Advertisment

പി.എസ്.ജിയിലെ അവസാന മത്സരത്തിൽ തോൽവിയോടെ മടക്കം

New Update

publive-image

Advertisment

പാരീസ്: പി.എസ്.ജി ജഴ്‌സിയിൽ തന്റെ അവസാന മത്സരത്തിനിറങ്ങിയ സൂപ്പർ താരം ലയണൽ മെസ്സിക്ക് തോൽവിയോടെ മടക്കം. ലീഗ് വണ്ണിൽ ക്ലെർമണ്ട് ഫൂട്ടിനെതിരെയായിരുന്നു പി.എസ്.ജിയിൽ മെസ്സിയുടെ അവസാന മത്സരം. 3-2നായിരുന്നു പി.എസ്.ജിയുടെ തോൽവി. ജൊഹാൻ ഗസ്റ്റിൻ, മെഹ്ദി സെഫാനെ, ഗ്രെജോൺ ക്യയി എന്നിവരാണ് ക്ലെർമോണ്ടിനായി ഗോൾ നേടിയത്. സെർജിയോ റാമോസും കിലിയൻ എംബാപ്പെയുമായിരുന്നു പി.എസ്.ജിയുടെ ഗോൾ സ്‌കോറർമാർ.

രണ്ട് വർഷങ്ങൾക്ക് മുമ്പ് കാറ്റലോണിയൻ മണ്ണിൽനിന്ന് ഇറങ്ങിയപ്പോൾ യൂറോപ്യൻ ചാമ്പ്യൻമാരാവുക എന്ന ലക്ഷ്യത്തോടെയാണ് പി.എസ്.ജി മെസ്സിയെ സ്വന്തം ക്യാമ്പിലെത്തിച്ചത്. എന്നാൽ പാരീസിന്റെ മണ്ണിലേക്ക് ആ മോഹക്കപ്പ് കൊണ്ടുവരികയെന്ന സ്വപ്‌നം പൂവണിയാതെയാണ് അയാൾ മഹാനഗരത്തോട് വിടപറയുന്നത്.സീസൺ അവസാനത്തോടെ മെസ്സി ക്ലബ്ബ് വിടുമെന്ന് പി.എസ്.ജി കോച്ച് ക്രിസ്‌റ്റോഫ് ഗാൽറ്റിയർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെ പരിശീലിപ്പിക്കാനുള്ള സൗഭാഗ്യമാണ് തനിക്ക് ലഭിച്ചതെന്നും ക്ലെർമോണ്ടിനെതിരായ മത്സരം പി.എസ്.ജി കുപ്പായത്തിൽ ലിയോയുടെ അവസാന മത്സരമായിരിക്കുമെന്നും ഗാറ്റ്‌ലിയർ പറഞ്ഞിരുന്നു.

അതേസമയം മെസ്സിയുടെ അടുത്ത ക്ലബ് ഏതെന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. സൂപ്പർ താരം സൗദി ക്ലബ്ബിലേക്ക് കൂടുമാറുമെന്ന തരത്തിൽ നേരത്തേ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്തകൾ അദ്ദേഹത്തിന്റെ പിതാവ് തള്ളിയിരുന്നു. തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് തന്നെ അദ്ദേഹം തിരിച്ചെത്തുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ബാഴ്‌സ പരിശീലകനും മെസ്സിയുടെ സുഹൃത്തുമായ സാവി ഇതിനായി ശ്രമങ്ങൾ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

Advertisment