Advertisment

'ഹിന്ദുവെന്നും മുസ്ലിമെന്നും ക്രിസ്ത്യനെന്നും നമ്മെ വേർതിരിച്ച് മനസുകളെ തമ്മിൽ അകറ്റുന്നവരുടെ താൽപര്യത്തെക്കാൾ എത്രയോ ദൃഢമാണ് ചേർന്നു നിൽക്കാനുള്ള നമ്മുടെ താൽപര്യം'; ഒരുമിച്ചിരിക്കണം, ഹൃദയം കൊണ്ട് സംസാരിക്കണം-നാര്‍കോട്ടിക് ജിഹാദ് വിവാദത്തില്‍ മുനവ്വറലി ശിഹാബ് തങ്ങള്‍

New Update

മലപ്പുറം: പാലാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദ് പ്രസ്താവനയില്‍ പ്രതികരണവുമായി മുനവ്വറലി ശിഹാബ് തങ്ങള്‍. കേരളീയ സമൂഹമെന്ന രീതിയില്‍ നാം ആര്‍ജ്ജിച്ചെടുത്ത വിവേകത്തിന്റെയും ഔചിത്യബോധത്തിന്റെയും മഹത്തായ ദൗത്യം നമുക്ക് നിര്‍വ്വഹിക്കാനുണ്ടെന്നും സൗഹാര്‍ദ്ദ അന്തരീക്ഷത്തിലാണ് നാം പരസ്പരം സംവദിക്കേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Advertisment

publive-image

ഫേസ്ബുക്ക് പോസ്റ്റ്...

ശുഭകരമല്ലാത്ത ഒരു സാമൂഹിക സാഹചര്യത്തിലൂടെ നാം കടന്ന് പോകുന്നത് വ്യക്തിപരമായ വലിയ വേദനകളിലൊന്നായി തീരുന്നു. സാമൂഹിക സൗഹാർദ്ദം പ്രാർത്ഥനയും പ്രവർത്തിയുമാക്കിയ ഒരു പിതാവിന്റെ മകനെന്ന നിലയിൽ ഈ വിഷമസന്ധിയെ ഏറെ ദു:ഖത്തോടെയാണ് നോക്കി കാണുന്നത്.

പ്രകൃതി ദുരന്തങ്ങളിലും പകർച്ചാവ്യാധിയിലും മറ്റെല്ലാത്തിനുമപ്പുറത്ത് കേരളീയർ എന്ന ചേർത്തുപിടിക്കലായിരുന്നു നമ്മുടെ ഊർജ്ജം. പ്രയാസപ്പെടുന്ന സഹോദരങ്ങളെ ഓർത്തായിരുന്നു നമ്മുടെ ആധി. സ്വന്തം വിശ്വാസങ്ങളും അനുഷ്ടാനവും വിശ്വാസരാഹിത്യവും രാഷ്ട്രീയവും അരാഷ്ട്രീയവുമൊക്കെ നമുക്കിടയിൽ നില നിൽക്കുമ്പോഴും നമ്മളൊന്ന് എന്നതായിരുന്നു എന്നും നമ്മുടെ ശക്തി.ഇവിടെ കേരളീയർക്കൊരിക്കലും മറ്റ് താൽപര്യങ്ങൾ ഉണ്ടായിരുന്നില്ല.

അകൽച്ചയുടെ സാമൂഹിക തടവറകൾ സ്വയം തീർക്കുന്ന ഒരു സമൂഹമായി നമുക്കെങ്ങനെയാണ് മുന്നോട്ട് ചലിക്കാനാവുക.. അവിശ്വാസത്തിന്റെ പരികല്പനകൾ അന്തരീക്ഷത്തിൽ ഉയർന്ന് പൊങ്ങുമ്പോൾ അത് അനാവശ്യ തർക്കങ്ങളായി,സംശയങ്ങളായി നാം ഇന്നുവരെ ശീലിച്ച സാമൂഹിക സഹജീവനത്തെയും പുരോഗതിയേയും സങ്കീർണ്ണമാക്കുന്നു.

മുഴുവൻ മതനേതാക്കളും മതമേലദ്ധ്യക്ഷന്മാരും വിശ്വാസി സമൂഹങ്ങളും പരസ്പരം സ്നേഹവും കാരുണ്യവും ബഹുമാനവും കൈമാറുന്ന ചിത്രങ്ങളാണ് ഇപ്പോഴെന്ന പോലെ ഇനിയുമുണ്ടാകേണ്ടത്.

കുഞ്ഞുനാൾ തൊട്ട് കണ്ടും കേട്ടും വായിച്ചുമറിഞ്ഞ ക്രൈസ്തവ പുരോഹിതരും സഭാ പിതാക്കന്മാരുമൊക്കെ അന്നുമിന്നും സ്നേഹ സ്വരൂപരായ, ദീനാനുകമ്പയുടെ പ്രതിരൂപങ്ങളായാണ് മനസ്സിൽ തെളിഞ്ഞിട്ടുള്ളത്. സ്നേഹ വായ്പിന്റെയും ആദരവിന്റെയും ഓർമ്മകൾ മാത്രമാണ് പരസ്പരമുള്ളത്.

സ്വ:ശരീരത്തിന്റെ തിന്മ- പ്രവണതകൾക്കെതിരെയുള്ള പോരാട്ടമാണ് ജിഹാദ്. ആ അർത്ഥത്തിലാണ് ജിഹാദ് വായിക്കപ്പെടേണ്ടത്. അന്തർദേശീയ രാഷ്ട്രീയവും വെസ്റ്റ് ഫാലിയൻ എഗ്രിമെന്റും നിലവിൽ വരുന്നതിന് മുമ്പ് സ്വീകരിക്കപ്പെട്ടിരുന്ന പദങ്ങൾ അതിന്റെ പൂർണ്ണതയിൽ വായിക്കപ്പെടാതിരിക്കുകയും പരസ്പര വിശ്വാസ രാഹിത്യത്തിന് അത് കാരണമാവുകയും ചെയ്യുന്ന മൗലികമായ പ്രചോദനം സങ്കടപ്പെടുത്തുന്നു.

സാങ്കേതികാർത്ഥത്തിൽ മാത്രം ചില പദങ്ങളെ സമീപ്പിച്ചു ഒരു സമൂഹത്തെ പൈശാചികവത്കരിക്കുന്ന രീതി നാം അനുഭവിച്ച് കൊണ്ടിരിക്കുന്ന നിർഭാഗ്യമാണ്. സംഘർഷഭരിതമായ സാമൂഹിക സാഹചര്യങ്ങൾക്ക് മീതെ ക്രിസ്തുവിന്റെ സ്നേഹ ശുശ്രൂശ നൽകാൻ നിയുക്തരായ മനുഷ്യസ്നേഹികളായ സഭാ പിതാക്കൾ ഈയൊരു വസ്തുത മറ്റാരേക്കാളും മനസ്സിലാക്കിയവരാണ് എന്നാണ് ബോധ്യം.അപരവത്കരണത്തിന്റെ പ്രയോക്താക്കളെന്ന് ഒരു ചരിത്രവും ആരെയും അടയാളപ്പെടുത്താതിരിക്കാനുള്ള സൂക്ഷ്മത നമ്മിൽ നിന്നും ഉണ്ടാകട്ടെ..

Alan Paton ന്റെ ' Cry the beloved country 'എന്ന വിഖ്യാത രചന,അസമത്വങ്ങളും കലഹങ്ങളും നിറയുന്ന സമൂഹത്തിൽ നല്ല ഇടയന്മാരുടെ ദൗത്യവും ക്രിസ്ത്രീയ ആശയങ്ങളുടെ പ്രസക്തിയും പറഞ്ഞു തരുന്നു.

ഹിന്ദുവെന്നും മുസ്ലിമെന്നും ക്രിസ്ത്യനെന്നും നമ്മെ വേർതിരിച്ച് മനസുകളെ തമ്മിൽ അകറ്റുന്നവരുടെ താൽപര്യത്തെക്കാൾ എത്രയോ ദൃഢമാണ് ചേർന്നു നിൽക്കാനുള്ള നമ്മുടെ താൽപര്യം. താത്കാലിക നേട്ടങ്ങളല്ല, നിർണ്ണായക ഘട്ടങ്ങളിൽ വിശുദ്ധ പാഠങ്ങളെ തമസ്കരിച്ചവരായി ചരിത്രം നമ്മെ രേഖപ്പെടുത്താതിരിക്കാനുള്ള സൂക്ഷ്മത മനുഷ്യരെന്ന നിലയിൽ നമ്മുടെ പ്രഥമ പരിഗണന ആയിത്തീരട്ടെ..

കേരളീയ സമൂഹമെന്ന രീതിയിൽ നാം ആർജ്ജിച്ചെടുത്ത വിവേകത്തിന്റെയും ഔചിത്യബോധത്തിന്റെയും മഹത്തായ ദൗത്യം നമുക്ക് നിർവ്വഹിക്കാനുണ്ട്. നമുക്ക് ഇനിയുമേറെ ദൂരം ഒന്നിച്ച് സഞ്ചരിക്കേണം. ഒരുമിച്ചിരിക്കണം.പരസ്പരം കേൾക്കണം. ഒന്നിച്ച് മുന്നേറണം.ഹൃദയം കൊണ്ട് സംസാരിക്കണം. അതിനായുള്ള പ്രാർത്ഥനയും പ്രവർത്തിയും നമ്മെ നയിക്കട്ടെ..

Advertisment