Advertisment

രാമപുരം ആശുപത്രിയില്‍ ശ്വാസ്, ആശ്വാസ് ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് മന്ത്രി കെ.കെ ഷൈലജ. ആധുനിക മന്ദിരം തുറന്നുകൊടുത്തു

author-image
സുനില്‍ പാലാ
Updated On
New Update

publive-image

Advertisment

പാലാ : ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബ ആരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ രാമപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി ശാസ് ക്ലിനിക്കും ആശ്വാസ് ക്ലിനിക്കും പുതുതായി ആരംഭിക്കുമെന്ന് മന്ത്രി കെ.കെ ഷൈലജ പറഞ്ഞു.

നബാര്‍ഡ് ധനസഹായത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ ആധുനിക മന്ദിരവും ആശുപത്രിയില്‍ ആരംഭിച്ച ആര്‍ദ്രം പദ്ധതിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഇതോടൊപ്പം അമൃതം ആരോഗ്യ പദ്ധതിയുടെയും നവജാത ശിശുക്കള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനുള്ള ഹൃദ്യം പദ്ധതിയുടെയും സേവനവും ലഭ്യമാക്കും.

ആരോഗ്യ മേഖലയില്‍ മെച്ചപ്പെട്ട ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ആര്‍ദ്രം മിഷന്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയത്.

ഗ്രാണീണ ചികിത്സാകേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ കൂടുതല്‍ ഡോക്ടര്‍മാരെയും അനുബന്ധ ജീവനക്കാരെയും നിയമിച്ച് മികച്ച ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കി ആധുനിക നിലവാരത്തിലേക്ക് ഉയര്‍ത്തിയിരിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഗ്രാമീണ ചികിത്സാകേന്ദ്രങ്ങളില്‍ പൂര്‍ണ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി മികവിന്റെ കേന്ദ്രങ്ങളാക്കിമാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് ആര്‍ദ്രം പദ്ധതിയില്‍ നടപ്പാക്കിവരുന്നത്.

പത്തര കോടി രൂപാ ചിലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ അഞ്ചു നിലകളോടുകൂടിയ ആധുനിക മന്ദിരത്തിന്റെ രണ്ട് നിലകളാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനസജ്ജമാക്കുന്നത്.

അന്‍പതിനായിരത്തോളം ജനസംഖ്യയുള്ള മേഖലയില്‍ ഒപി വിഭാഗത്തില്‍ പ്രതിദിനം മുന്നൂറ്റിയമ്പതില്‍പരം രോഗകളെത്തുന്ന കേന്ദ്രമെന്ന നിലയില്‍ രാമപുരം ആശുപത്രിക്ക് ആരോഗ്യവകുപ്പ് കൂടുതല്‍ പരിഗണന നല്‍കും.

ആര്‍ദ്രം മിഷനില്‍നിന്ന് 15 ലക്ഷത്തോളം രൂപ അനുവദിച്ചാണ് പ്രാഥമികഘട്ടത്തില്‍ ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നത്. ആശുപത്രിയില്‍ നിലവില്‍ മൂന്ന് ഡോക്ടര്‍മാരുടെയും നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള അനുബന്ധ ജീവനക്കാരുടെയും സേവനം ലഭ്യമാണ്.

publive-image

കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും നിയമനം നടത്താം. ഇതിന് ഓണ്‍ഫണ്ടില്‍ പണം കണ്ടെത്താന്‍ കഴിയാത്ത ഇടങ്ങളില്‍ പ്ലാന്‍ഫണ്ട് വിനിയോഗിക്കാന്‍ കഴിയും. ഗ്രാമീണ ചികിത്സാ കേന്ദ്രങ്ങളെ മെച്ചപ്പെട്ട നിലവാരത്തിലേക്ക് ഉയര്‍ത്താനാവശ്യമായ ഉപകരണങ്ങള്‍ ഉള്‍പ്പെടെ ലഭ്യമാക്കാന്‍ ജനകീയ പങ്കാളിത്തം ഉണ്ടാകണമെന്നും മന്ത്രി നിർദ്ദേശിച്ചു.

സമ്മേളനത്തില്‍ ജോസ് കെ മാണി എം.പി അധ്യക്ഷതവഹിച്ചു.

മുന്‍ എം.എല്‍.എ വി.എന്‍ വാസവന്‍, രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍, മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിജു പുന്നത്താനം, ജില്ലാ പഞ്ചായത്തംഗം അജിത രാജു, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് ടി കീപ്പുറം, രാമപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമിനി സിന്നി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, പി.ഡബ്ല്യു.ഡി കെട്ടിടവിഭാഗം ചീഫ് എന്‍ജിനിയര്‍ ഇ.കെ ഹൈദ്രു, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മാത്യു, മെഡിക്കല്‍ ഓഫീസര്‍ ഡോ. മനോജ് കെ പ്രഭ എന്നിവര്‍ പ്രസംഗിച്ചു.✍ സുനിൽ കൗമുദി

pala news
Advertisment