Advertisment

വേനൽ വിട വാങ്ങുന്നു; സൗദി അറേബ്യ ശരത്കാല മനോഹാരിതയിലേയ്ക്ക്...

New Update

ജിദ്ദ: ശൗര്യം തുടിച്ച വേനൽ പിൻവാങ്ങുകയായി. നേരത്തേയെത്തി, മാസങ്ങൾ നീണ്ട പൊരിവെയിലുത്സവം വിയർപ്പിൽ മുക്കിക്കുളിപ്പിച്ച സൗദി അറേബ്യ നാളെ, ചൊവാഴ്ച വൈകുന്നതോടെ ശരത്കാല ശാലീന നാളുകളെ പുൽകാൻ തുടങ്ങുകയാണ്. ഇനിയുള്ള നാളുകൾ ഉഷ്ണത്തിന്റെയും ശൈത്യത്തിന്റെയും ഇടയിലെ സുരഭില കാലാവസ്ഥ. വേനൽ വിട്ടുമാറുന്നുവെങ്കിലും ഇനിയും മാറിത്തീരാത്ത മഹാമാരിയുടെ ഭീഷണാവസ്ഥയിൽ ഈ ശരത്കാലം എത്രത്തോളം ആസ്വാദ്യകരമാവും എന്ന് കണ്ടറിയുക തന്നെ വേണം.

Advertisment

publive-image

അറബ് മേഖല ചൊവാഴ്ച സൗദി സമയം വൈകീട്ട് നാലരയോടെ ശരത് കാലത്തിലേക്ക് (autumnal equinox) പ്രവേശിക്കുകയാണെന്ന് ജിദ്ദയിലെ ആസ്ട്രോണമിക്കൽ സൊസൈറ്റി പ്രസിഡന്റ് എഞ്ചിനീയർ മാജിദ് അബു സാഹിറ സൂചിപ്പിച്ചു.

ജ്യോതിശാസ്ത്രപരമായി ഉത്തരാർദ്ധഗോളത്തിൽ (northern hemisphere) ഉടനീളം നാളെ ഈ വർഷത്തിലെ ആദ്യ ശരത്കാല ദിനമായിരിക്കുമെന്നും അദ്ദേഹം വിവരിച്ചു. സൂര്യൻ ഭൂമദ്ധ്യ രേഖയിൽ നേർക്ക് നേരെയായിരിക്കും.

തൊണ്ണൂറ്റി നാല് ദിവസങ്ങൾ നീണ്ട വേനൽ കാലത്തിന്റെ അവസാന ദിവസമാണ് തിങ്കളാഴ്ചയെന്നും ചൊവാഴ്ചയോടെ ശരത് കാലം ആരംഭിക്കുകയാണെന്നും അൽഖസീം സർവകലാശാലയിലെ ഭൂമിശാസ്ത്ര വിഭാഗം കാലാവസ്ഥാ പ്രൊഫസർ അബ്ദുല്ല അൽമുസ്‌നദ് പറഞ്ഞു. വേനലിന്റെ അന്ത്യവും ശൈത്യത്തിന്റെ തുടക്കവും ചേരുന്ന "ശരത്കാല മധ്യമം" ചൊവാഴ്ച ആരംഭിക്കുകയാണ്.

രാപ്പകലുകളുടെ ദൈർഘ്യം ഏതാണ്ട് തുല്യാവസ്ഥയിലായിരിക്കും. അതായത്, രാവും പകലും ഏകദേശം പന്ത്രണ്ട് മണിക്കൂർ വീതം. സൂര്യൻ ഉദിക്കുന്നത് കിഴക്കൻ അടിസ്ഥാന ബിന്ദുവിൽ നിന്നും അസ്തമിക്കുന്നത് പടിഞ്ഞാറൻ അടിസ്ഥാന ബിന്ദുവിലുമായിരിക്കുന്നത് കൊണ്ടാണിതെന്നും അബൂ സാഹിറ വിശദീകരിച്ചു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇങ്ങനെയായിരിക്കും ഇത്.

ഭൂമിയുടെ ദക്ഷിണാർദ്ധ ഗോളത്തിൽ ശൈത്യകാലം വിടവാങ്ങുമ്പോൾ ഉത്തരാർദ്ധ ഗോളത്തിൽ ഉഷ്ണകാലം ആരംഭിക്കുകയും വേനൽ വിടപറയുകയുമാണ്" - പ്രഫസർ മുസ്‌നദ് വിവരിച്ചു. ഡിസംബർ ഇരുപത്തിയൊന്നിന് ശൈത്യം കാലെടുത്ത് വയ്ക്കും. അതുവരെയുള്ള എമ്പത്തിയൊമ്പത് ദിവസവും ഇരുപതു മണിക്കൂറും മുപ്പത്തിമൂന്ന് മിനുട്ടും ശരത്കാല ദിനരാത്രങ്ങളായിരിക്കും.

ഈ വർഷത്തെ വേനൽ പിൻവാങ്ങുമ്പോൾ മുമ്പൊന്നുമില്ലാത്ത ഒരു ആശങ്ക കൂടി ഇത്തവണ ഉയരുന്നുണ്ട്. നിലവിൽ സൗദി അറേബ്യയിൽ കൊറോണാ വ്യാപനം കുറഞ്ഞു കൊണ്ടിരിക്കുന്നതായാണ് കണക്ക്.  എന്നാൽ,  അന്തരീക്ഷത്തിലെ  ഉഷ്ണം നീങ്ങി ശൈത്യം മൂടുന്നതോടെ മഹാമാരിയിൽ അതുണ്ടാക്കുന്ന പ്രതിഫലനം  എന്തായിരിക്കുമെന്നതാണ്  ആശങ്ക.  .

Attachments area

Advertisment