Advertisment

ഗുംഗി ഗുഡിയ, ചില്ലാനാ ശുരു കിയ : ദി പ്രസിഡണ്ട് ഹാസ് പ്രൊക്ലയിംഡ് എമർജൻസി - പരമ്പര -1

author-image
സത്യം ഡെസ്ക്
New Update

-സിപി കുട്ടനാടൻ

Advertisment

“The President has proclaimed Emergency. There is nothing to panic about.” ഇത് 1975 ജൂൺ 26ന് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാ ഫിറോസ്, ഭാരതീയരോട് ഓൾ ഇന്ത്യാ റേഡിയോയിലൂടെ അരുളിച്ചെയ്ത വാക്കുകളാണ്.

publive-image

അടിയന്തരാവസ്ഥ എന്ന ദുരനുഭവം ഇന്ത്യൻ ജനാധിപത്യത്തിന് ഏല്പിച്ച കളങ്കത്തെപ്പറ്റി പലരും വാചാലമാകുന്നത് എല്ലാ ജൂൺ മാസവുമുള്ള പതിവ് കാഴ്ചയാണ്. അതിൽ നിന്നും ഒട്ടും വ്യത്യസ്ഥമല്ല ഈ ലേഖനവും. അതിനാൽ തന്നെ ഒരു കാര്യം മാന്യരായ സത്യം ഓൺലൈൻ വായനക്കാരോട് പറഞ്ഞുകൊള്ളട്ടെ.

അടിയന്തരാവസ്ഥ എന്നത് ഭരണഘടനാനുസൃതം തന്നെയാണ്. ഈ പരമ്പരയുടെ ലേഖകനായ സിപി കുട്ടനാടൻ എന്ന എനിക്ക് അക്കാര്യത്തിൽ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. ആവശ്യം വന്നാൽ അടിയന്തരാവസ്ഥ പ്രയോഗിക്കണം എന്നത് തന്നെയാണ് എൻ്റെ പക്ഷം.

ഇന്ത്യയിൽ 1962, 1971, 1975 എന്നീ വർഷങ്ങളിലായി ഇതുവരെ മൂന്നുവട്ടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. 1962, 1971 എന്നീ വർഷങ്ങളിലെ 2 അടിയന്തരാവസ്ഥകളെപ്പറ്റി ആർക്കും ആക്ഷേപമില്ലല്ലോ!!! പിന്നെ എന്തുകൊണ്ടാണ് എല്ലാവരും 1975ലെ ഇന്ദിരയുടെ അടിയന്തരാവസ്ഥയെപ്പറ്റി മാത്രം പരിഭവം പറയുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ ..? മാത്രമല്ല, 1975നു മുൻപുണ്ടായ രണ്ടു അടിയന്തരാവസ്ഥകളെപ്പറ്റി ഇവിടെ പലരും ചിന്തിയ്ക്കുന്നുകൂടെയുണ്ടാവില്ല. കാരണമെന്താ..? ഇത്തരം ചോദ്യങ്ങളുടെ ഉത്തരങ്ങളിലൂടെയാണ് ഈ ലേഖനം സഞ്ചരിയ്ക്കാൻ ഉദ്ദേശിക്കുന്നത്.

ഇനി നമുക്ക് ചരിത്രം നൽകുന്ന ഉത്തരങ്ങളിലൂടെ യാത്ര ചെയ്യാം. ഇന്ദിരാ ഫിറോസിൻ്റെ അടിയന്തരാവസ്ഥയെ അപേക്ഷിച്ചു മറ്റു രണ്ടു അടിയന്തരാവസ്ഥകളും കൃത്യമായ കാരണങ്ങളാൽ പ്രഖ്യാപിക്കപ്പെട്ടതാണ്. അല്ലാതെ ഇന്ദിരാജിയെപ്പോലെ സ്വന്തം രാഷ്ട്രീയ നേട്ടത്തിനു വേണ്ടി പ്രഖ്യാപിച്ചതല്ല.

രാജ്യത്ത് രാഷ്ട്രീയ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പ്രഖ്യാപിയ്ക്കേണ്ട ഒന്നല്ല അടിയന്തരാവസ്ഥ എന്നും ജനാധിപത്യ സംവിധാനങ്ങൾക്കെതിരായ സായുധ രാഷ്ട്രീയ നീക്കമുണ്ടാകുമ്പോൾ ഭരണഘടനയെ സംരക്ഷിയ്ക്കുവാൻ വേണ്ടി മാത്രമാണ് അടിയന്തരാവസ്ഥ ഉപയോഗിയ്ക്കേണ്ടതെന്ന ഈയുള്ളൻ്റെ നിലപാട് ഒരു ഇവിടെ തവണകൂടി ഉത്തര രൂപേണ പറഞ്ഞുകൊള്ളട്ടെ.

ഇന്ത്യയിൽ ഇതുവരെ മൂന്ന് പ്രാവശ്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. അത് ഏതെല്ലാം എന്ന് നമുക്ക് പരിശോധിയ്ക്കാം, 1962 ഒക്ടോബർ 26ന് ചൈനീസ് ആക്രമണമുണ്ടായപ്പോഴായിരുന്നു പ്രഥമ അടിയന്തരാവസ്ഥ. 1971 ഡിസംബർ 3ന് പാകിസ്താൻ്റെ ആക്രമണമുണ്ടായപ്പോഴായിരുന്നു ദ്വിതീയ അടിയന്തരാവസ്ഥ, 1975 ജൂൺ 26നായിരുന്നു കുപ്രസിദ്ധവും അവസാനത്തേതുമായ ഇന്ദിരാഗാന്ധി സ്പോൺസർ ചെയ്ത അടിയന്തരാവസ്ഥ.

publive-image

പ്രതിസന്ധി ഘട്ടങ്ങൾ നേരിടേണ്ടി വരുമ്പോൾ ആഭ്യന്തര ഭദ്രത നിലനിർത്തുന്നതിന് ഇന്ത്യൻ ഭരണഘടനയിൽ വ്യവസ്ഥകളുണ്ട്. ഭരണഘടനയുടെ 18-ാം ഭാഗത്തിൽ ഇത് പ്രതിപാദിച്ചിരിക്കുന്നു. ഇതനുസരിച്ച് മൂന്നുതരം അടിയന്തരാവസ്ഥകളാണ് രാഷ്ട്രപതിക്ക് പ്രഖ്യാപിക്കാനാകുന്നത്. ദേശീയ അടിയന്തിരാവസ്ഥ, സംസ്ഥാന അടിയന്തിരാവസ്ഥ / രാഷ്ട്രപതി ഭരണം, സാമ്പത്തിക അടിയന്തിരാവസ്ഥ എന്നിവയാണത്.

വിദേശാക്രമണം മൂലമോ ആഭ്യന്തര സായുധ കലാപങ്ങൾ മൂലമോ ഉണ്ടാകുന്ന അരക്ഷിതാവസ്ഥ നേരിടുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം. ഭരണഘടനയുടെ 250, 352, 353, 354, 355, 358, 359 തുടങ്ങിയ വകുപ്പുകൾ ഇതിൻ്റെ വിശദാംശങ്ങൾ പ്രതിപാദിക്കുന്നു.

publive-image

352-ാം വകുപ്പു പ്രകാരം രാഷ്ട്രപതി പുറപ്പെടുവിക്കുന്ന ഇത്തരം അടിയന്തരാവസ്ഥ കേന്ദ്ര മന്ത്രിസഭയുടെ രേഖാമൂലമുള്ള നിർദ്ദേശ പ്രകാരം ആയിരിക്കണമെന്നും അതിന് 30 ദിവസങ്ങൾക്കുള്ളിൽ പാർലമെണ്ടിൻ്റെ അംഗീകാരം ലഭിക്കുകയും വേണമെന്ന് ഭരണഘടന അനുശാസിക്കുന്നു.

ഈവിധം പ്രഖ്യാപിക്കുന്ന അടിയന്തരാവസ്ഥയുടെ കാലാവധി ആറു മാസത്തേക്കാണെങ്കിലും പാർലമെണ്ട് അനുവദിക്കുന്ന പക്ഷം ആറുമാസം വച്ച് അതിനെ അനിശ്ചിതമായി ദീർഘിപ്പിച്ചു കൊണ്ടുപോകാവുന്നതാണ്.

അടിയന്തരാവസ്ഥയിൽ പൗരാവകാശങ്ങൾ മരവിപ്പിച്ചുകൊണ്ട് ജനങ്ങളുടെ മൗലികമായ എല്ലാ പ്രവർത്തനങ്ങൾക്കും കൂച്ചുവിലങ്ങിടാൻ ഈ നിയമത്തിലൂടെ ഭരണകൂടത്തിന് അവസരം ലഭിയ്ക്കുന്നു. അത് മാത്രമല്ല അടിയന്തരാവസ്ഥയുടെ നോട്ടിഫിക്കേഷൻ ലഭിച്ചാൽ കോടതികൾക്കും സർക്കാറിനൊപ്പം നീങ്ങുവാൻ മാത്രമേ സാധിയ്ക്കൂ.

അടിയന്തരാവസ്ഥ പ്രഖ്യാപിക്കുക, അതിനെ പരിപാലിക്കുക, അതിൻ്റെ ഗുണദോഷങ്ങൾ കൈകാര്യം ചെയ്യുക എന്നതൊക്കെ നിസ്സാരമായ കാര്യങ്ങളല്ല. അതിശക്തമായ ധിഷണാശാലിത്വവും ആജ്ഞാ ശക്തിയും തൻ്റേടവും, മാനസികമായ കാർക്കശ്യവും ആവശ്യമായ ഒരു പ്രവൃത്തിയാണത്. ഈ സംഗതികൾ ഒത്തു ചേരുന്ന രാഷ്ട്രീയ മനോനിലയിലേക്ക് ഇന്ദിരയെ നയിച്ച ഘടകങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.

1917 നവംബർ 19ന് ബ്രിട്ടീഷ് ഇന്ത്യയിലെ ഉത്തർപ്രദേശിൽ ജനിച്ച ഇന്ദിരാ പ്രിയദർശിനി നെഹ്രുവിൻ്റെ  രാഷ്ട്രീയ ജീവിത പന്ഥാവ് ചുരുക്കമായെങ്കിലും മനസ്സിലാക്കിയാൽ ഈ സമസ്യക്ക് ഉത്തരം ലഭിക്കും. കമലാ നെഹ്‌റു എന്ന പ്രിയദർശിനിയുടെ മാതാവിൽ നിന്നും നമുക്ക് ആരംഭിയ്ക്കാം.

അക്കാലത്തെ പൊതു ഇന്ത്യൻ സാമുഹിക ജീവിതത്തിൽ നിന്നും വ്യത്യസ്ഥമായി പാശ്ചാത്യ സാംസ്‌കാരിക ശൈലികളോട് ഭ്രമവും ആദരവുമുള്ള സർവോപരി ഭാരതീയ സാമ്പ്രദായികതയോടുള്ള അജ്ഞതയും വെറുപ്പും വെച്ച് പുലർത്തിയിരുന്ന ജവഹർലാൽ നെഹ്രുവിൻ്റെയും, അദ്ദേഹത്തിൻ്റെ അമ്മയായ സ്വരൂപ് റാണിയുടെയും പെങ്ങള്‍ വിജയലക്ഷ്മി പണ്ഡിറ്റിൻ്റെയും (സ്വരൂപ് കുമാരി) ജീവിതത്തിലേക്ക് കടന്നു വരുമ്പോൾ ശ്രീമതി. കമലാ നെഹ്രുവിനുണ്ടായിരുന്നത് സമ്പന്നമായ കുടുംബ പാരമ്പര്യം മാത്രമായിരുന്നു.

publive-image

അമ്മയായ കമലയോടുള്ള അപ്പച്ചിയുടെയും അമ്മുമ്മയുടെയും പോരും അവമതിയും കണ്ട് വളർന്ന ഇന്ദിരയുടെ ജീവിതത്തിൽ അപ്പച്ചിയായ വിജയലക്ഷ്മി പണ്ഡിറ്റിനോടുള്ള എതിർപ്പും അസംതൃപ്തിയും നിറഞ്ഞു നിന്നിരുന്നു. 1942 മാർച്ച് 26ന് ഫിറോസ് ജഹാംഗീർ ഗിണ്ടിയെ വിവാഹം ചെയ്ത ശേഷം അദ്ദേഹത്തെ തൻ്റെ വരുതിയിൽ നിർത്തുന്നതിലും ആജ്ഞാനുവർത്തിയാക്കി അസംതൃപ്തനാക്കി തീർക്കുന്നതിലും ഇന്ദിര ലക്ഷ്യം കൈവരിച്ചിരുന്നു.

1944 ഓഗസ്റ്റ് 20ന് തൻ്റെ കടിഞ്ഞൂൽ പുത്രന് ജന്മം നൽകിയ ഇന്ദിര അവന് രാജീവ് രത്ന ഗാന്ധി എന്ന് പേരുവച്ചു. 1946 ഡിസംബർ 14ന് തൻ്റെ രണ്ടാമത്തെ പുത്രനായ സഞ്ജയ് രത്ന ഗാന്ധിയ്ക്കും ജന്മം നൽകി. ഈ സഞ്ജയ് ഗാന്ധിയാണ് ഈ ലേഖനത്തിലെ പ്രധാന വില്ലൻ.

ഇവിടെ നിന്നും 1947ൽ ഇന്ത്യൻ പ്രധാനമന്ത്രിയായ പിതാവ് ജവഹർലാൽ നെഹ്രുവിൻ്റെ പേഴ്സണൽ സെക്രട്ടറിയായി രാഷ്ട്രീയം പയറ്റിത്തുടങ്ങി.

publive-image

1959ൽ പ്രധാനമന്ത്രിയുടെ (പിതാവിൻ്റെ) പിന്തുണയോടെ എഐസിസി പ്രസിഡണ്ടായി ഇന്ദിര രാഷ്ട്രീയ ചുവടുകൾ വച്ചു. പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുജി 1964 മെയ് 27ന് മരണപ്പെട്ടപ്പോൾ അപ്പച്ചിയായ വിജയലക്ഷ്മി പണ്ഡിറ്റ് മന്ത്രിസഭയിൽ എത്തുന്നത് തടയുവാനായി കരുക്കൾ നീക്കിക്കൊണ്ട് ലാൽബഹാദൂർ ശാസ്ത്രി മന്തിസഭയിലെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രിയായി ഇന്ദിര അധികാര രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചു.

ഗുംഗി ഗുഡിയ (ഊമയായ പാവക്കുട്ടി) എന്ന് റാം മനോഹർ ലോഹ്യ വിളിച്ച ഇന്ദിര, 1966ൽ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിജിയുടെ മരണ ശേഷം സർക്കാരിലെ രണ്ടാമനും പ്രബലനുമായ മൊറാർജി ദേശായിയെ മറികടന്ന് ഇന്ത്യയുടെ അഞ്ചാമത് പ്രധാനമന്ത്രിയായി അധികാരമേറ്റു. അങ്ങനെ അവർ ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായിത്തീർന്നു.

ഇന്ദിരയുടെ മൂത്തമകനായ രാജീവ്, തൻ്റെ കേംബ്രിഡ്ജ് പഠനകാലത്ത് ലണ്ടനിൽ വച്ച് പ്രണയിച്ച ഇറ്റലിക്കാരിയായ അന്തോണിയോ സോണിയ മൈനോ എന്ന ഇറ്റലിക്കാരി മദാമയുമായുള്ള വിവാഹം നടത്തി തരണം എന്ന ആവശ്യവുമായി അമ്മയെ സമീപിക്കുകയും മനസ്സില്ലാ മനസ്സോടെ 1969ൽ ഈ വിവാഹം ഇന്ദിര നടത്തിക്കൊടുക്കുകയും ചെയ്തു.

publive-image

പലവിധമായ രാഷ്ട്രീയ പ്രശനങ്ങളെത്തുടർന്ന് 1969 നവംബർ 12ന് ഇന്ദിരയെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ നിന്നു പുറത്താക്കി. നവംബർ 14ന് ഇന്ദിരാ വിഭാഗം സമാന്തര എ.ഐ.സി.സി വിളിച്ചു കൂട്ടി തങ്ങളാണ് കോൺഗ്രസ്സ് എന്ന് പ്രഖ്യാപിച്ചു. കൂടാതെ അന്നത്തെ എ.ഐ.സി.സി പ്രസിഡണ്ട് നിജലിംഗപ്പയ്ക്ക് എതിരെ പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുകയും ചെയ്തു.

ഇതോടെ കോൺഗ്രസ്സ് പാർട്ടി പിളർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഭരണ വിഭാഗം) നിലവിൽ വന്നു. ഔദ്യോഗിക വിഭാഗം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (സംഘടന) എന്നും അറിയപ്പെട്ടു. കോൺഗ്രസ്സ് സംഘടനയുടെ നിയന്ത്രണം ഔദ്യോഗിക വിഭാഗത്തിനും കോൺഗ്രസ്സ് പാർലമെൻ്ററി പാർട്ടിയുടെ നിയന്ത്രണം പ്രധാനമന്ത്രി ഇന്ദിരയ്ക്കുമായിരുന്നു. ഇങ്ങനെ 1969ൽ ഇന്ദിരാ ഗാന്ധി ഉണ്ടാക്കിയ പാർട്ടിയാണ് ഇന്ന് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്ന ഇന്ദിരാ കോൺഗ്രസ്സ് (Cong-i).

ഇതിനിടെയാണ് ഇന്ദിരയ്ക്ക് സന്തോഷം പകർന്നുകൊണ്ട് മരുമകളായ സോണിയാ രാജീവ് ഒരു ആൺ കുഞ്ഞിന് ജന്മം നൽകുന്നത്. അവന് രാഹുൽ എന്ന് പേര് വച്ചു. (റൗൾ വിൻസി എന്നതാണ് ശരിക്കുള്ള പേര് എന്നൊരു വാദവും ഇന്ത്യൻ രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ട്)

publive-image

1971ലെ പൊതു തിരഞ്ഞെടുപ്പിൽ റായ്ബറേലിയിലായിരുന്നു ഇന്ദിര മത്സരിച്ചത്. പശുവും ക്ടാവുമായിരുന്നു ചിഹ്നം. സോഷ്യലിസ്റ്റ് പാർട്ടി (ലോഹ്യ വിഭാഗം) യുടെ നേതാവായിരുന്ന രാജ് നാരായണൻ ആയിരുന്നു എതിർ സ്ഥാനാർഥി. ഫലം വന്നപ്പോൾ ഇന്ദിര നേതൃത്വം നൽകിയ കോൺഗ്രസ്സ്, 352 സീറ്റ് നേടി വിജയിച്ചു. എന്നാൽ റായ്ബറേലിയിലെ ഇന്ദിരയുടെ വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് രാജ് നാരായൺ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു.

ഇന്ദിരയുടെ തിരഞ്ഞെടുപ്പ് വിജയം കൃത്രിമം നിറഞ്ഞതാണെന്നും, സർക്കാർ വസ്തുവകകൾ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്ദിര ഉപയോഗിച്ചുവെന്നും ആരോപിച്ചായിരുന്നു കേസ് കൊടുത്തത്. ഇലക്ഷൻ കേസ് കോടതിയിൽ എത്രനാൾ ഇഴഞ്ഞു നീങ്ങും എന്ന് നമ്മൾ ഇന്ത്യക്കാരെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ. അങ്ങനെ കേസ് ഒരു വഴിക്കും ഇന്ദിരയുടെ ഭരണം മറ്റൊരു വഴിക്കും നീങ്ങി.

ഇതിനിടയിൽ രാജ്യത്ത് പലവിധമായ രാഷ്ട്രീയ സംഭവങ്ങളും നടന്നുവന്നു. 1971ലെ ബംഗ്ലാദേശ്‌ വിമോചന യുദ്ധ വിജയം ഇന്ത്യൻ ജനതയുടെയും സർവോപരി ഇന്ദിര എന്ന രാഷ്ട്രീയക്കാരിയുടെയും ആത്മവിശ്വാസം വാനോളം ഉയർത്തി. തൻ്റെ തീരുമാനങ്ങൾ ഇന്ത്യൻ ജനതയ്ക്ക് അമൃതോപമമാണെന്ന് അവർ വിശ്വസിച്ചു.

ഇതിനിടെ 1972 ജനുവരി 12ന് ഇന്ദിരയുടെ മരുമകളായ സോണിയാ രാജീവ് ഒരു പെൺകുഞ്ഞിനുകൂടെ ജന്മം നൽകി. പ്രിയങ്ക എന്ന് അവൾക്ക് പേര് വച്ചു.

publive-image

കൂടാതെ, അന്നത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി സുൾഫിക്കർ അലി ഭൂട്ടോയുമായുണ്ടാക്കിയ ഷിംലാ കരാറും, 1974ൽ ബുദ്ധനെ ചിരിപ്പിച്ചുകൊണ്ട് ഇന്ത്യ നടത്തിയ പൊഖ്‌റാൻ ആണവ പരീക്ഷണവുമൊക്കെ ഇന്ദിരയെന്ന വ്യക്തിക്ക് പ്രധാനമന്ത്രി പദത്തെ ആസ്വാദ്യമാക്കിത്തീർത്തു. ഇതോടൊപ്പം തന്നെ 1974 സെപ്റ്റംബർ 23ന് തൻ്റെ ഇളയ മകൻ സഞ്ജയ് ഗാന്ധിയുടെ വിവാഹം മനേക എന്ന സിഖ് യുവതിയുമായും നടത്തപ്പെട്ടു.

publive-image

ഇങ്ങനെ സന്തോഷത്തിലും ഉദ്വെഗത്തിലും മക്കളും മരുമക്കളും പേരക്കുട്ടികളുമായി ഇന്ത്യയുടെ പരമോന്നത അധികാര സോപാനത്തിൽ വിരചിയ്ക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി പഴയ തിരഞ്ഞെടുപ്പ് കേസിലെ വിധി വന്നത്. അന്നൊരു വ്യാഴാഴ്ചയായിരുന്നു. ഇന്ദിരയുടെ ജീവിതത്തിലെ കറുത്ത വ്യാഴാഴ്ച.

1975 ജൂൺ 12 വ്യാഴാഴ്ച ദിവസം രാജ്‌നാരായൺ കൊടുത്ത തിരഞ്ഞെടുപ്പ് കേസിലെ വിധി പറയുവാനായി അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജഗ്‌മോഹൻലാൽ മിശ്ര കോടതിയിലെത്തി. അതൊരു ഒന്നൊന്നര വിധിപറച്ചിലായിരുന്നു. അതേപ്പറ്റി അടുത്ത ലക്കത്തിൽ വിവരിയ്കാം.

തുടരും…

voices
Advertisment