Advertisment

വര്‍ക്കല കനാല്‍ തുരങ്കം വീണ്ടും തുറക്കുന്നു

author-image
ഉല്ലാസ് ചന്ദ്രൻ
Updated On
New Update

ചരിത്രത്തിന്റെ ഭാഗമായ വര്‍ക്കല കനാല്‍ തുരങ്കത്തിന്റെ പുനര്‍നിര്‍മാണം പുരോഗമിക്കുകയാണ്. കനാലില്‍ അടിഞ്ഞുകൂടിയ മണ്ണും മലിനജലവും നീക്കംചെയ്ത് ആഴംകൂട്ടാന്‍ തുടങ്ങി. ഈ സെപ്തംബറില്‍ ബോട്ട് സര്‍വീസ് ആരംഭിക്കുംവിധം പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ജലപാതയ്ക്ക് തടസ്സമായിരുന്ന വര്‍ക്കലയിലെ രണ്ട് തുരപ്പുകളും വര്‍ഷങ്ങളായി ചെളിയും മണലും അടിഞ്ഞുകിടക്കുകയായിരുന്നു.

Advertisment

publive-image

  • വര്‍ക്കല കനാല്‍ തുരപ്പിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ വി. ജോയി എം.എല്‍.എ വിലയിരുത്തുന്നു

ചെറിയ തുരപ്പിന്റെ ആഴംകൂട്ടല്‍ പൂര്‍ത്തിയാക്കിയതായും വലിയ തുരപ്പിന്റെ പണി ഉടന്‍ ആരംഭിക്കുമെന്നും പൂര്‍ത്തീകരിച്ച ടണലിന്റെ ഉള്‍വശം പെയിന്റിംഗ്, - ലൈറ്റ്,- കോണ്‍ക്രീറ്റ് പണികള്‍ ഉടന്‍ നടത്തുമെന്നും വി. ജോയി എം.എല്‍.എ പറഞ്ഞു. 1876-ല്‍ ബ്രിട്ടീഷുകാരുടെ കാലത്താണ് വര്‍ക്കല കുന്നുകള്‍ തുരന്ന് തുരങ്കങ്ങള്‍ നിര്‍മിച്ചത്.

1870-ല്‍ കനാല്‍ നിര്‍മാണം ആരംഭിച്ചു. 1880-ല്‍ ശിവഗിരിയിലെ വലിയ തുരപ്പ് പൂര്‍ത്തിയായി. തുരങ്കത്തിന് 2374 അടി നീളമുണ്ട്. റെയില്‍വേ ലൈനും വര്‍ക്കലയിലെ പ്രധാന റോഡുകളുമെല്ലാം ഇതിനുമുകളിലൂടെയാണ്. ചിലക്കൂരിലെ ചെറിയ തുരപ്പിന് ഉദ്ദേശം 924 അടി നീളമുണ്ട്.

തുരങ്കങ്ങളില്‍ കുതിരക്കുളമ്പിന്റെ ആകൃതിയില്‍ ഇഷ്ടിക പാകിയിട്ടുണ്ട്. ഇംഗ്ലീഷുകാരായ സാങ്കേതിക വിദഗ്ധരാണ് ഇവ നിര്‍മിച്ചത്. ഇവയുടെ നിര്‍മാണ കാലത്താണ് കേരളവര്‍മ വലിയകോയിത്തമ്പുരാന്‍ മയൂര സന്ദേശമെഴുതിയത്. തുരപ്പിന്റെ നിര്‍മാണത്തെയും അതിനു മേല്‍നോട്ടം വഹിക്കുന്നവരുടെ സാങ്കേതികവൈഭവത്തെയും മയൂരസന്ദേശത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.

publive-image

  • വര്‍ക്കല കനാല്‍ തുരങ്കം (പഴയകാല ചിത്രം)

ഇരുവശവും ചരിച്ചുവെട്ടിയ കനാലില്‍ മണ്ണൊലിപ്പ് കശുമാവിന്‍തോട്ടവും വച്ചുപിടിപ്പിച്ചു. കാലക്രമേണ മറ്റ് വൃക്ഷങ്ങളും വളര്‍ന്ന് കൂറ്റന്‍ കാടായി. പ്രകൃതിയുടെ ഈ ഹരിത സാന്നിധ്യം മനുഷ്യരുടെ കൈയേറ്റത്തില്‍ നശിച്ചു. മണ്ണൊലിപ്പ് തടയാന്‍ സര്‍ക്കാര്‍ തലത്തില്‍ നടത്തിയ ശ്രമങ്ങള്‍ ഓരോ വര്‍ഷവും പരാജയപ്പെട്ടു. ഒഴുക്ക് നിലച്ചതോടെ ജലനിരപ്പ് ഉയര്‍ന്ന് ഉള്‍ഭാഗം ഇടിയാനും തുടങ്ങി.

ശിവഗിരി മഠം ഉള്‍പ്പെടെ നാട്ടുകാരും ബന്ധപ്പെട്ടവരും നിരന്തരം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് കൊല്ലം -കോട്ടപ്പുറം ജലപാതയുടെ ഭാഗമായി നവീകരണം ആരംഭിച്ചത്. തുരപ്പും കായലും നവീകരിച്ച് വിനോദസഞ്ചാരപ്രദമായ തരത്തില്‍ സജ്ജീകരിച്ച് ഓരോ ടൂറിസ്റ്റ് സീസണിലും സഞ്ചാരികള്‍ക്ക് രാജകീയ പ്രൗഢിയോടെ ഗതാഗതയോഗ്യമാക്കുമെന്നും എംഎല്‍എ അറിയിച്ചു.

varkala tunnel re open work
Advertisment