Advertisment

പ്രതിരോധ മേഖല പ്രതീക്ഷയില്‍, അടിസ്ഥാനസൗകര്യ വികസനം ആരോഗ്യമേഖലയില്‍ അനിവാര്യം; വ്യോമയാന മേഖലയില്‍ സഹായങ്ങള്‍ കൂടിയേ തീരൂ; കാര്‍ഷിക മേഖലയ്ക്കും വേണം കൈത്താങ്ങ്: കേന്ദ്ര ബജറ്റിലെ പ്രതീക്ഷകള്‍

New Update

publive-image

Advertisment

ന്യൂഡല്‍ഹി: കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റില്‍ ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് രാജ്യം. കൊവിഡ് മഹാമാരി വരുത്തിയ സാമ്പത്തിക ആഘാതങ്ങള്‍ക്കിടെയാണ് ഇത്തവണത്തെ ബജറ്റെന്നതാണ് മുഖ്യ പ്രത്യേകത. സ്വാതന്ത്ര്യലബ്ദിക്ക് ശേഷം ഇതാദ്യമായി സമ്പൂര്‍ണ കടലാസ് രഹിത ബജറ്റായിരിക്കും ഇത്തവണ അവതരിപ്പിക്കുന്നത്. ബജറ്റിലെ പ്രഖ്യാപനങ്ങള്‍ എന്തെല്ലാമായിരിക്കുമെന്ന ആകാംഷയിലും പ്രതീക്ഷയിലുമാണ് സമൂഹം.

പ്രതിരോധമേഖല

ലഡാക്ക് അതിര്‍ത്തിയിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ഉയര്‍ന്ന വിഹിതം നേടിയ പ്രതിരോധ മേഖലയെ ഇത്തവണത്തെ ബജറ്റിലും മുഖ്യമായി പരിഗണിക്കാനാണ് സാധ്യത. ഇതിനുപുറമെ, ഗവേഷണ-വികസന മേഖലയിലും പ്രതിരോധ മേഖലയ്ക്കുള്ള തദ്ദേശീയ സംഭരണത്തിലും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചേക്കാം.

ഇലക്ട്രോണിക്‌സ് മേഖല

കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ പ്രത്യേക ആനുകൂല്യങ്ങളൊന്നും കിട്ടിയില്ലെന്നാണ് ഈ മേഖലയിലുള്ളവരുടെ പരാതി. വില്‍പന വര്‍ധിപ്പിക്കാനുള്ള 'ഡിമാന്‍ഡ് പുഷ്', ഘടകവസ്തുക്കളുടെ (components) വിലയിലെ കുറവ് തുടങ്ങിയവ ഇലക്ട്രോണിക്‌സ് മേഖല ആവശ്യപ്പെടുന്നു.

ആദായനികുതി

നികുതി ഇളവിന്റെ അടിസ്ഥാന ശമ്പള പരിധി വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍. സെക്ഷന്‍ 80 സി പ്രകാരമുള്ള ആദായനികുതി ഇളവ് പരിധി ബജറ്റില്‍ 1.5 ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷമായി ഉയര്‍ത്താന്‍ സാധ്യതയുണ്ട്.

publive-image

ആരോഗ്യമേഖല

ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി ബജറ്റില്‍ കേന്ദ്രം നല്ലൊരു തുക വകയിരുത്താന്‍ സാധ്യത ഏറെയാണ്. ആരോഗ്യമേഖലയെ നന്നായി പരിഗണിക്കേണ്ടതിന്റെ പ്രാധാന്യം കൊവിഡ് മഹാമാരി ഉയര്‍ത്തിക്കാട്ടിയിരുന്നു. ഉയര്‍ന്ന ബജറ്റ് വിഹിതത്തിനോടൊപ്പം, ആരോഗ്യമേഖലയില്‍ നികുതി ഇളവുകളും പ്രതീക്ഷിക്കുന്നുണ്ട്. പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ ആരോഗ്യസേവനങ്ങള്‍ ശക്തിപ്പെടുത്തിയേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സ്ത്രീകളും പ്രതീക്ഷയില്‍

നൈപുണ്യ വികസനത്തിന്റെയും സംരഭകത്വ പരിപാടികളുടെയും വ്യാപ്തി വര്‍ധിപ്പിച്ചുകൊണ്ട് സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്രം പ്രഖ്യാപിക്കുമെന്ന് കരുതാം. ബജറ്റില്‍ നികുതി ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് വനിതാ ജീവനക്കാരും.

ബാങ്കിംഗ് മേഖല

പൊതു മേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയാസ്തികള്‍ ഏറ്റെടുക്കുന്നതിനായി ബാഡ് ബാങ്ക് സ്ഥാപിക്കുമെന്ന പ്രഖ്യാപനം നിര്‍മ്മല സീതാരാമന്‍ നടത്തുമെന്നാണ് ഈ മേഖലയിലുള്ളവര്‍ അഭിപ്രായപ്പെടുന്നത്.

സാമ്പത്തിക തട്ടിപ്പുകള്‍ അന്വേഷിക്കാന്‍ പ്രത്യേക ഏജന്‍സി വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ചില പൊതുമേഖലാ ബാങ്കുകളുടെ ഓഹരി വിറ്റഴിക്കുകയും സ്വകാര്യവല്‍ക്കരിക്കുകയും ചെയ്യുമെന്നും കരുതാം.

വാഹനമേഖലയുടെ ആവശ്യങ്ങള്‍

മറ്റെല്ലാ മേഖലകളെയും പോലെ കൊവിഡ് മഹാമാരി വാഹനമേഖലയ്ക്കും സാമ്പത്തിക ആഘാതങ്ങള്‍ സൃഷ്ടിച്ചിരുന്നു. വില്‍പന വേഗത്തില്‍ വീണ്ടെടുക്കുന്നതിനായി ബജറ്റില്‍ കൂടുതല്‍ നടപടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് വാഹന നിര്‍മാതാക്കള്‍.

publive-image

റെയില്‍വേ

ഈ മേഖലയിലെ പ്രഥമ പരിഗണന അടിസ്ഥാന സൗകര്യവികസനത്തിനും സ്വകാര്യവല്‍ക്കരണത്തിനുമാണ്. പാസഞ്ചര്‍ ട്രെയിന്‍ പ്രവര്‍ത്തനങ്ങളില്‍ പബ്ലിക്-പ്രൈവേറ്റ് പാര്‍ട്ടണര്‍ഷിപ്പ് (പിപിപി) നടപടികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കാം.

തൊഴില്‍ പ്രതീക്ഷകള്‍

ഉയര്‍ന്ന തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ചില 'പ്രോജക്ട്-ഓറിയന്റണ്ട്' മേഖലകള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ തുക ചെലവഴിക്കുമെന്ന് കരുതാം. എംഎന്‍ആര്‍ഇജിഎ പോലുള്ള പദ്ധതികളും വിപുലീകരിച്ചേക്കാം.

കാര്‍ഷിക മേഖല

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ശക്തമായി തുടരുന്നതിനിടെയാണ് ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ, കര്‍ഷകര്‍ക്ക് സമാശ്വാസം പകരാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്നുണ്ടാകാം. അതോടൊപ്പം, സംഭരണം, വെയര്‍ഹൗസിംഗ് ശേഷി തുടങ്ങിയവ വിപുലീകരിക്കാനും സാധ്യതയുണ്ട്.

publive-image

പ്രതീക്ഷയില്‍ വ്യോമയാന മേഖല

കൊവിഡ് മഹാമാരി ഏറ്റവും കൂടുതല്‍ തകര്‍ത്തത് വ്യോമയാന മേഖലയെയാണെന്ന് നിസംശയം പറയാം. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ സഹായങ്ങള്‍ ഈ മേഖലയ്ക്ക് അനിവാര്യവുമാണ്. വ്യോമായന മേഖലയ്ക്ക് ആശ്വാസം നല്‍കുന്ന നടപടികള്‍ സര്‍ക്കാര്‍ തീര്‍ച്ചയായും പരിഗണിക്കുമെന്നാണ് കരുതേണ്ടത്.

വിദ്യാഭ്യാസ മേഖല

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പഠനരീതിയിലേക്ക് ചുവടുമാറിയ വിദ്യാഭ്യാസ മേഖലയും ഏറെ പ്രതീക്ഷയിലാണ്.

ഗ്രാമ-നഗര ഭേദമില്ലാതെ ഇ-ലേണിംഗിന് കരുത്ത് പകരാന്‍ കൂടുതല്‍ ഫണ്ട് അനുവദിക്കാന്‍ സാധ്യതയുണ്ട്. വിദ്യാഭ്യാസ ടെക്‌നോളജി മേഖലയെ ശക്തിപ്പെടുത്തുന്നതിന് ഉയര്‍ന്ന നിക്ഷേപങ്ങളും അനുവദിച്ചേക്കാം.

ഭവനമേഖല

കൊവിഡ് മഹാമാരി സേവിംഗ്‌സ് മേഖലയെ സാരമായി ബാധിച്ചിരുന്നു. ഹൗസ്‌ഹോള്‍ഡ് സേവിംഗ്‌സ് കഴിഞ്ഞ വര്‍ഷം ഇടിഞ്ഞതിനാല്‍ ദീര്‍ഘകാല സേവിംഗ്‌സില്‍ നിക്ഷേപിക്കാന്‍ ആളുകള്‍ മടിച്ചു. സേവിംഗ്‌സ് / നിക്ഷേപം പ്രോത്സാഹിപ്പിച്ച് ബജറ്റില്‍ സര്‍ക്കാര്‍ ഈ പ്രശ്‌നം പരിഹരിക്കുമെന്നാണ് പ്രതീക്ഷ.

റിയല്‍ എസ്റ്റേറ്റ് മേഖലയും പ്രതീക്ഷയില്‍

കൊവിഡ് വരുത്തിയ ആഘാതത്തില്‍ നിന്ന് മുക്തി നേടാന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിരവധി നയപരമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഭവന പദ്ധതികളുടെ വ്യാപ്തി വര്‍ധിപ്പിച്ചും വീടുകള്‍ വാങ്ങുന്നവര്‍ക്ക് കൂടുതല്‍ നികുതി ആനുകൂല്യങ്ങള്‍ നല്‍കിയും നടപടി ഉണ്ടാകുമെന്നാണ് ഈ മേഖലയുടെ പ്രതീക്ഷ. ഹൗസിംഗ് ഡിമാന്‍ഡുകള്‍ വര്‍ധിപ്പിക്കുന്നതിനായി എസ്.ഒ.പി (Standard operating procedure)കളുടെ രൂപത്തില്‍ ഉത്തേജനം ബജറ്റിലൂടെയുണ്ടാകണമെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു.

ഭവന നിര്‍മ്മാണത്തിനുള്ള നികുതി ഇളവ്, ജിഎസ്ടി എഴുതിത്തള്ളല്‍, വ്യക്തിഗത നികുതി ഇളവ്, ലിക്വിഡിറ്റി ലഘൂകരിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയവയാണ് റിയല്‍ എസ്റ്റേറ്റ് മേഖലയുടെ പ്രധാന ആവശ്യങ്ങള്‍.

പുകയില, മദ്യം എന്നിവയ്ക്ക് നികുതി വര്‍ധന?

പുകയില, മദ്യം തുടങ്ങിയവയ്ക്ക് കേന്ദ്രം നികുതി വര്‍ധിപ്പിക്കാനാണ് സാധ്യത.

Advertisment