Advertisment

ഇന്ന് പതിനാറാം ചരമദിനം. എന്റെ ആരുമല്ലായിരുന്നു, എന്നാൽ എന്റെ ആരെല്ലാമോ ആയിരുന്നു; അവൾ എനിക്ക് മകളായിരുന്നു, അനുജത്തിയായിരുന്നു, എന്റെ എല്ലാമായിരുന്നു.. ഒരു സൗഹൃദ സന്ദർശനത്തിൽ തുടങ്ങിയ ബന്ധം-ശരണ്യ ശശിയുടെ ഓര്‍മ്മയില്‍ സീമാ ജി നായര്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ടി ശരണ്യ ശശിയുടെ ഓര്‍മ്മകള്‍ക്കിന്ന് പതിനാറ് ദിവസം. പന്ത്രണ്ട് വര്‍ഷത്തോളം ബ്രെയിന്‍ ട്യൂമറിനോട്‌ പൊരുതിയ ശരണ്യ ആഗസ്റ്റ് ഒന്‍പതിനാണ് അന്തരിച്ചത്. തുടക്കം മുതല്‍ അവസാനം വരെ ശരണ്യയ്ക്ക് താങ്ങായി കൂടെ നിന്നവരില്‍ പ്രധാനപ്പെട്ടയാള്‍ നടി സീമ ജി നായര്‍ ആയിരുന്നു. ഇപ്പോള്‍ സീമ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

സീമാ ജി നായരുടെ വാക്കുകള്‍

ഇന്ന് 16-)o ചരമദിനം (ഇങ്ങനെ ഒരു വാക്ക് എഴുതാൻ പോലും എനിക്ക് പറ്റുന്നില്ല). എന്റെ ആരുമല്ലായിരുന്നു.. എന്നാൽ എന്റെ ആരെല്ലാമോ ആയിരുന്നു.. അവൾ എനിക്ക് മകളായിരുന്നു, അനുജത്തിയായിരുന്നു, എന്റെ എല്ലാമായിരുന്നു.. ഒരു സൗഹൃദ സന്ദർശനത്തിൽ തുടങ്ങിയ ബന്ധം.. അതിത്രമാത്രം ആഴത്തിലേക്ക് എത്തുമെന്ന് ആരും കരുതിയിരുന്നില്ല.. ചിലപ്പോൾ മുജ്ജന്മ ബന്ധമായിരിക്കാം.. അവളുടെ ജീവൻ പിടിച്ചു നിർത്താൻ ആവുന്നത്ര ശ്രമിച്ചു.. ഡോക്ടർമാർ കിണഞ്ഞു പരിശ്രമിച്ചു..

എപ്പോളും അവൾ ഉയർത്തെഴുന്നേൽക്കുന്ന പോലെ ഇവിടെയും അങ്ങനെ സംഭവിക്കുമെന്നു പ്രതീക്ഷിച്ചു.. 9 തീയതി ഉച്ചക്ക് 12.40 ന് ഞങ്ങളുടെ കയ്യിൽ നിന്ന് പിടിച്ചു പറിച്ച് അവളെ കൊണ്ടു പോകുമ്പോൾ ഞങ്ങളുടെ നെഞ്ചാണ് പറിച്ചു കളയപെട്ടത്.. ഒരു കാര്യത്തിൽ ഇത്തിരി ആശ്വാസം.. അവൾ പൊരുതിയതുപോലെ ഞങ്ങളും അവസാന നിമിഷം വരെ പൊരുതി.. ഒരു കാര്യവും ഇല്ല എന്ന പേരിൽ ഒന്നിനും ഒരു മുടക്കം വരാതിരിക്കാൻ ഞങ്ങൾ ശ്രദ്ധിച്ചു.. സത്യത്തിൽ അതൊരാശ്വാസം തന്നെയാണ്.. സ്നേഹ സീമയിൽ നിന്നും അവളുടെ പ്രിയപ്പെട്ട അമ്മയെയും കൂടപ്പിറപ്പുകളെയും അവളെ സ്നേഹിച്ച എല്ലാരേയും വിട്ട് വേദന ഇല്ലാത്ത ലോകത്തേക്ക് ഞങ്ങളുടെ കുഞ്ഞുകിളി പറന്നകന്നു..

കഴിഞ്ഞ 10 വർഷമായി എന്റെ നെഞ്ചോടു ചേർത്ത് പിടിച്ച കുഞ്ഞായിരുന്നു.. വർഷാവർഷം എത്തിയിരുന്ന ട്യൂമറിനെ അവൾ ധീരതയോടെ നേരിട്ടു ഒറ്റ വാക്കിൽ പറഞ്ഞാൽ അതിജീവനത്തിന്റെ രാജകുമാരി.. തുടർച്ചയായ 11 സർജറികൾ, 9 എണ്ണം തലയിൽ, 2 എണ്ണം കഴുത്തിൽ.. ഓരോ സർജറി കഴിയുമ്പോളും പൂർവാധികം ശക്തിയോടെ അവൾ ജീവിതത്തിലേക്ക് തിരിച്ചു വന്നു.. പക്ഷെ ലാസ്റ്റ് നടന്ന സർജറി കഴിഞ്ഞപ്പോൾ പേടിയായിരുന്നു ഉള്ളിൽ.. അതിനുശേഷം വന്ന വാർത്തകൾ ശുഭകരം ആയിരുന്നില്ല... ഉറക്കമില്ലാത്ത രാത്രികൾ..

ദൈവത്തോട് മുട്ടിപ്പായി പ്രാർത്ഥിച്ച നിമിഷങ്ങൾ.. ഒരേ സമയം രണ്ട് മക്കളെ നഷ്ടപ്പെടുന്ന ഒരമ്മയുടെ അവസ്ഥ വാക്കുകളിൽ വിവരിക്കാൻ ആവില്ല.. എങ്ങും ഇരുട്ട് മാത്രം.. പേരിനുപോലും ഇത്തിരി വെളിച്ചം എന്റെ മുന്നിൽ ഇല്ല.. ഞാൻ ഈ നിമിഷങ്ങളെ എങ്ങനെ തരണം ചെയ്യും.. അവൾക്ക്‌ ഒന്നിനും ഒരു കുറവുണ്ടാവരുതെന്നു ആഗ്രഹിച്ചു അവളുടെ ഇഷ്ടം ആയിരുന്നു എന്റെയും.. അവൾ ആഗ്രഹിച്ചതൊക്കെ നേടി കൊടുക്കാൻ എനിക്ക് കഴിഞ്ഞു.. അവൾക്കു വേണ്ടി എന്തും ചെയ്യാൻ തയ്യാറായി ഞാൻ നിന്നു.. ശരണ്യയെ ഞങ്ങൾക്ക് തിരിച്ചു കിട്ടണമായിരുന്നു.. അവളുടെ ജീവൻ നില നിർത്താൻ ചെയ്യാൻ പറ്റുന്ന എല്ലാ ട്രീറ്റ്മെന്റും ചെയ്തു..

അവസാന നിമിഷം വരെ എനിക്ക് ചെയ്യാൻ പറ്റുന്നതിന്റെ മാക്സിമം ഞാൻ ചെയ്തു.. പക്ഷെ ഈശ്വരൻ...

ഇപ്പോൾ ഒരാഗ്രഹം.. പുനർജ്ജന്മം എന്നൊരു കാര്യം ഉണ്ടായിരുന്നുവെങ്കിൽ, അവളെ ഒരു നോക്ക് കാണാമായിരുന്നു അല്ലെ.. വയലാർ എഴുതിയതു പോലെ ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി.. ഇനിയൊരു ജന്മം ശരണ്യ മോൾക്കുണ്ടായിരുന്നുവെങ്കിൽ..

Advertisment