Advertisment

മദ്യത്തിന്‍റെ വില വര്‍ദ്ധനയുടെ പിന്നില്‍ 100 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് രമേശ്‌ ചെന്നിത്തല, ചില വന്‍കിട ഡിസ്റ്റലറി ഉടമകളും, സര്‍ക്കാരിലെ ചിലരും എകെജി സെന്ററില്‍ ഇടനില ചര്‍ച്ച നടത്തിയതയാണ് വിവരം. ഈ ഇടപാടില്‍ ആര്‍ക്കെല്ലാം എത്രരൂപ കിട്ടിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ചെന്നിത്തല.

New Update

തിരുവനന്തപുരം: മദ്യത്തിന്‍റെ വില വര്‍ധിപ്പിച്ചതിന്റെ   പിന്നില്‍ 100 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് ഫണ്ട് സ്വരൂപിക്കുന്ന തിന്റെ ഭാഗമായാണ് ഈ വിലവര്‍ധന. ഈ സര്‍ക്കാരിന്റെ കാലത്ത് മാത്രം രണ്ടുഘട്ടങ്ങളിലായി 14 ശതമാനം വില വര്‍ധനവുണ്ടായി. വില വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് യാതൊരു പഠനവും ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു.

Advertisment

publive-image

 

 

 

മദ്യവ്യവസായികളുമായി സര്‍ക്കാര്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഈ ഭീമമായ വര്‍ധന. മദ്യത്തിന്റെ താങ്ങുവില ഉറപ്പാക്കുന്നതില്‍ മുഖ്യമന്ത്രിക്ക് വലിയ ശുഷ്‌കാന്തിയാണ്. ഇക്കാര്യത്തില്‍ കേരളത്തിന് നമ്പര്‍ വണ്‍ പദവികിട്ടും. ബിവറേജ്സ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടരുടെ 12.01.2021 ലെ കെ.എസ്.ബിസി/എഫ്എം/252/202021) നമ്പര്‍ കത്ത് പ്രകാരം ബിവറേജസ് കോര്‍പ്പറേഷന് ഡിസ്റ്റലറികള്‍ വിതരണം ചെയ്യുന്ന മദ്യത്തിന്റെ വിലയില്‍ ഏഴ് ശതമാനം വര്‍ദ്ധനവ് അനുവദിച്ചിരിക്കുകയാണ്. ഡിസ്റ്റലറി ഉടമകളുമായി സര്‍ക്കാര്‍ നടത്തിയ ഗൂഢാലോചനയെത്തുടര്‍ന്നാണ് ഇത്ര ഭീമമായ വര്‍ദ്ധനവ് നടത്തിയിട്ടുള്ളത്.

എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ (ഇഎന്‍എ)യുടെ വില 47 രൂപ ഉണ്ടായിരുന്ന അവസരത്തില്‍ പോലും 2012 ല്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ 400 രൂപയില്‍ താഴെ ബേസിക് വാല്യൂ വരുന്ന മദ്യത്തിന് ആറ് ശത്മാനവും, അതിന് മുകളില്‍ വരുന്ന മദ്യത്തിന് നാല് ശതമാനവും മാത്രമാണ് വില വര്‍ദ്ധിപ്പിച്ചത്. ഇതിനെതിരെപോലും കടുത്ത വിമര്‍ശനം അഴിച്ചുവിട്ട ഒരു മുന്നണിക്ക് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയാണ് ഇപ്പോള്‍ യാതൊരു ഉളുപ്പുമില്ലാതെ പ്രതിപക്ഷത്തെ മര്യാദ പഠിപ്പിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴുള്ള എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍  (ഇഎന്‍എ)യുടെ വില 53 രൂപയായിരുന്നു ഇപ്പോഴത് 58 രൂപയായി.

2017 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മദ്യത്തിന്റെ വില ഏഴ് ശതമാനം വര്‍ദ്ധിപ്പിച്ചു. ഇപ്പോള്‍ വീണ്ടും ഏഴ് ശതമാനം വര്‍ദ്ധിപ്പിച്ചു. ഇത്തരത്തില്‍ മൊത്തം 14 ശതമാനത്തിന്റെ വര്‍ദ്ധനവാണ് മദ്യത്തിന്റെ വിലയില്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം വരുത്തിയിട്ടുള്ളത്. ഇത് ആരെ സഹായിക്കാനാണ്. വന്‍കിട മദ്യകമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ് ലിമിറ്റഡ് എന്ന ഒറ്റ കമ്പനി മാത്രം കേരളത്തില്‍ ബിവറേജസ് കോര്‍പ്പറേഷനാവശ്യമായ മദ്യത്തിന്റെ 33% ശതമാനം സപ്ലൈചെയ്യുന്നുണ്ട്.

20 ലക്ഷം കെയ്സ് മദ്യമാണ് ബിവറേജസ് കോര്‍പ്പറേഷന് സ്വകാര്യ ഡിസ്റ്റലറികളും, മദ്യകമ്പനി കളും ഒരു മാസം സപ്ലൈചെയ്യുന്നത്. ഒരു കെയ്സ് മദ്യത്തിന് 700 രൂപ അടിസ്ഥാന വിലയാക്കി കണക്കാക്കിയാല്‍ തന്നെ 140 കോടി രൂപയുടെ വരുമാനമാണ് ഡിസ്റ്റിലറി മുതലാളിമാര്‍ക്ക് എല്ലാ മാസവും ലഭിക്കുന്നത്.

ഒരു വര്‍ഷത്തെ ബിസിനസ്സ് ഏകദേശം 1680 കോടി രൂപ വരും. ഇതിലാണ് 7% വര്‍ദ്ധനവ് നല്‍കുന്നത്. ചുരുക്കത്തില്‍ പ്രതിവര്‍ഷം 120 കോടിയിലധികം രൂപയുടെ അധികവരുമാനമാണ് ഡിസ്റ്റലറി മുതലാളിമാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത്. മുന്‍പ് നടത്തിയ 7% വര്‍ദ്ധനവ് പ്രകാരം തന്നെ ഡിസ്റ്റലറി മുതലാളിമാര്‍ക്ക് ഏകദേശം 100 കോടിയലധികം രൂപ അധികവരുമാനമായി ലഭിച്ചിട്ടുണ്ട്. രണ്ടും കൂടെ ഏകദേശം 250 കോടിയോളം രൂപ ഇവര്‍ക്ക് വരുമാന വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

ആരാണ് ഈ കൊടിയ അഴിമതിക്ക് കൂട്ടുനിന്നത്. കഴിഞ്ഞ മുന്ന് വര്‍ഷക്കാലം ഡിസ്റ്റിലറി ഉടമകള്‍ എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ (ഇഎന്‍എ) വിലവര്‍ദ്ധനവിന്റെ പേരില്‍ മദ്യത്തിന് വിലകൂട്ടണമെന്നാവശ്യപ്പെട്ട് സര്‍ക്കാരില്‍ നിരന്തരം സമ്മര്‍ദ്ധം ചെലുത്തിവന്നതായാണ് വിവരം. എന്നാല്‍ ഇത്രയധികം വര്‍ദ്ധനവ് അവര്‍ പോലും പ്രതീക്ഷിച്ച് കാണില്ല.

എന്ത് മാനദണ്ഡത്തിന്റേയും, ശാസ്ത്രീയ വിലിയിരുത്തലിന്റേയും അടിസ്ഥാനത്തിലാണ് മദ്യത്തിന്റെ വിലയില്‍ ഇത്ര ഭീമമായ വര്‍ദ്ധനവ് വരുത്തിയത്. ആരാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. ബിവറേജസ് കോര്‍പ്പറേഷന്‍ എംഡിയുടെ നേതൃത്വത്തിലുള്ള ഒരു തട്ടിക്കൂട്ട് സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ മാത്രം ഇത്രഭീമമായ വര്‍ദ്ധനവിന് സര്‍ക്കാര്‍ മുതിരുമോ. ഇതുമായി ബന്ധപ്പെട്ട് ബാക്ക്ഡോര്‍ ചര്‍ച്ചകള്‍ എകെജി സെന്ററിലാണ് നടിന്നിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും, എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണനും, പാര്‍ട്ടി സെക്രട്ടറിയുമാണ് ഇതിന് നേതൃത്വം നല്‍കിയത്.

ഇവരുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള ഒരു കളിപ്പാവ മാത്രമായിരുന്നു ബിവറേജസ് കോര്‍പ്പറേഷന്‍ എംഡിയുടെ തട്ടിക്കൂട്ട് സമിതി. ഈ സര്‍ക്കാര്‍ അധികാരമേറ്റതുതന്നെ മദ്യമുതലാളിമാരുടെ പിന്‍ബലത്തിലാണ് അവരുടെ സാമ്പത്തിക സ്രോതസ്സിന്റെ അടിസ്ഥാനത്തിലാണ്. നിങ്ങള്‍ പ്രതിസന്ധി നേരിട്ട ഘട്ടത്തിലെല്ലാം അവര്‍ നിങ്ങള്‍ക്കാവശ്യമായ എല്ലാ ഒത്താശയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ നല്‍കുന്നുമുണ്ട്. അധികാരത്തില്‍ എത്തിയാല്‍ മദ്യത്തിന്റെ വില അവര്‍ ആഗ്രഹിക്കും പോലെ വര്‍ദ്ധിപ്പിച്ച് നല്‍കാമെന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ നിങ്ങള്‍ ഡീലിംഗ് നടത്തിയിട്ടുള്ളതാണ്. അതാണ് ഇപ്പോള്‍ പ്രാവര്‍ത്തികമാക്കുന്നത്.

ബാബു എം പാലിശ്ശേരി 18.03.2013 ല്‍ നിയസഭയില്‍ വച്ച് നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ ഇത്തരത്തിലുള്ള ഡീലിംഗിനെ പേടിച്ചാവണം താങ്കളുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥലം കാലിയാക്കിയത്. ഇപ്പോള്‍ ഇത്തരം ഡീലുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് പുതിയ ഉപദേഷ്ടാവ് ആരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

പ്രധാന ഉപദേഷ്ടാക്കള്‍ കള്ളക്കടത്ത് കേസില്‍ ജയിലിലായ സ്ഥിതിക്ക് അതിന്റെ ചുമതല മറ്റാര്‍ക്കെങ്കിലും നല്‍കിയിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഫണ്ട് റെയ്‌സിംഗിനുള്ള ഡീലാണ് ഇതെന്ന കാര്യം നാട്ടില്‍ പാട്ടാണ്.

ചില വന്‍കിട ഡിസ്റ്റലറി ഉടമകളും, സര്‍ക്കാരിലെ ചിലരും എകെജി സെന്ററില്‍ ഇടനില ചര്‍ച്ച നടത്തിയതയാണ് വിവരം. ഈ ഇടപാടില്‍ ആര്‍ക്കെല്ലാം എത്രരൂപ കിട്ടിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. സ്വകാര്യ മദ്യകമ്പനികള്‍ക്ക് വന്‍സാമ്പത്തിക നേട്ടം ലഭിക്കുന്ന ഈ വര്‍ദ്ധനവ് അടിയന്തിരമായി പിന്‍വലിക്കണം

Advertisment