Advertisment

'ലാറ' ടീമിനെ മുട്ടുകുത്തിച്ച് 'സച്ചിന്‍' പട

New Update

മുംബൈ: സേവാഗിന്റെ താണ്ഡവം, സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ ക്ലാസ് ഷോട്ടുകള്‍, കൂറ്റന്‍ സിക്‌സറുകളുടെ തോഴനായ യുവിയുടെ പുനരവതാരവും മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ വീണ്ടും തെളിഞ്ഞുകണ്ടു.

Advertisment

publive-image

കളമൊഴിഞ്ഞ സൂപ്പര്‍ താരങ്ങള്‍ ഒരിക്കല്‍ക്കൂടി കളംപിടിച്ച ആവേശപ്പോരാട്ടത്തില്‍ ബ്രയാന്‍ ലാറ നയിച്ച വെസ്റ്റിന്‍ഡീസ് ലെജന്‍ഡ്‌സിനെതിരെ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ നയിച്ച ഇന്ത്യന്‍ ലെജന്‍ഡ്‌സിന് തകര്‍പ്പന്‍ ജയം. റോഡ് സുരക്ഷാ സന്ദേശവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന റോഡ് സേഫ്റ്റി വേള്‍ഡ് ട്വന്റി20 സീരീസ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഏഴു വിക്കറ്റിനാണ് ഇന്ത്യന്‍ ലെജന്‍ഡ്‌സ് ജയിച്ചുകയറിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റിന്‍ഡീസ് ലെജന്‍ഡ്‌സ് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തത് 150 റണ്‍സ്. 151 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 10 പന്തു ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

57 പന്തില്‍ 11 ഫോറുകള്‍ സഹിതം 74 റണ്‍സെടുത്ത ഓപ്പണര്‍ വീരേന്ദര്‍ സേവാഗിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ ക്യാപ്റ്റന്‍ കൂടിയായ സച്ചിന്‍ തെന്‍ഡുല്‍ക്കറിനൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ടു തീര്‍ക്കാനും സേവാഗിനായി. 10.2 ഓവറില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത് 83 റണ്‍സ്! സച്ചിന്‍ 29 പന്തില്‍ ഏഴു ഫോറുകള്‍ സഹിതം 36 റണ്‍സെടുത്ത് പുറത്തായി. സേവാഗാണ് കളിയിലെ കേമന്‍.

മുഹമ്മദ് കൈഫ് (16 പന്തില്‍ 14), മന്‍പ്രീത് ഗോണി (0) എന്നിവര്‍ കാര്യമായ സംഭാവനകള്‍ കൂടാതെ മടങ്ങിയെങ്കിലും രാംനരെയ്‌നെതിരെ നേടിയ പടുകൂറ്റന്‍ സിക്‌സര്‍ സഹിതം ഏഴു പന്തില്‍ 10 റണ്‍സുമായി പുറത്താകാതെ നിന്ന യുവരാജ് സിങ്ങിനെ കൂട്ടുപിടിച്ച് സേവാഗ് ഇന്ത്യയെ വിജയത്തിലെത്തിച്ചു.

വെസ്റ്റിന്‍ഡീസിനായി കാള്‍ ഹൂപ്പര്‍ രണ്ടും സുലൈമാന്‍ ബെന്‍ ഒരു വിക്കറ്റും വീഴ്ത്തി. ഇനി ഞായറാഴ്ച ഇതേ വാങ്കഡെയില്‍ ബ്രെറ്റ് ലീ നയിക്കുന്ന ഓസ്‌ട്രേലിയ ലെജന്‍ഡ്‌സും ശ്രീലങ്ക ലെജന്‍ഡ്‌സും തമ്മിലാണ് രണ്ടാമത്തെ മത്സരം.

cricket Road Safety World Series
Advertisment