ടി20 ലോകകപ്പില്‍ ജേഴ്‌സി മാറ്റാന്‍ നിര്‍ബന്ധിതരായി ഉഗാണ്ട ക്രിക്കറ്റ് ടീം. മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ ടീമിന്റെ ജേഴ്‌സി പരിഷ്‌കരിക്കാന്‍ ഐസിസിയാണ് ആവശ്യപ്പെട്ടത്. പൊതുജനങ്ങള്‍ക്കായി സംഘടിപ്പിച്ച മത്സരത്തില്‍ നിന്ന് മൂന്ന് ഡിസൈനുകളാണ് ഉഗാണ്ട ടീം ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തത്. ഇതില്‍ നിന്നാണ് തങ്ങളുടെ ഡിസൈന്‍ ടീം തിരഞ്ഞെടുത്തത്.
എലിജ മാംഗേനി എന്നയാള്‍ മത്സരത്തിലെ വിജയിയുമായി. രാജ്യത്തിൻ്റെ ദേശീയ പക്ഷിയായ ഗ്രേ ക്രൗൺഡ് ക്രെയിനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഡിസൈൻ തയ്യാറാക്കിയത്. ജഴ്‌സിയുടെ കൈകളിൽ ഒരു തൂവൽ പാറ്റേൺ ഉണ്ടായിരുന്നു. ഈ പാറ്റേണ്‍ നീക്കം ചെയ്യണമെന്നാണ് ഐസിസി ആവശ്യപ്പെട്ടത്.
കാരണം ഈ പാറ്റേണ്‍ മൂലം സ്‌പോണ്‍സേര്‍ഡ് ലോഗോകള്‍ കാണാന്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പാറ്റേണ്‍ നീക്കണമെന്ന് ഐസിസി ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഇത് നീക്കം ചെയ്ത് ഉഗാണ്ട പുതിയ ജഴ്‌സി പുറത്തിറക്കി.
"ഐസിസി ഡിസൈനിൽ മാറ്റം ആവശ്യപ്പെട്ടു. പക്ഷേ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ഞങ്ങൾക്ക് വേണ്ടത്ര സമയമില്ല. രൂപകൽപ്പനയിൽ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നു. യഥാർത്ഥ ഡിസൈനിൻ്റെ 20 ശതമാനം മാത്രമാണ് ഞങ്ങൾക്ക് നഷ്‌ടമായത്. പക്ഷേ ബാക്കി ഡിസൈൻ അതുതന്നെയാണ്," ഉഗാണ്ട ക്രിക്കറ്റ് അസോസിയേഷൻ്റെ പബ്ലിക് റിലേഷൻസ് ഓഫീസർ മുസാലി ഡെനിസ് വിശദീകരിച്ചു.