Advertisment

വാട്‌സാപ്പിന് ഭീഷണിയാകുമോ 'സന്ദേശ്'! വാട്‌സാപ്പിന്റെ ഇന്ത്യന്‍ ബദലായ മെസേജിംഗ് പ്ലാറ്റ്‌ഫോമിനെക്കുറിച്ച് ലോക്‌സഭയില്‍ വിശദമാക്കി കേന്ദ്രസര്‍ക്കാര്‍

New Update

publive-image

Advertisment

ന്യൂഡല്‍ഹി: 'സന്ദേശ്' എന്ന പേരില്‍ തല്‍ക്ഷണ സന്ദേശമയയ്ക്കല്‍ പ്ലാറ്റ്‌ഫോം സര്‍ക്കാര്‍ ആരംഭിച്ചതായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ലോക്‌സഭയില്‍ വ്യക്തമാക്കിയിരുന്നു. രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇലക്ട്രോണിക്‌സ്, ഐടി സഹമന്ത്രിയായ രാജീവ് ചന്ദ്രശേഖര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആഗോള മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സാപ്പിന് ഇന്ത്യന്‍ ബദലായിട്ടാണ് ഈ പുതിയ പ്ലാറ്റ്‌ഫോം വിലയിരുത്തപ്പെടുന്നത്.

വാട്‌സാപ്പിന്റെ മാതൃകയിലാണ് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ 'സന്ദേശ്' അവതരിപ്പിച്ചത്. ഒരു മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ ഇമെയില്‍ ഐഡി ഉപയോഗിച്ച് എല്ലാത്തരം ആശയവിനിമയങ്ങള്‍ക്കും ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കാം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, സര്‍ക്കാരുമായി ബന്ധപ്പെട്ടുള്ള ഏജന്‍സികള്‍ക്കുമിടയിലാണ് നിലവില്‍ സന്ദേശ് ഉപയോഗിക്കുന്നത്.

''ഗവണ്‍മെന്റ് ഇന്‍ഫ്രാസട്രക്ചറില്‍ ഹോസ്റ്റു ചെയ്തിരിക്കുന്ന ഓപ്പണ്‍ സോഴ്‌സ് അധിഷ്ഠിത, സുരക്ഷിത, ക്ലൗഡ് എനെബിള്‍ഡ് പ്ലാറ്റ്‌ഫോമാണ് സന്ദേശ്. അതിനാല്‍ ഇതിന്റെ തന്ത്രപരമായ നിയന്ത്രണം കേന്ദ്രസര്‍ക്കാരില്‍ നിലനില്‍ക്കും. വണ്‍ ടു വണ്‍, ഗ്രൂപ്പ് മെസേജിംഗ്, ഫയല്‍-മീഡിയ ഷെയറിംഗ്, ഓഡിയോ-വീഡിയോ കോള്‍, ഇ-ഗവണ്‍മെന്റ് ആപ്ലിക്കേഷന്‍ ഇന്റഗ്രേഷന്‍ തുടങ്ങിയ സവിശേഷതകള്‍ ഇതിലുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറിലും, ആപ്പ് സ്റ്റോറിലും ഇത് ലഭ്യമാണ്'',-രാജീവ് ചന്ദ്രശേഖര്‍ ലോക്‌സഭയില്‍ പറഞ്ഞു.

തദ്ദേശീയമായി വികസിപ്പിച്ച ഉത്പന്നങ്ങളുടെ 'എക്കോസിസ്റ്റം' വികസിപ്പിക്കുന്നതിനായി ഇന്ത്യയില്‍ നിര്‍മിച്ച ആപ്ലിക്കേഷനുകളും സോഫ്റ്റ്‌വെയറുകളും ഉപയോഗിക്കുന്നതിനുള്ള സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണ് സന്ദേശും.

കഴിഞ്ഞ കുറേ മാസങ്ങളായി, വാട്‌സാപ്പും സര്‍ക്കാരും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനെയും പുതിയ ഐടി നിയമങ്ങളെച്ചൊല്ലിയും തര്‍ക്കത്തിലാണ്‌. മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിന്റെ ഇന്ത്യന്‍ പതിപ്പായ 'കൂ' നേരത്തെ പുറത്തിറക്കിയിരുന്നു. പുതിയ ഐടി നിയമങ്ങള്‍ പാലിക്കാത്തതുമായി ബന്ധപ്പെട്ട് ട്വിറ്ററും കേന്ദ്രസര്‍ക്കാരും തര്‍ക്കത്തിലാണ്.

sandes
Advertisment