Advertisment

മഴക്കാലത്ത് ധൈര്യപൂർവ്വം കൃഷിചെയ്യാവുന്ന 3 പച്ചക്കറി ഇനങ്ങൾ

author-image
സത്യം ഡെസ്ക്
Updated On
New Update

കേരളത്തിലെ കാലാവസ്ഥയില്‍ ഏറ്റവും നന്നായി വളരുന്ന ഒരു പച്ചക്കറിയാണ് വെണ്ട. ടെറസ്സിലും , മണ്ണിലും നന്നായി വളരും. ടെറസ്സില്‍ ആണെങ്കില്‍ ഗ്രോ ബാഗില്‍ , ചാക്കില്‍ ഒക്കെ വളര്‍ത്താം. വെണ്ടക്കയിൽ ദഹനത്തിന് സഹായകരമായ നാരുകൾ ധാരാളം അടങ്ങിയിക്കുന്നു. കൂടാതെ ജീവകം എ, ജീവകം സി, ജീവകം കെ, കാൽ‌സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, മാംഗനീസ്, മാംസ്യം, ഇരുമ്പ്, സിങ്ക്, ചെമ്പ് എന്നീ ഘടങ്ങളും ധാരാളം അടങ്ങിയിരിക്കുന്നു.

Advertisment

publive-image

വെണ്ടയ്ക്ക ഉപയോഗിച്ച് സ്വാദിഷ്ട്ടമായ മെഴുക്കുപുരട്ടി , തീയല്‍ , സാമ്പാര്‍ ഇവ തയാറാക്കാം. അര്‍ക്ക അനാമിക , സല്‍കീര്‍ത്തി, അരുണ, സുസ്ഥിര തുടങ്ങിയവ ചില മികച്ചയിനം വേണ്ടകള്‍ ആണ്. ശാഖകളില്ലാത്ത ഇനം ആണ് അര്‍ക്ക അനാമിക, കായ്കള്‍ പച്ചനിറത്തില്‍ ഉള്ളവയാണ്. ഇളം പച്ചനിറത്തിലുള്ള നീളം കൂടിയ കായ്കള്‍ ആണ് സല്‍കീര്‍ത്തിയുടെ പ്രത്യേകത. അരുണ ആകട്ടെ ഇളം ചുവപ്പുനിറത്തില്‍ നീളംകൂടിയ കായ്കള്‍ തരുന്നു. സുസ്ഥിര പേര് പോലെ തന്നെ ദീര്‍ഘകാലം നിലനില്‍ക്കുന്ന ഇനമാണ്.

വിത്തുകള്‍ പാകിയാണ് വേണ്ട തൈകള്‍ മുളപ്പിക്കുന്നത്. നടുന്നതിന് മുന്‍പ് വിത്തുകള്‍ അല്‍പ്പ സമയം വെള്ളത്തില്‍ കുതിര്‍ത്തു വെക്കുന്നത് നല്ലതാണ്. സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ആണെങ്കില്‍ കൂടുതല്‍ നല്ലത്. വിത്തുകള്‍ വേഗം മുളക്കാനും രോഗപ്രതിരോധത്തിനും ഇത് നല്ലതാണ്. അടിവളമായി ചാണകപ്പൊടി ,എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക് , ഉണങ്ങിയ കരിയില ഇവ ഇടാം. കമ്മ്യുണിസ്റ്റ് പച്ചയുടെ ഇലകള്‍ ഇടുന്നത് നിമാവിരയെ അകറ്റും. വിത്ത് നടുമ്പോള്‍ വരികള്‍ തമ്മില്‍ 60 സെന്റിമീറ്ററും ചെടികള്‍ തമ്മില്‍ 45 സെന്റിമീറ്ററും അകലം വരാന്‍ ശ്രദ്ധിക്കുക. ഗ്രോ ബാഗ്‌ / ചാക്കില്‍ എങ്കില്‍ ഒരു തൈ വീതം നടുക. വിത്തുകള്‍ 3-4 ദിവസം കൊണ്ട് മുളക്കും. ആരോഗ്യമുള്ള തൈകള്‍ നിര്‍ത്തുക. ആദ്യ 2 ആഴ്ച വളങ്ങള്‍ ഒന്നും വേണ്ട. ഇടയ്ക്കിടെ സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) തളിച്ച് കൊടുക്കാം. ചെടികള്‍ക്ക് 3-4 ഇലകള്‍ വന്നാല്‍ ചാണകപ്പൊടി , മണ്ണിര കമ്പോസ്റ്റ് ഒക്കെ ഇട്ടു കൊടുക്കാം. ദ്രവ രൂപത്തിലുള്ള വളങ്ങള്‍ കൊടുക്കാം.

തണ്ട് തുരപ്പന്‍ ആണ് വെണ്ടയെ ആക്രമിക്കുന്ന പ്രധാന കീടം. വേപ്പിന്‍കുരു പൊടിച്ച് 24 മണിക്കൂര്‍ വെള്ളത്തിലിട്ട് ചീയിച്ച മിശ്രിതം ഇരട്ടി വെള്ളം ചേര്‍ന്ന് കീടനാശിനിയായി ഉപയോഗിക്കാവുന്നതാണ്. വേപ്പിന്‍ കുരു ലഭ്യമല്ലെങ്കില്‍ വേപ്പിന്‍ പിണ്ണാക്ക് ഇതേ പോലെ വെള്ളത്തില്‍ ഇട്ടു ഉപയോഗിക്കാം. രണ്ടാഴ്ച്ച കൂടുമ്പോള്‍ ഈ പ്രയോഗം ചെയ്യുന്നത് വളരെ നല്ലതാണ്. കൂടാതെ വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചത് തടത്തില്‍ ഇടയ്ക്കിടെ വിതറുന്നതും തുരപ്പനെ ഒഴിവാക്കും.

പയർ കൃഷിയും പരിചരണവും

വിത്ത് നേരിട്ട് തടത്തിലോ നടീൽ മിശ്രിതം നിറച്ച ഗ്രോബാഗിലോ പാകി പയർ കൃഷി ചെയ്യാം. നടുന്നതിനു മുമ്പ് വിത്തുകൾ സ്യൂഡോമൊണാസ് കൾചറിൽ പുരട്ടുക. വിത്തിടുന്നതിനു മുമ്പ് ജീവാണുവളമായ ‘വാം കൾചർ’ ഒരു നുള്ള് മണ്ണിൽ ചേർക്കുന്നതു നല്ലതാണ്. വിത്ത് ഇടുമ്പോൾ മണ്ണിൽ നല്ല ഈർപ്പം വേണം. ആദ്യ രണ്ടാഴ്ച തണൽ ക്രമീകരണവും അനിവാര്യം. ടെറസിലെ കൃഷിയിൽ ഒരുവശത്ത് വേലി പോലെ പന്തൽ നാട്ടി വള്ളികൾ കയറ്റി വിടാം. പന്തലിനു മുകളിൽ എത്തിയാൽ തലപ്പ് നുള്ളി കൂടുതൽ ശിഖരങ്ങൾ വരുത്തണം. ഇലകളുടെ വളർച്ച കൂടുതലാണെങ്കിൽ താഴത്തെ കുറച്ച് ഇലകൾ നുള്ളിക്കളയാം. ഇളം തണ്ടുകളും ഇലകളും ഉപയോഗിച്ച് സ്വാദിഷ്ടമായ കറികളും ഉണ്ടാക്കാം.

വളപ്രയോഗം

അടിവളമായി ഓരോ തടത്തിലും 10 കിലോ കംപോസ്റ്റ് ചേർക്കണം. തടത്തിലും ഗ്രോ ബാഗുകളിലും വിത്ത് ഇടുന്നതിന്റെ ഒരാഴ്‌ച മുമ്പ് കുമ്മായം നിർബന്ധം. 10 ദിവസത്തിലൊരിക്കൽ ഒരു കൈപ്പിടി ജൈവ വളക്കൂട്ട് ചുവട്ടിൽ ചേർക്കാം. ഓരോ വള പ്രയോഗത്തിനു മുമ്പും കുമ്മായം ചേർക്കണം. നന കുറച്ചു മതിയെങ്കിലും പൂക്കുമ്പോഴും കായ് പിടിക്കുമ്പോഴും ആവശ്യത്തിന് നന വേണം. വളപ്രയോഗവും ഈ സമയം നൽകണം .

പയറിനു കുമിൾരോഗങ്ങളും പുഴുക്കളുടെ ആക്രമണവും തടയാൻ കഞ്ഞിവെള്ളത്തിൽ ചാരം ചേർത്തു തളിക്കണം. പച്ചമുളകിനും ഇതു ഫലപ്രദം.

പയറിലെ ചിത്രകീടത്തെ നിയന്ത്രിക്കാൻ ഒരു ലീറ്റർ കരിങ്ങോട്ടയെണ്ണയിൽ 50 ഗ്രാം സോപ്പ് ചേർത്തു പതപ്പിച്ച ലായനി എട്ടിരട്ടി വെള്ളം ചേർത്തു നേർപ്പിച്ച് ചെടികൾക്കു തളിക്കുക.

പയറിന്റെ കടചീയലിനു ചാണകത്തിന്റെ തെളിവെള്ളം കടയ്ക്കൽ ഒഴിക്കുന്നതു നന്ന്.

പയറിലെ മുഞ്ഞയ്ക്കെതിരെ രാവിലെ ചാരം തൂവുന്നതു ഫലപ്രദം.

കഞ്ഞിവെള്ളം തളിച്ചു പയറിന്റെ നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ നശിപ്പിക്കാം

അമരത്തടത്തിൽ പഴയ കഞ്ഞിവെള്ളം നിറച്ചു നിർത്തുന്നതു നന്നായി പൂക്കുന്നതിനും കായ്ക്കു ന്നതിനും സഹായിക്കും

പയർ നട്ട് 35 ദിവസം പ്രായമാകുമ്പോൾ അടുപ്പുചാരം 100 ചുവടിന് 25 കിലോ എന്ന തോതിൽ ചുവട്ടിൽ വിതറിയാൽ പൂപൊഴിച്ചിൽ നിയന്ത്രിക്കാം.

പയറിലെ പൂവിലുണ്ടാകുന്ന പുഴുവിനെ തുരത്താൻ 20 ഗ്രാം കായം 10 ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ചു തളിക്കാം.

പയറിലെ നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ അകറ്റുന്നതിന് 250 ഗ്രാം കൂവളത്തില ഒരു ലീറ്റർ വെള്ളത്തി ൽ തിളപ്പിച്ച് തണുത്തശേഷം അതിലേക്ക് 250 മില്ലി പുതിയ ഗോമൂത്രം ചേർത്തു 10 ലീറ്റർ വെള്ളത്തിൽ നേർപ്പിച്ചു പയറിൽ തളിക്കുക.

പയറിലെ ചാഴിയെ അകറ്റുന്നതിന് പനവർഗത്തിൽപ്പെട്ട ഈന്ത് എന്ന ചെടിയുടെ (ആൺവർഗം) കായ് മുറിച്ചു ചെറിയ കഷണങ്ങളാക്കി തോട്ടത്തിൽ പല സ്ഥലത്തു വയ്ക്കുക.

പയറിലെ ചാഴി നിയന്ത്രണത്തിനു കാന്താരിമുളക് 100 ഗ്രാം, വെളുത്തുള്ളി 50 ഗ്രാം ഇവ ഇടിച്ചു പിഴിഞ്ഞു നീര് എടുത്തു 10 ലീറ്റർ വെള്ളത്തിൽ ചേർത്തു തളിക്കുക.

പയറിലെ ചാഴി, മുഞ്ഞ ഇവ തടയാൻ 150 ഗ്രാം കാന്താരിമുളക് പത്തു ലീറ്റർ വെള്ളത്തിൽ അരച്ചു കലക്കി അരിച്ചെടുത്തു തളിച്ചാൽ മതി

പയറിലെ റോക്കറ്റുപുഴുവിനു കാഞ്ഞിരത്തിന്റെ തൊലിയുംകൂടി ഇടിച്ചുപിഴിഞ്ഞ നീര് രണ്ടു ലീറ്റർ അടുപ്പത്തുവച്ചു വറ്റിച്ച് ഒരു ലീറ്റർ ആക്കുക. തണുത്ത ശേഷം 10ലീറ്റർ വെളളത്തിന് ഒരു ലീറ്റർ കണക്കി ൽ തളിച്ചുകൊടുക്കുക.

പയർ പൂവിടുന്നതിനു മുൻപ് ശിഖരങ്ങളുടെ തലപ്പത്തുള്ള ഒരില നിർത്തി തൊട്ടു താഴെയുള്ള രണ്ടെണ്ണം നുള്ളിക്കളയുക, കായ്പിടിത്തം കൂടും.

പയർകൃഷിയിൽ എരിപന്തൻ വലിക്കുന്നതാണ് ആദായകരവും വിളവ് കൂടുതൽ നൽകുന്നതും. നിര എടുത്ത്, തടം ശരിയാക്കുമ്പോൾ സൂര്യനഭിമുഖമായി കൃഷി ചെയ്യുന്നത് വിളവു കൂട്ടുന്നതായി കാണുന്നു.

പയറിൽ മുപ്പതു ദിവസം കൂടുമ്പോൾ കുമ്മായം ഇട്ടുകൊടുത്താൽ കരിമ്പിൻകേട് കുറയും.

നെൽപ്പാടത്തു കാണുന്ന അടയ്ക്കാണിയൻ ചെടി സമൂലം ഇടിച്ചു പിഴിഞ്ഞ്, വെള്ളത്തിൽ സോപ്പു ചേർത്തു നേർപ്പിച്ച ലായനി പച്ചക്കറികളിൽ തളിച്ചാൽ പല കീടങ്ങളും കുറയും. ചീര, പയർ എന്നിവയ്ക്ക് ഈ മരുന്ന് നന്ന്.

തണുത്ത ചാരമോ അറക്കപ്പൊടിയോ പയറിൽ വിതറിയാൽ മുഞ്ഞ ശല്യം കുറയും

കാഞ്ഞിരയില ഇടിച്ചുപിഴിഞ്ഞ നീരിൽ പച്ചവെളളവും സോപ്പും ചേർത്തു നേർപ്പിച്ചതു പയറിൽ തളി ച്ചാൽ ഇലയിൽ വരുന്ന കീടങ്ങൾ കുറയും

എരുമച്ചാണകം പച്ചവെള്ളത്തിൽ കലക്കി അമര, പയർ ഇവയ്കൊഴിച്ചാൽ നല്ല വിളവു കിട്ടും

അമര, ചതുരപ്പയർ തുടങ്ങി ഇനങ്ങൾ മഞ്ഞുകൊണ്ടാലേ കായ്ക്കുകയുള്ളൂ. ഒരിക്കൽ നട്ടുവളർത്തി യാൽ മൂപ്പെത്തിയ കായ്കൾ രണ്ടു മൂന്നെണ്ണം പറിക്കാതെ നിർത്തുക. ഇത് ഉണങ്ങിപ്പൊട്ടി മണ്ണിൽ വീഴും.

പയറുകളുടെ വിളവെടുപ്പുകാലം അവസാനിക്കാറാകുന്ന മുറയ്ക്ക് ഒരു അറ്റകൈ പ്രയോഗം നടത്താം.

300 മില്ലി തൈരിൽ 7 ചെറുനാരങ്ങയുടെ നീര് ചേർത്ത് നന്നായി ഇളക്കിയ ശേഷം മൂടിവയ്ക്കുക (60-62 മണിക്കൂർ വയ്ക്കണം. ഫ്രിഡ്ജിൽ വയ്ക്കരുത്). ഇതിൽ 45 ലീറ്റർ വെള്ളം ചേർത്ത് പയറിൽ തളിച്ചാൽ നല്ല ഒരു വിളവ് ഒറ്റ പ്രാവിശ്യംകൂടി ലഭിക്കും. പിന്നിട് ലഭിക്കില്ല.

എല്ലാ സമയവും വിളവെടുക്കാൻ പയർ നടാം; വീട്ടമ്മയുടെ അനുഭവ പാഠങ്ങൾ

പയറിന്റെ വിളവ് തീരെ അവസാനിക്കുന്നതു കണ്ട് മാത്രമേ ഇങ്ങനെ ചെയ്യാവൂ. ആവനാഴിയിലെ അവസാന അസ്ത്ര പ്രയോഗമാണ്. ഒരിക്കലും അദ്യമേ പയറിൽ പ്രയോഗിക്കരുത്. പ്രയോഗിച്ചാൽ പിന്നീട് വിളവ് കിട്ടില്ല. പിന്നെ വിളവാക്കി എടുക്കണമെങ്കിൽ കരിക്കിൻവെളളം പയറിൽ 2-3 പ്രാവിശ്യം തളിക്കേണ്ടി വരും. അതുകൊണ്ടുതന്നെ അറ്റകൈ പ്രയോഗം എന്ന രീതിയിൽ മാത്രമേ തൈരുചെറുനാരങ്ങാ തളി പയറുകൾക്കു നൽകാവൂ.

വഴുതന കൃഷിയും പരിചരണവും

മഴയെ ആശ്രയിച്ചാണെങ്കിൽ മെയ്-ജൂണും,ജലസേചിത കൃഷിയായി സെപ്തംബർ-ഒക്ടോബർ മാസത്തിലും വഴുതന നടാം. ഓരോ പ്രാവശ്യത്തെ വിളവെടുപ്പിന് ശേഷവും കൊമ്പ് കോതി വളം ചെയ്യണം. സൂര്യ, ശ്വേത, ഹരിത, നീലിമ, പൂസാ പർപ്പിൾ ലോംഗ്, പൂസാ പർപ്പിൽ റൗണ്ട് എന്നിവ അത്യുൽപ്പാദന ശേഷിയുള്ള വഴുതനയിനങ്ങൾ.

വഴുതന കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സാധാരണ വിത്തു പാകിയാണ് മുളപ്പിക്കുന്നത്. മൂത്തു പഴുത്ത കായയിലെ വിത്ത് സൂക്ഷിച്ചു വെച്ച് നടാനായി ഉപയോഗിക്കാം

മെയ് -ജൂൺ മാസങ്ങളിലാണ് വിത്ത് നടാൻ നല്ലത്

വിത്തുകൾ നടുന്നതിന് അൽപം മുമ്പ് വെള്ളത്തുണിയിൽ കെട്ടി 20 % വീര്യമുള്ള സ്യൂഡോമോണസ് ലായനിയിൽ മുക്കി വെക്കുക. ശേഷം നട്ടാൽ പെട്ടെന്ന് കിളിർത്തു വരും

ഒരുപാട് ആഴത്തിൽ വിത്ത് പാകേണ്ട ആവശ്യമില്ല

വിത്ത് പാകി മുളച്ച് വരുമ്പോൾ ആരോഗ്യമുള്ള തൈകൾ മാത്രം പറിച്ചു നടാനായി ഉപയോഗിക്കണം

ഉണക്കിപ്പൊടിച്ച ചാണകവും ജൈവവളങ്ങളും മണ്ണിൽ യോജിപ്പിച്ച് തൈകൾ നടാം

ചെടി നിൽക്കുന്ന സ്ഥലത്ത് നല്ല വെയിൽ കിട്ടിയാൽ കായ്കൾ നന്നായി ഉണ്ടാകും

മണ്ണിരക്കമ്പോസ്റ്റ്, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക്, കപ്പലണ്ടി പിണ്ണാക്ക് എന്നിവ വളമായി കൊടുക്കാം

പുഴുശല്യം മൂലം തണ്ട് വാടിപ്പോകാതെ നോക്കണം

മഴയില്ലാത്ത സമയത്ത് നന്നായി നനയ്ക്കണം

കായകൾ കൂടുതൽ മൂത്ത് പോകുന്നതിന് മുമ്പ് പറിച്ചെടുക്കണം

fruits and vegetables vegetables
Advertisment