Advertisment

നരേന്ദ്ര മോഡിക്ക് ബദല്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നു, അതിനു കഴിയാത്തത് പ്രതിപക്ഷത്തിന്റെ വീഴ്ച്ച: ശരദ് പവാര്‍

New Update

"പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിക്കില്ല"

Advertisment

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ബദല്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും അതിനു കഴിയാത്തത് പ്രതിപക്ഷത്തിന്റെ ഭാഗത്തെ വീഴ്ചയാണെന്നും എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍. വിജയകരമായി സഖ്യകക്ഷി സര്‍ക്കാര്‍ രൂപീകരിച്ചശേഷം നടത്തിയ ഒരു അഭിമുഖത്തിലാണ് കോണ്‍ഗ്രസിനെ പരോക്ഷമായി വിമര്‍ശിച്ച് ശരദ് പവാറിന്റെ പ്രതികരണം.

publive-image

1999 ല്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നില്ല, പക്ഷേ അടല്‍ ബിഹാരി വാജ്പേയി മുന്നോട്ട് വന്നു. അദ്ദേഹത്തിന്റെ സര്‍ക്കാരില്‍ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്, മമത ബാനര്‍ജി ഉണ്ടായിരുന്നു, അവരെല്ലാം വ്യത്യസ്തരായിരുന്നു. ബി.ജെ.പിയുടെ കാഴ്ചപ്പാടുകളും പരിപാടികളും മാറ്റിവയ്ക്കാന്‍ വാജ്‌പേയ് തീരുമാനമെടുത്തിരുന്നു. രാമജന്മഭൂമി അടക്കമുള്ള ഹിന്ദുത്വ അജണ്ടകള്‍ തൊടേണ്ടതില്ലെന്ന് അദ്ദേഹം തീരുമാനിച്ചു. അതുകൊണ്ടുതന്നെ വാജ്പേയി അഞ്ചുവര്‍ഷം വിജയകരമായി ഭരണം നടത്തി.

''ഞങ്ങള്‍ ഒരു ഹിന്ദു രാഷ്ട്രത്തിലാണ് താമസിക്കുന്നതെന്ന് ഞാന്‍ സമ്മതിക്കുന്നില്ല. ഞങ്ങള്‍ പരസ്പരം മതങ്ങളെ ബഹുമാനിക്കുന്നു, ഇത് ഒരു വ്യക്തിപരമായ കാര്യമാണ്. എനിക്ക് ഹിന്ദുമതത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്, ഞാന്‍ ക്ഷേത്രത്തില്‍ പോകാറുണ്ട്. എന്നാല്‍ പൊതുജീവിതത്തില്‍ ഞാന്‍ എല്ലാവരുടേതുമാണ്'' -ഹിന്ദുത്വ അജണ്ടയെക്കുറിച്ച് ചോദിച്ചപ്പോള്‍ പവാര്‍ പ്രതികരിച്ചു. പൗരത്വ ബില്ലിനെ സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിന് തങ്ങള്‍ അനുകൂലിക്കില്ല. സമൂഹത്തിലെ ഒരു വിഭാഗത്തെ ഒറ്റപ്പെടുത്തുന്നത് ശരിയല്ല. സമൂഹത്തിലെ എല്ലാ വിഭാഗത്തോടും ഇതു നീതി പുലര്‍ത്തുന്നില്ല. തങ്ങള്‍ അതിനെ പിന്തുണയ്ക്കില്ല.- പവാര്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍.സി.പിയും പരസ്പരം പോരടിച്ചെങ്കിലും ഇപ്പോള്‍ അവര്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു. ഈ സഖ്യത്തിന് ഒരു പൊതു മിനിമം പരിപാടി ഉണ്ട്. ഒരുമിച്ച് പ്രവര്‍ത്തിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലാത്ത ഒരു സാഹചര്യം വരുമ്പോള്‍, ആരെങ്കിലും വിട്ടുവീഴ്ച ചെയ്യേണ്ടതുണ്ട്. വിട്ടുവീഴ്ച സേനയുടെ ഭാഗത്തുനിന്നുള്ളതല്ല. എന്‍.സി.പി, കോണ്‍ഗ്രസ് ഭാഗത്തുനിന്നാണ് ഉണ്ടായത്. കോണ്‍ഗ്രസ് മതേതരത്വത്തിന് നിര്‍ബന്ധിക്കുകയും ഒടുവില്‍ സേന അത് അംഗീകരിക്കുകയും ചെയ്യുകയായിരുന്നു- പവാര്‍ പറഞ്ഞു.

പല അവസരങ്ങളിലും, പരസ്പരം തിരഞ്ഞെടുപ്പില്‍ പോരാടിയ പാര്‍ട്ടികള്‍, ഫലത്തിനുശേഷം ഭൂരിപക്ഷത്തെക്കുറിച്ച് വ്യക്തതയില്ലെങ്കില്‍, സംസ്ഥാനത്തിന് സ്ഥിരത നല്‍കുന്നതിനായി അവര്‍ ഒത്തുചേരുന്നു. ഒരുപക്ഷേ അവരുടെ പ്രത്യയശാസ്ത്രങ്ങള്‍ വ്യത്യസ്തമായിരിക്കും, പക്ഷേ അവര്‍ക്ക് ഒരു പൊതു മിനിമം പരിപാടി തീരുമാനിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനും കഴിയും. വീണ്ടും വോട്ടെടുപ്പിനായി പോകുന്നത് വളരെ ചെലവേറിയ കാര്യമാണ്. ഇന്ത്യയില്‍ മാത്രമല്ല, യൂറോപ്പിലും ജര്‍മ്മനിയിലും വര്‍ഷങ്ങളായി ഒരുമിച്ച് സഖ്യ സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്നു. അതിനാല്‍ വിവിധ പാര്‍ട്ടികള്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്ന കാഴ്ച്ചപ്പാട് ശരിയല്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

publive-image

തുടക്കത്തില്‍ ഞങ്ങള്‍ കരുതിയിരുന്നത് സര്‍ക്കാരിനെ രണ്ടര വര്‍ഷം വീതം ഇരുപാര്‍ട്ടികളും നയിക്കണമെന്നാണ്. എന്നാല്‍, ശിവസേന അഞ്ചുവര്‍ഷം വേണമെന്ന് നിര്‍ബന്ധം പിടിച്ചു. ആദ്യം വഴങ്ങിയില്ലെങ്കിലും പിന്നീട് അത് തങ്ങള്‍ അംഗീകരിച്ചു. ഞങ്ങളുടെ ഭാഗത്തുനിന്നുള്ള ഒത്തുതീര്‍പ്പ് ഇതായിരുന്നു. ഒരു സഖ്യ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഓരോ കക്ഷിയും മറ്റു കാര്യങ്ങള്‍ മറക്കണം. വാസ്തവത്തില്‍, ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍, ഒന്നും സംഭവിക്കില്ലെന്ന് വിവിധ വിഭാഗങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. ചില വിഷയങ്ങളില്‍ വ്യത്യസ്ത നിലപാടുകളുള്ള കക്ഷികള്‍ ഒത്തുചേരുമ്പോള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തയാറാണെന്ന് പൊതുജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കണം.

1978 ല്‍ താന്‍ ഒരു സഖ്യസര്‍ക്കാര്‍ ഉണ്ടക്കി. അന്നു താന്‍ ഒരു കോണ്‍ഗ്രസിലായിരുന്നു. ജനതാ പാര്‍ട്ടിയും ജനസംഘവും സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയും ഉള്‍പ്പെട്ടതായിരുന്നു അന്നത്തെ സഖ്യസര്‍ക്കര്‍. ഇടതുപക്ഷ പാര്‍ട്ടികള്‍, പീസന്റ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് പാര്‍ട്ടി, റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ എന്നിവയുടെ പിന്തുണയുണ്ടായിരുന്നു. - ശരദ് പവാര്‍ പറഞ്ഞു. ഇപ്പോഴത്തെ സഖ്യ ചര്‍ച്ചകള്‍ പൂര്‍ണ്ണമായും നടത്തിയത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അഹമ്മദ് പട്ടേല്‍ തുടങ്ങിയവര്‍. രാഹുല്‍ഗാന്ധി ഒരു കാര്യത്തിലും അഭിപ്രായം പറഞ്ഞിട്ടുമില്ല, താന്‍ തേടിയിട്ടുമില്ല - പവാര്‍ വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ മഹാ വികാസ് അഗാഡി ബി.ജെ.പിയെ മറികടന്ന ഓരോ ഘട്ടത്തിലും, ശിവസേന- എന്‍.സി.പി- കോണ്‍ഗ്രസ് സഖ്യം ഉണ്ടാക്കിയതിനു പിന്നിലും ശരദ് പവാറിന്റെ കരുത്തുറ്റ കരങ്ങളായിരുന്നു.

interview sharad pawar
Advertisment