മുംബൈ: എല്‍ഗാര്‍ പരിഷദ് കേസില്‍ അറസ്റ്റിലായ തെലുഗു കവി വരവരറാവുവിന്‍റെ ജാമ്യാപേക്ഷയില്‍ ബോംബെ ഹൈക്കോടതിയിലെ വാദപ്രതിവാദം പൂര്‍ത്തിയായി. ജസ്റ്റിസുമാരായ എസ്.എസ്. ഷിണ്ഡെ, മനീഷ് പിതാലെ എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് ഹരജി വിധി പറയാന്‍ മാറ്റിവെച്ചു.
ഓര്‍മ നശിക്കല്‍, നാഡീ രോഗങ്ങളടക്കം ഗുരുതരരോഗളുള്ള വരവരറാവുവിന് കടുത്ത നിബന്ധനകളോടെ മൂന്ന് മാസത്തെ ജാമ്യം നല്‍കമെന്നാണ് റാവുവിന്‍റെ അഭിഭാഷകന്‍ ആനന്ദ് ഗ്രോവര്‍ കോടതിയില്‍ ആവര്‍ത്തിച്ചത്.
വിചാരണ തടവുകാരനായിരിക്കെ ആരോഗ്യത്തോടെ ജീവിക്കാനുള്ള മൗലികാവകശാം ലംഘിക്കപ്പെട്ടുവെന്ന് ആരോപിച്ച് ഹര്‍ജി നല്‍കിയ റാവുവിന്‍റെ ഭാര്യ ഹേമലതക്ക് വേണ്ടി ഹാജരായ ഇന്ദിരാ ജയ്സിങും ഇതുതന്നെ ആവര്‍ത്തിച്ചു.
ദേശസുരക്ഷയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ യു.എ.പി.എ പ്രകാരമാണ് കേസെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്നുമാണ് എന്‍.ഐ.എയും മഹാരാഷ്ട്ര സര്‍ക്കാറും നിലപാടെടുത്ത്. ആവശ്യമെങ്കില്‍ തലോജ ജയിലിലേക്ക് മടക്കി അയക്കുന്നതിന് പകരം ജെ.ജെ മെഡിക്കല്‍ കോളജിലെ പ്രിസണ്‍ വാര്‍ഡിലേക്ക് മാറ്റാമെന്നും ഇവര്‍ കോടതിയെ അറിയിച്ചു.
കടുത്ത നിബന്ധനകള്‍ വെച്ച് റാവുവിന് ജാമ്യം നല്‍കുന്നതിന് പകരം അദ്ദേഹത്തിന് വൈദ്യസഹായം ലഭിക്കാന്‍ കോടതി സര്‍ക്കാറിന് കടുത്ത നിബന്ധനകള്‍ വെക്കുകയാണ് വേണ്ടതെന്നും എന്‍.െഎ.എക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ് പറഞ്ഞു.
നിലവില്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരം നാനാവതി ആശുപത്രിയില്‍ ചികിത്സയിലാണ് വരവരറാവു. കോടതിയുടെ അനുവാദമില്ലാതെ ഡിസ്ചാര്‍ജ് ചെയ്യരുതെന്നാണ് ഉത്തരവ്. റാവു ആരോഗ്യവാനാണെന്നും ഡിസ്ചാര്‍ജിന് യോഗ്യമാണെന്നും ആശുപത്രി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. റാവുവിന്‍റെ ഒാര്‍മ നശിക്കല്‍ േരാഗത്തെ ചൊല്ലി കോടതിയില്‍ വാദപ്രതിവാദം ശക്തമായിരുന്നു.