Advertisment

ശാന്തമായ രീതിയിൽ പ്രതിഷേധിക്കാൻ ഒരു പഞ്ചായത്ത് മെമ്പർക്കുപോലും അധികാരമില്ലാത്ത നാടായി കേരളം മാറിയിരിക്കുന്നു! ഇതെന്താണ് ഏകാധിപത്യമോ? എന്തിനാണ് ഇത്രയേറെ പോലീസ് സന്നാഹങ്ങളും കോലാഹലങ്ങളും? ആരെയാണ് ഇവർ ഭയപ്പെടുന്നത്?

New Update
f

ഇന്ന് രാവിലെ 10 മണിമുതൽ ഞങ്ങളുട നാട്ടിൽ നടന്ന വിചിത്രവും നിയമവിരുദ്ധവുമായ പോലീസ് നടപടികൾ ആരെയും അമ്പരപ്പിക്കുന്നതാണ്.

Advertisment

ഇന്ന് മുഖ്യമന്ത്രിയുടെ നവകേരളയാത്ര കൊല്ലം ജില്ലയിലാണ്. പത്തനാപുരം,പുനലൂർ, കൊട്ടാരക്കര ഭാഗങ്ങളിലാണ് നടക്കുന്നത്.

രാവിലെ മുതൽ തലവൂർ രണ്ടാലുംമൂട് ജംക്ഷനിൽ പോലീസ് സന്നാഹം ശക്തമായിരുന്നു. രണ്ടു ഡിവൈഎസ്‌പിമാരും കൊല്ലം റൂറൽ എസ്‌പിയും ഉൾപ്പെടെയുള്ളവരാണ് അവിടെ സുരക്ഷയ്ക്ക് നേതൃത്വം നൽകിയത്.

കൊട്ടാരക്കരനിന്നും പത്തനാപുരത്തുപോകുന്ന വഴിയിലാണ് തലവൂരിലെ രണ്ടാലുംമൂട് ജംക്ഷൻ.

മുഖ്യമന്ത്രിക്ക് കറുപ്പിനോട് ഭയമാണെങ്കിൽ താൻ വെളുത്തുനിൽക്കാം എന്ന നിലപാടിൽ ശരീരമാകെ വെള്ള നിറം പൂശി എത്തിയ രണ്ടാലുംമൂട് പഞ്ചായത്ത് മെമ്പർ രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലേക്ക് മാറ്റി.

ഇദ്ദേഹമാണ് സ്ഥിരമായി വൈദ്യുതി തടസ്സമുണ്ടായതിൻ്റെ പേരിൽ പട്ടാഴി KSEB യിൽ നാണയത്തുട്ടുകളുമായി ബില്ലടയ്‌ക്കാൻ പോയി വാർത്തകളിലെ താരമായത്.

ശാന്തമായ രീതിയിൽ പ്രതിഷേധിക്കാൻ ഒരു പഞ്ചായത്ത് മെമ്പർക്കുപോലും അധികാരമില്ലാത്ത നാടായി കേരളം മാറിയിരിക്കുന്നു...

j

അതിനുശേഷം രണ്ടാലുംമൂട് ജംക്ഷനിൽ റോഡരുകിൽ നിന്ന പലരെയും പോലീസ് പൊക്കി.

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ദൂരെനിന്നു കാണാൻ വന്നതാണോ തങ്ങൾ ചെയ്ത തെറ്റെന്ന് ചോദിച്ചതിന് " സംശയമുള്ളവരെയെല്ലാം ഞങ്ങൾ കൊണ്ടുപോകും" എന്ന മറുപടിയാണ് കൊട്ടാരക്കര ഡിവൈഎസ്പി നൽകിയത്.

കറുത്ത ചുരിദാർ ധരിച്ചുനിന്ന ഒരു യുവതിയെയും പോലീസ് കൊണ്ടുപോയി. താൻ ഒരു പാർട്ടിക്കാരിയുമല്ലെന്നും പ്രതിഷേധിക്കാൻ വന്നതല്ലെന്നും അവർ പറഞ്ഞെങ്കിലും പോലീസ് കൂട്ടാക്കിയില്ല.

മുഖ്യമന്ത്രി എത്തുംമുമ്പ് പലരെയും പോലീസ് കരുതിക്കൂട്ടി അകത്താക്കി. കറുത്ത പാന്റ്സും വെളുത്ത ഷർട്ടുമിട്ടുവന്ന ഒരു പ്രായമായ വ്യക്തി കറുത്ത വസ്ത്രം ധരിച്ചവരെ പോലീസ് പിടികൂടുന്നു എന്നറിഞ്ഞയുടൻ പിന്തിരിഞ്ഞു പായുന്നതും അൽപ്പനേരം കഴിഞ്ഞ് വീട്ടിൽപ്പോയി ഒരു ചാരനിറമുള്ള ബർമുഡ ധരിച്ചു വന്നതും കാണാൻ കഴിഞ്ഞു.

ഇതെന്താണ് വെള്ളരിക്കാപ്പട്ടണമോ ? ഈ ജനാധിപത്യരാജ്യത്തെ ഒരു പൗരന് തികച്ചും ശാന്തമായ രീതിയിൽ പ്രതിഷേധിക്കാൻ അവകാശമില്ലേ ?ഒരാൾക്ക് ഇഷ്ടപ്പെട്ട നിറത്തിലുള്ള വസ്ത്രധാരണം അനുവദനീയമല്ലേ ?

എന്തിനാണ് ഇത്രയേറെ പോലീസ് സന്നാഹങ്ങളും കോലാഹലങ്ങളും ? ആരെയാണ് ഇവർ ഭയപ്പെടുന്നത് ?

അധികാരം ഇല്ലാതായാൽ ഈ ദ്രുതകർമ്മസേനയും രണ്ടായിരത്തിലധികം പോലീസും ഫയർ ഫോഴ്സും ആംബുലൻസും അകമ്പടി വാഹനങ്ങളും ഒക്കെ ഉണ്ടാകുമോ ?

ഇതാണോ പോലീസിന്റെ ജോലി ? പൗരപ്രമുഖരാണോ ഇവരെ അധികാരത്തിലേറ്റിയത് ?

ആരൊക്കെയാണ് ഈ പൗരപ്രമുഖർ ? അതാകാനുള്ള യോഗ്യതകൾ എന്തൊക്കെയാണ് ? വോട്ടുനൽകി വിജയിപ്പിച്ച ജനത്തോടാണോ സുരക്ഷയുടെ പേരിലുള്ള ഈ വെല്ലുവിളികൾ ?

മുഖ്യമന്ത്രിസ്ഥാനം രാജിവച്ചശേഷം KSRTC ബസ്സിൽ സ്വന്തം നാടായ തൃശൂർക്ക് പോയ ഒരു നേതാ വുണ്ടായിരുന്ന നാടാണിത്..

ഒരു സുരക്ഷാഭീഷണിയുമില്ലാതെ ജനങ്ങൾക്കിടയിൽ ഉറക്കമിളച്ച് രാപ്പകൽ ഓടിനടന്ന് പരാതികൾ നേരിട്ട് സ്വീകരിച്ച ഒരു മുഖ്യമന്ത്രിയുണ്ടായിരുന്നു ഇവിടെ..

എസ്‌കോർട്ടും പൈലറ്റുമില്ലാതെ നാടുനീളെ സഞ്ചരിച്ച മന്ത്രിമാരുണ്ടായിരുന്ന നാടാണിത്.. ജനം ഇതെല്ലാം അറിയുന്നുണ്ട്  എല്ലാം കാണുന്നുണ്ട് എന്ന ഓർമ്മ എല്ലാവർക്കുമുണ്ടായിരിക്കട്ടെ...

 

Advertisment