Advertisment

ഇന്ത്യയടക്കം കൂടുതല്‍ രാജ്യങ്ങള്‍ സര്‍വീസുകള്‍ വിലക്കിയതോടെ ഒറ്റപ്പെട്ട അവസ്ഥയിലേക്ക് യുകെ; ജനം ആശങ്കയില്‍

New Update

publive-image

Advertisment

ലണ്ടന്‍: കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങള്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച പശ്ചാത്തലത്തില്‍ യുകെ ഒറ്റപ്പെടുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളാണ് സര്‍വീസുകള്‍ നിര്‍ത്തിയത്.

ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ഡിസംബര്‍ 31 അര്‍ധരാത്രി വരെയാണ് ഇന്ത്യ യുകെയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. മുന്‍കരുതലുകളുടെ ഭാഗമായി ചൊവ്വാഴ്ച അര്‍ദ്ധ രാത്രിക്ക് മുമ്പായി യുകെയില്‍ നിന്നെത്തുന്ന എല്ലാ യാത്രക്കാരും വിമാനത്താവളങ്ങളിലെത്തുമ്പോള്‍ നിര്‍ബന്ധിത ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. യുകെ വഴി വരുന്ന വിമാന യാത്രികര്‍ക്കും പരിശോധന നിര്‍ബന്ധമാണ്.

നെതര്‍ലന്‍ഡ്‌സാണ് യുകെയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ച ആദ്യ രാജ്യം. റഷ്യ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ഡെന്മാര്‍ക്ക്, അയര്‍ലന്‍ഡ്, ഓസ്ട്രിയ, പോര്‍ച്ചുഗല്‍, സ്വീഡന്‍, ബെല്‍ജിയം, ബള്‍ഗേറിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, ക്രൊയേഷ്യ, ഫിന്‍ലാന്‍ഡ്, റൊമേനിയ, ചെക്ക് റിപ്പബ്ലിക്, ലാത്വിയ, എസ്റ്റോണിയ, ലിത്വാനിയ എന്നീ യൂറോപ്യന്‍ രാജ്യങ്ങളും, കാനഡയും, അര്‍ജന്റീന, എല്‍ സാല്‍വഡോര്‍, ചിലി, കൊളംബിയ, പെറു, ഇക്വഡോര്‍ എന്നീ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും, തുര്‍ക്കി, ഇസ്രായേല്‍, ഇറാന്‍, കുവൈറ്റ് മൊറോക്കോ എന്നീ രാജ്യങ്ങളും യുകെയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചിട്ടുണ്ട്.

സൗദി അറേബ്യയും, ഒമാനും തങ്ങളുടെ കര, വായു, കടല്‍ അതിര്‍ത്തികളെല്ലാം അടച്ചു. ഹോങ്കോങും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട.് മലയാളികള്‍ അടക്കം യുകെയില്‍ താമസിക്കുന്നവരെല്ലാം ആശങ്കയിലാണ്. ലോക്ക്ഡൗണില്‍ ഏര്‍പ്പെടുത്തിയതിനെക്കാളും കൂടുതല്‍ നിയന്ത്രണങ്ങളിലേക്കാണ് രാജ്യം കടക്കുന്നതെന്നാണ് വിവരം.

ബ്രിട്ടനില്‍ കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചിരുന്നു. ആദ്യവൈറസിനെക്കാള്‍ 70 ശതമാനമധികം വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നതാണ് പുതിയ വൈറസെന്നാണ് റിപ്പോർട്ട്.

Advertisment