Advertisment

ആയിരം അമ്പുകളുമായി അണുമഹാകവി

author-image
സത്യം ഡെസ്ക്
New Update

ഒരു ദിവസം പോലും മുടങ്ങാതെ ഇരുപത്തിയൊന്ന് ദിവസക്കാലം തുടർച്ചയായി ഒരു പ്രവൃത്തി ചെയ്താൽ, അത് നമ്മുടെ ശീലമായിത്തീരുമെന്നത് പൊതുവേ പറഞ്ഞുകേൾക്കുന്ന ഒന്നാണ്. ഭക്ഷണവും ഉറക്കവും നിത്യകർമ്മങ്ങളുമടക്കമുള്ള ശാരീരിക ആവശ്യങ്ങളുമല്ലാതെ എല്ലാ ദിവസവും ചെയ്യുന്ന കാര്യങ്ങളുടെ പട്ടിക എടുക്കുവാൻ മിക്കവർക്കും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരും. ഒരു അവധിദിനത്തിന്റെയെങ്കിലും ഇടവേള എടുത്താണ് പ്രതിഫലം ലഭിക്കുന്ന പ്രവൃത്തികൾ പോലും നമ്മൾ ചെയ്യാറുള്ളത്.

Advertisment

പക്ഷേ ഒരു പ്രതിഫലവും വാങ്ങാതെ, ഒരു ദിവസം പോലും മുടങ്ങാതെ, സമയവും പണവും കയ്യിൽ നിന്ന് എടുത്ത് രണ്ടരവർഷത്തോളമായി ഒരു കലയെ ഉപാസിക്കുന്ന ഒരു മലയാളി ഇവിടെയുണ്ട്. കഴിഞ്ഞ ആയിരത്തോളം ദിവസങ്ങളിലെ നിത്യേനയുള്ള പ്രധാന സംഭവങ്ങളെ കവിതയാക്കി, സംഗീതം ചെയ്യിപ്പിച്ച്, ഓർക്കസ്ട്രയുടെയും അനുയോജ്യമായ ദൃശ്യങ്ങളുടെയും അകമ്പടിയോടെ അപ്പോൾത്തന്നെ വീഡിയോരൂപത്തിൽ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്ന ഒരു മലയാളി .

publive-image

ഡാം 999 എന്ന ഒറ്റ ചിത്രത്തിലൂടെ നിരവധി അന്തർദ്ദേശീയ അംഗീകാരങ്ങൾ വാരിക്കൂട്ടിയ മലയാളികളുടെ അഭിമാനമായ സംവിധായകൻ സോഹാൻ റോയ്. അദ്ദേഹം ഇതിനകം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ആയിരം വീഡിയോകളിലൂടെ ഒന്ന് കണ്ണോടിച്ചാൽ, കഴിഞ്ഞ ആയിരം ദിവസത്തേയും പ്രധാന സംഭവങ്ങൾ ഒന്നുകൂടി ഒന്നൊന്നായി നമുക്ക് അയവിറക്കാനാകും.

കേരളസംസ്ഥാന സ്കൂൾ യുവജനോത്സവ വേദിയിൽ തിളങ്ങി യുവ കവിയായി തുടക്കം കുറിച്ചെങ്കിലും, ജീവിതയാത്രയിലെപ്പോഴോ അടച്ചുവയ്‌ക്കേണ്ടി വന്ന തൂലിക, വർഷങ്ങൾക്കു ശേഷം തുറന്ന് ഒരു പടവാളാക്കി മാറ്റുന്ന കാഴ്ചയാണ് പിന്നീട് നാം കാണുന്നത്. പാരമ്പര്യ കവിതാ വ്യാകരണത്തിന്റെ അതേ രുചിക്കൂട്ടുകൾ ഉപയോഗിച്ച് വിനോദവും വിജ്ഞാനവും വിമർശനവും ഹാസ്യവും, പരിഹാസവും സമ്മേളിയ്ക്കുന്ന പുതിയ പാചകരീതികളിലൂടെ ആധുനിക സമൂഹ മനസ്സിന് രണ്ടര വർഷങ്ങളായി ഒരു ദിവസം പോലും മുടങ്ങാതെ അന്നദാനമേകിയ മറ്റൊരു കവി ആഗോള തലത്തിൽ പോലുമുണ്ടായിട്ടില്ലെന്നതാണ് സത്യം.

'അണു കവിത ' എന്ന് നാമകരണം ചെയ്ത, നാലു വരികളിൽ ഉള്ള കവിതകളാണ് ഓരോ ദിവസവത്തേയും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സംഭവങ്ങളെ ആസ്പദമാക്കി അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു കൊണ്ടിരുന്നത്.

മൊബൈൽയുഗം എന്നു പറയാവുന്ന ഈ കാലത്ത്, വളരെ കുറഞ്ഞ സമയം കൊണ്ട് കണ്ടു തീർക്കാവുന്ന വീഡിയോകളുടെ ഭാഷ മാത്രമേ മനസ്സിലാകൂ എന്ന് നിർബന്ധം പിടിച്ചിരിയ്ക്കുകയാണ് നമ്മുടെ യുവതലമുറ. അതുകൊണ്ടുതന്നെ, അവരുടെ ഭാഷ അനുകരിച്ചുകൊണ്ട് അവരിലേയ്ക്ക് എത്തുക എന്ന ഉദ്ദേശത്തോടെയാണ്, മുപ്പതു സെക്കൻഡ് മാത്രം ദൈർഘ്യം വരുന്ന, സംഗീതസാന്ദ്രമായ 'അണു കവിതാ വീഡിയോകളാക്കി ' കവിതകൾ അവതരിപ്പിച്ചു വന്നിരുന്നത്. അതോടൊപ്പം സമയക്കുറവിൽ വായന മറന്ന, കവിതയിൽ നിന്നകന്നു പോയ, അക്ഷരങ്ങളറിയാതെ ഭാഷ മറന്ന ലക്ഷങ്ങളെ കവിതകളുടെ സ്ഥിരം വായനക്കാരും ശ്രോതാക്കളുമാക്കിയെന്നതാണ് സോഹൻ റോയ് മലയാള കാവ്യ ലോകത്തിനു നൽകിയ ഏറ്റവും വലിയ സംഭാവനയെന്ന് പറഞ്ഞാൽ അതൊരു വസ്തുത തന്നെയാണ്.

'അണുകാവ്യം ' എന്നതിലെ 'അണു ' എന്ന വാക്ക് മുന്നോട്ടുവയ്ക്കുന്ന ആശയം തന്നെ വളരെ പ്രത്യേകതയുള്ളതാണ്. 'വലിപ്പം ' കുറയുന്തോറും ഉറപ്പും, ശക്തിയും ആഘാത ശേഷിയും പതിന്മടങ്ങ് വർദ്ധിച്ചുകൊണ്ടിരിക്കുന്ന അണുബോംബിലുള്ളതുപോലുള്ള പ്രതിഭാസത്തെ വിശേഷിപ്പിക്കുന്ന ഒരു ആശയാർത്ഥമാണ് 'അണു' എന്ന വാക്ക് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരിക.

publive-image

ഒരു ആശയം ആയിരം പേജുകളിലൂടെ വിവരിച്ച് സമർത്ഥിച്ചെടുക്കുക എന്നത് സത്യത്തിൽ വളരെ എളുപ്പമുള്ള സംഗതിയാണ്. എന്നാൽ അതേ ആശയം, അതിന്റെ ഒരുതുള്ളി സത്ത് പോലും ചോർന്നുപോകാതെ നാലു വരികളിലൂടെ പകർന്നു കൊടുക്കുവാൻ വളരെ ശ്രമകരമായ ഒരു ബൗദ്ധിക വ്യായാമംതന്നെ വേണ്ടിവരും. ദൈർഘ്യം കുറഞ്ഞതും ലളിതവുമായ ഭാഷയിലൂടെയോ പ്രതീകങ്ങളിലൂടെയോ, ഒരു ആശയം അങ്ങേയറ്റം ശക്തിമത്തായി പ്രതിഫലിപ്പിയ്ക്കുന്ന രീതിയാണ് കനത്ത പ്രതിഫലം വാങ്ങുന്ന ലോകോത്തര പരസ്യ ഏജൻസികൾക്ക് ഉള്ളത് .

നമ്മൾ ഏറ്റവും കൂടുതൽ കാണുന്നതോ കേൾക്കുന്നതോ ആയ വസ്തുക്കളും വാക്കുകളും പരസ്യവാചകങ്ങളായി നമുക്കുതന്നെ നിർദ്ദേശിച്ചുകൊണ്ടാണ് അവർ വൻതുകകൾ പ്രതിഫലമായി കൈപ്പറ്റുന്നത് . നിസ്സാരമായി നമുക്ക് സ്വയം ഉണ്ടാക്കാവുന്നത്ര ലളിതമായിരുന്നല്ലോ ഇതൊക്കെയെന്ന് കാണുന്നവർക്ക് തോന്നുമെങ്കിലും, വളരെ സങ്കീർണമായ ഒരു ബൗദ്ധിക അധ്വാനം ആ ലളിത വൽക്കരണത്തിന് പിന്നിലുണ്ടെന്നുള്ളതാണ് യാഥാർത്ഥ്യം. നാലു വരികളിൽ ഒരു സംഭവം വിവരിയ്ക്കുവാനും ഇതേ അധ്വാനം തന്നെ ആവശ്യമുണ്ട് .

ഒരു 'സംഭവം' രചനാവിഷയമാക്കുമ്പോൾ, ആ സംഭവത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള വിശകലനം, സംഭവത്തിന്റെ മൂലകാരണം, അത് മുന്നോട്ടു വെക്കുന്ന ആശയം, അതിന്റെ പരിഹാരം, എഴുതുന്ന ആളുടെ പ്രസ്തുത വിഷയങ്ങളിലെ നിലപാട്, തുടങ്ങിയ കാര്യങ്ങളെല്ലാം വായിക്കുന്നവർക്ക് മനസ്സിലാവുന്നത്ര വ്യക്തമായി എഴുതിയെങ്കിൽ മാത്രമേ, ആ സംഭവമോ ആശയമോ നാലു വരികളിൽ പൂർണ്ണമായി പ്രതിഫലിപ്പിച്ചു എന്ന് പറയാൻ സാധിക്കൂ.

എഴുതാൻ ഉദ്ദേശിക്കുന്നത് ഒരു കവിതയാണെങ്കിൽ ശ്രമങ്ങൾ അതുകൊണ്ടും തീരുന്നില്ല. പ്രാസം, വൃത്തം, ആവശ്യമായ അലങ്കാരങ്ങൾ, തുടങ്ങിയവയൊക്കെ ഉൾക്കൊള്ളിച്ചു വേണം അർത്ഥവത്തായ ശീർഷകത്തോടെ കാവ്യ രചന പൂർത്തിയാക്കുവാൻ.

ഇങ്ങനെ, കവിതയെ 'കാച്ചിക്കുറുക്കി' അവതരിപ്പിക്കുന്ന ശൈലിയാണ് സംസ്കൃതഭാഷയിലെ 'മുക്തക'ങ്ങൾക്കും ഉണ്ടായിരുന്നത്. അതേപോലെ തന്നെ, ആഗോള സാഹിത്യരംഗത്ത് നല്ല പ്രചാരമുണ്ടായിരുന്ന ജപ്പാനിലെ "ഹൈക്കു" കവിതകളിലും ഇതേ രീതി കാണാൻ കഴിയും.

മലയാളഭാഷയിൽ കുഞ്ഞുണ്ണിമാസ്റ്റർ സ്വീകരിച്ച കാവ്യ രചനാ സമ്പ്രദായവും ഇത്തരത്തിലുള്ളതായിരുന്നു. ദാർശനികമായ ആശയങ്ങളെ,

കൊച്ചുകുട്ടികൾക്കു പോലും മനസ്സിലാവുന്ന വിധത്തിൽ ഏറ്റവും ലളിതമായ ഭാഷ ഉപയോഗിച്ച് രണ്ടോ മൂന്നോ വരികളിൽ കാവ്യവൽക്കരിയ്ക്കുന്ന രീതിയായിരുന്നു കുഞ്ഞുണ്ണിമാഷിന്റേത്.

അതുല്യമായ പ്രതിഭാവിലാസം, അപാരമായ അനുഭവപരിചയം, ഇവ രണ്ടിന്റേയും അടിസ്ഥാനത്തിൽ ഉള്ള അസാമാന്യമായ ബൗദ്ധിക വ്യായാമം തുടങ്ങിയവയിലൂടെ മാത്രമേ, കൂടുതൽ ജനങ്ങളിലേയ്ക്ക് സ്വയമേവ ചെന്നെത്തുവാൻ സാധിക്കുന്ന വിധത്തിൽ ഇത്തരം ലളിതമായ വരികൾ സൃഷ്ടിയ്ക്കുവാൻ കഴിയൂ. സൃഷ്ടാവിനെക്കാൾ ഇത്തരം സന്ദർഭങ്ങളിൽ സൃഷ്ടി വളരുക തന്നെ ചെയ്യും.

അണുകാവ്യങ്ങളുടെ രചനയിലും നമുക്ക് കാണാനാവുന്നത് ഇത്തരത്തിലുള്ള ഒരു ശൈലിയാണ്. ആഗോളവൽക്കരണത്തിന്റെ താപനമേറ്റ്, ഭാഷ തന്നെ ഏതാണ്ട് വറ്റിപ്പോയ ഇക്കാലത്ത്, പ്രതിഭയ്‌ക്കൊപ്പം ദീർഘമായ അനുഭവ പരിചയവും ബൗദ്ധിക തലത്തിലെ നിരന്തരമായ പരിശ്രമവും ഉണ്ടെങ്കിൽ മാത്രമേ, ഭാഷയോടും കാവ്യ വ്യാകരണ ശാസ്ത്രത്തോടും നീതി പുലർത്തിക്കോണ്ട് ലളിതമായ ഭാഷയിലൂടെ ഇത്തരത്തിലുള്ള രചനകൾ നിർവഹിക്കാൻ കഴിയൂ.

ശുദ്ധവും ശ്രേഷ്ഠവുമായ ഭാഷാ സംസ്കാരം സമൂഹമാകെ നിലനിന്നിരുന്ന പഴയകാലത്ത് അനുവാചകരോടുള്ള ആശയവിനിമയം അനായാസമായി നടന്നിരുന്നുവെങ്കിൽ, ആഗോളവൽകൃതമായ സങ്കര ഭാഷാ സംസ്കാരം പിടിമുറുക്കിയ ആധുനിക സമൂഹത്തോട് , പാരമ്പര്യ കാവ്യ വ്യാകരണ നിയമങ്ങൾ പാലിച്ചുകൊണ്ട് സമകാലിക വിഷയങ്ങളെക്കുറിച്ച് സംവദിയ്ക്കുക എന്നത് അളവറ്റ പ്രതിഭാ സമ്പത്ത് ആവശ്യപ്പെടുന്ന ഒരു കലയാണ്.

കൂടാതെ, സാമൂഹിക മാധ്യമങ്ങളിലെ വൈവിധ്യങ്ങളിൽ അഭിരമിച്ചു രസിക്കുന്ന ഇന്നത്തെ പുതുതലമുറ മനസ്സുകളിലേയ്ക്ക് ദൈനംദിനമെന്നോണം കവിതകൾ പകർന്ന് നൽകാൻ ഉദ്ദേശിയ്ക്കുന്ന ഒരു വ്യക്തിക്ക്, ദാർശനികത പോലെ ഏതെങ്കിലും ഒരു പ്രത്യേക തലത്തിൽ മാത്രമൊതുങ്ങുന്നതും തനിക്ക് താരതമ്യേന എളുപ്പം വഴങ്ങുന്നതുമായ ഒരു ശൈലി മാത്രം സ്വീകരിച്ച് മുന്നോട്ടു പോകാൻ സാധിക്കില്ല എന്നതാണ് ഏറ്റവും വലിയ വർത്തമാനകാല വെല്ലുവിളി.

ആയിരത്തോളം വരുന്ന അണുകാവ്യ രചനകളെ അപഗ്രഥിക്കുമ്പോൾ, കവി ഈ വെല്ലുവിളികളെയാകെ അനായാസം മറികടന്ന്, ദാർശനികശൈലിയ്ക്കു പുറമേ ഹാസ്യം, ശൃംഗാരം, കരുണം, രൗദ്രം, അത്ഭുതം, വീരം, ശാന്തം തുടങ്ങിയ നവരസാധിഷ്ഠിതമായ ചില ശൈലികൾ കൂടി സ്വീകരിച്ചിരിക്കുന്നത് നമുക്ക് അത്ഭുതത്തോടെ കാണുവാൻ സാധിയ്ക്കും.

അണുകാവ്യ രചനാ സപര്യയിലെ അറുനൂറ്റിയൊന്ന് കവിതകൾ പൂർത്തിയായപ്പോൾ, ആ കവിതകൾ 'അണുമഹാകാവ്യം' എന്ന പേരിൽ, ഒരു പുസ്തകരൂപത്തിൽ പ്രകാശനം ചെയ്യുകയുണ്ടായി. രണ്ടായിരത്തിപ്പത്തൊൻപതിലെ ഷാർജ ഇന്റർനാഷണൽ ബുക്ക്‌ ഫെയറിലും, തുടർന്ന് ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ സൂര്യ ഫെസ്റ്റിവലിന്റെ വേദിയിലുമായിരുന്നു പ്രകാശനച്ചടങ്ങുകൾ.

ഏഴാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതെന്ന് കരുതുന്ന കാവ്യദർശം, പിന്നീട് വന്ന കാവ്യാലങ്കാരം, സാഹിത്യദർപ്പണം മുതലായവയിൽ പ്രതിപാദിച്ചിട്ടുള്ള "മഹാകാവ്യ' ത്തിന്റെ പൊതു നിയമങ്ങൾ കൂടി ഉൾക്കൊണ്ടുകൊണ്ട് എഴുതപ്പെട്ട ഒരു പുസ്തകം കൂടിയായിരുന്നു അണുമഹാകാവ്യം.

ഏഴിൽ കുറയാത്ത സർഗ്ഗങ്ങൾ, ഓരോ സർഗ്ഗത്തിലും അൻപതിൽ കുറയാതെ ശ്ലോകങ്ങൾ, ധീരോദാത്തനായ നായകൻ, പുരുഷാർത്ഥ പ്രാപ്തിക്ക് പ്രയോജനപ്പെടുന്ന ഇതിവൃത്തം, ശൃംഗാരം, വീരം, ശാന്തം തുടങ്ങിയ രസങ്ങൾ മുതലായവയായിരുന്നു മഹാകാവ്യത്തിന്റെ പൊതുലക്ഷണമായി പ്രാചീനകാലത്ത് വിലയിരുത്തിയിരുന്നത്. കേരളത്തിന്റെ ചരിത്രം വിശദമാക്കിയ " കേരളോദയം " പോലെയുള്ള മഹാകാവ്യ കൃതികളിൽ നായക സ്ഥാനത്ത് നിൽക്കുന്നത് ഒരു "ദേശം" ആണ്.

'അണുമഹാകാവ്യം' എന്ന ഈ കൃതിയിലാവട്ടെ, നായകസ്ഥാനത്ത് വിഭാവനം ചെയ്യുന്നത് ഇന്നത്തെ സമകാലിക സമൂഹത്തെ തന്നെയാണ്. പ്രണയം, സാമൂഹ്യ വിമർശനം, രാഷ്ട്രീയം, ആക്ഷേപ ഹാസ്യം, ദാർശനികം, വൈയക്തികം, വൈവിദ്ധ്യാത്മകം, പാരിസ്ഥിതികം തുടങ്ങിയ എട്ട് സർഗ്ഗങ്ങളിലായിട്ടാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

സൂര്യ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്ന പ്രകാശനച്ചടങ്ങിൽ വച്ച് , പ്രശസ്ത കവിയും ഗാനരചയിതാവുമായ  ശ്രീകുമാരൻ തമ്പിയാണ് സോഹൻ റോയ് രചിച്ച 'അണുമഹാകാവ്യം ' എന്ന ഈ പുസ്തകം സൂര്യ കൃഷ്ണമൂർത്തി, മുരുകൻ കാട്ടാക്കട, പി നാരായണകുറുപ്പ്, എഴാച്ചേരി രാമചന്ദ്രൻ തുടങ്ങിയ പ്രശസ്ത വ്യക്തികളുടെ സാന്നിധ്യത്തിൽ ഏറ്റു വാങ്ങിയത്.

സമൂഹമാധ്യമങ്ങളിലൂടെ ലക്ഷങ്ങളിലേയ്ക്ക് അണുകാവ്യ രൂപേണ നിത്യവും ഓരോരോ വിഷയങ്ങൾ അവതരിപ്പിക്കുമ്പോൾ , വരികൾക്ക് സമയബന്ധിതമായി അങ്ങേയറ്റം അനുയോജ്യമായ രീതിയിലുള്ള പശ്ചാത്തല ചിത്രങ്ങൾ വരച്ചു ചേർക്കുക, വരികൾക്ക് യോജിച്ച ഈണം നൽകുക തുടങ്ങിയവയും ഇതോടൊപ്പം തന്നെ ചെയ്തുവരുന്ന ഒരു പ്രക്രിയയാണ്.

അതുകൊണ്ടുതന്നെ ആയിരം അണു കാവ്യങ്ങൾ പൂർത്തിയായി എന്ന് പറയുമ്പോൾ, ആയിരം വിഷയങ്ങളിലുള്ള വരികൾ മാത്രമല്ല അവയ്ക്ക് അനുയോജ്യമായ ആയിരം പശ്ചാത്തല ചിത്രങ്ങളും ആയിരം വ്യത്യസ്തമായ ഈണങ്ങളും കൂടി ആയിരം എന്ന സംഖ്യ തികയ്ക്കുകയാണ്.

രണ്ടര വർഷങ്ങൾക്കു മുൻപ്, കണ്ണൂർ രാഷ്ട്രീയം കത്തിനിന്ന സമയത്ത്, തെരുവിൽ രാഷ്ട്രീയ അറവ്കത്തിക്ക് ഇരയായ ഒരു പച്ച മനുഷ്യന്റെ ശവശരീരത്തിന് മുന്നിൽ നിന്ന് 'അച്ഛാ'യെന്ന് വിളിച്ച് നെഞ്ചത്തടിച്ചു കരഞ്ഞ ഒരു കുഞ്ഞു പെൺകുട്ടിയുടെ കണ്ണുനീരാണ് അണുകാവ്യ രചനയ്ക്ക് തുടക്കമിട്ടത്. "കുരുതി മോക്ഷം " എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ആ സമകാലീന കവിത, ദിവസങ്ങൾക്കകം പത്തു ലക്ഷത്തിനു മേൽ ആൾക്കാരിലേയ്ക്കാണ് സമൂഹമാധ്യമങ്ങളിലൂടെ സഞ്ചരിച്ചെത്തിയത്.

"കവിത " എന്ന മാധ്യമത്തിന്, ആയിരം വരികളെക്കാൾ ശക്തിയും പ്രസക്തിയും ഇന്നുമുണ്ടെന്ന് തിരിച്ചറിയാൻ കവിക്ക് സാധിച്ചതും സമൂഹ മാധ്യമങ്ങളിലൂടെ ലഭിച്ച ഈ സ്വീകാര്യതയാണ്. തുടർന്ന് എഴുതിയ കവിതകളും ജനമനസ്സുകളിലേക്ക് ഇതേപോലെ സഞ്ചരിച്ചപ്പോൾ കവി രചന തുടരാൻ തന്നെ തീരുമാനിയ്ക്കുകയായിരുന്നു.

അക്കാലത്ത് എഴുതിയ, "പണിയെടുക്കാത്തവർ പണിയെടുക്കുന്നോർക്ക് പണിയെടുക്കാതിരിയ്ക്കാൻ കൊടുക്കുന്ന പണിയാണ് ഹർത്താൽ " എന്ന കവിത, എപ്പോൾ കേരളത്തിൽ ഹർത്താൽ പ്രഖ്യാപിച്ചാലും ഉടൻ തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറുന്ന ഒന്നാണ്.

"ആധാരം ഇല്ലാത്തവനെ

ആധാർ എടുപ്പിയ്ക്കാൻ

ആധി കൂട്ടുന്നതിൻ

ആധാരം എന്തെടോ " എന്ന മറ്റൊരു കവിത, ആധാർ നിർബന്ധമാക്കുന്നത് സംബന്ധിച്ച വിവാദം കത്തിനിന്ന സമയത്ത് എഴുതിയതാണെങ്കിലും ഈ രണ്ടര വർഷത്തിന് ശേഷവും അതിന്റെ പ്രസക്തി അമൂല്യമാണ്.

ഇത്തരത്തിലുള്ള നൂറ്റി ഇരുപത്തിയഞ്ച് കവിതകൾ പൂർത്തിയാക്കിയ സമയത്ത്, ഡിസി ബുക്സ് 'അണുകാവ്യം' എന്ന പേരിൽ ഇവ ഒരു പുസ്തകമായി പ്രസിദ്ധീകരിയ്ക്കുകയുണ്ടായി. ഈ പുസ്തകം വായിക്കാനിടയായ ശ്രീകുമാരൻ തമ്പി, ടി പി ശാസ്തമംഗലം, ഗുരുതുല്യസ്ഥാനീയനായി കവി കരുതിപ്പോരുന്ന പ്രൊഫസർ വിവേകാനന്ദൻ സാർ തുടങ്ങിയ അനേകം വിശിഷ്ട വ്യക്തികൾ, തുടർന്നു നൽകിയ പ്രോത്സാഹനമാണ് തനിയ്ക്ക് ആയിരം കവിതകളിലേയ്ക്കുള്ള പ്രയാണത്തിന് ശക്തി പകർന്നതെന്ന് കവി സാക്ഷ്യം പറയുന്നു.

സലിം കുമാർ സംവിധാനം ചെയ്ത കറുത്ത ജൂതൻ, ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ എന്നിവയടക്കമുള്ള ധാരാളം മുഖ്യധാരാ സിനിമകൾക്കുവേണ്ടി സംഗീതസംവിധാനവും പശ്ചാത്തലസംഗീതവും ഒരുക്കിയിട്ടുള്ള പ്രശസ്ത സംഗീത സംവിധായകൻ ബി ആർ ബിജുറാം ആണ് അണു കാവ്യ യാത്രയിലുടനീളം കവിയോടൊപ്പം യാത്ര ചെയ്തവരിൽ പ്രമുഖൻ.

യാദൃശ്ചികമായി സോഹൻ റോയിയുടെ ഫേസ്ബുക്കിൽ കണ്ട 'കുരുതി മോക്ഷം ' എന്ന കവിത, ഒരു കൗതുകത്തിന് സംഗീതം നൽകി പാടി കവിക്ക് തന്നെ അയച്ചുകൊടുക്കുകയായിരുന്നു ബിജുറാം. ആ സംഗീതം ഒരുപാട് ഇഷ്ടപ്പെട്ട കവി, പിന്നീടുള്ള തന്റെ കാവ്യ യാത്രയിലുടനീളം ബിജുറാമിനേയും ഒപ്പമിരുത്തുകയായിരുന്നു. പിന്നീട് നാളിതുവരെയുള്ള കവിയുടെ വരികൾക്ക് സംഗീതസംവിധാനവും ഓർക്കസ്റ്റേഷനും ആലാപനവും നിർവഹിച്ചിരിക്കുന്നതും ബിജു റാം തന്നെയാണ്.

പതിനാറ് രാജ്യങ്ങളിലായി അറുപതോളം സ്ഥാപനങ്ങളുള്ള, "ഏരീസ് ഗ്രൂപ്പ്‌ " എന്ന ആഗോള വ്യവസായ ശൃംഖലയുടെ സി ഇ ഒ ആയിട്ടും, എല്ലാദിവസവും ഇത്രയും സമയം എങ്ങനെ മാറ്റിവയ്ക്കാൻ സാധിക്കുന്നു എന്ന ചോദ്യമാണ് ഈ രണ്ടര വർഷക്കാലം ഏറ്റവും കൂടുതൽ ആൾക്കാർ തന്നോട് ചോദിച്ച ചോദ്യമെന്ന് സോഹൻ റോയ് പറയുന്നു.

ദൈനംദിന സംഭവ വികാസങ്ങളിൽ പരസ്യ നിലപാടുകൾ എടുക്കുവാൻ സ്വന്തം വ്യവസായ താൽപര്യം മുൻനിർത്തി പലരും മടിച്ചു നിൽക്കുകയാണ് പതിവ്. എന്നാൽ, ഭരണകൂടത്തിന്റേതുൾപ്പെടെയുള്ള തീരുമാനങ്ങളിൽപ്പോലും തെറ്റുണ്ടെന്ന് ബോധ്യപ്പെടുകയാണെങ്കിൽ, സ്വന്തം ബിസിനസിനെ ബാധിക്കുമെന്നതുൾപ്പെടെയുള്ള സ്വാർത്ഥ താല്പര്യങ്ങളില്ലാതെ, പരസ്യമായി അവ ഒരു വിമർശനാത്മക കാവ്യമാക്കി സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാനുള്ള ധൈര്യമാണ് ഏറ്റവും അഭിനന്ദിയ്ക്കപ്പെടേണ്ടത്.

ജാതി, മതം, രാഷ്ട്രീയം, സ്വന്തം കച്ചവട താല്പര്യം, എന്നിവയ്ക്കെല്ലാമിടയിലൂടെ വളച്ചെടുത്ത നട്ടെല്ലും അതിനേക്കാൾ വളഞ്ഞ തൂലികയുമായി സാമൂഹിക സാംസ്കാരിക സിംഹാസനങ്ങളിൽ തലപ്പാവ് വെച്ചിരിക്കുന്നവരുള്ള ഈ ദൈവത്തിന്റെ സ്വന്തം നാട്ടിൽ, ആയിരം അമ്പുകളെയ്ത് അനീതിക്ക് ശരശയ്യയൊരുക്കാൻ സോഹൻ റോയ് കാഴ്ചവച്ച ധൈര്യമാവണം വരുംതലമുറകൾക്ക് ഇനി വഴികാട്ടിയാവേണ്ടത്.

ഹരികുമാർ അടിയോടിൽ

sohan roy
Advertisment