കോട്ടയം: എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തെ സംബന്ധിച്ച ഇ പി ജയരാജന്റെ പ്രതികരണത്തെ പരിഹസിച്ച് കോണ്‍ഗ്രസ് അച്ചടക്കസമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ.
ബോംബ് എറിഞ്ഞ സ്ഥലത്ത് ബോംബിന്റെ വാസനയുണ്ടായിരുന്നുവെന്ന ഇപിയുടെ വാക്കുകളെയാണ് തിരുവഞ്ചൂര്‍ പരിഹസിച്ചത്. 'ഈ പ്രതിഭാസത്തെ എന്തേ ഇത് വരെ ആരും തിരിച്ചറിഞ്ഞില്ല? വാസന കൊണ്ട് ബോംബ് തിരിച്ചറിയുന്ന, പൊലീസ് കൊണ്ട് നടക്കുന്ന ബെല്‍റ്റിട്ട സ്‌ക്വാഡിനെ അപ്രസക്തരാക്കുന്ന പ്രതിഭാശാലി'എന്നിങ്ങനെയാണ് ഇപിയുടെ വാക്കുകളെ പരിഹസിച്ച് തിരുവഞ്ചൂര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ബോംബറിഞ്ഞത് കോണ്‍ഗ്രീറ്റ് തൂണിനായത് കൊണ്ടാണ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരുന്നതെന്നും എന്നാല്‍ എറിഞ്ഞത് ശക്തമായ ബോംബാണെന്നും സ്റ്റീല്‍ ബോംബ് ആണെന്ന് സംശയിക്കുന്നുവെന്നുമായിരുന്നു ഇപി ജയരാജന്‍ പറഞ്ഞത്.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
"ബോംബിന്റെ വാസന, THE SMELL DETECTOR"
ഈ പ്രതിഭാസത്തെ എന്തേ ഇത് വരെ ആരും തിരിച്ചറിഞ്ഞില്ല?
വാസന കൊണ്ട് ബോംബ് തിരിച്ചറിയുന്ന,
പോലീസ് കൊണ്ട് നടക്കുന്ന ബെല്‍റ്റിട്ട സ്‌ക്വാഡിനെ അപ്രസക്തരാക്കുന്ന പ്രതിഭാശാലി.
"ഭൂമി കുലുക്കം" പോലെ അനുഭവപ്പെട്ട പ്രദേശത്ത്, ഇത്തിരിപ്പോന്ന ഒരടയാളം മാത്രം കണ്ട് അത് സ്റ്റീല്‍ ബോംബായിരുന്നു, ഒന്നല്ല രണ്ട് ബോംബുണ്ടായിരുന്നു എന്ന് ആശങ്കക്ക് വകയില്ലാതെ പ്രസ്താവിച്ച പ്രതിഭാശാലി.
CCTV-യില്‍ പോലും പതിയാത്ത "അക്രമി" യുടെ റൂട്ട് മാപ്പും, ആസൂത്രണവും പുറത്ത് വിട്ട തീക്ഷണ ദൃഷ്ടി.
ഉറപ്പുള്ള കോണ്‍ക്രീറ്റ് കെട്ടിടമായത് കാരണം തകര്‍ന്ന് വീണില്ല എന്ന പ്രതിഭാശാലിയുടെ പ്രസ്താവനയില്‍ ഒന്നുറപ്പിക്കാം, ഊരാളുങ്കല്‍ അല്ല കെട്ടിട നിര്‍മ്മാണം.
പ്രതിഭാശാലിയോട് ഒരു അപേക്ഷ:
ഒരേറിന് രണ്ട് ബോംബ് പതിക്കുന്ന ആ പ്രതിഭാസം, അതിനെക്കുറിച്ചുള്ള പ്രബന്ധം ഒന്ന് പുറത്ത് വിടണം.
"കവടി നിരത്താന്‍ ജ്യോല്‍സ്യനല്ലേ അറിയൂ"