Advertisment

ശബരിമലയുടെ പരിപാവനത കാത്ത് സൂക്ഷിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച് പുണ്യം പൂങ്കാവനം പദ്ധതി; പ്രധാനമന്ത്രി നേരിട്ട് അഭിനന്ദിച്ച പ്രവര്‍ത്തനപാരമ്പര്യം; ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് സമാരംഭം; പുണ്യം പൂങ്കാവനം പദ്ധതി കൂടുതല്‍ കരുത്തോടെ മുന്നോട്ട്‌; പദ്ധതിയുടെ സപ്തകര്‍മ്മങ്ങളെ കുറിച്ചും പുണ്യം പൂങ്കാവനം കേന്ദ്രങ്ങളുടെയും വിശദാംശങ്ങള്‍

author-image
admin
New Update

publive-image

Advertisment

ശബരിമല: ശബരിമല സന്നിധാനത്ത് പുണ്യം പൂങ്കാവനം പദ്ധതിയുടെ ഇക്കൊല്ലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ ദിവസമാണ് തുടക്കം കുറിച്ചത്.തന്ത്രി കണ്ഠര് രാജീവരരാണ് ഉദ്ഘാടനം ചെയ്തത്. കേരളത്തിലെ ജനത പ്രതിബദ്ധതയോടെ സ്വീകരിച്ച പദ്ധതിയാണ് പുണ്യം പൂങ്കാവനമെന്ന് കഴിഞ്ഞ 10 വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് വ്യക്തമാകുന്നുവെന്നാണ് ചടങ്ങില്‍ പങ്കെടുത്ത സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞത്.

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വകുപ്പുകളായ പൊലീസ്, ദേവസ്വം, ആരോഗ്യം, അഗ്നിശമനസേന, വനം എന്നിവയും ഒപ്പം സന്നദ്ധസംഘടനകളായ അയ്യപ്പസേവാസംഘം, അയ്യപ്പസേവാ സമാജം മുതലായവര്‍ക്കൊപ്പം അയ്യപ്പ ഭക്തര്‍ കൂടി ചേരുന്ന കൂട്ടായ്മയാണിത്.

കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളില്‍ ശബരിമലയുടെ പരിപാവനത കാത്ത് സൂക്ഷിക്കാന്‍ ഈ പദ്ധതി വഴി കഴിഞ്ഞു. കേരള ഹൈക്കോടതി വിവിധ വിധിന്യായങ്ങളിലായി ഈ പദ്ധതിയെ പ്രശംസിച്ചിട്ടുണ്ട്. ശബരിമല മേല്‍ശാന്തിയും തന്ത്രിയും മാത്രമല്ല, ജഡ്ജിമാര്‍, രാഷ്ട്രീയ നേതാക്കള്‍, സിനിമാ താരങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍ മറ്റ് പൗര പ്രവര്‍ത്തകര്‍, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പല ഘട്ടങ്ങളിലായി പുണ്യം പൂങ്കാവനം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് വരുന്നു.

'മന്‍ കി ബാത്തി'ലൂടെ പ്രധാനമന്ത്രിയും പുണ്യം പൂങ്കാവനം പദ്ധതിയെ പ്രശംസിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പുണ്യം പൂങ്കാവനം പദ്ധതിയെ 'സ്വച്ഛ് ഭാരത് അഭിയാനി'ലെ ഒരു മാതൃകാ പദ്ധതിയായാണ് കണക്കാക്കിയിരിക്കുന്നത്. 2011ല്‍ അന്നത്തെ ശബരിമല സ്പെഷ്യല്‍ ഓഫീസറായിരുന്ന പി വിജയന്‍ ഐപിഎസാണ് പുണ്യം പൂങ്കാവനത്തിന് തുടക്കമിട്ടത്. അദ്ദേഹം തന്നെയാണ് ഇപ്പോഴും ചുക്കാൻ പിടിക്കുന്നത്.

പദ്ധതിയുടെ സപ്തകര്‍മ്മങ്ങള്‍

  • അയ്യപ്പന്റെ പൂങ്കാവനത്തിന് നാശം ഉണ്ടാക്കുന്ന ഒന്നും, പ്രത്യേകിച്ച് പ്ലാസ്റ്റിക് വസ്തുക്കള്‍, കൊണ്ട് വരാതിരിക്കുക
  • തീര്‍ത്ഥാടനത്തിന് ഇടയില്‍ ഉണ്ടാകുന്ന മാലിന്യം പൂങ്കാവനത്തില്‍ ഉപേക്ഷിക്കാതെ ഒപ്പം കൊണ്ട് പോയി സംസ്‌കരിക്കുക
  • ശബരിമലയില്‍ എത്തുന്ന അയ്യപ്പന്മാര്‍ കുറഞ്ഞത് ഒരു മണിക്കൂര്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുക
  • പമ്പാനദിയെ സംരക്ഷിക്കുക. പമ്പയില്‍ സോപ്പോ എണ്ണയോ ഉപയോഗിച്ച് കുളിക്കരുത്. പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കരുത്.
  • തുറസായ സ്ഥലങ്ങളില്‍ മല-മൂത്ര വിസര്‍ജ്ജനം അരുത്. ടോയ്‌ലെറ്റുകള്‍ വൃത്തിയായി സൂക്ഷിക്കുക.
  • എല്ലാ അയപ്പന്മാരും അയ്യപ്പന് ഒരു പോലെയാണ്. അനാവശ്യമായി തിക്കും തിരക്കും ഉണ്ടാക്കരുത്.
  • അയ്യപ്പന്റെ പൂങ്കാവനത്തില്‍ മാലിന്യം അല്ല, നന്മയുടെ വിത്തുകള്‍ വിതറുക.

ശബരിമലയില്‍ കൊളുത്തിയ ഈ ജ്ഞാനത്തിന്റെ തിരി മറ്റുള്ള സ്ഥലങ്ങളിലും തെളിയിക്കാനാണ് പുണ്യം പൂങ്കാവനം കേന്ദ്രങ്ങള്‍. പുണ്യം പൂങ്കാവനം പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് പുറമെ, പദ്ധതിയുടെ സന്ദേശം പരമാവധി ആള്‍ക്കാരില്‍ എത്തിക്കാന്‍ വേണ്ടുന്ന കാര്യങ്ങള്‍ ചെയ്യുക എന്നതും പുണ്യം പൂങ്കാവനം കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്.

പുണ്യം പൂങ്കാവനം കേന്ദ്രങ്ങള്‍

  • ആഴ്ചയിലൊരിക്കല്‍ അതത് ക്ഷേത്രങ്ങളും പരിസരവും ശുചിയാക്കുന്നതില്‍ ശ്രമദാനം സംഘടിപ്പിക്കുക
  • ക്ഷേത്രത്തില്‍ പാലിക്കേണ്ട ആചാരമര്യാദകളെ കുറിച്ച് ഭക്തരെ ബോധവത്കരിക്കുക. അനാചാരങ്ങള്‍ ഒഴിവാക്കുക.
  • ശ്രേഷ്ഠരായ ആത്മീയാചാര്യന്മാരെയും മറ്റ് പ്രമുഖരിലൂടെയും ഭക്തരില്‍ 'ശുചിത്വമാണ് ദൈവീകത' എന്ന സത്യം പ്രചരിപ്പിക്കുക
  • ശബരിമല തീര്‍ത്ഥാടനത്തിന്റെ ഉദ്ദേശലക്ഷ്യത്തെക്കുറിച്ചും ആയതിലേക്ക് വ്രതമനുഷ്ഠിക്കുമ്പോഴും തീര്‍ത്ഥാടന സമയത്തും പാലിക്കേണ്ട നിഷ്ഠകളെക്കുറിച്ചും ഭക്തരെ ബോധവത്കരിക്കുക
  • ഇരുമുടിക്കെട്ട് തയ്യാറാക്കുമ്പോള്‍ പൂങ്കാവനം മലിനമാക്കുന്ന പ്ലാസ്റ്റിക് പോലുള്ള വസ്തുക്കള്‍ ഒഴിവാക്കാന്‍ ഭക്തരെ പ്രേരിപ്പിക്കുക
  • സന്നിധാനത്ത് എത്തുന്ന ഗുരുസ്വാമികളെ ഉള്‍പ്പെടുത്തി സപ്തകര്‍മ്മങ്ങളെ കുറിച്ചുള്ള പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുക
  • സന്നിധാനവും പരിസരപ്രദേശങ്ങളായ എരുമേലി, പമ്പ, നിലക്കല്‍ തുടങ്ങിയവയും ശുചിയാക്കാന്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് ഭക്തരെ പ്രേരിപ്പിക്കുക.
  • നടതുറക്കല്‍, നട അടയ്ക്കല്‍, ക്യു നിലവാരം, വഴിപാട് വിവരം, താമസ സൗകര്യം എന്നിവയെ കുറിച്ചും പൊലീസ്, ദേവസ്വം, ആരോഗ്യം തുടങ്ങിയ വകുപ്പുകള്‍ ഒരുക്കിയ സൗകര്യങ്ങളെ കുറിച്ചും അയ്യപ്പസേവാസംഘം തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും വിവരം ഭക്തര്‍ക്ക് നല്‍കുക.
  • ക്ഷേത്രപരിസരത്ത് പൂജാ ആവശ്യത്തിനുള്ള പൂക്കള്‍ ലഭിക്കുന്നതിനായി പൂന്തോട്ടങ്ങള്‍ ഭക്തജനങ്ങളുടെ സഹായത്തോടെ വച്ചുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുക.
  • കൊവിഡിനെ പ്രതിരോധിക്കാന്‍ മാസ്‌ക് ധരിക്കുന്നതിനെക്കുറിച്ചും സാമൂഹിക അകലം പാലിക്കുന്നതിനെക്കുറിച്ചും വ്യക്തിശുചിത്വം പാലിക്കുന്നതിനെക്കുറിച്ചും ബോധവത്കരിക്കുക.

പുണ്യം പൂങ്കാവനം കേന്ദ്രങ്ങളുടെ ഭരണസംവിധാനം

ഓരോ പുണ്യം പൂങ്കാവനം കേന്ദ്രവും അഞ്ച് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അടങ്ങിയതായിരിക്കും. അവരില്‍, അതത് ക്ഷേത്രത്തിലെ മുഖ്യതന്ത്രിയും അമ്പല കമ്മിറ്റിയിലെയോ ഭരണസമിതിയിലെയോ രണ്ടു പേര്‍ മുഖ്യ ഭാരവാഹിയായും ഒരു മുതിര്‍ന്ന ഗുരുസ്വാമിയോ അമ്പലവുമായി ബന്ധപ്പെട്ട ഒരു ശ്രേഷ്ഠവ്യക്തിയോ അംഗമായും ഉണ്ടായിരിക്കണം. എല്ലാ ഭക്തരും ജനറല്‍ ബോഡി അംഗങ്ങളായിരിക്കും.

അമ്പല കമ്മിറ്റി പ്രസിഡന്റ് പുണ്യം പൂങ്കാവനം കേന്ദ്രത്തിന്റെ പ്രസിഡന്റും ക്ഷേത്രത്തിലെ മുഖ്യതന്ത്രി കേന്ദ്രത്തിന്റെ രക്ഷാധികാരിയുമായിരിക്കും. പുണ്യം പൂങ്കാവനം പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങളും സപ്തകര്‍മ്മങ്ങളും പഞ്ചശീലങ്ങളും പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകള്‍ (പ്ലാസ്റ്റിക്, ഫ്‌ളക്‌സ് മുതലായവ ഉപയോഗിക്കാത്ത ബോര്‍ഡുകള്‍) ക്ഷേത്ര പരിസരത്ത് വയ്ക്കും.

ജനറല്‍ ബോഡിയോഗം ആറു മാസത്തിലൊരിക്കല്‍ സംഘടിപ്പിക്കേണ്ടതാണ്. ആയത് എല്ലാ വര്‍ഷവും നവംബര്‍ പത്തിന് മുമ്പായി വീഴ്ച കൂടാതെ നടത്തണം.

ഓരോ പുണ്യം പൂങ്കാവനം കേന്ദ്രത്തിന്റെയും പ്രവര്‍ത്തനം അതത് ജില്ലാ കമ്മിറ്റി വിലയിരുത്തും. പുണ്യം പൂങ്കാവനം കേന്ദ്രങ്ങളുടെ എക്‌സിക്യൂട്ടീവ് യോഗം മാസത്തിലൊരിക്കല്‍ നടത്തണം. പ്രസ്തുത യോഗത്തില്‍ പദ്ധതി നടപ്പിലാക്കിയത് സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്തുകയും മീറ്റിംഗിന്റെ മിനുട്‌സ് കോപ്പി ജില്ലാ കമ്മിറ്റിയ്ക്കും കേന്ദ്ര കമ്മിറ്റിയ്ക്കും അയച്ചു കൊടുക്കുകയും വേണം.

Advertisment