Advertisment

ഫ്രാന്‍സിസ് ജോര്‍ജിന്‍റെയും ജോണി നെല്ലൂരിന്‍റെയും കടുംപിടുത്തം വിജയത്തിലേയ്ക്ക് ! മോന്‍സ് ജോസഫിനേയും ജോയ് എബ്രാഹത്തെയും തരംതാഴ്ത്തുമെന്ന് സൂചന. 14 -ല്‍ 10 ജില്ലാ പ്രസിഡന്‍റുമാരുടെയും പിന്തുണ ഫ്രാന്‍സിസ് ജോര്‍ജിന് !

New Update

publive-image

Advertisment

കോട്ടയം: കേരള കോണ്‍ഗ്രസ് തര്‍ക്കത്തില്‍ മോന്‍സ് ജോസഫ്, ജോയ് എബ്രാഹം എന്നിവരെ തരംതാഴ്ത്തി പ്രശ്ന പരിഹാരത്തിനു പിജെ ജോസഫിന്‍റെ നീക്കം. ഇരുവര്‍ക്കുമെതിരെ ഫ്രാന്‍സിസ് ജോര്‍ജ്, ജോണി നെല്ലൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന വിമത നീക്കം തണുപ്പിക്കാനാണ് ജോസഫിന്‍റെ നീക്കം.

ഇതിനായി എക്സിക്യൂട്ടീവ് ചെയര്‍മാന്‍ പദവി ഒഴിയാന്‍ മോന്‍സ് ജോസഫിനും സെക്രട്ടറി ജനറല്‍ പദവി ഒഴിയാന്‍ ജോയ് എബ്രാഹത്തിനും പിജെ ജോസഫ് നിര്‍ദേശം നല്‍കിയതായാണ് സൂചന. തന്‍റെ പദവിയാണ് പ്രശ്നമെങ്കില്‍ അനുരഞ്ജനത്തിനായി അതൊഴിയാന്‍ തയ്യാറാണെന്ന് മോന്‍സ് ജോസഫ് ഇന്ന് രാവിലെ പ്രതികരിച്ചിരുന്നു. അതേസമയം ജോയ് എബ്രാഹം പദവി ഒഴിയാന്‍ സമ്മതം അറിയിച്ചിട്ടില്ല.

വ്യാഴാഴ്ച കോട്ടയത്ത് സംസ്ഥാന കമ്മിറ്റി ഓഫീസിന്‍റെ ഉത്ഘാടനത്തിനോട് അനുബന്ധിച്ച് ജില്ലാ പ്രസിഡന്‍റുമാരുമായി ജോസഫ് കൂടിക്കാഴ്ച നടത്തിയിരുന്നു. യോഗത്തില്‍ പങ്കെടുത്ത 14 ജില്ലാ പ്രസിഡന്‍റുമാരില്‍ 10 പേരും മോന്‍സിനും ജോയിക്കുമെതിരെ നിലപാട് സ്വീകരിച്ചതോടെ ഇനിയും ഇരുവരെയും സംരക്ഷിക്കാന്‍ കഴിയില്ലെന്ന് ജോസഫിനു മനസിലായി. ഇതോടെ ഇരുവരോടും പദവി ഒഴിയേണ്ടിവരുമെന്ന് ജോസഫ് സുചന നല്‍കി.

എക്സിക്യൂട്ടീവ് ചെയര്‍മാന്‍ പദവിക്കു പകരം മോന്‍സ് ജോസഫിനേക്കൂടി ഡെപ്യൂട്ടി ചെയര്‍മാനായി നിയമിക്കാനാണ് സാധ്യത. നിലവില്‍ ഫ്രാന്‍സിസ് ജോര്‍ജ്, ജോണി നെല്ലൂര്‍, തോമസ് ഉണ്ണിയാടന്‍ എന്നിവരാണ് ഡെപ്യൂട്ടി ചെയര്‍മാന്‍മാര്‍. ഇതോടെ ഡെപ്യൂട്ടി ചെയര്‍മാന്‍മാരുടെ എണ്ണം നാലാകും. ജോയി എബ്രാഹത്തെ സെക്രട്ടറി ജനറല്‍ സ്ഥാനത്തുനിന്നും 86 ജനറല്‍ സെക്രട്ടറിമാരിലൊരാളായി മാറ്റും. എന്നാല്‍ ഓഫീസ് ചാര്‍ജ് ലഭിക്കുമെന്നതിനാല്‍ ജനറല്‍ സെക്രട്ടറിമാരില്‍ ഒന്നാമനായി ജോയ് എബ്രാഹം മാറും.

ജോയ് എബ്രാഹം കേരള കോണ്‍ഗ്രസുകളിലെ ഒരു പൊതുശല്യമാണെന്നാണ് വിമത വിഭാഗം പിജെ ജോസഫിനെ അറിയിച്ചത്. അതിനാല്‍ തങ്ങള്‍ക്കൊപ്പമോ തങ്ങള്‍ക്കു മുകളിലോ ജോയിയെ പാര്‍ട്ടിയില്‍ പ്രതിഷ്ഠിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു വിമതരുടെ നിലപാട്. പുതിയ തീരുമാനം നടപ്പിലായാല്‍ ജോയി എബ്രാഹം ഡെപ്യൂട്ടി ചെയര്‍മാന്‍മാര്‍ക്ക് കീഴിലാകും.

കഴിഞ്ഞയാഴ്ച തൊടുപുഴയില്‍ പിജെ ജോസഫിന്‍റെ വസതിയില്‍ പ്രശ്നപരിഹാരത്തിനായി 9 അംഗ കോര്‍ കമ്മറ്റിയോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ മോന്‍സ് - ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം കയ്യാങ്കളിയുടെ വക്കോളമെത്തിയിരുന്നു.

അതിനുശേഷം തര്‍ക്കം തീര്‍ക്കാന്‍ ജോസഫ് മുന്‍കൈയ്യെടുത്ത് മോന്‍സ് ജോസഫിനെയും ഫ്രാന്‍സിസ് ജോര്‍ജിനെയും മാത്രമായി ഒന്നിച്ചിരുത്തി ചര്‍ച്ച നടത്തിയെങ്കിലും ഈ ചര്‍ച്ചയിലും മോന്‍സും ഫ്രാന്‍സിസ് ജോര്‍ജും തമ്മില്‍ രൂക്ഷമായി വാക്കേറ്റമുണ്ടായിരുന്നു. അതിനുപിന്നാലെ പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷവും മോന്‍സിനും ജോയ് എബ്രാഹത്തിനുമെതിരെ രംഗത്തുവരിക കൂടി ചെയ്തതോടെ പാര്‍ട്ടിയില്‍ ഇരുവരുടെയും സ്ഥിതി പരുങ്ങലിലായി.

pj joseph
Advertisment