Advertisment

ശബരിമല യുവതി പ്രവേശനം: സുപ്രീം കോടതിവിധി അവസാനവാക്കല്ലെന്ന് ചീഫ് ജസ്റ്റീസ്

New Update

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനം സംബന്ധിച്ച് 2018-ലെ സുപ്രീം കോടതി വിധി അവസാനവാക്കല്ലെന്ന് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ. നട അടയ്ക്കുന്നതിനു മുന്‍പ് ശബരിമലയില്‍ പോകാന്‍ അനുവദിക്കണമെന്ന ബിന്ദു അമ്മിണിയുടെ ആവശ്യം പരിഗണിക്കവെയാണ് ചീഫ് ജസ്റ്റീസിന്റെ പരാമര്‍ശം.

publive-image

ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് ശബരിമലയില്‍ സന്ദര്‍ശനം അനുവദിക്കാന്‍ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ബിന്ദു അമ്മിണിയുടെയും രഹന ഫാത്തിമയുടെയും ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്. ഇന്നു രാവിലെ ബിന്ദു അമ്മിണിയുടെ അഭിഭാഷക ഇന്ദിരാ ജയ്സിംഗ് സ്ത്രീപ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി സ്റ്റേ ചെയ്തിട്ടില്ലെന്നും അതിനാല്‍ ബിന്ദു അമ്മിണിക്ക് ശബരിമലയില്‍ പോകാന്‍ സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടു. അപ്പോഴാണ് 2018-ലെ വിധി അവസാനവാക്കല്ലെന്നും വിഷയം വിശാലബെഞ്ചിന്റെ പരിഗണനയിലാണെന്നും ചീഫ് ജിസ്റ്റീസ് ചൂണ്ടിക്കാട്ടിയത്.

രഹന ഫാത്തിമ ഇതേ ആവശ്യവുമായി കഴിഞ്ഞ ആഴ്ച ഹര്‍ജി നല്‍കിയപ്പോള്‍ ഇക്കാര്യം അടുത്തയാഴ്ച പരിഗണിക്കാമെന്ന് കോടതി ഉറപ്പുനല്‍കിയിരുന്ന കാര്യം ഇന്ദിരാ ജയ്സിംഗ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. അപ്പോഴാണ് രഹന ഫാത്തിമയുടെ ഹര്‍ജിക്കൊപ്പം ബിന്ദു അമ്മിണിയുടെ ഹര്‍ജിയും കേള്‍ക്കാമെന്ന് കോടതി വ്യക്തമാക്കിയത്.

sabarimala supreme court
Advertisment