിക്കാട്ടിയത്. പ്രതിപക്ഷ കക്ഷികള്‍ എല്ലാവരും കൂടി സമരം ചെയ്ത സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വച്ചത് സുതാര്യത ആഗ്രഹിച്ച യുഡിഎഫ് സര്‍ക്കാര്‍ നഷ്ടമായി കണ്ടില്ല.

32 വഞ്ചനാക്കേസുകളില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരു പരാമര്‍ശിക്കുന്നത് ശ്രീധരന്‍ നായരുടെ കേസില്‍ മാത്രമാണ്. ഉമ്മന്‍ ചാണ്ടി പറഞ്ഞിട്ടാണ് പണം നല്കിയത് എന്നാണു കേസ്. എന്നാല്‍, ഉമ്മന്‍ ചാണ്ടിയെ കാണുന്നതിനുമുമ്പേ ശ്രീധരന്‍ നായര്‍ പണം നല്കിയിരുന്നു എന്ന് ശിവരാജന്‍ കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്.

യുഡിഎഫ് സര്‍ക്കാരിന്റെയും ഇടതു സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെ ഓഫീസുകളില്‍ ഉണ്ടായ വിവാദങ്ങള്‍ താരതമ്യം ചെയ്ത് മുഖ്യമന്ത്രി രംഗത്തുവന്നിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ വന്‍വിവാദത്തെ മുഖ്യമന്ത്രി അന്നു നടന്ന ചില കാര്യങ്ങള്‍ വച്ച് ലഘൂകരിക്കുവാന്‍ ശ്രമിക്കുന്നതു കണ്ടു.

യഥാര്‍ത്ഥത്തില്‍ അന്നും ഇന്നും നടന്ന കാര്യങ്ങള്‍ തമ്മില്‍ ആനയും ആടുംപോലുള്ള അന്തരമാണുള്ളത്. അന്ന് മലപോലെ വന്ന ആരോപണങ്ങള്‍ എലിപോലെ പോയെങ്കില്‍ ഇന്ന് മലപോലെ വന്ന് കൊടിമുടി പോലെ വളരുകയാണ്.

solar case pt chakko
Advertisment