Advertisment

അധ്യാപകദിന ഓർമ്മക്കുറിപ്പ്...

author-image
സത്യം ഡെസ്ക്
Updated On
New Update

സെപ്തംബര്‍ അഞ്ച് അധ്യാപക ദിനം ആഘോഷിക്കുമ്പോൾ, കൊട്ടിഘോഷങ്ങളുടെ ഘോഷയാത്രയിൽ ഉൾപ്പെടാതെ കേരളത്തിലെ കൊച്ചു കുടിയേറ്റ കർഷക ഗ്രാമമായ പങ്ങാരപ്പിള്ളിയിലെ സെന്റ് ജോസഫ്‌സ് യു പി സ്കൂളിലെ അഞ്ചാം ക്ലാസ്സിൽ ആയിരത്തി തൊള്ളായിരത്തി എണ്പത്തിയേഴിൽ ഇംഗ്ലീഷ് പഠിപ്പിച്ച മേരി ടീച്ചറെ ഞാൻ ഈ കൊറോണകാലത്ത് പ്രവാസത്തിലിരുന്നു പൊടിപ്പും തൊങ്ങലുമില്ലാതെ ഓർക്കുകയാണ്.

Advertisment

publive-image

ടീച്ചർ ഇതൊക്കെ വായിക്കുമോ എന്നെനിക്കറിയില്ല പക്ഷെ പങ്ങാരപ്പിള്ളിയിലെ ആരെങ്കിലും പറഞ്ഞു ടീച്ചർ അറിയുമായിരിക്കാം. മേരിടീച്ചർ - പ്രായം മുപ്പതിനോടടുത്ത് കാണും. ഇരുനിറമുള്ള തടിച്ചു പൊക്കം കുറഞ്ഞു എപ്പോഴും പുഞ്ചിരിച്ചുകൊണ്ട്, ഭൂമിക്ക് വേദനിക്കാതെ കറുത്ത കുടയും ചൂടി നടക്കുന്ന എന്റെ നാട്ടുകാരി ടീച്ചർ.

വീട്ടിൽ നിന്നിറങ്ങിയാൽ വഴിയിലെ എല്ലാവര്ക്കും ആ അദ്ധ്യാപിക പരിചിതയാണ്. വഴിയിലെ പുല്ലുകളോട് പോലും സംസാരിക്കുന്ന പ്രകൃതം . ആരെയും വേദനിപ്പിക്കാത്ത സംസാരം. എല്ലാവര്ക്കും എപ്പോഴും നന്മകൾ ഓതുന്നവർ. സ്നേഹമുള്ളവർ.

ഇംഗ്ലീഷ് അക്ഷര മാലയിലെ അക്ഷരങ്ങളെ പഠിച്ചും അൽപ്പം കൂട്ടിവായിച്ചും മാത്രം പരിചയമുള്ള നാലാം ക്ലാസ്സിൽ നിന്നും അഞ്ചാം ക്ലാസ്സിൽ പുലികളുടെ കൂടെ ഫസ്റ്റ് ബെഞ്ചിൽ ഇരിക്കുന്ന എന്നെ ഇംഗ്ലീഷ് പാഠത്തിലെ പലതും കൂട്ടി വായിപ്പിക്കാൻ ടീച്ചർ പെട്ട പെടാപാട് ഓർക്കുമ്പോൾ ചിരിയാണ് വരുന്നത്.

publive-image

പൊതുവെ വികൃതിയായ എന്നെ, എന്തോ ടീച്ചർ സ്നേഹത്തോടെ നോട്ടമിട്ടിരുന്നു. എല്ലാ ദിവസവും ഒന്നല്ലെങ്കിൽ ഒരു ചോക്കേറുകൊണ്ടോ, ഡസ്റ്റർ ഏറു കൊണ്ടോ അതുമല്ലെങ്കിൽ കിഴുക്കുകൊണ്ടോ സ്നേഹിക്കുമായിരുന്നു.

ഈ ലീലകൾ ഓരോ ദിവസങ്ങളിൽ മാറി മാറി എന്നിൽ പ്രയോഗിച്ചില്ലെങ്കിൽ അധ്യാപികയ്ക്ക് ക്ലാസ്സെടുക്കാൻ ആരോഗ്യമുണ്ടാകില്ല എന്ന് എനിക്കും തോന്നിയിരുന്നതിനാൽ ഇതെല്ലാം അധ്യാപികയിൽ നിന്നും കിട്ടിയില്ലെങ്കിൽ ഒരു സുഖവും എനിക്കും ഉണ്ടാകില്ലായിരുന്നു.

കറുത്ത ബോര്‍ഡില്‍ എഴുതിക്കൊണ്ടിരിക്കുമ്പോൾ ഞാൻ മാത്രം വർത്തമാനം പറയുന്നതറിയുന്ന ടീച്ചറുടെ കയ്യിലുള്ള ചോക്ക് കഷ്ണം ഉന്നം തെറ്റാതെ എന്റെ കവിളിൽ വന്നു പതിയുന്നതും ടീച്ചർ ഒന്നും അറിയാത്തയാളെ പോലെ തന്റെ കർത്തവ്യത്തിൽ മുഴുകുന്നതും എല്ലാം ആ ഇംഗ്ലീഷ് അദ്ധ്യാപികയുടെ ക്ലാസ്സിലെ ദിനചര്യകളായി മാറി.

സ്റ്റാഫ് റൂമിലേക്ക് വരെ വിളിപ്പിച്ച് വഴക്കും കിഴുക്കും തരാൻ അവർ മറന്നില്ല. ഒരർത്ഥത്തിൽ ആ പുതിയ സ്കൂളിലും ക്ലാസ്സിലെ കുട്ടികളുടെ ഇടയിലും ടീച്ചറുടെ ഹരിഹരൻ എന്ന ഞാൻ പ്രശസ്തനായി. സത്യത്തിൽ എന്നെ പഠിപ്പിച്ച അത്രയും അധ്യാപകരിൽ ഇന്നും ഈ മേരി ടീച്ചറെ മാത്രം മനസ്സിൽ ചേർത്തുവയ്ക്കാൻ മറ്റെന്തു വേണം.

എന്റെ കുസൃതികൾ അത്രയ്ക്ക് ഉണ്ടായിരുന്നു. എന്റെ ഡെസ്കിന്റെ അരികത്ത് കൂടെ നടന്നു പോകുമ്പോൾ സാരിയുടെ തുമ്പു പതുക്കെ പിടിക്കുമ്പോൾ, മറ്റുള്ള കുട്ടികൾ അതിശയത്തോടെ നോക്കുമായിരുന്നു. ഒരിക്കൽ സാരിത്തുമ്പിൽ പിടിച്ചത് അല്പം കൂടി പോയി അദ്ധ്യാപിക അറിഞ്ഞു ചീത്തപറഞ്ഞപ്പോൾ എണീറ്റ് നിന്ന് പുഞ്ചരിച്ചതും, ഇന്നും എന്റെ ഓർമ്മകളിൽ മനോഹരമായ അനുഭൂതിയാണ് തരുന്നത്.

ക്ലാസ് വിട്ട് പോകുമ്പോ കവല വരെ ടീച്ചറുടെ പുറകെ പോകും, ഒന്നിനുമല്ലായിരുന്നു. ടീച്ചർ മുന്നിൽ ഉള്ളപ്പോൾ അവരെ എങ്ങനെ കടന്നു പോകും എന്നുള്ള തോന്നൽ. വെയിലുണ്ടെങ്കിലും മഴയുണ്ടെങ്കിലും, സാധാരണ കാലാവസ്ഥയാണെങ്കിലും കുട ചൂടി വരുന്ന എന്റെ മേരി ടീച്ചർ.

മിക്കവാറും മേരി ടീച്ചറുടെ ക്ലാസ് ആദ്യ പീരിയഡ് അല്ലെങ്കിൽ രണ്ടാമത്തെ പീരിയഡ് ആവും. ടീച്ചർ അവധി എടുക്കുന്നത് അപൂർവ്വമാണ്. ഒരിക്കൽ അസുഖവുമായി ബന്ധപ്പെട്ട സർജറിക്ക് വിധേയായി പതിനഞ്ചോളം ദിവസം ടീച്ചർ അവധിയിലായിരുന്നു. കോഴിവസന്ത പിടിച്ച കോഴിയെപോലെ ആയിരുന്നു എന്റെ ആ നാളുകൾ.

കുട്ടികളുടെ സ്വപ്‌നങ്ങൾ അറിയാൻ വലിയ ഇഷ്ടമുള്ള ടീച്ചർ ഒരു ദിവസം ചോദിച്ച ആ ചോദ്യത്തിന് ഞാൻ കൊടുത്ത മറുപടി വയസ്സിത്രയായിട്ടും ഇടയ്ക്കിടയ്ക്ക് ഓർത്ത് ചിരിക്കും.

"ഹരീ , വലുതാകുമ്പോൾ എന്താവാനാണ് ആഗ്രഹം ?"

ഹോമി ജെ ബാബാ എല്ലാം കൊടുമ്പിരി കൊണ്ട് തലയിൽ കയറിയ നാളുകളായതിനാൽ ഒട്ടും കുറയ്ക്കാതെ... "ശാസ്ത്രജ്ഞൻ "....

അത് കേട്ട് ടീച്ചറും, കുട്ടികളും ഒരുമിച്ചു ചിരിച്ചിട്ടും അന്ന് ഒന്നും മനസ്സിലാവാതെ അവരുടെ സന്തോഷത്തിൽ പങ്ക് ചേരാതെ ഞാൻ കടന്നു പോയി.

എന്തൊക്കെയായാലും കണ്ണടച്ച് ചീത്ത പറയുന്ന അധ്യാപികയെ ആദ്യമായാവും നമ്മൾ കാണുക. ചീത്തപറയുമ്പോൾ ടീച്ചറുടെ കണ്ണുകൾ അടയും. എപ്പോഴും ചിരിക്കുന്ന ആ ടീച്ചറുടെ ചീത്തകൾക്ക് ഒരു കരുതൽ ഉണ്ടായിരുന്നു.

ഇന്നും വലുതായിട്ടൊന്നും ഇംഗ്ലീഷ് അറിയില്ലെങ്കിലും എങ്ങിനെ ഒക്കെ എഴുതിയാലും മറ്റൊന്നിനും പാസ്സായില്ലെങ്കിലും ഇംഗ്ലീഷ് വിഷയങ്ങളിൽ പാസ്സാകും.

ഓർമ്മകളുടെ ചിത്തിരത്തോണിയിൽ എന്നും പങ്ങാരപ്പിള്ളിയെ ഉൾപ്പെടുത്തിയ എനിക്ക് പങ്ങാരപ്പിള്ളിയിലെ ഇപ്പോൾ വീട്ടിൽ വിശ്രമിക്കുന്ന എന്റെ മേരി ടീച്ചറുടെ ഓർമ്മകൾ ഇല്ലെങ്കിൽ പങ്ങാരപ്പിള്ളി എന്ന എന്റെ ജന്മനാട് അപൂർണ്ണമാകും.

-ഹരിഹരൻ പങ്ങാരപ്പിള്ളി

voices
Advertisment