Advertisment

ഭരണാധികാരികള്‍ മാന്യവും ഹിതകരവും കുലീനവുമായ ഭാഷയാണ് പ്രയോഗിക്കേണ്ടത്. രാഷ്ട്രീയഭാഷയായാലും അത് സഭ്യമാകണം, ജനകീയമാകണം. വാക്കുകൊണ്ട് മുറിവേല്‍പ്പിക്കുന്നവരാകരുത്. വാക്ക് അളന്നുതൂക്കി ഉപയോഗിക്കുക; നാവ് തീയാണ് - അഡ്വ.ചാര്‍ളി പോള്‍ എഴുതുന്നു

New Update
adv. charly paul article saji cheriyan

സംസ്കാരം എന്ന വാക്കിനര്‍ത്ഥം 'അപരനെക്കുറിച്ചുള്ള കരുതല്‍' എന്നാണ്. കേരളത്തിന്‍റെ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അപരനെ കരുതുന്നതിന് പകരം ആക്ഷേപ-അവഹേളന ധ്വനിയോടെ സംസാരിക്കുന്നതിനാല്‍ നിരന്തരം നാക്കുപിഴ സംഭവിക്കുകയാണ്. 

Advertisment

ഭരണാധികാരികള്‍ മാന്യവും ഹിതകരവും കുലീനവുമായ ഭാഷയാണ് പ്രയോഗിക്കേണ്ടത്. രാഷ്ട്രീയഭാഷയായാലും അത് സഭ്യമാകണം, ജനകീയമാകണം. ഭരണാധികാരികള്‍ വാക്കുകൊണ്ട് മുറിവേല്‍പ്പിക്കുന്നവരാകരുത്. 


സാമാന്യ വിദ്യാഭ്യാസം മാത്രം നേടിയ രാഷ്ട്രീയ നേതാക്കള്‍പോലും അന്തസുറ്റരീതിയില്‍ മാത്രം എതിരാളികളെ വിമര്‍ശിച്ചിട്ടുള്ളതാണ് മലയാളിയുടെ രാഷ്ട്രീയചരിത്രം. 

മര്യാദയോടെയുള്ള സംസാരമാണ് മാന്യതയുടെ ലക്ഷണം. വ്യക്തിത്വത്തില്‍ പുലര്‍ത്തുന്ന മര്യാദകളുമായി ബന്ധപ്പെട്ടാണ് ഒരാളുടെ വ്യക്തിത്വം സവിശേഷമാകുന്നത്. 

പ്രസംഗിച്ചു വിവാദത്തില്‍ പെട്ടശേഷം തിരുത്തിയും തിരുത്താതെയും വാര്‍ത്തകളില്‍ നിറയുകയാണ് മന്ത്രി സജി ചെറിയാന്‍. ഭരണഘടനയെ ആക്ഷേപിച്ചതെന്ന പേരില്‍ മന്ത്രി സ്ഥാനം ഒഴിയേണ്ടിവന്നതാണ് ഇതുവരെയുള്ളതില്‍ വലിയ ആഘാതം സൃഷ്ടിച്ചത്. 

ആക്ഷേപമല്ല, വിമര്‍ശനമാണ് എന്ന ന്യായത്തില്‍ വീണ്ടും മന്ത്രിയായെങ്കിലും പിന്നീട് പലതവണ നാക്ക് പിഴച്ചു. ഒടുവിലത്തേതാണ് ആലപ്പുഴ, പുന്നപ്ര വടക്ക് ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടന പ്രസംഗത്തില്‍ ക്രൈസ്തവ മത മേലധ്യക്ഷന്മാരെ മന്ത്രി പരിഹസിച്ചത്. 

പ്രധാനമന്ത്രി വിളിച്ചപ്പോള്‍ ബിഷപ്പുമാര്‍ക്ക് രോമാഞ്ചമുണ്ടായെന്നും മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോള്‍ മണിപ്പൂര്‍ വിഷയം ഉന്നയിക്കാന്‍ അവര്‍ മറന്നുപോയെന്നുമായിരുന്നു മന്ത്രിയുടെ പരാമര്‍ശം. 

ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് പരിഹാസവാക്കുകള്‍ മന്ത്രി പിന്‍വലിച്ചു. 'സൗദിയില്‍ മുസ്ലീം പള്ളികളിലെ ബാങ്കുവിളി പുറത്തുകേട്ടാല്‍ വിവരമറിയും' എന്ന വിവാദപരാമര്‍ശം മന്ത്രിക്ക് പിന്‍വലിക്കേണ്ടിവന്നു. 

മാന്നാര്‍, ചെന്നിത്തല പഞ്ചായത്തുകളുടെ അതിര്‍ത്തിയിലെ ബണ്ട് റോഡ് ഉദ്ഘാടന ചടങ്ങില്‍ കേരളത്തില്‍ കൃഷിയില്ലെങ്കില്‍ ഒന്നും സംഭവിക്കില്ലെന്നും തമിഴ്നാട്ടില്‍ അരിയുള്ളതുകൊണ്ട് ഇവിടെയൊരു പ്രശ്നവുമില്ലെന്നും പറഞ്ഞ് വിവാദം സൃഷ്ടിച്ചിരുന്നു. 

അതിനുപിന്നാലെയായിരുന്നു തകഴിയിലെ നെല്‍കര്‍ഷകന്‍റെ ആത്മഹത്യ. അതോടെ ഈ പരമാമര്‍ശം ചര്‍ച്ചയായി, മന്ത്രി വ്യാപക വിമര്‍ശനവും നേരിട്ടു. 

മന്ത്രി സജി ചെറിയാന്‍റെ പ്രസംഗങ്ങളില്‍ പരിഹാസം കടന്നുവരുന്നതാണ് അപകടം വരുത്തിവയ്ക്കുന്നത്. ഭരണഘടനാ വിമര്‍ശനപ്രസംഗത്തില്‍, 'മതേതരത്വം, ജനാധിപത്യം, കുന്തം, കൊടച്ചക്രം എന്നൊക്കെ ഭരണഘടനയുടെ സൈഡില്‍ എഴുതിയിട്ടുണ്ട്. പക്ഷെ ജനങ്ങളെ കൊള്ളയടിക്കാന്‍ മനോഹരമായി എഴുതിവെച്ച ഭരണഘടനയാണിത്' എന്ന പരാമര്‍ശമാണ് മന്ത്രിയെ കുഴപ്പത്തിലാക്കിയത്. 

ഉത്തരവാദിത്വപ്പെട്ട പദവിയില്‍ ഇരിക്കുന്നവര്‍ അവര്‍ക്കു ചേര്‍ന്ന ഭാഷയും ശൈലിയുമാണ് പുലര്‍ത്തേണ്ടത്. നാവിന്‍റെ വിലയും നിലയും തിരിച്ചറിയാതെ പ്രയോഗിക്കുന്ന വാക്കുകള്‍ സ്വന്തം മൂല്യം കുറയ്ക്കും. നാവില്‍നിന്ന്  വരുന്ന വാക്കുകള്‍ക്ക് മൂല്യമുണ്ടാകണം. അധികാരഭാഷയില്‍ അഹങ്കാരം, അഹന്ത, പരിഹാസം, നിന്ദ, പുച്ഛം, അശ്ലീലം, വിടുവായത്തം, ദ്വയാര്‍ത്ഥപ്രയോഗം, ഭീഷണി, ആഭാസത്തരം, തെറി എന്നിവ നിഴലിക്കരുത്. 


ഫലം നിറയുംതോറും വൃക്ഷത്തിന്‍റെ കൊമ്പുകള്‍ താഴ്ന്ന് വരുമെന്നതുപോലെ ഉന്നതിയിലെത്തുമ്പോള്‍ കൂടുതല്‍ വിനയാന്വിതരാകുക. സ്ഥാനത്തിന്‍റെ വലിപ്പവും സമൂഹത്തിന്‍റെ അന്തസ്സും ജീവിതത്തിന്‍റെ പക്വതയും ആവശ്യപ്പെടുന്ന അടിസ്ഥാനമര്യാദകള്‍ അധികാരികള്‍ പുലര്‍ത്തണം. 


മര്യാദയും ആദരവുമില്ലാത്ത സ്നേഹരഹിതമായ ഭാഷ വിഷലിപ്തവും മനുഷ്യവിരുദ്ധവുമാണ്. ലോകത്തില്‍ ഏറ്റവും വിശിഷ്ടമായ വസ്തു നാവാണ്. ഏറ്റവും നികൃഷ്ടമായ വസ്തുവും നാവാണ്. നാവ് നല്ലതായില്ലെങ്കില്‍ മറ്റെന്ത് ഗുണമുണ്ടായിട്ടും കാര്യമില്ല. നാവില്‍ത്തന്നെയാണ് നന്മയും തിന്മയും. ചിലപ്പോഴത് വിഷസര്‍പ്പത്തെപോലെ പത്തിവിടര്‍ത്തുകയും കാണുന്നവരെയൊക്കെ കൊത്തി പരിക്കേല്പിക്കുകയും ചെയ്യും. 

സൂക്ഷിച്ചുപയോഗിച്ചാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. ഇരുതല മുര്‍ച്ചയുള്ള കത്തിപോലെയാണ് നാവ്. നന്മയിലുപയോഗിച്ച് വിജയിക്കാനും തിന്മയിലുപയോഗിച്ച് പരാജയം ഏറ്റുവാങ്ങാനും എളുപ്പം സാധിക്കും. 

സൂക്ഷിച്ചു സംസാരിക്കുക, വാക്കുകളെ നിയന്ത്രിക്കുക, സത്യസന്ധത പുലര്‍ത്തുക, ആവശ്യമില്ലാത്തതില്‍ ഇടപെട്ട് സംസാരിക്കാതിരിക്കുക, നല്ലത് മാത്രം സംസാരിക്കുക, അല്ലെങ്കില്‍ മൗനം പാലിക്കുക. ബൈബിള്‍ പറയുന്നു; "നാവ് തീയാണ്." സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട. (8075789768) 

Advertisment