Advertisment

'നീന്തലില്‍ മലയാളി കുട്ടികള്‍ വളരെ മികച്ചവര്‍, കഠിനാധ്വാനം ചെയ്യുന്നവര്‍, പക്ഷേ തുടര്‍ പരിശീലനമില്ലാത്തത് പ്രശ്‌നം ' -പറയുന്നത് പാഞ്ചാ തമ്പു ; ആസ്‌ത്രേലിയയിലെ നമ്പര്‍ വണ്‍ നീന്തല്‍ കോച്ച്.!

author-image
സുനില്‍ പാലാ
New Update

നീന്തലിലെ ഒളിമ്പിക്‌സ് താരങ്ങളുടെ വരെ പരിശീലകനായ പാഞ്ചാ തമ്പു ആരോരുമറിയാതെ ഇപ്പോള്‍ പാലായിലുണ്ട്. ഒട്ടേറെ ദേശീയ- അന്തര്‍ദ്ദേശീയ നീന്തല്‍ താരങ്ങളെ സൃഷ്ടിച്ച ഗ്രാമീണ മേഖലയിലെ തോപ്പന്‍സ് സ്വിമ്മിംഗ് അക്കാദമിയെ കുറിച്ച് അറിഞ്ഞ പാഞ്ചാ തമ്പു ആസ്‌ത്രേലിയയിലെ അവധി നാളുകള്‍ നോക്കി പാലായ്ക്ക് പറക്കുകയായിരുന്നു.

Advertisment

തോപ്പന്‍സിലെത്തിയപ്പോള്‍ ഇവിടെ കുട്ടികള്‍ക്ക് അവധിക്കാല നീന്തല്‍ പരിശീലനവും മത്സരങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകളും. ഏറെ സന്തോഷവാനായ പാഞ്ചാ കുട്ടികള്‍ക്കു പരിശീലനം കൊടുക്കാനും തയ്യാറായി ; തോപ്പന്‍സ് നീന്തല്‍ കുളത്തില്‍ നീന്തല്‍ പഠിക്കാനും, മത്സരത്തിനുമൊരുങ്ങുന്ന കുട്ടികള്‍ക്ക് അതിപ്രഗത്ഭനായ അന്തര്‍ദ്ദേശീയ നീന്തല്‍ കോച്ചിന്റെ നേരിട്ടുള്ള പരിശീലനമെന്ന അത്യപൂര്‍വ്വ ഭാഗ്യവും!

publive-image

ശ്രീലങ്കന്‍ സ്വദേശിയായ പാഞ്ചാ തമ്പു കോളജ് തലത്തിലെ നീന്തല്‍ ചാമ്പ്യന്‍ഷിപ്പുമായി നാലു പതിറ്റാണ്ടു മുമ്പ് വിദേശത്തേക്ക് കടന്നതാണ്. അമേരിക്കയിലും, ബ്രിട്ടനിലും നീന്തല്‍ കോച്ചിംഗില്‍ അതി വിദഗ്ധ പരിശീലനം നേടിയ ശേഷം ആസ്‌ത്രേലിയയിലെത്തി. അവിടത്തെ പ്രശസ്തമായ എം.എല്‍.സി. വനിതാ കോളജ്, പി.എല്‍.സി. വനിതാ കോളജ് എന്നിവിടങ്ങളില്‍ കോച്ചായിരിക്കെ ഒട്ടേറെ ദേശീയ - അന്തര്‍ദ്ദേശീയ നീന്തല്‍ താരങ്ങളെ സൃഷ്ടിച്ചു. അമേരിക്കയ്ക്കും ആസ്‌ട്രേലിയയ്ക്കും വേണ്ടി ഒളിമ്പിക്‌സ് താരങ്ങളേയും പരിശീലിപ്പിച്ചു. ഇപ്പോള്‍ ആസ്‌ത്രേലിയന്‍ നീന്തല്‍ പരിശീലന രംഗത്തെ അവസാന വാക്കാണ് ഈ 65-കാരന്‍.

publive-image

''ഒരു മുറിവും ചതവും ഉണ്ടാകാത്ത മത്സരവേദിയാണ് നീന്തല്‍കുളം. മറ്റ് കായിക മത്സര ഇനങ്ങളെ അപേക്ഷിച്ച് നീന്തലിന്റെ ഏറ്റവും വലിയ പ്രാധാന്യവും ഇതു തന്നെ. നല്ല ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യുന്ന നീന്തല്‍ ദീര്‍ഘായുസ്സിനും അത്യുത്തമം' - അനുഭവങ്ങളുടെ തിരതള്ളലില്‍ പാഞ്ചാ തമ്പു  പറഞ്ഞു.

ജാഫ്‌ന സ്വദേശിയായ അന്തോനിയാ ആണ് ഭാര്യ. മക്കളായ ലിയോ, വിനോ, നേരു, നിഷ എന്നിവരും നീന്തല്‍ താരങ്ങള്‍ തന്നെ.

തോപ്പന്‍സ് അക്കാദമിയിലെ ജോയി, അലോഷ്യസ്, തോമസ് , മാത്യു എന്നീ കോച്ചുമാരുടെ പരിശീലന രീതിയെ ഏറെ അഭിനന്ദിച്ച പാഞ്ചാ ഗ്രാമീണ മേഖലയിലെ ഈ നീന്തല്‍കുളം അത്ഭുതമാണെന്നും കൂട്ടിച്ചേര്‍ത്തു.

'എനിക്കൊരു നിര്‍ദ്ദേശമുണ്ട്. ജല സമൃദ്ധമാണ് കേരളം. ഇവിടെ ഓരോ സ്‌കൂളും കേന്ദ്രീകരിച്ച് നീന്തല്‍ കുളങ്ങളുണ്ടാക്കണം. മത്സരങ്ങളേക്കാള്‍ ഉപരി നല്ല ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കാനും, വെള്ളത്തില്‍ പോയുള്ള അപകടങ്ങളില്‍ നിന്ന് രക്ഷ നേടുന്നതിനും ഇത് വളരെയേറെ സഹായിക്കും' നീന്തല്‍ കുളത്തിലെ പുതു തലമുറയുടെ ആവേശങ്ങള്‍ക്കൊപ്പം ചേര്‍ന്ന് പാഞ്ചാതമ്പു പറഞ്ഞു നിര്‍ത്തി.

Advertisment