Advertisment

യുദ്ധ ഭീഷണി ഒഴിഞ്ഞകന്നു ! പക്ഷേ ആരാണ് കളവുപറയുന്നത് ? അമേരിക്കയുടെയും ഇറാന്റെയും അടുത്ത ചുവടുവയ്പ്പുകൾക്കായി കാതോർത്ത് ലോക൦ !

New Update

publive-image

Advertisment

ഇറാനും അമേരിക്കയും ഇന്ന് സ്വരം മയപ്പെടുത്തിക്കഴിഞ്ഞു. യുദ്ധത്തിനാഗ്രഹിക്കുന്നില്ലെന്ന് ഇരുകൂട്ടരും വെളിപ്പെടുത്തിയതോടെ മേഖലയിലെ സംഘർഷത്തിനയവുവന്നിരിക്കുന്നു. കൂടാതെ ലോകം യുദ്ധഭീതിയുടെ മുൾമുനയിൽ നിന്ന് മോചിതരായിരിക്കുന്നു എന്നും പറയാം.

സംഘർഷം ഒഴിവാക്കാൻ ഇന്ത്യ മദ്ധ്യസ്ഥതക്ക് തയ്യാറായാൽ 'സ്വാഗതം' ചെയ്യുമെന്ന ഇറാന്റെ പ്രസ്താവന ഗൾഫ് രാജ്യങ്ങളും ഇസ്റായേലും അംഗീകരിക്കുമെന്ന പൊതു അഭിപ്രായവും ഉടലെടുത്തിട്ടുണ്ട്.

അപ്പോഴും ചില സംശയങ്ങൾ ബാക്കിയാണ് ?

ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങളിൽ ഒരാൾക്കുപോലും പരുക്കേൽക്കാതിരുന്നത് ഇറാന്റെ കരുതിക്കൂട്ടിയുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായിരുന്നോ ? തിരിച്ചടി കൊടുത്തുകഴിഞ്ഞു എന്ന ഇറാന്റെ പ്രഖ്യാപനവും അമേരിക്ക ഇനി ദുസ്സാഹസത്തിനുമുതിർന്നാൽ ഇസ്രായേലും ദുബായും തങ്ങൾ ആക്രമിക്കുമെന്ന ഇറാന്റെ ഭീഷണിയും അമേരിക്കയെ പിന്നിലേക്ക് നയിച്ച ഘടകങ്ങളാണോ ?

മേഖലയിലെ ബദ്ധശത്രുവായ സൗദി അറേബ്യയെപ്പറ്റി ഒരക്ഷരം പോലും പ്രതിപാദിക്കാതെ ഇസ്രായേലിനൊപ്പം സൗദിയുടെ സഖ്യരാഷ്ട്രമായ യു.എ .ഇയെ ആക്രമിക്കുമെന്ന ഇറാന്റെ പരസ്യപ്രഖ്യാപനം അമേരിക്കയെയും യൂറോപ്യൻ രാജ്യങ്ങളെയും ഞെട്ടിക്കുന്നതായിരുന്നു. പലരാജ്യങ്ങളുടെയും ബില്യണുകളുടെ നിക്ഷേപമുള്ള ദുബായ് ഇന്ന് ലോകത്തെ ഏറ്റവും വലിയ വാണിജ്യനഗരമാണ്.

publive-image

ഒരു യുദ്ധമുണ്ടായാൽ അതിന്റെ പ്രത്യാഘാതങ്ങൾ ഏറെ നേരിടേണ്ടിവരുന്നത് ഇറാനായിരിക്കും എന്നതിലും തർക്കമില്ല.

വർഷങ്ങളായി ഉപരോധങ്ങളിൽപ്പെട്ടുഴലുന്ന ഇറാൻ മറ്റു ഗൾഫ് രാജ്യങ്ങളെപ്പോലെ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനും അതുവഴി സാമൂഹിക സുരക്ഷയും സുസ്ഥിരതയും ഉറപ്പുവരുത്താനും ഏറെ പണിപ്പെടുകയാണ്.

അടുത്തിടെ കണ്ടുപിടിച്ച എണ്ണയുടെ വമ്പൻനിക്ഷേപം അവരെ കുവൈറ്റിനെക്കാൾ പലമടങ്ങു വലിയ സാമ്പത്തിക ശക്തിയാക്കാൻ പര്യാപ്തമായതാണ്.

നല്ലൊരു മദ്ധ്യസ്ഥനെ ലഭിച്ചാൽ അവർ അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കഴിയു മെന്ന പ്രത്യാശ ഇന്ന് ഇറാനുണ്ട്. ഇറാനിലെ വിദ്യാസമ്പന്നരായ യുവതലമുറക്കുമുണ്ട്.

publive-image

ഇസ്റായേലും അമേരിക്കയുമായും മറ്റു ഗൾഫ് രാജ്യങ്ങളുമായും ഊഷ്‌മളമായ ബന്ധം കാത്തുസൂക്ഷിക്കുന്ന ഇന്ത്യയുടെ മാർഗ്ഗനിർദ്ദേശങ്ങളാണ് ഇക്കാര്യങ്ങൾ തങ്ങൾ ഉറ്റുനോക്കുന്നതെന്ന് ഇറാന്റെ ഇന്ത്യയിലെ സ്ഥാനപതി അലി ചെഗെനി ഇന്ന് അഭിപ്രായപ്പെട്ടത് ലോകരാജ്യങ്ങളിലെ മാദ്ധ്യമങ്ങളിലെല്ലാം വാർത്തായായി മാറുകയായിരുന്നു.

പ്രത്യേകിച്ചും അമേരിക്കൻ യൂറോപ്യൻ മാദ്ധ്യമങ്ങളിൽ. ചർച്ചയിലൂടെ ലോകസമാധാനം കാംക്ഷിക്കുന്നവരാണ് ഇറാൻ ജനതയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇതിനിടെ ടെഹ്റാനിൽ തകർന്നുവീണ ബോയിങ് വിമാനവുമായി ബന്ധപ്പെട്ട് ഉക്രൈൻ പുതിയ വെളിപ്പെടുത്തലുമായി വന്നതും ക്യാനഡയുടെ അന്വേഷണ ആവശ്യവും മറ്റൊരു സംശയത്തിന്‌ ആക്കം കൂട്ടിയിരിക്കു കയാണ്. ഉക്രൈൻ സുരക്ഷാ ഏജൻസി ഇതൊരു മിസൈൽ ആക്രമണമാകാനുള്ള സാദ്ധ്യതയാണ് ചൂണ്ടിക്കാട്ടുന്നത്.

പറന്നുയർന്ന് 3 മിനിറ്റിനുശേഷം 2400 അടി ഉയരത്തിൽ വച്ചാണ് വിമാനത്തിൽ അഗ്നിബാധയുണ്ടായതെന്നും വളരെയേറെ പരിശീലനം നേടിയിട്ടുള്ള പൈലറ്റുകൾ വിമാനം തിരികെ റൺവേയിലിറക്കാൻ ശ്രമിക്കവേയാണ് വിമാനം പൊടുന്നനെ അഗ്നിഗോളമായി മാറിയതെന്നും യുക്രൈൻ വെളിപ്പെടുത്തുന്നു.

ഏതടിയന്തര സാഹചര്യവും നേരിടാൻ പ്രാപ്തരായ തങ്ങളുടെ പൈലറ്റുമാർക്ക് വിമാനത്തിൽ സംഭവിക്കുന്ന സാങ്കേതിക തകരാർ അനായാസം മറികടന്ന് യാത്രക്കാരെ സുരക്ഷിതരായി ഭൂമിയിലെത്തിക്കാൻ കഴിവുണ്ടെന്നും അവർ പറയുന്നു. എന്നാൽ ഇവിടെ സംഭവിച്ചത് സാങ്കേതികതകരാറല്ലെന്നും ഉക്രൈൻ അവകാശപ്പെടുന്നു.

publive-image

വിമാനത്തിലെ ഒന്നാം ക്യാപ്റ്റൻ 'വോളോഡയ്നർ ഗോപോനെങ്കോയ്ക്കു' ബോയിങ് 737 വിമാനം പറത്തിയതിൽ 14600 മണിക്കൂർ പരിചയവും രാണ്ടാം ക്യാപ്റ്റൻ 'ഒലോക്യാ നാംഗിന്‌' 12000 മണിക്കൂർ ബോയിങ് 737 വിമാനം പറത്തിയ പരിചയമുണ്ടെന്നും ക്യാപ്റ്റന്മാർ എന്ന നിലയിൽ ഇരുവർക്കും 6000 ലധികം മണിക്കൂറുക ളുടെ അനുഭവപരിജ്ഞാനമുണ്ടെന്നും അവകാശപ്പെടുന്ന യുക്രൈൻ സർക്കാർ, വിമാനാപകടം സംഭവിച്ചത് മിസൈൽ, ഡ്രോൺ എന്നിവമൂലമോ തീവ്രവാദി ആക്രമണം മൂലമോ ആണെന്നാണ് ഉറപ്പിച്ചുപറയുന്നത് .

ഇതിന്റെ വിശദമായ അന്വേഷണത്തിനായി 10 വിദഗ്‌ധരെയാണ് യുക്രൈൻ ടെഹ്‌റാനിലേക്കയച്ചിരിക്കുന്നത് .

ഇതിനിടെ തകർന്നുവീണ വിമാനത്തിന്റെ ബ്ളാക്ക് ബോക്സ് മറ്റൊരേജൻസിക്കും അന്വേഷണത്തിനായി നൽകില്ലെന്ന ഇറാന്റെ നിലപാടിനെ ഇന്ന് ക്യാനഡ വിമർശിക്കുകയുണ്ടായി. 176 പേർ കൊല്ലപ്പെട്ട ഈ വിമാനം തകർന്നതുമായി ബന്ധപ്പെട്ട് അതിന്റെ യഥാർത്ഥ വിവരങ്ങൾ വെളിപ്പെടുത്താൻ ഇറാൻ ഇനിയും തയ്യറായിട്ടില്ല എന്നതും വസ്തുതയായി നിലനിൽക്കുകയാണ്.

കാര്യങ്ങൾ ഇതുവരെയായി. യുദ്ധത്തിന്റെ സാഹചര്യം മാറിയിരിക്കുന്നു. അമേരിക്കയുടെയും ഇറാന്റെയും അടുത്ത ചുവടുവയ്പ്പുകൾക്കായി സാകൂതം കാതോർക്കുകയാണ് ലോകമൊന്നായി.

gulf war
Advertisment