Advertisment

സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനം വര്‍ധിക്കുന്നതോടെ സമൂഹവ്യാപന ഭീഷണിയില്‍ സംസ്ഥാനം; തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച 27 പേരില്‍ 22 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കം വഴി; തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; നഗരം പൂര്‍ണമായി അടച്ചിടും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: സമ്പര്‍ക്കം വഴി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതോടെ സംസ്ഥാനം സമൂഹവ്യാപന ഭീഷണിയില്‍. ഞായറാഴ്ച 38 പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം ബാധിച്ചത്. തിരുവനന്തപുരത്ത് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച 27 പേരില്‍ 22 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

സമ്പർക്കത്തിലൂടെ രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം കോർപറേഷനിൽ ഒരാഴ്ചത്തേക്ക് ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ 6 മുതൽ മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരും. നഗരം പൂർണമായും അടച്ചിടും. അനാവശ്യമായി ആരും പുറത്തിറങ്ങാൻ പാടില്ലെന്നാണ്‌ നിർദേശം.

അടുത്ത ഏഴ് ദിവസം സെക്രട്ടറിയേറ്റ് പ്രവർത്തിക്കില്ല. മെഡിക്കൽ ഷോപ്പും, അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറക്കും. പൊലീസ് ആസ്ഥാനവും പ്രവർത്തിക്കും. പൊതു ഗതാഗതം ഉണ്ടാവില്ല. സര്‍ക്കാര്‍ ഓഫീസുകളും കോടതികളും പ്രവര്‍ത്തിക്കില്ല. ആവശ്യ ആരോഗ്യസേവനങ്ങള്‍ക്ക് മാത്രമാവും പുറത്തിറങ്ങാന്‍ അനുമതി ഉണ്ടാവുക.  അടുത്ത ഏഴ് ദിവസം സെക്രട്ടറിയേറ്റ് പ്രവർത്തിക്കില്ല.

പ്രധാന സർക്കാർ ഓഫിസുകൾ ഉൾപ്പെടെയുള്ളവ പ്രവർത്തിക്കുന്ന നഗരമേഖലയിലും നഗരത്തോട് ചേർന്നു കിടക്കുന്ന മണക്കാട്, പേട്ട, പൂന്തുറ എന്നിവിടങ്ങളിലുമാണ് കൂടുതൽ സമ്പർക്ക രോഗികള്‍. സമ്പർക്കം അറിയാത്ത രോഗികളിൽ ഓൺലൈൻ ഫുഡ് ഡെലിവറി ജീവനക്കാരൻ, പാളയത്തെ ഷോപ്പിങ് കോംപ്ലക്സിലെ ജീവനക്കാരൻ, എആർ ക്യാംപിലെ പൊലീസുകാരൻ, പൂന്തുറയ്ക്കു സമീപം കുമരിച്ചന്തയിലെ മീൻകച്ചവടക്കാരനും ഉൾപ്പെടുന്നു.

തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച പലര്‍ക്കും യാതൊരു യാത്രാപശ്ചാത്തലവുമില്ലാതെയാണ് കൊവിഡ് ബാധിച്ചത്. കോഴിക്കോട് ജില്ലയിലെ അഞ്ച് പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ നാല് പേര്‍ക്കും, എറണാകുളം ജില്ലയിലെ മൂന്ന് പേര്‍ക്കും, മലപ്പുറം ജില്ലയിലെ രണ്ട് പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഒരാള്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

തലസ്ഥാന നഗരി അഗ്നിപര്‍വതത്തിന്റെ മുകളിലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ പ്രതികരിച്ചിരുന്നു. നിലവില്‍ സമൂഹവ്യാപനം ഉണ്ടായിട്ടില്ല. സമൂഹവ്യാപനം ഉണ്ടായാല്‍ അതുമറച്ചുവെയ്ക്കാനാകില്ല. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം. സ്ഥിതി അതിസങ്കീര്‍ണമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment