Advertisment

109 റൂട്ടുകളില്‍ സ്വകാര്യ പങ്കാളിത്തത്തോടെ യാത്രാ ട്രെയിനുകള്‍ ഓടിക്കാന്‍ കേന്ദ്രം; ട്രെയിനുകള്‍ ഓടിക്കുന്നതിനായി സ്വകാര്യമേഖലയെ ക്ഷണിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായി മന്ത്രി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: റെയില്‍വേയുടെ 12 ക്ലസ്റ്ററുകളിലെ 109 റൂട്ടുകളില്‍ സ്വകാര്യ പങ്കാളിത്തത്തോടെ യാത്രാ ട്രെയിനുകള്‍ ഓടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. 151 ആധുനിക ട്രെയിനുകള്‍ ഓടിക്കുന്നതിന് സ്വകാര്യമേഖലയെ ക്ഷണിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു.

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിപ്രകാരം നിര്‍മ്മിക്കുന്ന ഈ തീവണ്ടികളില്‍ 16 കോച്ചുകള്‍ വീതമുണ്ടായിരിക്കും. നിര്‍മ്മാണം, പരിപാലനം, പ്രവര്‍ത്തനം തുടങ്ങിയ ചുമതലകള്‍ നിര്‍വഹിക്കേണ്ടത് സ്വകാര്യ കമ്പനിയായിരിക്കും.

30,000 കോടിയുടെ നിക്ഷേപം സ്വകാര്യമേഖലയില്‍ നിന്ന് സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. തൊഴിലവസരങ്ങള്‍ കൂട്ടുക, സുരക്ഷ വര്‍ധിപ്പിക്കു, മെച്ചപ്പെട്ട യാത്രാസൗകര്യമൊരുക്കുക, യാത്രാസമയം കുറയ്ക്കുക തുടങ്ങിയവയും റെയില്‍വേ മന്ത്രാലയം ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.

ഇന്ത്യന്‍ റെയില്‍വേയില്‍ ആദ്യമായാണ് സ്വകാര്യമേഖലയ്ക്ക് അവസരം നല്‍കുന്നത്. ഇതിന്റെ ഭാഗമായ കഴിഞ്ഞ വര്‍ഷം ലഖ്‌നൗ-ഡല്‍ഹി പാതയില്‍ തേജസ് എക്‌സ്പ്രസ് സര്‍വീസ് തുടങ്ങിയിരുന്നു.

യാത്രാ തീവണ്ടികള്‍ നടത്തുന്നതിന് സ്വകാര്യ കമ്പനികള്‍ക്ക് അവസരം നല്‍കുമെന്ന് റെയില്‍വേ നേരത്തെ വ്യക്തമാക്കിയിരുന്നു. 35 വര്‍ഷത്തേയ്ക്കാണ് സ്വകാര്യമേഖലയ്ക്ക് സര്‍വീസ് നടത്താന്‍ അനുമതി. ഇന്ത്യന്‍ റെയില്‍വേയുടെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ആയിരിക്കണം സര്‍വീസ് നടത്തേണ്ടത്.

Advertisment