Advertisment

വിധിയുടെ ക്രൂരവിനോദം … ! ആരെങ്കിലും ഓർക്കുന്നുവോ ഉടൽ വെവ്വേറെയെങ്കിലും തലതമ്മിൽ ഒട്ടിയിരിക്കുന്ന ജന്മവൈകല്യത്തിൽ പിറന്ന ബീഹാറിലെ 'സബാ-ഫർഹാ' സഹോദരിമാരെ ?

New Update

publive-image

Advertisment

ഇതാദ്യമായി ഒന്നായ അവർ വെവ്വേറെ വോട്ടു ചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇരുവർക്കുമായി ഒരു വോട്ടർ ഐഡിയായിരുന്നു. ബൂത്തിൽക്കയറി ഒരാൾ പറയും മറ്റെയാൾ ബട്ടൺ അമർത്തും.

തങ്ങൾ രണ്ടു വെവ്വേറെയുള്ള വ്യക്തിത്വങ്ങളാണെന്നും അതുകൊണ്ടുതന്നെ രണ്ടാൾക്കും വേറേ വേറേ വോട്ടർ ഐഡി വേണമെന്നുമുള്ള അവരുടെ ആവശ്യം ഒടുവിൽ അംഗീകരിക്കപ്പെട്ടു.

ബൂത്തിനുള്ളിൽ വോട്ടു ചെയ്യുമ്പോഴുള്ള രഹസ്യരീതി, ഇവർ ഇരുവരുടെയും തലകൾ വിപരീത ദിശകളിലേക്കായതിനാൽ നഷ്ടമാകുന്നില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തലാണ് ഇപ്പോൾ തുണയായത്.

ബീഹാർ അസ്സംബ്ലിയിലേക്ക് ഇക്കഴിഞ്ഞ 28 നു നടന്ന ഒന്നാംഘട്ട വോട്ടെടുപ്പിൽ അവർ രണ്ടാളും അങ്ങനെ വോട്ടുചെയ്തു. ആരെങ്കിലും ഓർക്കുന്നുവോ ഉടൽ വെവ്വേറെയെങ്കിലും തലതമ്മിൽ ഒട്ടിയിരിക്കുന്ന ജന്മവൈകല്യത്തിൽ പിറന്ന ബീഹാറിലെ 'സബാ-ഫർഹാ' സഹോദരിമാരെ ?

ഇല്ല, എല്ലാവരും അവരെ മറന്നു. വാഗ്ദാനങ്ങൾ ഒക്കെ പാഴ്വാക്കായി. ആ പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ച മട്ടാണ്. വല്ലാത്തൊരു ദുരന്തഭീതിയിലാണ് ആ കുടുംബവും ഈ പെൺകുട്ടികളും ഇന്നുള്ളത്.

publive-image

ഇന്നവർക്ക്‌ 23 വയസ്സ് പ്രായമുണ്ട്. ഇവർക്കിളായവരായി മൂന്നു സഹോദരിമാർ വേറെയുണ്ട്. മൂത്ത ഒരേയൊരു സഹോദരൻ മുഹമ്മദ് തമന്ന ഡിഗ്രി അവസാന വർഷ വിദ്യാർത്ഥിയാണ്. പിതാവ് മുഹമ്മദ് ഷക്കീൽ അഹമ്മ ദിന് പാറ്റ്‌ന മുൻസിപ്പാലിറ്റി അനുവദിച്ചുനൽകിയ ഒരു ചെറിയ കടമുറിയിൽ ചായക്കടയായിരുന്നു.

സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം കട അടച്ചുപൂട്ടി ഇപ്പോൾ അദ്ദേഹം കൂലിപ്പണിക്ക് പോകുകയാണ്. ഡിഗ്രിക്ക് പഠിക്കുന്ന മകനും പിതാവിന് കൂട്ടായി അല്ലറ ചില്ലറ ജോലികൾ ചെയ്യുന്നതുമൂലം ഇരുവരുടെയും തണലിലാണ് ഇപ്പോൾ കുടുംബം കഴിയുന്നത്.

കുടുംബം നോക്കിനടത്തുന്നതുകൂടാതെ ഈ ഇരട്ടകളുടെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്നത് മാതാവ് റബിയ ഖാത്തൂൻ ആണ്. 2005 ൽ സാബാ-ഫർഹാ ഇരട്ടകളെപ്പറ്റിയുള്ള വാർത്തകൾ കേട്ടറിഞ്ഞ അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇവരെ വേർതിരിക്കാനുള്ള ഓപ്പറേഷന്റെ മുഴുവൻ ചിലവും വഹിക്കാമെന്ന് ഏൽക്കുകയും അതുപ്രകാരം അമേരിക്കൻ ന്യൂറോ സർജനായ ബെഞ്ചമിൻ കാർസൺ ഡൽഹിയിലെത്തി അപ്പോളോ ആശുപത്രിയിൽ ഇരുവരെയും പരിശോധിക്കുകയും ചെയ്തിരുന്നു.

സർജറിയിലൂടെ ഇവരെ വേർപെടുത്താമെന്നദ്ദേഹം ഉറപ്പു നൽകിയെങ്കിലും ഇവരിൽ ഏറ്റവും ദുർബലയും സ്വന്തമായി ശരീരത്തിൽ കിഡ്‌നികൾ ഇല്ലാത്തതുമായ സാബ എന്ന കുട്ടി മരിക്കാനിടയുണ്ടെന്നും അറിയിച്ചതിനെത്തുടര്ന്ന് കുടുംബം ഓപ്പറേഷന് വിസമ്മതി ക്കുകയായിരുന്നു.

മാത്രവുമല്ല പരസ്പ്പരം വേർപെടാൻ അന്നുമിന്നും ഇരുവർക്കും താൽപ്പര്യവുമില്ല. വേർപെടുത്തൽ വളരെ സങ്കീർണ്ണമാകാൻ ഇടയുള്ളതിനാൽ ഡോക്ടർമാരും അവരെ പ്രോത്സാഹിപ്പിച്ചില്ല.

ആ കുടുംബത്തെ എല്ലാവിധത്തിലും സഹായിക്കണമെന്നും ഈ ഇരട്ടകളുടെ സംരക്ഷണം ഉറപ്പാക്കണ മെന്നുമുള്ള സുപ്രീം കോടതി നിർദ്ദേശത്തെത്തുടർന്ന് ബീഹാർ നിയമസഭാ സ്പീക്കർ ജാബിർ ഹുസൈൻ ഇടപെട്ട് ഒന്നരലക്ഷം രൂപ ഇവർക്കു നൽകിയിരുന്നു.

അതോടെ ഉത്തരവാദിത്വം അവസാനിപ്പിച്ച് സർക്കാർ കൈകഴുകി. അക്കാലത്ത് നിരവധി സംഘടനകളും വ്യക്തികളുമൊക്കെ ഇവർക്ക് സാമ്പത്തികസഹാ യങ്ങളും വീടുമൊക്കെ വാഗ്ദാനം ചെയ്തിരുന്നതൊക്കെ വെറും പൊള്ളയായ പാഴ്വാക്കുകൾ ആയിരുന്നെന്ന യാഥാർഥ്യം ഇന്നവർ വേദനയോടെ തിരിച്ചറിയുന്നു.

2008 ൽ  ബീഹാർ തലസ്ഥാനമായ പാറ്റ്നയിലെ ചേരിപ്രദേശമായ സമൻപുരയിലുള്ള ഇവരുടെ രണ്ടുമുറികൾ മാത്രമുള്ള ടിൻ ഷീറ്റിട്ട വീട്ടിൽനിന്നും മുംബൈയിലേക്ക്‌ ഇവർ ആദ്യമായി വിമാനം കയറിയത് തങ്ങളുടെ ഇഷ്ടനായകൻ സൽമാൻ ഖാന്റെ ആതിഥ്യം സ്വീകരിച്ചായിരുന്നു.

publive-image

തന്നെ അകമഴിഞ്ഞാരാധിക്കുന്ന ഇവരെപ്പറ്റി കേട്ടറിഞ്ഞ സൽമാൻ ഖാൻ അവരെ കുടുംബത്തോടൊപ്പം മുംബൈക്ക് ക്ഷണിക്കുകയായിരുന്നു. മുംബൈയിൽ സൽമാൻ ഖാൻറെ വീട്ടിൽ അവർക്ക് ഊഷ്മള സ്വീകരണം നൽകി.

ഇരട്ടകളെ  സ്വന്തം സാഹോദരിമാരായി കണക്കാക്കി അദ്ദേഹം അവർക്കിരുവർക്കും രാഖിചരട്  കെട്ടി. സമ്മാനങ്ങളും പുതുവസ്ത്രങ്ങളും 50,000 രൂപ പാരിതോഷികവും നൽകി യാത്രയാക്കുമ്പോൾ അടുത്ത ഈദിന് അവർ ക്കൊപ്പം പാറ്റ്നയിലെ വീട്ടിലുണ്ടാകുമെന്നും എല്ലാ സഹായങ്ങളും എപ്പോഴുമുണ്ടാകുമെന്നും സൽമാൻ അവർക്കുറപ്പുനല്കിയിരുന്നു.

എന്നാൽ അതിനുശേഷം ഇന്നും കഴിഞ്ഞ 12 വർഷമായി സൽമാൻ ഖാൻ തങ്ങളെ കാണാൻ വരുമെന്ന പ്രതീക്ഷയിൽ അദ്ദേഹത്തിൻ്റെ ഓരോ ജന്മദിനവും അവർ മുടങ്ങാതെ ആഘോഷിക്കുകയാണ്.

സൽമാൻ അതിനുശേഷം അവരെ അന്വേഷിച്ചില്ല, ഫോൺ പോലും ചെയ്തില്ല, അവരെ അദ്ദേഹം പാടേ മറന്നു. "ഞങ്ങളെ ചേർത്തുപിടിച്ച സൽമാൻ പിന്നീട് പാടേ ഉപേക്ഷിച്ചതിൽ വല്ലാത്ത ദുഖമുണ്ടെന്ന്" മാതാവ് റാബിയ ഖാത്തൂൻ പറഞ്ഞപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

സൽമാൻ ഖാനെ കാണാനായി അവർ മുംബൈക്ക് പോയി വന്നതോടെ ആ കുടുംബം ചേരിയിലെ മറ്റുള്ള വരിൽ നിന്നും ഒറ്റപ്പെട്ടു. കൈനിറയെ കുന്നോളം പണം നൽകിയാണ് സൽമാൻ അവരെ മടക്കിയയച്ചതെന്ന കിംവദന്തി നാടാകെ പരന്നു.

സത്യം വിശ്വസിക്കാൻ ആരും ഇന്നുവരെ തയ്യറായിട്ടില്ല എന്നതാണ് അവരുടെ ദുഃഖം. കോടികളുടെ സഹായവാഗ്ദാനങ്ങൾ പല ദിക്കിൽനിന്നുമുണ്ടായിരുന്നു. ബീഹാർ സർക്കാരും പാറ്റ്‌ന ജില്ലാ കളക്ടറും പലപ്പോഴും സഹായാശ്വാസങ്ങൾ നൽകിയതും ഒന്നും നടപ്പായില്ല.

അവർക്കുവേണ്ട എല്ലാ സഹായവും നൽകണമെന്ന സുപ്രീം കോടതിവിധിയും വെറുതെയായി. ഇന്ന് കുടുംബം പുലർത്താനും ആഹാരത്തിനും ഇരട്ടകൾക്ക്  മരുന്നിനുമുള്ള വഴിപോലുമില്ല എന്നതാണ്  അവസ്ഥ. സഹായമായി സ്പീക്കറിൽ നിന്നും സൽമാൻ ഖാനിൽ നിന്നും ലഭിച്ച 2 ലക്ഷം രൂപയല്ലാതെ ഇന്നുവരെ മറ്റൊന്നും അവർക്ക് ലഭിച്ചിട്ടില്ല.

ഇന്നെന്താണാവസ്ഥയെന്നാൽ, അവരിൽ കിഡ്‌നി ഇല്ലാത്ത 'സാബ' എന്ന കുട്ടി കൂടുതൽ ദുർബലയായിക്കൊണ്ടിരിക്കുന്നുവെന്നാണ് അവരെ സ്ഥിരം സൗജന്യമായി പരിശോധിക്കുന്ന ഡോക്ടർ തേജസ്വി പറയുന്നത്.

പഴയതുപോലെ അവർക്കിപ്പോൾ ജോലിയൊന്നും ചെയ്യാനാകുന്നില്ല. യാത്രയും ദുഷ്ക്കരമാണ്‌. മുൻപ് കുളിയും തുണിയലക്കും അല്ലറ ചില്ലറ വീട്ടുജോലികളും ഇവർ തനിയേ ചെയ്യുമായിരുന്നു. സാബ ഉറക്കമുണരുന്നതും വളരെ വൈകിയാണ്. ഫർഹാ ഒച്ചവെച്ചും തലവെട്ടിച്ചുമൊക്കെയാണ് അവളെ ഉണർത്തുന്നത്.

ഡോക്ടറുടെ അഭിപ്രായത്തിൽ കഴിഞ്ഞ രണ്ടുവർഷമായി ഇവർ രണ്ടാളുടെയും ആരോഗ്യനില അനുദിനം മോശമാകുകയാണത്രേ. കാലുകൾ വളയുന്നു, ശരീരം വല്ലാതെ ശോഷിക്കുന്നു, കാൽവിരലുകളും ഉള്ളിലേക്ക് ചുരുങ്ങുന്നു.

publive-image

ഇവർ രണ്ടാളെയും പരിശോധിച്ച്  ഒരു ന്യൂട്രിഷ്യൻ നിർദ്ദേശിക്കുന്ന പോഷകമൂല്യമുള്ള ആഹാര ചര്യകൾ അനുവർത്തിച്ചില്ലെങ്കിൽ ഇവരുടെ ജീവൻ അപകടത്തിലാണ്. എന്നാൽ കുടുംബത്തിന്റെ സാമ്പത്തികനിലയിൽ രണ്ടുനേരത്തെ ഭക്ഷണം പോലും നേരാംവണ്ണം ഇവർക്ക് നൽകാൻ ഇപ്പോൾ കഴിയുന്നില്ല എന്നതാണ് പരമാർത്ഥം.

ആരെങ്കിലും സുമനസ്സുകൾ എത്രയും വേഗം ഇവരെ സഹായിച്ചില്ലെങ്കിൽ ഇവരുടെ അവസ്ഥ വളരെ പരിതാപകരമാകും. ഇവരിൽ ഒരാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അത് മറ്റെയാളുടെയും അന്ത്യമാകും.

മാധ്യമങ്ങളിൽ പേരുവരാൻവേണ്ടി മോഹന സഹായവാഗ്ദാനങ്ങൾ നടത്തിയവർ ഒന്നറിയുക, "നിങ്ങളുടെ വലിയ സഹായമൊന്നും അവർക്കുവേണ്ടതില്ല, നിങ്ങൾക്ക് കഴിയുമെങ്കിൽ ദിവസം മൂന്നുനേരം ഇഷ്ടപ്പെട്ട ആഹാരം കഴിച്ച് സന്തോഷത്തോടെ ബാക്കിയുള്ള ജീവിതം കഴിച്ചുക്കൂട്ടാൻ വേണ്ട ചെറിയ സഹായം ആ കുഞ്ഞുങ്ങൾക്ക് നൽകുക".

തൽക്കാലം അതുമതി. സർക്കാരുകളുടെ പൊള്ളയായ വാഗ്ദാനങ്ങൾ കെട്ടവർ മടുത്തു. തെരുവിൽ യാചിക്കാൻ പോലും അവർക്കാകുന്നില്ല കാരണം വീടുനിറയെ പണമുണ്ടെന്നാണ് നാട്ടുകാരുടെ വിശ്വാസം. എല്ലാവരും ചേർന്ന് ആരും സഹായിക്കാത്ത നിലയിലേക്കവരെ എത്തിച്ചു. ആരാണിതിനുത്തരവാദികൾ ?

voices
Advertisment