Advertisment

ഏതു ഭരണം വന്നാലും ഈ സാധുക്കൾക്ക് മോചനമില്ല !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ജാർഖണ്ഡിലും മദ്ധ്യപ്രദേശിലും നടന്ന ഹൃദയഭേദകമായ രണ്ടു സംഭവങ്ങൾ മാനവികതയ്ക്കുതന്നെ കളങ്കമാണ്.

Advertisment

01 . മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് നൽകാതെ മാലിന്യം തള്ളുന്ന ട്രോളി നൽകി ജില്ലാ ആശുപത്രി അധികൃതർ.

publive-image

മദ്ധ്യപ്രദേശിലെ അശോക് നഗർ ജില്ലാ ആശുപത്രിയിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടന്ന സംഭവമാണിത്. അശോക് നഗർ ജില്ലയിലെ പഠാർ ഗ്രാമവാസിയായ നരേന്ദ്ര ഒജായുടെ ഭാര്യ പൂജയുടെ മൃതദേഹം പഠാർ PHC യിൽ നിന്ന് അശോക് നഗർ ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ് മാർട്ടത്തിനു കൊണ്ടുപോകാനാണ് ആംബുലൻസ് ആവശ്യപ്പെട്ടത്. എന്നാൽ ജില്ലാ ആശുപത്രി ലഭ്യമാക്കിയത് മാലിന്യം കൊണ്ടുപോയി തള്ളാനുള്ള ട്രോളിയും.

അവർ മറ്റു വഴിയില്ലാതെ മൃതദേഹം ആ ട്രോളിയിൽക്കയറ്റി. പക്ഷേ പാതിവഴിയിൽ ട്രോളി കേടായി. അതുവഴിവന്ന പല വണ്ടികൾക്കും കൈകാണിച്ചു.മൃതദേഹം കയറ്റാൻ ആരും തയ്യാറായില്ല. ഒടുവിൽ ഒരു ടിപ്പർ ലോറിക്കാരന് മനസ്സലിവുവന്നു, മൃതദേഹം അതിൽക്കയറ്റിയാണ് പോസ്റ്റ് മാർട്ടത്തിനു കൊണ്ടുപോയത്. പോസ്റ്റ് മാർട്ടത്തിനുശേഷം ഒരു ട്രാക്റ്ററിൽ കയറ്റിയാണ് മൃതദേഹം വീട്ടിലേക്കു കൊണ്ടുപോയത്. ആധുനിക ഡിജിറ്റൽ യുഗ ഭാരത ജനതയുടെ ഗതികേടാണ് ഇത് കാണിക്കുന്നത്.

publive-image

അശോക് നഗർ ജില്ലാ ആശുപത്രിയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സൗജന്യമായി നൽകിയ ഒരു ആംബുല ൻസുണ്ട് . അത് കഴിഞ്ഞ 8 മാസമായി വർക്ക്‌ഷോപ്പിലാണ്. ആംബുലൻസ് റിപ്പയർ ചെയ്ത തുകയായ 35000 രൂപ വർക്ക്‌ഷോപ്പുടമയ്ക്കു നൽകാത്തതിനാൽ അയാൾ ആംബുലൻസ് വിട്ടുനല്കിയിട്ടില്ല.എന്നാൽ ആംബുലൻസ് ഡ്രൈവർക്ക് ശമ്പളം മുടങ്ങാതെ നൽകിവരുന്നുണ്ട്.അത് ലക്ഷങ്ങൾ കടന്നു.

ആരോഗ്യ വകുപ്പ് ഇതുവരെ ആംബുലൻസ് റിപ്പയർ ചെയ്ത തുക അനുവദിച്ചില്ലെന്നാണ് അശോക് നഗർ ജില്ലാ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ജെ.ആർ.ത്രിവേദിയയുടെ ഭാഷ്യം. എന്നാൽ സിവിൽ സർജൻ വളരെക്കാലമായി അവധിയായതിനാൽ അദ്ദേഹത്തിന്റെ വാഹനവും ഉപയോഗിക്കുന്നത് ത്രിവേദിയയാണ്. മാസം ഓരോ വാഹനത്തിനുമുള്ള ഇന്ധന അലവൻസ് 17500 മുടങ്ങാതെ കൈപ്പറ്റുന്നുമുണ്ട്. രണ്ടു ഡ്രൈവർ മാരും അദ്ദേഹത്തിൻറെ ജോലിയിലാണ്.

publive-image

ഈ വിവരം മാദ്ധ്യമങ്ങൾ വഴി പുറത്തായതോടെ പതിവുപോലെ മുഖ്യമന്ത്രി കമൽനാഥ് നടുക്കം രേഖപ്പെടുത്തുകയും തിടുക്കത്തിൽ അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു.

02. രണ്ടാമത്തെ ദാരുണ സംഭവം നടന്നത് ജാർഖണ്ഡിലാണ്.

2000 രൂപ കൈക്കൂലി കൊടുക്കാതിരുന്നതിനാൽ ഓക്സിജൻ സിലിണ്ടർ എടുത്തുമാറ്റി.രോഗി തൽക്ഷണം മരിച്ചു.

തലസ്ഥാനമായ റാഞ്ചിയിലെ സർക്കാർ മെഡിക്കൽ കോളേജ് (RIMS) അഴിമതിക്കും കൈക്കൂലിക്കും പേരുകേട്ടതാണ്. സർക്കാരും ജില്ലാ ഭരണകൂടവും എത്ര ശ്രമിച്ചിട്ടും ഇതിനറുതിവരുത്താൻ ഇനിയുമായിട്ടില്ല എന്നാണ് ഈ സംഭവം വിളിച്ചോതുന്നത്.

ധൻബാദിലെ വീട്ടിൽ കുഴഞ്ഞുവീണ സന്തോഷ് ഠാക്കൂർ എന്ന വ്യക്തിയെ ധൻബാദ് ആശുപത്രിയിൽനിന്ന് റഫർ ചെയ്തു റാഞ്ചി മെഡിക്കൽ കോളേജിൽ കൊണ്ടുവരികയായിരുന്നു. സന്തോഷന് അടിയന്തരമായി ഓക്സിജൻ നൽകേണ്ടതായിവന്നു. ആശുപത്രി വാർഡ് സൂപ്പർവൈസർ ഡി.കെ മിശ്ര സന്തോഷ് ഠാക്കൂറിന്‌ സിലിണ്ടർ ഘടിപ്പിച്ച ശേഷം ബന്ധുക്കളോട് 2000 രൂപ പണം ആവശ്യപ്പെട്ടു. പണം തൽക്കാലം തരാൻ നിർവാഹമില്ലെന്ന് ബന്ധുക്കൾ അറിയിച്ചതിനെത്തുടർന്ന് കോപാകുലനായ അയാൾ സിലിണ്ടർ കണക്ഷൻ വിച്ഛേദിച് എടുത്തുകൊണ്ടുപോകുകയായിരുന്നു.

സന്തോഷിന്റെ ഭാര്യയും മൂത്ത സഹോദരനും കാലുപിടിച്ചപേക്ഷിച്ചെങ്കിലും ഓക്സിജൻ സിലിണ്ടർ ഘടിപ്പിക്കണമെങ്കിൽ 2000 രൂപ തരണമെന്നും ഇല്ലെങ്കിൽ മറ്റേതെങ്കിലും ആശുപത്രിയിൽക്കൊണ്ടുപോയി ഓക്സിജൻ നൽകാനുമാണ് ആ നരാധമൻ നിർദ്ദേശിച്ചത്. ഒടുവിൽ സന്തോഷ് ഓക്സിജൻ കിട്ടാതെ മരിച്ചു. അയാളുടെ ഭാര്യയും ബന്ധുക്കളും ആശുപത്രിയിൽ ബഹളം വച്ചതിനെത്തുടർന്ന് പോലീസെത്തി സൂപ്പർവൈസറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

publive-image

മരിച്ച സന്തോഷിന്റെ ഭാര്യ ആശുപത്രിയുടെ മെയിൻഗേറ്റിനടുത്തിരുന്നു വാവിട്ടുച്ചത്തിൽ ക്കരഞ്ഞപ്പോഴാണ് 2000 രൂപ നൽകാത്തതിന്റെ പേരിൽ ആശുപത്രി ജീവനക്കാരൻ ഒരാളുടെ ജീവനെടുത്ത വിവരം പുറംലോകമറിയുന്നത്.

ഏതായാലും ജാർഖണ്ഡ് മുഖ്യമന്ത്രിയും മന്ത്രിമാരുമൊന്നും ഈ വിവരമറിഞ്ഞിതുവരെ ഞെട്ടുകയോ അന്വേഷണം പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല. അതും ഉടനുണ്ടായേക്കാം.

കാലപ്പഴക്കത്തിൽ ഇതൊക്കെ എല്ലാവരും മറക്കുമെന്ന് ഭരണാധികാരികൾക്കും അന്വേഷണക്കമ്മിഷനു കൾക്കും നന്നായറിയാം. അതുകൊണ്ടാണല്ലോ ഇത്തരം അമാനുഷികകൃത്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുന്നത്..

Advertisment