Advertisment

ആബി വെള്ളച്ചാട്ടം മുതല്‍ നിലക്കണ്ടി വെള്ളച്ചാട്ടം വരെ; 'ഇന്ത്യയുടെ സ്കോട്ട്‌ലൻഡ്' എന്നും അറിയപ്പെടുന്ന കൂർഗിലേക്കൊരു യാത്ര

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

പച്ചപ്പും ഓറഞ്ചു തോട്ടങ്ങളും വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളും മനോഹരമായ വെള്ളച്ചാട്ടങ്ങളുമെല്ലാമായി പ്രകൃതിയുടെ സൗന്ദര്യം അങ്ങേയറ്റം നിറഞ്ഞ ഇടമാണ് കൂര്‍ഗ്.  'ഇന്ത്യയുടെ സ്കോട്ട്‌ലൻഡ്' എന്നും അറിയപ്പെടുന്ന കൂർഗ് കാവേരി നദിയുടെ ഉത്ഭവസ്ഥാനം കൂടിയാണ്.

Advertisment

publive-image

സാധാരണയായി തണുപ്പുകാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറെ അനുയോജ്യമെങ്കിലും വേനല്‍ക്കാലത്തും സഞ്ചാരികള്‍ക്ക് ആസ്വദിക്കാനായി നിറയെ കാഴ്ചകളും നിരവധി അനുഭവങ്ങളും ഇവിടെയുണ്ട്.

1. ആബി വെള്ളച്ചാട്ടം

നഗരമധ്യത്തിൽ നിന്ന് 5.5 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ആബി വെള്ളച്ചാട്ടം കൂർഗിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ്. സീസണ്‍ വ്യത്യാസമില്ലാതെ ഇവിടേക്ക് സഞ്ചാരികള്‍ ഒഴുകിയെത്തുന്നു.

സുഗന്ധവ്യഞ്ജന എസ്റ്റേറ്റുകൾക്കും കാപ്പിത്തോട്ടങ്ങൾക്കും ഇടയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് നോക്കിയാല്‍ ഒരു കിലോമീറ്റർ ചുറ്റളവിൽ മടിക്കേരി കാണാം. മൺസൂൺ കഴിഞ്ഞ് നവംബറിനും ഡിസംബറിനും ഇടയിലുള്ള സമയമാണ് ഈ സ്ഥലം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം.

2. മടിക്കേരി കോട്ട

പതിനേഴാം നൂറ്റാണ്ടിൽ മടിക്കേരിയെ തലസ്ഥാന നഗരമാക്കിയ സമയത്തായിരുന്നു ഈ കോട്ട നിർമ്മിച്ചത്. പിന്നീട് ടിപ്പു സുൽത്താൻ ഉൾപ്പെടെ നിരവധി ഭരണാധികാരികൾ ഈ കോട്ട പിടിച്ചെടുത്തു.

ബ്രിട്ടീഷ് സാമ്രാജ്യത്വകാലത്ത് ഈ കോട്ടയില്‍ പല മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. പ്രവേശന കവാടത്തിൽ ഭീമാകാരമായ ആനരൂപങ്ങളും പുരാവസ്തുക്കളുടെ ഒരു ശേഖരമുള്ള മ്യൂസിയവും ഉണ്ട്. നഗരമധ്യത്തില്‍ നിന്നും കഷ്ടിച്ച് ഒരു കിലോമീറ്റര്‍ ദൂരമേ ഇവിടെക്കുള്ളൂ.

3. മല്ലല്ലി വെള്ളച്ചാട്ടം

നഗരമധ്യത്തിൽ നിന്ന് 53 കിലോമീറ്റർ അകലെയുള്ള മല്ലല്ലി വെള്ളച്ചാട്ടം കണ്ണിനു കുളിരേകുന്ന കാഴ്ചയാണ്. കുടക് ജില്ലയുടെ വടക്കൻ മേഖലയിൽ, സോംവാർപേട്ടിൽ നിന്ന് അൽപ്പം അകലെ പുഷ്പഗിരി കുന്നുകളുടെ ചുവട്ടിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം അറബിക്കടലിലാണ് ചെന്നുചേരുന്നത്.

4. കുട്ട

ഗോണികൊപ്പലിലെ ഒരു ചെറിയ ഗ്രാമമാണ് കുട്ട, കാവേരിയുടെ നദീതീരങ്ങളിൽ പിക്നിക് നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച ഇടമാണിത്, കൂടാതെ ട്രെക്കിങ്ങിനും സൗകര്യമുണ്ട്. നാഗർഹോള ദേശീയ ഉദ്യാനത്തിന്‍റെ പ്രവേശന കവാടമാണ് കുട്ട.

5. ഹണി വാലി

കക്കബെയിൽ നിന്ന് 7 കിലോമീറ്ററും വിരാജ്പേട്ടിൽ നിന്ന് 27 കിലോമീറ്ററും മടിക്കേരിയിൽ നിന്ന് 48 കിലോമീറ്ററും അകലെ കൂർഗ് ജില്ലയിലെ കബിൻകാട് ഗ്രാമത്തിന് സമീപം, നിബിഡ വനങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് ഹണി വാലി അഥവാ നിലക്കണ്ടി വെള്ളച്ചാട്ടം.

ഏകദേശം 50 അടി ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന ഇത് ശാന്തമായ വെള്ളച്ചാട്ടമാണ്. സാധാരണയായി എല്ലാ സീസണിലും ഇവിടെ നിരവധി ട്രെക്കർമാരെയും സാഹസിക യാത്രക്കാരെയും കാണാൻ കഴിയും. 75 ഏക്കറിൽ കാപ്പി, ഏലം, കുരുമുളക് തോട്ടങ്ങൾ വ്യാപിച്ചുകിടക്കുന്ന ഒരു എസ്റ്റേറ്റും സ്വകാര്യ റിസോർട്ടും ഇതിനരികിലുണ്ട്.

Advertisment