Advertisment

വിപണിയിലെത്തി 5 മാസം; വെൽഫയറിൻറെ വിലകൂട്ടാൻ ഒരുങ്ങി ടൊയോട്ട കിർലോസ്കർ മോട്ടോർ

author-image
സത്യം ഡെസ്ക്
New Update

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ അത്യാഡംബര എംപിവി വെല്‍ഫയര്‍ 2020 ഫെബ്രുവരി 26-നാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. വെൽഫയറിന് 79.5 ലക്ഷം ആണ് എക്സ്ഷോറൂം വില. വിപണിയിലെത്തി 5 മാസം തികയുമ്പോഴേക്കും വെൽഫയറിൻറെ വിലകൂട്ടാൻ ഒരുങ്ങുകയാണ് ടൊയോട്ട കിർലോസ്കർ മോട്ടോർ. എക്സിക്യൂട്ടീവ് ലോഞ്ച് എന്ന ഒരൊറ്റ വേരിയന്റിൽ ആണ് വാഹനം എത്തിയത്.

Advertisment

publive-image

അടുത്ത മാസം ഒന്നാം തിയതി മുതലാണ് പുതുക്കിയ വില നിലവിൽ വരുക. എത്രയാണ് വെൽഫയറിൻറെ പുത്തൻ വില എന്ന് ടൊയോട്ട വ്യക്തമാക്കിയിട്ടില്ല. കറൻസി എക്സ്ചേഞ്ച് റേറ്റിലുണ്ടായ വ്യതിയാനമാണ് വില കൂട്ടാൻ കാരണമെന്ന് ടൊയോട്ട വ്യക്തമാക്കുന്നു. 2 ശതമാനം വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്.

ഇറക്കുമതി ചെയ്‍ത വാഹനങ്ങളുടെ പ്രാദേശിക സര്‍ട്ടിഫിക്കേഷന്‍ വ്യവസ്ഥകളില്‍ നടപ്പാക്കിയ മാറ്റം പ്രയോജനപ്പെടുത്തിയാണ് എംപിവി ഇന്ത്യയിലെത്തിയത്. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ 79.50 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. നികുതികള്‍ ഉള്‍പ്പെടെ ഏകദേശം ഒരു കോടി രൂപയോളം വരും വാഹനത്തിന്‍റെ ഓണ്‍റോഡ് വില. ഒരു മാസം 60 യൂണിറ്റാണ് ടൊയോട്ട ഇന്ത്യയ്ക്കായി അനുവദിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ ഉള്‍പ്പെടെ മൂന്നുപേരാണ് നിലവില്‍ കേരളത്തിൽ ഈ വാഹനം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് സൂചന.

എക്സ്‌ക്യൂട്ടീവ് ലോഞ്ച് എന്ന ഒരു വേരിയന്റില്‍ മാത്രമാണ് വെല്‍ഫയര്‍ ഇന്ത്യയിലെത്തുന്നത്. മധ്യനിരയില്‍ പൂര്‍ണമായും ചായ്ക്കാന്‍ കഴിയുന്ന സീറ്റുകള്‍, ഇലക്ട്രോണിക് ഫുട്ട്റെസ്റ്റ് എന്നീ സംവിധാനങ്ങളുള്ള വെന്റിലേറ്റഡ് സീറ്റുകള്‍, റൂഫില്‍ ഘടിപ്പിച്ചിട്ടുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീന്‍, വൈഫൈ ഹോട്ട് സ്പോട്ട് എന്നിവയാണ് ഇന്റീരിയറിലുള്ളത്.

4,935 എംഎം നീളവും 1,850 എംഎം വീതിയും 1,935 എംഎം ഉയരവുമുണ്ട് വാഹനത്തിന്. യാത്രാസുഖത്തിനും സൗകര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി നിര്‍മിച്ചിരിക്കുന്ന വെല്‍ഫയറിന്റെ രണ്ടാമത്തെ നിരയിൽ വലുപ്പമുള്ള എക്സികൂട്ടിവ് ലോഞ്ച് സീറ്റുകൾ നൽകിയിരിക്കുന്നു. റിക്ലൈൻ ചെയ്യാൻ സാധിക്കുന്ന ബാക്ക് റസ്റ്റ്‌, നീളവും ആംഗിളും ക്രമീകരിക്കാൻ കഴിയുന്ന ഇലക്ട്രിക് ലെഗ് റെസ്റ്റ് മുന്നിലേക്കും പിന്നിലേക്കും നീക്കാനുള്ള സൗകര്യം എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു. ആം റെസ്റ്റിൽ പ്രത്യേക കൺസോളും സജ്ജീകരിച്ചിരിക്കുന്നു. ഒരു ബട്ടൺ അമർത്തിയാൽ മധ്യനിര സീറ്റുകൾ ഒരു പരിധിവരെ കിടക്കയായി മാറ്റാൻ കഴിയും. നിവർത്താനും മടക്കാനും കഴിയുന്ന പ്രത്യേകതരം ടേബിളുകളും വാഹനത്തിലുണ്ട്.

മികച്ച തുകൽ ഉപയോഗിച്ചുകൊണ്ടുള്ള അപ്ഹോൾസ്റ്ററി, ത്രീ സോൺ എസി, 16 കളർ ആംബിയന്റ് റൂഫ് ഇല്യൂമിനേഷൻ, സൺ ബ്ലൈൻഡ്‌സ്, മൂൺ റൂഫ്, വി ഐ പി പേർസണൽ സ്പോട്ലൈറ്റ്സ്, വൺ ടച് പവർ സ്ലൈഡ് സൈഡ് ഡോറുകൾ, ഗ്രീൻ ടിന്റഡ് അകോസ്റ്റിക് ഗ്ലാസ്സുകൾ എന്നിവയും വെൽഫെയറിന്റെ ആഡംബത്തിന്റെ മാറ്റ് കൂട്ടുന്നു.

സ്മാർട്ട്‌ എൻട്രിയോടുകൂടിയുള്ള പുഷ് സ്റ്റാർട്ട്‌, ബ്രേക്ക് ഹോൾടോഡുകൂടിയ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, തുടങ്ങിയ നിരവധി അത്യാധുനിക ആഡംബര ഫീച്ചറുകളും വെൽഫെയറിലുണ്ട്. 17സ്പീക്കർ ജെബിഎൽ പ്രീമിയം ഓഡിയോ ഉൾപ്പെടെ ഏറ്റവും മികച്ച ഇന്ഫോടെയ്ന്മെന്റ് സംവിധാനമാണ് മറ്റൊരു പ്രത്യേകത. ആപ്പിൾ കാർ പ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ, തുടങ്ങിയ കണക്ടിവിറ്റി സംവിധാനങ്ങളുമുണ്ട്. ഏഴ് എസ്ആർഎസ് എയർ ബാഗുകൾ, എച്എസി, വി എസ് സി, പനോരമിക് വ്യൂ മോണിറ്റർ, എമർജൻസി ബ്രേക്ക് സിഗ്നൽ, വിഡിഐഎം എന്നിവ ഉൾപ്പെടെ വെൽഫെയർ സുരക്ഷക്കും വളരെ പ്രാധാന്യം നൽകിയിരിക്കുന്നു.

ബേർണിങ് ബ്ലാക്ക്, വൈറ്റ് പേൾ, ഗ്രാഫൈറ്റ്, ബ്ലാക്ക് എന്നിങ്ങനെ നാല് നിറങ്ങളിലാണ് വെൽഫെയർ വിപണിയിലെത്തുന്നത്. ഫ്ലാക്‌സൻ, ബ്ലാക്ക് എന്നിവയാണ് വാഹനത്തിന്റെ ഇന്റീരിയർ നിറങ്ങൾ. ഇറക്കുമതി ചെയ്ത ആദ്യ മൂന്ന് ബാച്ച് വാഹനങ്ങൾ ഇപ്പോൾ തന്നെ വിറ്റുതീർന്നിട്ടുണ്ട്.

17 ബിഎച്ച്പി കരുത്തുള്ള 2.5 ലീറ്റര്‍ ഫോർ സിലണ്ടർ ഗ്യാസോലൈൻ ഹൈബ്രിഡ് എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ കൂടാതെ മുന്‍-പിന്‍ ആക്‌സിലുകളില്‍ 105കെവി, 50കെവി എന്നിങ്ങനെ ഓരോ ഇലക്ട്രിക് മോട്ടറുമുണ്ട്. ഇത് ബാഹ്യമായ ചാർജിങ് ഇല്ലാതെ തന്നെ യാത്രയുടെ 40ശതമാനം ദൂരവും 60ശതമാനം സമയവും സീറോ എമിഷൻ ഇലക്ട്രിക് മോഡിൽ യാത്ര ചെയ്യാൻ സഹായിക്കുന്നു. ലീറ്ററിന് 16.35 കിലോമീറ്ററാണ് വാഹനത്തിന്റെ ഇന്ധനക്ഷമത.

വെൽഫയറിനൊപ്പം അടുത്തിടെ ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾക്കനുസരിച്ച് പരിഷ്കരിച്ചു വില്പനക്കെത്തിയ കാംറി ഹൈബ്രിഡിന്റെ വിലയും ടൊയോട്ട വർദ്ധിപ്പിക്കുമെന്നാണ് സൂചന. ഇന്നോവ ക്രിസ്റ്റയുടെ വില കൂട്ടിയതും അടുത്തിടെയാണ്.

toyota vellfire
Advertisment