Advertisment

കുവൈറ്റിലുൾപ്പെടെ പ്രവാസികൾക്ക് ജോലിയില്ല... കൂലിയുമില്ല, എന്നിട്ടും ചിലവിനൊരു കുറവുമില്ല ! ഓൺലൈൻ പഠനം മാനേജ്‌മെന്റുകൾക്ക് ലാഭമാണെങ്കിലും ഫീസിലും കുറവില്ല ! ഫീസടക്കാത്ത കുട്ടികളുടെ ഓൺ - ലൈൻ കട്ട് ചെയ്‌തും ക്രൂരത ? ഗൾഫുകാരുടെ സ്ഥിതി ഇങ്ങനെ...

New Update

publive-image

Advertisment

കുവൈറ്റ്: ഗൾഫിലെ പ്രവാസി ജീവിതങ്ങൾ സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ജോലിയില്ല, ഉള്ളവർക്ക് ശമ്പളം വെട്ടിക്കുറച്ചു, പലർക്കും പിരിച്ചുവിടലിന് നോട്ടീസ് ലഭിച്ചു. വാടക കൊടുക്കാതെ കെട്ടിട ഉടമ ഇറക്കിവിടുന്ന സാഹചര്യം... ഇങ്ങനെ പിടിച്ചു നിൽക്കാനാകാത്ത ഘട്ടങ്ങളിലൂടെയാണ് പ്രവാസികൾ കടന്നുപോകുന്നത്.

ആരോഗ്യ മേഖലയിലും നിത്യോപയോഗ സാധന വിപണിയും ഒഴികെയുള്ള മേഖലകളൊക്കെ തകർന്നു. വിദേശികളെയും കടന്ന് പിരിച്ചുവിടൽ സ്വദേശികളിൽ വരെയെത്തി നിൽക്കുന്നു.

ഈ അവസ്ഥയിൽ നിൽക്കുമ്പോഴും പ്രവാസികളെ ചൂഷണം ചെയ്യാൻ യാതൊരു മടിയുമില്ലെന്ന നിലപാടിലാണ് കുവൈറ്റിലെ മിക്ക സ്‌കൂൾ മാനേജ്‌മെന്റുകളും.

മഹാമാരിയുടെ കാലഘട്ടത്തിൽ ഓൺലൈൻ ക്‌ളാസ് പോലുള്ള ചിലവ് കുറഞ്ഞ വിദ്യാഭ്യാസത്തിനിടയിലും ഫീസ് കുറയ്ക്കാൻ തയ്യാറാകാത്ത മാനേജ്‌മെന്റുകൾ, ഫീസടക്കാത്ത വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം നിഷേധിക്കുന്ന സാഹചര്യമാണ് പല സ്‌കൂളുകളിലുമുള്ളത്.

ഫീസടച്ചില്ലെങ്കിൽ ഓൺ - ലൈൻ - കട്ട് !

ഫീസടക്കാത്ത കുട്ടികളെ ക്‌ളാസിൽ നിന്നും ഇറക്കി നിർത്തുന്ന ഏർപ്പാട് പഴയതായിരുന്നു. എന്നാൽ പ്രതിസന്ധി കാലഘട്ടത്തിൽ വിദ്യാഭ്യാസം ഓൺലൈൻ ആകുകയും സ്‌കൂൾ മാനേജ്‌മെന്റുകൾക്ക് ചിലവ് കുറഞ്ഞിരിക്കുകയും ചെയ്യുന്ന കാലഘട്ടമായിട്ടും കുവൈറ്റിലെ ചില മാനേജ്‌മെന്റുകൾ കുട്ടികളോട് ക്രൂരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം.

ഫസ്റ്റ്, സെക്കൻഡ് ടേമുകളിലെ ഫീസ് അടക്കാത്തതിനാൽ ചില സ്‌കൂളുകളിൽനിന്നും 'സൂം' ക്‌ളാസിൽ നിന്നും കുട്ടികളെ ഒഴിവാക്കിയ സംഭവങ്ങൾ അരങ്ങേറി.

എസിയും വേണ്ട, ഫാനും വേണ്ട... എന്നിട്ടും ഫീസിന് കുറവൊന്നുമില്ല !

ക്‌ളാസുകൾ ഓൺലൈൻ ആയതോടെ മാനേജ്‌മെന്റുകൾക്ക് എസ്റ്റാബ്ലിഷ്‌മെന്റ് ചിലവുകളൊന്നുമില്ല. പലരും നോൺ ടീച്ചിങ്ങ് സ്റ്റാഫിന് ശമ്പളം നൽകുന്നില്ല. ചിലർ അധ്യാപകരുടെ ശമ്പളം കുറയ്ക്കുകയും ചെയ്തു.

ഈ സാഹചര്യത്തിൽ കുട്ടികളുടെ ഫീസ് കുറയ്ക്കണമെന്ന് രക്ഷിതാക്കൾ പല തവണ മാനേജ്‌മെന്റുകളോട് അഭ്യർത്ഥിച്ചിരുന്നു. ഏതാനും ചില മാനേജ്‌മെന്റുകൾ ഫീസിനത്തിൽ 25 ശതമാനം കുറവ് വരുത്താൻ തയാറായിരുന്നു.

എന്നാൽ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ ഉൾപ്പെടെ ഭൂരിപക്ഷം മാനേജ്‌മെന്റുകളും ഇത് ചെവിക്കൊള്ളാൻ തയാറായിട്ടില്ല. അതിനിടയിലാണ് ഫീസടച്ചില്ലെന്ന പേരിൽ കുട്ടികളുടെ ഓൺലൈൻ കട്ട് ചെയ്തിരിക്കുന്നത്.

ഒരു പോംവഴികളുമില്ലാതെ രക്ഷിതാക്കൾ !

ഒരു കാലത്ത് കുവൈറ്റിലെ ഏറ്റവും സമ്പന്നമേഖലായിരുന്നു ഓയിൽ ഫെൽഡ്. കെഒസി, കെഎന്‍പിസി തുടങ്ങിയ കമ്പനികളുടെ കേന്ദ്രമായ ഫാഹേൽ അടുത്ത കാലം വരെ സമൃദ്ധിയിലായിരുന്നു.

എന്നാൽ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ഈ മേഖലയിൽ പ്രവാസികൾ നേരിട്ടുകൊണ്ടിരിക്കുന്നത്. ഓയിൽ മേഖലയിൽ നിലവിൽ ജോലിയുള്ളവർക്ക് 15 ശതമാനം ശമ്പളം വെട്ടിക്കുറച്ചു കഴിഞ്ഞു.

ഈ മേഖലയിൽ പുതിയ പ്രോജക്ടുകളൊന്നുമെല്ലെന്നതാണ് സ്ഥിതി. ആകെ നടന്നുകൊണ്ടിരിക്കുന്ന നിർമ്മാണ പദ്ധതി മീന അൽ സൂറിലെ ഫോർത്ത് റിഫൈനറിയുടെ ടാങ്കിന്റെ അവസാന ഘട്ടം മാത്രമാണ്. ഇത് അടുത്ത വര്ഷം പൂർത്തിയാക്കുകയും ചെയ്യും. കുവൈറ്റിൽ തന്നെ ആകെ നടന്നുവരുന്ന വലിയ പദ്ധതികളിലൊന്ന് പുതിയ എയർപോർട്ടിന്റെ നിർമ്മാണമാണ്.

ഓയിൽ മേഖലയിൽ തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലാണ്. റിഫൈനറികളിലും റിഗ്ഗുകളിൽപോലും പണിയില്ല. നിലവിലുള്ള ജീവനക്കാർക്കും പിരിച്ചുവിടൽ നോട്ടീസ് നല്കിക്കൊണ്ടിരിക്കുകയാണ്.

റിഗ്ഗുകളിൽ നിന്നും സ്വദേശികളെ അടക്കം പിരിച്ചുവിടുന്നുണ്ട്. ഇതോടെ വണ്ടികൾ, സ്പെയർ പാർട്സുകൾ ഉൾപ്പെടെ ഓയിൽ മേഖലയുമായി ബന്ധപ്പെട്ട അനുബന്ധ മേഖലകളിലും അവസരങ്ങളില്ലാതായി.

വരുമാനമില്ലെങ്കിലെന്താ... ചിലവിനൊരു കുറവുമില്ല !

പ്രവാസികൾക്ക് ജോലിയും വരുമാനവും ഇല്ലെങ്കിലും ലോക്ക്ഡൌൺകാലത്ത് കൂട്ടിയ വിലകളൊന്നും ഇതുവരെ കുറച്ചിട്ടില്ല. ഇന്ത്യൻ പച്ചക്കറിക്ക് നേരത്തെ 750 പിൽസായിരുന്നത് ഇപ്പോൾ 1.25 കെഡിയായി ഉയർന്നു. ചെറിയ ബക്കാലകൾ ഈ വില കുറയ്ക്കാൻ തയാറാകുന്നില്ല. എല്ലാത്തിനും വില കൂടുതൽ തന്നെ.

ആകെ വില കുറഞ്ഞെന്ന് പറയുന്നത് മാസ്കിന് മാത്രമാണ്. 50 മാസ്കിന് 6.5 കെഡിയായിരുന്നത് 1.50 കെഡിയായി കുറഞ്ഞു. മറ്റൊരാശ്വാസം ഈ വർഷം സ്‌കൂളുകളിൽ അഡ്മിഷന് തിരക്കില്ലെന്നതാണ്. ഇവിടെ തുടരണോ, പഠിപ്പിക്കണോ എന്ന് രക്ഷിതാക്കൾ തീരുമാനിച്ചാൽ മതി.

 

kuwait
Advertisment