Advertisment

ട്രംപിന്റെ സന്ദര്‍ശനച്ചെലവ്: 12.5 കോടി മാത്രമെന്ന് വിജയ് രുപാണി

New Update

അഹമ്മദാബാദ്: യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഗുജറാത്ത് സന്ദര്‍ശിച്ചു മടങ്ങിയിട്ടും വിവാദം ബാക്കി. ട്രംപിനു വരവേല്‍പ്പ് നല്‍കുന്നതുമായി ബന്ധപ്പെട്ടു സുരക്ഷാ സന്നാഹങ്ങള്‍ക്കും നഗര സൗന്ദര്യവത്ക്കരണത്തിനും മറ്റുമായി നൂറു കോടിയിലധികം രൂപ ചെലവഴിച്ചുവെന്നതു വിവാദത്തിനിടയാക്കിയിരുന്നു.

Advertisment

publive-image

ട്രംപ് അഹമ്മാദാബാദില്‍ തങ്ങിയ മൂന്നു മണിക്കൂറുകളുടെ ചെലവ് ഒരു മിനിട്ടിന് 55 ലക്ഷം രൂപ എന്നാണു കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍, അതെല്ലാം അടിസ്ഥാനരഹിതമാണെന്നു ഖണ്ഡിച്ചു മുഖ്യമന്ത്രി വിജയ് രുപാണി തന്നെ രംഗത്തെത്തി.

ട്രംപിന്റെ സന്ദര്‍ശനത്തിനു സംസ്ഥാന സര്‍ക്കാര്‍ വെറും എട്ടു കോടിയും അഹമ്മദാബാദ് കോര്‍പറേഷന്‍ നാലര കോടിയും മാത്രമേ മുടക്കിയിട്ടുള്ളൂ എന്നു മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. അതല്ലാതെയുള്ള കണക്കുകളെല്ലാം പ്രതിപക്ഷ കക്ഷികളുടെ കെട്ടുകഥകള്‍ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ തിങ്കളാഴ്ച ട്രംപിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ചു ചേരികളുടെയും മറ്റും ദയനീയമുഖം മറയ്ക്കാന്‍ അരക്കിലോമീറ്റര്‍ നീളത്തില്‍ നാലടി ഉയരത്തില്‍ മതില്‍ കെട്ടുകയും നഗരത്തിലെ പ്രധാന വീഥികളിലെ ചുവരുകളെല്ലാം ചായമടിച്ചു ട്രംപിന്റെയും മോദിയുടെയും ചിത്രങ്ങള്‍ വരയ്ക്കുകയും മറ്റും ചെയ്തിരുന്നു.

പതിനയ്യായിരത്തോളം പൊലീസുകാരെ വിന്യസിച്ചിരുന്നു. ഒന്നേകാല്‍ ലക്ഷത്തോളം ആളുകള്‍ക്കായി മൊട്ടേര സ്റ്റേഡിയത്തില്‍ ലഘുഭക്ഷണമടക്കം ആതിഥ്യം ഒരുക്കിയിരുന്നു. ഇതിനെല്ലാം കൂടി നൂറു കോടിയോളം രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്നു മുടക്കിയതായി ആരോപണം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണു മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ കണക്കു നിയമസഭയില്‍ വെളിപ്പെടുത്തിയത്.

സര്‍ക്കാരും കോര്‍പറേഷനും മുടക്കിയ പന്ത്രണ്ടരക്കോടിയില്‍ കവിഞ്ഞ ചെലവുകളെല്ലാം നഗര അടിസ്ഥാനസൗകര്യ വികസനത്തിന്റെ ഭാഗമായി നേരത്തേ തന്നെ അനുവദിക്കപ്പെട്ടതാണെന്നും ട്രംപിന്റെ സന്ദര്‍ശനവുമായി അതിന് ഒരു ബന്ധമില്ലെന്നുമാണു മുഖ്യമന്ത്രി വ്യക്തമാക്കിയത്.

സന്ദര്‍ശനത്തിന്റെ പേരില്‍ സര്‍ക്കാര്‍ കോടികള്‍ ധൂര്‍ത്തടിച്ചുവെന്നു കോണ്‍ഗ്രസ് അംഗങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ചിരുന്നു. ഈ ധൂര്‍ത്തിനുള്ള ഫണ്ട് എവിടെനിന്നാണെന്നു വ്യക്തമാക്കണമെന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും നേരത്തേ ആവശ്യപ്പെട്ടിരുന്നു.

trump vijay rupani visit cost gujarat
Advertisment