അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്തേയ്ക്ക് വന്നുകൊണ്ടിരുന്ന കുഞ്ഞിനെപ്പോലും വെടിവച്ചിട്ടു. പ്രസവിച്ചുകൊണ്ടിരുന്ന അമ്മയും കൊല്ലപ്പെട്ടു. പ്രസവിച്ചു വീണ കുരുന്നുകളുൾപ്പെടെ കൊല്ലപ്പെട്ടത് 24 പേര്‍. ലോകത്തെ ഞാടുക്കിയ പൈശാചികതയുടെ ബീഭത്സരൂപം ഇങ്ങനെ !

പി എൻ മേലില
Tuesday, May 19, 2020

ആരുടേയും ഉള്ളുപിടയുന്ന ദൃശ്യങ്ങൾ ! കഴിഞ്ഞ ചൊവ്വാഴ്ച കലാപഭൂമിയായ അഫ്‌ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ സർക്കാർ വക 100 ബെഡ്ഡുകളുള്ള Dasht-e-Barchi പ്രസവാശുപത്രിൽ നടന്ന കൂട്ടക്കുരുതി മനുഷ്യരായി പിറന്നവർക്ക് ചെയ്യാൻ കഴിയുന്നതായിരുന്നില്ല.

പ്രസവിച്ചു വീണ കുരുന്നുകളുൾപ്പെടെ 24 പേരെയാണ് കാപാലികർ വെടിയുതിർത്തു കൊലപ്പെടുത്തിയത്. ആക്രമണസമയത്ത് പ്രസവമുറിയിൽ ഒരു യുവതിയുടെ പ്രസവം നടന്നുകൊണ്ടിരിക്കുകയായിരുന്നു. അവരും കുഞ്ഞും നേഴ്‌സും കൊല്ലപ്പെട്ടു.

ചൊവ്വാഴ്ച രാവിലെ 10 മണിയോടുകൂടി പോലീസ് വേഷത്തിൽ ആശുപത്രിയിലെത്തിയ ആയുധധാരികളായ 3 ഭീകരരാണ് ഈ ക്രൂരകൃത്യo നടത്തിയത്. ബോംബേറുനടത്തി ഭീകാരാന്തരീക്ഷം സൃഷ്ടിച്ചശേഷം അവർ തുരുതുരാ വെടിയുതിർക്കുകയായിരുന്നു.

പിറന്നുവീണിട്ടു മണിക്കൂറുകൾപോലുമാകാത്ത പിഞ്ചുകുഞ്ഞുങ്ങൾക്കുനേരേ നിറയൊഴിക്കാൻ അവർക്കൊരു മനസ്സാക്ഷിക്കുത്തുമുണ്ടായില്ല. കുഞ്ഞുങ്ങളെ പരിചരിച്ചും മുലപ്പാൽ നൽകിക്കൊണ്ടുമിരുന്ന അമ്മമാരെയും വെടിവച്ചിട്ടു.

കുഞ്ഞുങ്ങളുടെ കരച്ചിലുകളും, കലപിലകളും അമ്മമാരുടെ താരാട്ടും മുഴങ്ങിയിരുന്ന ആശുപത്രിയിൽ കൂട്ടക്കരച്ചിലുയർന്നു. കുഞ്ഞിനെ ഉറക്കിക്കിടത്തി പുറത്തു വെള്ളമെടുക്കാൻ പോയ അമ്മ ഒച്ചയും ബഹളവും കേട്ട് മടങ്ങിവന്നപ്പോഴേക്കും ചോരയിൽക്കുളിച്ചുകിടക്കുന്ന കുഞ്ഞിന്റെ മൃതദേഹമാണ് കാണാനായത്.

ചോരക്കുഞ്ഞുങ്ങളുൾപ്പെടെ 24 പേരെയാണ് ആ നരാധമന്മാർ കൊന്നുതള്ളിയത്. കുഞ്ഞുങ്ങളുൾപ്പെടെ 16 പേർ ഗുരുതരാവസ്ഥയിലുമാണ്. 100 ലധികം അമ്മമാരെയും കുഞ്ഞുങ്ങളെയും സൈന്യം അവിടെനിന്നൊഴിപ്പിച്ചിട്ടുണ്ട്.

ലോകമാകെ ഒന്നായി അപലപിക്കപ്പെട്ട ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു ഭീകരസംഘടനകളും ഏറ്റെടുത്തിട്ടില്ല.

ഈ ക്രൂരകൃത്യത്തിൽ കാബൂൾ ജനത അതീവ രോഷാകുലരാണ്. കാബൂളിലെ അനേകം സ്ത്രീകൾ, അനാഥരായ 20 ഓളം കുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ തയ്യാറായി മുന്നോട്ടുവന്നു. ഇതിൽ ആശുപത്രിയിൽ അതീവഗുരുതരാസ്ഥയിൽ മരണത്തോട് മല്ലിട്ടുകഴിയുന്ന അമ്മമാരുടെ കുഞ്ഞുങ്ങളുമുണ്ട്. വെടിയേറ്റ് പരുക്കേറ്റ കുഞ്ഞുങ്ങളും ഇതിൽപ്പെടും.

മുലയൂട്ടാൻ സന്നദ്ധരായി വരുന്നവർ ദിവസം മൂന്നു നേരം ആശുപത്രിയിൽ വന്ന് കുഞ്ഞുങ്ങളെ മുലയൂട്ടുന്നുണ്ട്. അവരിൽച്ചിലർ കുട്ടികളെ ദത്തെടുക്കാനും സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നു. ജനിച്ചു നാലുമണിക്കൂറായ കുഞ്ഞുങ്ങൾവരെയുണ്ട് അമ്മമാർ നഷ്ടപ്പെട്ടതിൽ.

അഫ്‌ഗാൻ ധനമന്ത്രാലത്തിൽ ഓഫീസറായി ജോലിചെയ്യുന്ന ‘ഫിറൂസ ഉമർ’ ഈ കുഞ്ഞുങ്ങൾക്കായി നൽകുന്ന സേവനങ്ങൾ ഏറെ പ്രകീർത്തിക്കപ്പെടുന്നു. 4 മാസം പ്രായമായ ഒരു കുഞ്ഞിന്റെ അമ്മയായ അവർ ആശുപ ത്രിയിലെത്തി ദിവസവും 4 കുഞ്ഞുങ്ങളെ മുലയൂട്ടുന്നുണ്ട്. ഫിറൂസ ഉമർ സമൂഹമാധ്യമ ങ്ങളിലൂടെയും ടെലിവിഷനിലൂടെയും നടത്തിയ അഭ്യർത്ഥനയെത്തുടർന്നാണ് നിരവധി അമ്മമാർ മുലയൂട്ടാൻ മുന്നോട്ടു വന്നിരിക്കുന്നത്.

” പവിത്രറംസാൻ മാസത്തിൽ ഇസ്‌ലാമിൽ വിശ്വസിക്കുന്ന ആരും ചെയ്യാത്ത ഹീനകൃത്യമാണ് അവർ നടത്തിയിരിക്കുന്നത്. മുലപ്പാൽ നുണയാൻ പോലുമറിയാത്ത കുഞ്ഞുങ്ങളോടും നിരപരാധികളായ അമ്മമാരോടും മനുഷ്യരായിപ്പിറന്ന ആരെങ്കിലും ഈ ക്രൂരത കാട്ടുമോ ? ഞാനും തീവ്രവാദത്തിൻ്റെ ഇരയാണ്. എൻ്റെ അമ്മയെയും അവരാണ് കൊന്നത്. അഫ്‌ഗാനിസ്ഥാനിലെ മാനവികത ഇല്ലാതാക്കാനാണവർ ശ്രമിക്കുന്നത്. മാനുഷികമായ ഈ പോരാട്ടത്തിൽ എന്റെ ഭർത്താവിന്റെ പൂർണപിന്തുണ എനിക്കുണ്ട് ” – ഫിറൂസ ഉമർ ന്റെ വാക്കുകളാണിത്.

 

×