Advertisment

ഹൃദയപൂർവ്വമായ പെരുമാറ്റം, എല്ലാവരുടെയും അം​ഗീകാരം പിടിച്ചുപറ്റിയ നേതാവ്, ഉമ്മൻ ചാണ്ടിയുടെ വിയോ​ഗം കേരള രാഷ്ട്രീയത്തിന് തന്നെ വലിയ നഷ്ടം, എം വി ​ഗോവിന്ദൻ മാസ്റ്റർ

New Update

publive-image

Advertisment

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ഏറ്റവും പ്രമുഖമായ രാഷ്ട്രീയ നേതൃത്വമായി ഉയർന്നുവന്ന കോൺ​ഗ്രസ് നേതാക്കളിൽ പ്രമുഖനായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി​ ​ഗോവിന്ദൻ മാസ്റ്റർ അനുസ്മരിച്ചു. ഉമ്മൻ ചാണ്ടി നമ്മളെ വിട്ടുപിരിഞ്ഞിരിക്കുകയാണ്. കക്ഷി രാഷ്ട്രീയത്തിന് അപ്പുറം സൗഹൃദവും ഹൃദയപൂർവ്വമായ പെരുമാറ്റവും കൊണ്ട് എല്ലാവരുടെയും അം​ഗീകാരം പിടിച്ചുപറ്റിയ രാഷ്ട്രീയ നേതൃത്വമായിരുന്നു ഉമ്മൻ ചാണ്ടി.

മുഖ്യമന്ത്രിയായാലും പ്രതിപക്ഷ നേതാവായാലും മന്ത്രിയെന്ന നിലയിലും രാഷ്ട്രീയ നേതാവെന്ന നിലയിലുമെല്ലാം ജനങ്ങളോടൊപ്പം അണിചേർന്ന് പ്രവർത്തിച്ച ജനകീയനായ ഏറ്റവും പ്രമുഖ കോൺ​ഗ്രസ് നേതാവായിരുന്നു ഉമ്മൻ ചാണ്ടി. ഒരു കാലഘട്ടം മുഴുവൻ കേരളത്തിലെ രാഷ്ട്രീയ രം​ഗത്ത് നിറഞ്ഞു നിന്നു. സ്ഥിരോത്സാഹിയായ രാഷ്ട്രീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി. ഒരേ മണ്ഡലത്തിൽ തന്നെ സ്ഥിരമായി ജനപ്രതിനിധിയാകുക. അവരുടെ സ്നേഹം നേടിയെടുക്കുക. ഏത് സങ്കീർണതയുടെ മുന്നിലും പതറാതെ സംഘടനാ പ്രവർത്തനത്തിന് നേതൃത്വം നൽകുക. കോൺ​ഗ്രസ് നേതാവെന്ന നിലയിൽ ഉമ്മൻ ചാണ്ടിയുടെ വിയോ​ഗം കേരള രാഷ്ട്രീയത്തിന് തന്നെ വലിയ നഷ്ടമാണെന്നും ​​ഗോവിന്ദൻ മാസ്റ്റർ പറ‍ഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ സ്മരണ, ഇന്നത്തെ ദു:ഖകരമായ സാഹചര്യം, ഉമ്മൻ ചാണ്ടിയുടെ കുടുംബം, ഉമ്മൻ ചാണ്ടിക്കൊപ്പം പ്രവർത്തിച്ച നേതാക്കൾ പ്രവർത്തകർ, കേരളത്തിലെ ജനങ്ങൾ അനുഭവിക്കുന്ന ദു:ഖത്തോടൊപ്പം പങ്കുചേർന്ന് അനുശോചനം അറിയിക്കുന്നതായി ​ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ അനുസ്മരണത്തോടൊപ്പം നിന്ന് ആദരാഞ്ജലികൾ അർപ്പിക്കുന്നതായും ​ഗോവിന്ദൻ മാസ്റ്റർ പറ‍ഞ്ഞു.

Advertisment