Advertisment

വിട്ടുപിരിഞ്ഞ പ്രിയതമയെ മാറോടണച്ച്‌ സൂ ഷിനാൻ

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ചൈന: സൂ ഷിനാൻ ( Xu Shinan) - യാങ് ലിയു (Yang Liu ) പ്രണയകഥ ഇന്ന് ചൈനീസ് ജനതയുടെ മനസ്സിലെ ഒടുങ്ങാത്ത നൊമ്പരമാണ്.ഹൃദയഭേദകമായ ആ ദുരന്തകഥയോർത്ത് കരയാത്തവരില്ല. ആ ഓർമ്മകൾ പോലും അവരു ടെ കണ്ണുകളെ ഈറനണിയിക്കുന്നു.

Advertisment

publive-image

ചൈനയുടെ കിഴക്കൻ പ്രവിശ്യയായ Dalian ലെ അടുത്തടുത്ത ഗ്രാമവാസികളായിരുന്നു 35 കാരനായിരുന്ന സൂ ഷിനാനും ( Xu Shinan) - 34 കാരി യാങ് ലിയും (Yang Liu . കോളേജ് പഠനകാലത്താണ് ഇരുവരും പ്രണയബദ്ധ രാകുന്നത്. ജോലിനേടി സാമ്പത്തികഭദ്രത കൈവരിച്ചുമതി വിവാഹം എന്നായിരുന്നു രണ്ടാളുടെയും തീരുമാനം..

ഇരുഗ്രാമവാസികൾക്കും ഏറെ ഇഷ്ടമായിരുന്നു ഇവർ ഇരുവരെയും. ഇണക്കുരുവികളെപ്പോലെ സദാ ആർത്തുല്ലസിച്ചുനടന്ന ഇവരൊന്നാകുന്നതുകാണാൻ കുടുംബാംഗങ്ങളെക്കാൾ നാട്ടുകാർക്കായിരുന്നു ഉത്സാഹം കൂടുതൽ. 2007 മുതൽ അനുരാഗബദ്ധരായ ഇവരുടെ വിവാഹനിശ്ചയം 2013 ൽ ആർഭാടമായാണ് നടത്തപ്പെട്ടത്.

ഒരു ഫൈനാൻസ് കമ്പനിയിൽ ഇരുവർക്കും സ്ഥിരമായ ജോലി ലഭിച്ചശേഷമായിരുന്നു വിവാഹനിശ്ചയം നടത്തപ്പെട്ടത്. അതിനുശേഷം വിവാഹിതരാകാനുള്ള അപേക്ഷ കോടതിയിൽ സമർപ്പിക്കുകയും ചെയ്തു.

സൂവിനെയും സൂവിനൊപ്പമുള്ള ജീവിതവും ഏറെ കൊതിച്ചിരുന്ന യാങ് ലിയു കവിതകളെഴുതുമായിരുന്നു. എഴുതിയ കവിതകളിലെല്ലാം അവളുടെ ജീവിതസങ്കല്പങ്ങളായിരുന്നു നിറഞ്ഞുനിന്നിരുന്നത്. അതിലെ നിസ്സീമമായ സ്നേഹത്തിന്‍റെ നെടുംതൂണായി എല്ലാ കവിതകളിലും അവളുടെ പ്രിയതമനായിരുന്ന സൂ ഷിനാൻ മാത്രമായിരുന്നു. യാങ്ങിന്‍റെ മരണശേഷമാണ് ആ കവിതകളൊക്കെ 'സൂ'വിനൊപ്പം ലോകവുമറിയുന്നത്.

 

publive-image

ലോകമെമ്പാടും പറന്നുനടന്നു കാണാനും തന്‍റെ പ്രിയപ്പെട്ടവനൊപ്പം കാണാപ്പുറങ്ങളിലേക്ക് യാത്രപോകാനും ഒപ്പം ജീവിതം സ്നേഹവും ആഹ്ലാദവും നിറഞ്ഞതാകണമെന്നും സദാ കൊതിച്ചിരുന്ന പെൺകുട്ടി. ഡാലിയാൻ തടാകക്കരയിൽ പുൽത്തകിടികൾക്കും പൂമരങ്ങൾക്കുമിടയിൽ ഒരു കൊച്ചുവീടൊരുക്കി സൂവുമായി അവിടെ ജീവിക്കണമെന്ന ആഗ്രഹം മനസ്സിൽ താലോലിച്ചിരുന്ന അവളെ വിധി വലിയൊരു പോരാട്ടത്തി ലൂടെ 'സൂ' വിൽനിന്നു കവർന്നെടുക്കുകയായിരുന്നു.

ഒരുമിച്ചു ജീവിക്കാൻ ഏറെ കൊതിച്ച അവരിരുവരും ഒരിക്കലും തോൽക്കാൻ തയ്യാറല്ലായിരുന്നു. തന്നിൽനിന്ന് കൈവിട്ടകലുന്ന യാങ്ങിനെ രക്ഷിക്കാനായി അഞ്ചരവർഷക്കാലം സൂ നടത്തിയ ജീവന്മരണ പോരാട്ടം ഏതൊരു കഠിനഹൃ ദയന്റെയും മനസ്സലിയിക്കുന്നതാണ്..

publive-image

വിവാഹനിശ്ചയം കഴിഞ്ഞശേഷമാണ് യാങിൽ ബ്രെസ്റ്റ് ക്യാൻസറിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. അതാകട്ടെ അൽപ്പം അതിരുകടന്നിരുന്നുതാനും. പിന്നീട് ചികിത്സയുടെ നാളുകളായിരുന്നു. നാലുവർഷത്തി ലധികം നീണ്ട ചികിത്സ. ചൈനയിലെ ഏറ്റവും മുന്തിയ ക്യാൻസർ ആശുപത്രികളിൽ സൂ , അവൾക്കു വിദഗ്ധ ചികിത്സ ലഭ്യമാക്കി. യാങ് മെല്ലെമെല്ലെ ജീവിതത്തിലേക്ക് മടങ്ങിവന്നു.. വിട്ടകന്ന സന്തോഷം അങ്ങനെ മടങ്ങിവരുകയായി.

യാങ് പൂർണ്ണമായും ക്യാൻസർ വിമുക്തയായെന്ന് ഡോക്ടർമാർ വിധിയെഴുതിയ ദിവസം ഇരുഗ്രാമങ്ങളിലും ആഹ്ലാദത്തിന്റെ ആരവങ്ങളുയർന്നു. എത്രയും വേഗം വിവാഹം നടത്താനുള്ള തീരുമാനവും അതോടൊപ്പം നടന്നു.ഒരുക്കങ്ങൾ ആ വഴിക്കുനീങ്ങി. വിവാഹശേഷം തന്റെ സ്വപ്ന ഭവനത്തിനായി യാങ്, മാതാപിതാക്ക ളോട് പറഞ്ഞു ഡാലിയാൻ തടാകക്കരയിൽ സ്ഥലവും ഏർപ്പാടാക്കി. യാങ്ങും സൂവും ജോലിക്കുപോകാൻ തുടങ്ങി. ജീവിതം പഴയ താളലയങ്ങൾ വീണ്ടെടുത്തുതുടങ്ങിയിരുന്നു. ഇരുവരുടെയും വിവാഹം ഇക്കഴിഞ്ഞ ജൂൺ മാസം നടത്താനായിരുന്നു തീരുമാനം.

എന്നാൽ വിധി നിശബ്ദനായി അവരെ പിന്തുടർന്നതവർ അറിഞ്ഞില്ല. വിവാഹത്തിന് ഒരു മാസം മുൻപ് മേയ് മാസത്തിൽ യാങി ൽ വീണ്ടും അസ്വസ്ഥതകൾ ഉടലെടുത്തുതുടങ്ങി. പരിശോധനയിൽ ക്യാൻസർ പിന്നെയും ശക്തിപ്രാപിച്ചതായി കാണുകയും ഉടനടി ആശുപത്രിയിൽ അഡ്മിറ്റ് ആകുകയുമായിരുന്നു.

publive-image

നാലുമാസക്കാലം അതേ നില തുടർന്നു. യാങ് വീണ്ടും ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷ അവളെപ്പോലെതന്നെ എല്ലാവർക്കുമുണ്ടായിരുന്നു. വിവാഹത്തിന് ധരിക്കാനായി സ്വന്തം ഭാവനയിലുള്ള വെള്ള നിറത്തിലെ ഗൗൺ ഡിസൈൻ ചെയ്യാൻ ഓർഡർ നൽകിയത് യാങ് ആയിരുന്നു. ഇത്രയും വിലകൂടിയ ഗൗണിനെപ്പറ്റി ചോദിച്ചപ്പോൾ ' ലോകത്തെ ഏറ്റവും മനോഹരിയായ വധുവായി തനിക്ക് സൂവിനൊപ്പം വിവാഹവേദിയിൽ നിൽക്കണമെന്നായിരുന്നു' അവളുടെ മറുപടി.

എന്നാൽ പാവം യാങ്ങിന്റെ ആ ജീവിതാഭിലാഷം നടന്നില്ല. ഇക്കഴിഞ്ഞ ഒക്ടോബർ 6 -)o തീയതി കോമയി ലേക്കു പ്രവേശിച്ച യാങ് ലിയു എല്ലാ സ്വപ്നങ്ങളും ബാക്കിയാക്കി ഒക്ടോബർ 14 ന് ഈ ലോകത്തോട് വിടപറയുകയായിരുന്നു.

സൂവിനെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിത ആഘാതമായിരുന്നു തന്റെ പ്രിയപ്പെട്ടവളുടെ വിയോഗം. അവൾക്കൊപ്പം ജീവിതമൊടുക്കാൻ വരെ അയാളാലോചിച്ചിരുന്നു. സാന്ത്വനങ്ങളും ആശ്വസവാക്കുകളും അയാളെ പുനർചിന്തനത്തിനു പ്രേരിപ്പിച്ചെങ്കിലും യാങ് ഇല്ലാത്ത ഒരു ലോകമെന്ന യാഥാർഥ്യം ഉൾക്കൊ ള്ളാൻ അയാൾക്കേറെ സമയം വേണ്ടിവന്നു..

publive-image

തനിക്കൊപ്പം ഒന്നിച്ചു യാത്രചെയ്ത് ,ഒരുമിച്ചു ജോലിചെയ്ത് ,ഒരു ടേബിളിൽ ഉച്ചഭക്ഷണം പങ്കുവച്ചു കഴിച്ചും വൈകിട്ടത്തെ മടക്കയാത്രകളിൽ ഭാവിജീവിതത്തെപ്പറ്റിയുള്ള സങ്കൽപ്പങ്ങളിൽ എന്നും വാചാലയയാ കാറുണ്ടായിരുന്ന അവളുടെ സ്നേഹാർദ്രമായ മുഖഭാവങ്ങൾ ഒന്നൊന്നായി അയാളുടെ മനസ്സിലൂടെ ഓടിമറഞ്ഞു.സൂ തികച്ചും അസ്വസ്ഥനായിരുന്നു.

യാങ്ങിന്‍റെ സംസ്കാരച്ചടങ്ങുകൾ ഒരാഴ്ച്ച വൈകാൻ അതായിരുന്നു കാരണം. ചടങ്ങുകൾക്കുമുമ്പ് യാങിനെ തനിക്കു വിവാഹം കഴിക്കണമെന്നും നടക്കാതെ പോയ ആ ആഗ്രഹം പൂർത്തീകരിക്കണമെന്നുമുള്ള സൂവിന്റെ നിലപാട് എല്ലാവരും അംഗീകരിക്കുകയായിരുന്നു.

അവളുടെ ഷെൽഫിൽ ജീവിതസ്വപ്നങ്ങൾ നെയ്തൊരുക്കിയിരുന്ന കവിതകളുടെ താളുകൾക്കൊപ്പം യാങ് ഭദ്രമായി സൂക്ഷിച്ചിരുന്ന വിവാഹാഗൗൺ അവളുടെ ചേതനയറ്റ ശരീരത്തിൽ അണിയിച്ചു.വിവാഹ വേദി യിൽ റോസാപ്പൂക്കൾ കൊണ്ടുള്ള 169 ബൊക്കേകൾ വേണമെന്ന അവളുടെ ആഗ്രഹവും നിറവേറ്റപ്പെട്ടു. മൃതദേഹത്തിന് ചുറ്റുമായി 169 ബൊക്കേകൾ വയ്ക്കപ്പെട്ടു.യാങ് തന്‍റെ ഭാഗ്യനമ്പറായി കണ്ടിരുന്ന സംഖ്യയായിരുന്നത്.

വിവാഹച്ചടങ്ങുകൾക്കുശേഷം തന്‍റെ ജീവനായിരുന്ന പ്രേയസ്സിയോട് വിടചൊല്ലവേ നിറകണ്ണുകളോടെ യാങ്ങിന്റെ കവിളിൽത്തലോടിയ സൂ സർവ്വനിയന്ത്രണങ്ങളും വിട്ടു പൊട്ടിക്കരഞ്ഞ രംഗം ദേശീയ ചാനലുകളി ലൂടെ കണ്ട ചൈനീസ് ജനതയെയൊന്നാകെ ദുഖത്തിലാഴ്ത്തി.സൂ - യാങ് പ്രണയകഥ ചൈനീസ് ജനതയുടെ നൊമ്പരമായി മാറിക്കഴിഞ്ഞു. റോമിയോ -ജൂലിയറ്റ്, ലൈലാ - മജ്‌നു, ഹീർ -റാഞ്ച പ്രണയദുരന്തകഥകൾ പോലെതന്നെ ഹൃദയഭേദകം. സമൂഹമാദ്ധ്യമങ്ങളിൽ ഈ അനശ്വര പ്രണയമാണ് ഇപ്പോൾ അവിടെ ചർച്ചാവിഷയവും. പതിനായിരങ്ങളായിരുന്നു വിവാഹ - സംസ്കാര ചടങ്ങുകൾ വീക്ഷിക്കാനും ആരദരാഞ്ജലികൾ അർപ്പിക്കാനുമെത്തിയിരുന്നത്.

" ഈ ലോകത്ത് ഒരാളും ദുഖിക്കരുതെന്നാഗ്രഹിച്ച യാങ് നിന്നെയോർത്ത് കരയാതിരിക്കാനെനിക്ക് ത്രാണിയില്ല. ഇനി ഒരു കുടുംബജീവിതമില്ല. യാങ്ങിനല്ലാതെ മനസ്സിൽ മറ്റൊരാൾക്ക് സ്ഥാനമില്ല. രോഗം മൂലം വേദനയനുഭവിക്കുന്നവർക്ക് ആശ്വാസമേകാനായി ഞാനെന്റെ ഇനിയുള്ള ജീവിതം മാറ്റിവയ്ക്കുന്നു."

യാങ്ങിനെ വിവാഹം കഴിച്ച ചടങ്ങിനുശേഷം സൂ നടത്തിയ വെഡിങ് സ്പീച്ചിലേതാണ് മുകളിലത്തെ വരികൾ.

Advertisment