Advertisment

ഇതൊക്കെത്തന്നെയാണ് നമ്മുടെ നാടിൻറെ അവസ്ഥ !

New Update

നടുറോഡിൽ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ഗുണ്ടകളുടെ ശ്രമം, നിരവധി ആളുകൾ കാഴ്ചക്കാരായി തടിച്ചുകൂടി. തന്നെ രക്ഷിക്കണമെന്നപേക്ഷിച്ചുള്ള യുവതിയുടെ നിലവിളിയിൽ ആരുടേയും മനസ്സിളകിയില്ല. അവർ ആ ദൃശ്യങ്ങൾ ആവോളമാസ്വദിക്കുകയായിരുന്നു. എത്ര ലജ്ജാകരം ?

Advertisment

publive-image

അതുമാത്രമോ പോലീസ് കേസ് രജിസ്റ്റർ ചെയ്യാനെടുത്തത് 5 മണിക്കൂർ, അതും യുവതി കൈകൂപ്പി കരഞ്ഞപേക്ഷിച്ചശേഷം.

ഇക്കഴിഞ്ഞ ഞായറാഴ്ച രാജസ്ഥാനിലെ ധൗൽപ്പൂർ ജില്ലയിലുള്ള ബാഡി ഏരിയയിൽ സെമ്പാവു റോഡിലെ ഗുർജ്ജർ കോളനിയിൽ താമസക്കാരിയായ 'ഭൂരി ഗുർജർ' എന്ന യുവതിയെയാണ് പട്ടാപ്പകൽ ഗുണ്ടകൾ വാഹനത്തിൽ തട്ടിക്കൊണ്ടുപോകാനായി ശമിച്ചത്.

ഒരു നഴ്‌സിംഗ് ഹോമിൽ ജോലിചെയ്യുന്ന അവർ രാവിലെ ജോലിക്കുപോകാനായി വീട്ടിൽനിന്നിറങ്ങിയപ്പോഴാണ് ചീറിപ്പാഞ്ഞ ഒരു ജീപ്പ് മുന്നിൽവന്നുനിൽക്കുകയും രണ്ടുപേർ അതിൽനിന്നിറങ്ങി യുവതിയെ തട്ടിക്കൊണ്ടുപോകാനായി കടന്നു പിടിച്ചതും.

കുതറിയോടിയ യുവതി ഉച്ചത്തിൽ അലറിവിളിച്ചു. കുറേ നേരം റോഡിൽ പിടിവലി നടന്നശേഷം ഗുണ്ടകൾ യുവതിയെ പൊക്കിയെടുത്തു. അപ്പോഴേക്കും ധാരാളമാളുകൾ അവിടെ തടിച്ചുകൂടി. ആരും രക്ഷിക്കാനായി മുന്നോട്ടുവന്നില്ല. ഒരുത്തരും പ്രതികരിച്ചില്ല. പലരും ആ കാഴ്ചകണ്ടാസ്വദിക്കുകയായിരുന്നു എന്ന് തോന്നി.

ഒടുവിൽ യുവതിയുടെ നിർത്താത്ത നിലവിളികേട്ട് തെല്ലകലെ കമ്പ്യൂട്ടർ സെന്റർ നടത്തുന്ന ഒരു യുവാവ് ഓടിവന്ന് ധൈര്യത്തോടെ അവരെ ചെറുത്തു. അദ്ദേഹം അവർ വന്ന വണ്ടി നമ്പർ സഹിതം പൊലീസിന് ഫോൺ ചെയ്തതോടെ ഗുണ്ടകൾ ഭീഷണിയമുഴക്കി യുവതിയെ ഉപേക്ഷിച്ചു കടന്നുകളഞ്ഞു.

അതിനുശേഷമാണ് രസകരമായ സംഭവം അരങ്ങേറിയത്. ഈ വിഷയത്തിൽ പരാതിയുമായി യുവതി ബാഡി പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ പരാതി സ്വീകരിക്കാനും മൊഴിയെടുക്കാനും പോലീസ് തയ്യറായില്ല.

5 മണിക്കൂർ അവിടെ സ്റ്റേഷനിൽ കുത്തിയിരുന്നു പലതവണ കൈകൂപ്പി യാചിച്ചശേഷമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തതെന്നതും നമ്മുടെ നിയമവ്യവസ്ഥയുടെ തീർത്തും പരിതാപകരമായ അവസ്ഥയാണ് വെളിപ്പെടുത്തുന്നത് ?

publive-image

വിവരമറിഞ്ഞ് മാധ്യമപ്രവർത്തകരെത്തിയപ്പോൾ ഉടൻ പോലീസ് നടപടിക്ക് തയ്യാറായി. എസ് പിയുടെ ഔദ്യോഗിക സന്ദർശനം പ്രമാണിച്ചു പരാതി രേഖപ്പെടുത്താൻ ആളില്ലാഞ്ഞതിനാലാണ് താമസമുണ്ടായതെന്നും കുറ്റവാളികൾ ഉടൻ അറസ്റ്റ് ചെയ്യപ്പെടുമെന്നും അവർ സഞ്ചരിച്ച വാഹനം കസ്റ്റഡിയിലെടുത്തെന്നും പോലീസ് അറിയിച്ചു.

തൻ്റെ ഭർത്താവിന്റെ വീട്ടുകാരുമായുള്ള ഭിന്നതയാണ് ഈ തട്ടിക്കൊണ്ടുപോകൽ ശ്രമത്തിനുപിന്നിലെന്നും ഭർത്താവിന്റെ ദുർന്നടപ്പുമൂലം മൂന്നു കുട്ടികളുമായി ഒറ്റയ്ക്ക് താമസിക്കുന്ന തന്നെ ആക്രമിക്കാൻ മുൻപും ശ്രമമുണ്ടായെന്നും അപ്പോഴൊക്കെ താൻ നൽകിയ പരാതികളിൽ പോലീസ് യാതൊരു നടപടിയും കൈക്കൊണ്ടിരുന്നില്ലെന്നും യുവതി ആരോപിക്കുന്നു. അന്ന് നടപടിയെടുത്തിരുന്നെങ്കിൽ ഇന്നിത് സംഭവിക്കുമായിരുന്നില്ല.

സ്ത്രീ അമ്മയാണ്, ദേവിയാണ്, സമൂഹത്തിൽ സംരക്ഷിക്കപ്പെടേണ്ടവളാണ് എന്നൊക്കെ നാഴികയ്ക്ക് നാല്പതുവട്ടം ഗീർവാണങ്ങൾ മുഴങ്ങുന്ന നാട്ടിലെ നിരാലംബയായ ഒരു സ്ത്രീയുടെ അവസ്ഥ ഇതാണെങ്കിൽ നട്ടെല്ലില്ലാത്ത ഒരു സമൂഹത്തെയും ജീർണ്ണിച്ച നിയമവ്യവസ്ഥയെയും ഓർത്ത് പരിതപിക്കാതെ തരമില്ല.

 

voices
Advertisment