Advertisment

യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മടങ്ങി

New Update

ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനു ശേഷം യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പത്‌നി മെലനിയയും മടങ്ങി. രാഷ്ട്രപതി റാം നാഥ് കോവിന്ദ് രാഷ്ട്രപതി ഭവനില്‍ ഒരുക്കിയ വിരുന്നു സല്‍ക്കാരത്തില്‍ പങ്കെടുത്തശേഷം രാത്രി 10 നാണ് ട്രംപും പത്‌നിയും യുഎസിലേക്കു മടങ്ങിയത്.

Advertisment

publive-image

പത്‌നി മെലനിയയുടെ കൈപിടിച്ചും മകള്‍ ഇവാന്‍കയെയും മരുമകന്‍ ജാറെദ് കഷ്‌നറെയും ഒപ്പം കൂട്ടിയും തന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ ട്രംപിനെ തിങ്കളാഴ്ച അഹമ്മദാബാദ് വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആലിംഗനം ചെയ്താണ് വരവേറ്റത്. സബര്‍മതി ആശ്രമത്തിലേക്കായിരുന്നു ആദ്യ യാത്ര.

വിമാനത്താവളത്തില്‍ നിന്ന് റോഡ് ഷോ ആയാണ് ആശ്രമത്തിലെത്തിയത്. ഇവിടെ അല്‍പനേരം ചെലവഴിച്ച ശേഷം ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനമായ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ 'നമസ്‌തേ ട്രംപ്' സ്വീകരണച്ചടങ്ങില്‍ അദ്ദേഹം പങ്കെടുത്തു. സ്റ്റേഡിയത്തിലെ ഒരുലക്ഷത്തിലേറെ ആളുകളുടെ ആവേശത്തിലൂടെ അദ്ദേഹം ഇന്ത്യയുടെ മനം നിറഞ്ഞ ആതിഥ്യം ഏറ്റുവാങ്ങി. ഒരു മണിക്കൂറോളം നീണ്ട സമ്മേളനത്തിനു ശേഷം ആഗ്രയിലേക്കു പറന്ന ട്രംപും മെലനിയയും മക്കളും താജ്മഹല്‍ സന്ദര്‍ശിച്ചു.

ചൊവ്വാഴ്ച രാഷ്ട്രപതി ഭവനിലെത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും പ്രഥമ വനിത മെലനിയ ട്രംപിനും ആചാരപരമായ സ്വീകരണം നല്‍കിയത്. രാഷ്ട്രപതി റാം നാഥ് കോവിന്ദും പത്‌നി സവിതാ കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചേര്‍ന്ന് ട്രംപിനെയും മെലനിയയെയും സ്വീകരിച്ചു. തുടര്‍ന്ന് സൈന്യത്തിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ ട്രംപ് പരിശോധിച്ചു. രാഷ്ട്രപതി ഭവനില്‍നിന്ന് രാജ്ഘട്ടിലെത്തിയ ട്രംപും മെലനിയയും മഹാത്മ ഗാന്ധിയുടെ സമാധിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു.

രാജ്ഘട്ടിലെ സന്ദര്‍ശക പുസ്തകത്തില്‍ ട്രംപ് ഇങ്ങനെ എഴുതി -'ഇന്ത്യയ്‌ക്കൊപ്പം അമേരിക്കന്‍ ജനത എന്നും നിലകൊള്ളും -മഹാത്മാ ഗാന്ധിയുടെ ദര്‍ശനം. ഇത് മഹത്തായ അംഗീകാരമാണ്'. തുടര്‍ന്ന് രാജ്ഘട്ടില്‍ വൃക്ഷത്തൈയും നട്ടാണ് ഇരുവരും അവിടെനിന്നു മടങ്ങിയത്. തുടര്‍ന്ന് നടന്ന ഉഭയകക്ഷി ചര്‍ച്ചകളുടെ ഭാഗമായി ഇന്ത്യയുടെ കര, നാവിക സേനകള്‍ക്കായി 30 ഹെലികോപ്റ്റര്‍ വാങ്ങുന്നതിനുള്ള കരാര്‍ യുഎസുമായി ഒപ്പുവച്ചു.

ഇന്ത്യന്‍ നാവിക സേനയ്ക്കായി 24 എംഎച്ച് 60 റോമിയോ ഹെലികോപ്റ്ററുകളും 6 അപ്പാച്ചി ഹെലികോപ്റ്ററുകളും വാങ്ങാനാണ് കരാര്‍. പ്രതിരോധം, ഊര്‍ജ, സാങ്കേതിക സഹകരണം, വ്യാപാരം തുടങ്ങിയ മേഖലകള്‍ ഉള്‍പ്പെടുന്നതാണ് സമഗ്ര പങ്കാളിത്തം.

ഇന്ത്യയിലെ ഗ്രാമങ്ങളിലും മറ്റും കണ്ടെയ്‌നറുകള്‍ ഉപയോഗിച്ച് ദ്രവീകൃത പ്രകൃതിവാതക വിതരണം സാധ്യമാക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും യുഎസിലെ എക്‌സണ്‍ മൊബീല്‍, ചാര്‍ട്ട് ഇന്‍ഡസ്ട്രീസ് എന്നിവയുമായി കരാര്‍ ഒപ്പുവച്ചു. മാനസികാരോഗ്യം, മെഡിക്കല്‍ ഉപകരണങ്ങളുടെ സുരക്ഷ, എന്നിവയിലും ധാരണപത്രമായി. ഡോണള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംയുക്ത പ്രസ്താവന നടത്തി. വ്യവസായ പ്രമുഖരുമായും ട്രംപ് കൂടികാഴ്ച നടത്തി.

wife trump us president retun
Advertisment