Advertisment

പെണ്ണുങ്ങള്‍ നീളന്‍ മുടിയുള്ളവരാണ്‌, അവര്‍ വയ്‌ക്കുന്ന കറികളില്‍ നിന്നും മുടിയൊക്കെ കിട്ടും; വേണമെങ്കില്‍ കഴിക്കാം അല്ലെങ്കില്‍ എഴുന്നേറ്റു പോകാം; കുറിപ്പുമായി ശാരദക്കുട്ടി

author-image
Charlie
Updated On
New Update

publive-image

കഴിഞ്ഞ ദിവസം സ്കൂള്‍ ഉച്ചഭക്ഷണകാര്യത്തിന്റെ ഗുണനിലവാരം പരിശോധിക്കാനെത്തിയ മന്ത്രിയ്‌ക്ക് ഭക്ഷണത്തില്‍ നിന്നും മുടി കിട്ടിയത് വലിയ വാര്‍ത്തയായിരുന്നു. കോട്ടണ്‍ഹില്‍ സ്കൂളിലെത്തിയ മന്ത്രി ജി ആര്‍ അനിലിനായിരുന്നു ഭക്ഷണം കഴിക്കുന്നതിനിടെ മുടി കിട്ടിയത്. സംഭവം വാര്‍ത്തയായതോടെ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചകള്‍ കൊഴുക്കുകയാണ്.

തന്റെ ജീവിതത്തിലും മുടി കിട്ടിയതിന്റെ പേരില്‍ സുഹൃത്തിന് മുന്നില്‍ ചൂളി നില്‍ക്കേണ്ടി വന്ന അവസ്ഥയെ കുറിച്ച്‌ എഴുത്തുകാരിയായ എസ് ശാരദക്കുട്ടിയും അനുഭവം പങ്കുവച്ചിട്ടുണ്ട്. പാചകം ചെയ്യുന്നത് സ്ത്രീകളാകുമ്ബോള്‍ അവരുടെ നീളന്‍ മുടിയൊക്കെ കറികളില്‍ വീണേക്കാമെന്ന ധൈര്യം പകര്‍ന്നത് മകള്‍ മായയാണ്. ഭക്ഷണം വേണ്ടവര്‍ കഴിച്ചോളുമെന്നും അല്ലാത്തവര്‍ എഴുന്നേറ്റ് പോകുമെന്നും ഇതൊന്നും അമ്മയെ ബാധിക്കാന്‍ പാടില്ലെന്നും അവളാണ് പറഞ്ഞു തന്നതെന്നും ശാരദക്കുട്ടി പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

കൊഴിയുന്ന തലമുടി ചുരുട്ടിക്കെട്ടി തെങ്ങിന്‍ ചോട്ടില്‍ കുഴിച്ചിട്ട് മണ്ണ് ഉപ്പൂറ്റി കൊണ്ട് ചവിട്ടി ഉറപ്പിച്ചാല്‍ പനങ്കുല പോലെ തലമുടി വളരുമെന്ന് അമ്മുമ്മ പറയുമായിരുന്നു. അങ്ങനെ ചെയ്തിട്ടുമുണ്ട്. കുറെക്കാലം കഴിഞ്ഞ് അമ്മുമ്മയോട് എന്തിനാണിങ്ങനെ നുണ പറഞ്ഞു പറ്റിച്ചതെന്നു ചോദിച്ചപ്പോള്‍ അമ്മുമ്മ പറഞ്ഞത് , നിങ്ങള്‍ അഞ്ചാറു പെണ്‍പിള്ളേരുടെ തലമുടി മുറിക്കുള്ളില്‍ പറന്നു നടക്കാതിരിക്കാനാണ് , ആണുങ്ങള്‍ ഉണ്ണാന്‍ വരുമ്ബോള്‍ ചോറില്‍ മുടി കിടക്കരുത് അതിനാണ് എന്നൊക്കെയാണ്.

കുഴിച്ചിട്ടു കാല്‍ കൊണ്ടമര്‍ത്തിയാല്‍ മുടി വളരുമെന്നുള്ള പ്രലോഭനം കുറേക്കാലത്തേക്കെങ്കിലും ഫലിച്ചു. പക്ഷേ ഒരു കുഞ്ഞു തലമുടിയെങ്കിലും ചോറില്‍ കണ്ടാല്‍ അമ്മയെ എല്ലാവരും രൂക്ഷമായി നോക്കി. അമ്മ കുറ്റബോധം കൊണ്ടു ചൂളി. അച്ഛന്‍ വളര്‍ത്തിയ മക്കള്‍ നോട്ടം തുടരുകയും അമ്മ വളര്‍ത്തിയ മക്കള്‍ ഉരുകുകയും ചെയ്തു കൊണ്ടിരുന്നു.

എന്റെ വീട്ടില്‍ ഉണ്ണാന്‍ വന്ന എന്റെ കൂട്ടുകാരിക്ക് കറിയില്‍ നിന്ന് മുടി കിട്ടിയത് അവര്‍ ഊണിനു ശേഷം എന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അമ്മ വളര്‍ത്തിയ ഞാന്‍ നിന്നു ചൂളി .

അതു കണ്ട് എന്റെ സ്വാധീനം തീരെയില്ലാത്ത എന്റെ മകള്‍ നേരെ നിന്നു എന്നോടു ചോദിച്ചു, "പെണ്ണുങ്ങളാണുണ്ടാക്കുന്നത്, അവര്‍ നീളന്‍ മുടിയുള്ളവരാണ്‌. ചിലപ്പോള്‍ മുടിയൊക്കെ കിട്ടും. അതിനമ്മ ചൂളുന്നതെന്തിന്? അമ്മ പറിച്ചിട്ടതൊന്നുമല്ലല്ലോ"

കടയില്‍ നിന്ന് , ചന്തയില്‍ നിന്ന് ഒക്കെ വരുന്ന പച്ചക്കറികളില്‍ ചുറ്റി നില്‍ക്കുന്ന തലമുടിയൊക്കെ എത്ര തവണ കഴുകി മാറ്റിയിരിക്കുന്നു. എത്ര മാത്രം ശ്രദ്ധയുണ്ടെങ്കിലാണ് ഒരു കറി വൃത്തിയായി പാത്രത്തില്‍ വരുക എന്ന് ആര്‍ക്കാണറിയാത്തത് !!

വീട്ടിലെ പെണ്ണുങ്ങളുടെ വര്‍ഷങ്ങളായുള്ള പണികളിലെ അമിത ശ്രദ്ധയെല്ലാം വൃഥാവിലാകും ഒരിക്കല്‍ ഒരു കറിയില്‍ ഒരു തലമുടി കിട്ടിയാല്‍ . നമ്മള്‍ വാരിപ്പറിച്ച്‌ കറിയിലിട്ടതാണെന്ന ഭാവത്തിലാണ് മുടി കാണുമ്ബോള്‍ ചിലരുടെ നോട്ടം.

മകളാണ് പറഞ്ഞു തന്നത് , കറിയിലെ കുറവുകള്‍ അമ്മയുടെ കുറവുകളല്ല എന്ന് . വേണമെങ്കില്‍ കഴിക്കാം , അല്ലെങ്കില്‍ എഴുന്നേറ്റു പോകാം . ഇതു രണ്ടും അമ്മയെ ബാധിക്കാന്‍ പാടില്ല എന്ന് . അവള്‍ എന്റെ മകള്‍.

എസ്.ശാരദക്കുട്ടി

( Satheesh Kumar ന്റെ തലമുടി post ആണ് പ്രേരണ )

Advertisment