Advertisment

ഭൂഗർഭ അറകളിൽ എന്തൊക്കെയുണ്ടെന്ന് ഒരുപരിധിവരെ എനിക്കറിയാം. പൂർവികർ ഞങ്ങൾക്കു പറഞ്ഞുതന്നിട്ടുണ്ട്. പക്ഷേ, ഇന്നുവരെ പോയി നോക്കിയിട്ടില്ല; ഈ സമ്പത്ത് ഞങ്ങൾക്കു വേണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിൽ 1947നു മുൻപേ ആകാമായിരുന്നല്ലോ; ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയുടെ വാക്കുകള്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

ശ്രീപത്മനാഭസ്വാമി ക്ഷേത്രസ്വത്തിന്റെ ചരിത്രം പത്മനാഭദാസ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ തുറന്നെഴുതിയത് 2011ൽ ആയിരുന്നു. ആ ലേഖനത്തിൽ അദ്ദേഹം ക്ഷേത്രവുമായുള്ള രാജകുടുംബത്തിന്റെ ആത്മബന്ധം വിശദമായി രേഖപ്പെടുത്തിയിരുന്നു. 2013ൽ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ അന്തരിച്ചു.

Advertisment

publive-image

‘ഭൂഗർഭ അറകളിൽ എന്തൊക്കെയുണ്ടെന്ന് ഒരുപരിധിവരെ എനിക്കറിയാം. പൂർവികർ ഞങ്ങൾക്കു പറഞ്ഞുതന്നിട്ടുണ്ട്. പക്ഷേ, ഇന്നുവരെ പോയി നോക്കിയിട്ടില്ല. ഈ സമ്പത്ത് ഞങ്ങൾക്കു വേണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിൽ 1947നു മുൻപേ ആകാമായിരുന്നല്ലോ. ഈ സ്വത്തുവകകളെല്ലാം ശ്രീപത്മനാഭനുള്ളതാണ്. അതിൽനിന്ന് ഒരുതരിപോലും ഞങ്ങൾക്കു വേണ്ട...’ പത്മനാഭദാസ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയുടെ വാക്കുകളായിരുന്നു ഇത്.

അദ്ദേഹത്തിന്റെ അന്നത്തെ വാക്കുകളിലൂടെ ...

പ്രഭാതങ്ങളിലെ ഒരു മണിക്കൂർ ആണ് എന്റെ സ്വർഗം - രാവിലെ ഏഴുമുതൽ എട്ടുവരെ. ശ്രീപത്മനാഭ ദർശന ശേഷം മടങ്ങിയെത്തും വരെ. ശിഷ്‌ടസമയം പ്രാരബ്‌ധങ്ങളുടെയും ക്ലേശങ്ങളുടെയും. ജൂൺ 27, 2011: ശ്രീപത്മനാഭസ്വാമിക്ഷേത്രത്തെ സംബന്ധിച്ചും എന്റെ കുടുംബത്തെ സംബന്ധിച്ചും അവിസ്‌മരണീയം.

രാജ്യത്തിന്റെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയുടെ പശ്‌ചാത്തലത്തിൽ ക്ഷേത്രത്തിലെ നിലവറകൾ തുറന്നു കോടതി നിയോഗിച്ച ഏഴംഗസംഘം പരിശോധിക്കാനുള്ള ദൗത്യം ആരംഭിച്ചു. എന്റെ ജ്യേഷ്‌ഠനായ ചിത്തിര തിരുനാൾ മഹാരാജാവിന്റെ കാലത്ത് ഈ സംഭവം ഉണ്ടാവാത്തതിൽ അൽപം സമാധാനമുണ്ട്. ഇതൊന്നും താങ്ങാനുള്ള കെൽപ് അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ക്ഷേത്രത്തിൽ ആറു നിലവറകളാണുള്ളത്. ഇവയിൽ ഒന്നു തുറന്നിട്ടു വളരെക്കാലമായി.

ഈ സന്ദർഭങ്ങളിൽ ഒരു കാര്യം പ്രത്യേകം പറയേണ്ടതുണ്ട്: ഇന്നു കാണുന്ന ഈ മഹാക്ഷേത്രം തിരുവിതാംകൂറിന്റെ ശിൽപി അനിഴം തിരുനാൾ മാർത്താണ്ഡവർമയുടെ സമർപ്പണമാണ്. അതിനു മുൻപേ ഇവിടെ ഒരു ക്ഷേത്രമുണ്ടായിരുന്നു. അന്നും നിലവറകളുമുണ്ടായിരുന്നതായി മതിലകം രേഖകളിൽനിന്നു മനസ്സിലാക്കാം.

കൊല്ലവർഷം 634 വൃശ്‌ചികം 11ന് അന്നത്തെ മഹാരാജാവ് വീരമാർത്താണ്ഡവർമ നിലവറ തുറന്ന് ഈ നിലവറകളിൽ ചിലതിൽനിന്നു വിശേഷദിവസങ്ങളിൽ നിയമാനുസരണം ആഭരണങ്ങളെടുത്തു ശ്രീപത്മനാഭനു ചാർത്തിയതായാണു രേഖ. മഹാരാജാവ് താൽക്കാലികമായി തെക്കേനടയ്‌ക്കു സമീപം കുളത്തൂർ വീട്ടിലായിരുന്നു താമസമെന്നും രേഖ സൂചിപ്പിക്കുന്നു.

നിലവറകൾ പരിശോധിക്കാൻ തുടങ്ങിയ ദിനംമുതൽ ശ്രീപത്മനാഭസ്വാമിക്ഷേത്രം ലോകശ്രദ്ധയാകർഷിച്ചു വരുന്നു. പ്രാദേശിക - ദേശീയ - രാജ്യാന്തര മാധ്യമങ്ങളെല്ലാം വൻ പ്രാധാന്യത്തോടെയാണു വാർത്തകൾ നൽകിയത്. നിലവറകളിൽ കണ്ടതു പുറംലോകം അറിയരുത് എന്ന വിധി മറികടന്നാണു വാർത്തകൾ ചോർന്നതും ചോർത്തിയതും.

മാധ്യമങ്ങൾ അവരുടെ മനോധർമമനുസരിച്ചു വാർത്തകളും വ്യാജ ചിത്രങ്ങളും പരിശോധനാ വസ്‌തുക്കളുടെ മൂല്യവും പുറത്തുവിട്ടു. ഇത്രയുമായപ്പോൾ ക്ഷേത്രസുരക്ഷ പ്രശ്‌നമായി. സർക്കാർ വേണ്ടരീതിയിൽ പൊലീസ് സേനയെ വിന്യസിച്ചു. പ്രശാന്തസുന്ദരമായ സ്‌ഥലത്തു റോന്തുചുറ്റുന്ന ആയുധധാരികളായ അർധസൈനികരെയാണ് ഇന്നു കാണുന്നത്.

സമർപ്പണശേഖരം ഭഗവാന്റെ സമ്പത്താണ്, നിധിയല്ല. നിലവറകളിൽ കണ്ടതെല്ലാം നിധിയായിട്ടാണു പലരും തെറ്റായി കാണുന്നത്. എന്നാൽ അവയെല്ലാം സമർപ്പണശേഖരങ്ങളാണ്. ശ്രീപത്മനാഭ ഭക്‌തന്മാരായ രാജാക്കന്മാർ കാണിക്കവച്ച സമർപ്പണങ്ങളാണു ബഹുഭൂരിഭാഗവും. മതിലകം രേഖകളിൽ എല്ലാം വ്യക്‌തമാക്കിയിട്ടുമുണ്ട്. ശ്രീപത്മനാഭന്റെ പേരിൽ ഭൂമി പതിച്ചുനൽകുക, പണം നടയ്‌ക്കുവയ്‌ക്കുക, സ്വർണത്തിൽ തീർത്ത ആഭരണങ്ങൾ, പാത്രങ്ങൾ, നവരത്ന പതക്കങ്ങൾ, വെള്ളിപ്പാത്രങ്ങൾ, വിളക്കുകൾ, സ്വർണത്തിലും വെള്ളിയിലും തീർത്ത പൂജാപാത്രങ്ങൾ, കുടങ്ങൾ എന്നിവയും ഇതിലുൾപ്പെടും.

ശ്രീപത്മനാഭസ്വാമി ക്ഷേത്രസമുച്ചയത്തിന് ഏഴേക്കർ വിസ്‌തൃതിയുണ്ട്. ആദ്യകാലങ്ങളിൽ കളിമണ്ണുകൊണ്ടും പിന്നീടു കരിങ്കല്ലുകൊണ്ടും തീർത്ത മതിലുകൾ ക്ഷേത്രത്തിനു ചുറ്റും കെട്ടിയുയർത്തിയതിനാൽ ക്ഷേത്രത്തിനു മതിലകം എന്നു പേരു വന്നു.

ക്ഷേത്രസംബന്ധിയായതും രാജ്യസംബന്ധിയായതുമായ എല്ലാ സംഭവങ്ങളും ശിലാലിഖിതങ്ങളായും താളിയോലശേഖരങ്ങളായും ലഭ്യമാണ്. താളിയോലകൾ കെട്ടുകളാക്കി സൂക്ഷിച്ചിരിക്കുന്നു. അവയെ ചുരുണകളെന്നു പറയും. ഒരു ചുരുണയിൽ ആയിരത്തിലധികം ഓലകളുണ്ടാകും. വട്ടെഴുത്ത്, കോലെഴുത്ത്, മലയാൺമ, ഗ്രന്ഥാക്ഷരം, പഴന്തമിഴ് എന്നീ ഭാഷകളിലാണ് ചുരുണകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും പഴക്കംചെന്ന താളിയോല എഡി 1320ൽ ഉള്ളതാണ്. മഹാകവി ഉള്ളൂർ മതിലകം രേഖകളെപ്പറ്റി സമഗ്രമായ പഠനം നടത്തിയിട്ടുണ്ട്.

ശ്രീപത്മനാഭസ്വാമിക്ഷേത്രസമുച്ചയത്തിലെ തിരുവമ്പാടി ക്ഷേത്രത്തിൽ ശിലാലിഖിതമുണ്ട്. പതിമൂന്നാം നൂറ്റാണ്ടിലെ ഈ ശിലാലിഖിതം സർവാംഗനാഥ ആദിത്യവർമ അവിടെ ഒരു ഗോശാലയും ഒരു ദീപഗ്രഹവും പണിതതിനെപ്പറ്റിയാണ്. കൊല്ലവർഷം 564(എഡി 1389)ലെ രേഖയിൽ അല്‌പശി ഉൽസവം ആഘോഷിച്ചിരുന്നതായി കാണാം. കൊല്ലവർഷം 634 മകരം 14നു നാലാം കലശം നടന്നതായും രേഖയുണ്ട് (ചുരുണ 2600, ഓല 28).

കടപ്പാട്: മനോരമ

sreepathmanabha temple
Advertisment