Advertisment

കഥകളിയല്ല, ഉപജീവനമാര്‍ഗം കണ്ടെത്താനാണ് ശ്രമിക്കേണ്ടതെന്ന ഉപദേശവും പലകോണുകളില്‍ നിന്നുമുണ്ടായി, ചരിത്രം കുറിച്ച് ട്രാന്‍സ് വുമണ്‍; കഥകളിയില്‍ അരങ്ങേറ്റം

New Update

publive-image

Advertisment

എറണാകുളം; കഥകളിയില്‍ അരങ്ങേറ്റത്തോടെ ചരിത്രം കുറിച്ച് ട്രാന്‍സ് യുവതി. തൃപ്പൂണിത്തുറ ആര്‍എല്‍വി മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്‌സ് കോളജിലെ ബിഎ കഥകളി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി രഞ്ജുമോളാണ് കഥകളിയില്‍ തന്റെ അരങ്ങേറ്റം കുറിച്ചത്. കുട്ടിക്കാലത്തൊരിക്കല്‍ പോലും മനസിലെവിടെയും കാണാത്ത സ്വപ്‌നമായിരുന്നു രഞ്ജുമോള്‍ക്ക് കഥകളി അരങ്ങേറ്റം.

ഇന്ന് കഥകളിയിലെ പുറപ്പാടില്‍ ശ്രീകൃഷ്ണനായി വേദിയിലെത്തിയപ്പോള്‍ ചരിത്രമാണ് സൃഷ്ടിക്കപ്പെട്ടത്. കഥകളിയില്‍ അരങ്ങേറ്റം കുറിച്ച ആദ്യ ട്രാന്‍സ് വുമണ്‍ എന്ന നേട്ടത്തിനാണ് ഇതോടെ രഞ്ജുമോള്‍ അര്‍ഹയായത്.കലയുടെ സ്വാധീനം ചെറുപ്പത്തിലേ രഞ്ജുവിന്റെ കുടുംബാന്തരീക്ഷത്തിലുണ്ടായിരുന്നു. രഞ്ജുമോളുടെ പിതാവിന്റെ അടുത്ത സുഹൃത്ത് കഥകളി കലാകാരനായിരുന്നു. അങ്ങനെയാണ് രഞ്ജുവിനും കഥകളിയോട് അടുപ്പമുണ്ടാകുന്നത്.

ഒടുവില്‍ കഥകളി പഠിക്കാന്‍ തീരുമാനിച്ചപ്പോള്‍, ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സിലെ കഥകളി വിഭാഗം മേധാവി കലാമണ്ഡലം രാധാകൃഷ്ണന് രഞ്ജുമോള്‍ കത്തെഴുതി. ആ കത്തിന്റെ പ്രതികരണമാണ് രഞ്ജുവിനെ കഥകളിയില്‍ അരങ്ങേറാന്‍ സഹായിച്ചത്.കഥകളി പഠിക്കുന്നതില്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് അധ്യാപകന്‍ ഉറപ്പുനല്‍കി. അതോടെ രഞ്ജുവിന്റെ ആത്മവിശ്വാസം വര്‍ധിച്ചു. കോളജില്‍ ഒരു വിവേചനവും നേരിട്ടിട്ടില്ലെന്നും അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരുപോലെ പിന്തുണച്ചെന്നും രഞ്ജുമോള്‍ പറയുന്നു.

ഈ പിന്തുണയും സഹായവും തുടര്‍ന്നും കിട്ടിയാല്‍ കഥകളി തന്നെ മുന്നോട്ടുള്ള ജീവിതമാക്കി മാറ്റാനാണ് രഞ്ജുമോളുടെ ആഗ്രഹം. അതിനിടെ, കഥകളിയല്ല, ഉപജീവനമാര്‍ഗം കണ്ടെത്താനാണ് ശ്രമിക്കേണ്ടതെന്ന ഉപദേശവും പലകോണുകളില്‍ നിന്നുമുണ്ടായി. ഉറച്ച ആത്മവിശ്വാസവും കഠിനപ്രയത്‌നവും ഒന്നുകൊണ്ടുമാത്രം ഒടുവില്‍ രഞ്ജുമോള്‍ സ്വന്തം സ്വപ്‌നം സാക്ഷാത്കരിച്ചു. രഞ്ജുന്റെ കഥകളി അരങ്ങേറ്റം കോളജിന് അഭിമാനമാണെന്ന് അധ്യാപകന്‍ കലാമണ്ഡലം രാധാകൃഷ്ണന്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ക്കായി കഥകളി അരങ്ങേറ്റത്തിന് തുടക്കം കുറിച്ചത് ആര്‍എല്‍വി കോളേജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സ് ആയിരുന്നു.

Advertisment