Advertisment

മലയാളി പുരുഷന്മാർക്ക് മാത്രമാണോ ലൈംഗിക ദാരിദ്ര്യം ? പാശ്ചാത്യ സമൂഹം ലൈംഗികത ആഘോഷമാക്കുന്നില്ലേ ? മലയാളി എല്ലാം കെട്ടിപ്പൊതിഞ്ഞു വെച്ചിരിക്കുന്നതുകൊണ്ടല്ലേ ഇവിടെ പ്രശ്നങ്ങൾ മുഴുവനും - വെള്ളാശേരി ജോസഫ് എഴുതുന്നു

സിനിമ എന്ന മീഡിയം ഉപയോഗിച്ച് പുരുഷന്മാരെ നഗ്ന ദൃശ്യങ്ങൾ കാണിച്ച് പണം ഉണ്ടാക്കിയതിനുശേഷം അതുകാണാൻ ആള് കൂടുമ്പോൾ അവരെ കുറ്റം പറയുന്നതിൽ വലിയ ലോജിക് ഒന്നുമില്ല. 

New Update
divya prabha

"ഇത് സെക്ഷ്വൽ ഫ്രസ്ട്രേഷൻ... ഇവിടെയുള്ള ആളുകളിൽ നിന്നും ഇതൊക്കെ തന്നെയാണ് പ്രതീക്ഷിച്ചത്.." ടോപ്‌ലെസ് രംഗം ലീക്കായതിന് പിന്നാലെ നടി ദിവ്യ പ്രഭയുടെ വാക്കുകൾ -  ഇത് പലരും ഏറ്റുപിടിച്ചു കഴിഞ്ഞു. 

Advertisment

മലയാളി പുരുഷന്മാരുടെ ലൈംഗിക ദാരിദ്ര്യം അല്ലെങ്കിലും എല്ലാവർക്കും അറിയാവുന്നതാണ് എന്ന മട്ടിൽ നടി ദിവ്യ പ്രഭയുടെ വാക്കുകൾ പരക്കുന്നു.

സത്യം പറഞ്ഞാൽ നമ്മുടെ സാമൂഹ്യബോധം അനുസരിച്ച് കേരളത്തിലുള്ള മഹാ ഭൂരിപക്ഷം സ്ത്രീകളും 'ശീലാവതികളായി' ജീവിക്കാൻ പാടു പെടുന്നവരാണ്. അതുകൊണ്ടായിരിക്കണം നടി ദിവ്യ പ്രഭയുടെ നഗ്ന വീഡിയോയെ ചൊല്ലി മലയാളി പുരുഷന്മാർക്ക് മുഴുവനും ലൈംഗിക ദാരിദ്ര്യം എന്നുള്ള 'നറേറ്റീവ്' ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടി ഓടുന്നത്. 

divya prabha-2

നടി ദിവ്യ പ്രഭയെ പോലുള്ള അനേകർ പുരുഷന്മാരുടെ 'വീക്നെസ്സിനെ' ചൂഷണം ചെയ്യുന്നൂ. സിനിമ എന്ന മീഡിയം ഉപയോഗിച്ച് പുരുഷന്മാരെ നഗ്ന ദൃശ്യങ്ങൾ കാണിച്ച് പണം ഉണ്ടാക്കിയതിനുശേഷം അതുകാണാൻ ആള് കൂടുമ്പോൾ അവരെ കുറ്റം പറയുന്നതിൽ വലിയ ലോജിക് ഒന്നുമില്ല. 

സുഭഗമായ സ്ത്രീ ശരീരം ഉപയോഗിച്ച് കമ്പോളവൽക്കരണം നടത്തുന്ന പ്രവണത പണ്ടേ ഉള്ളതാണ്. ഇപ്പോഴത്തെ ഇലക്ട്രോണിക് മീഡിയയും, ഡിജിറ്റൽ മീഡിയയും അതിന് പുതിയ മാനങ്ങൾ തരുന്നു എന്നേയുള്ളൂ. 

ഈ പറഞ്ഞതിനര്‍ത്ഥം മലയാളിക്ക് ലൈംഗിക ദാരിദ്ര്യം ഇല്ലെന്നല്ല. ലോകം മുഴുവനും 'സെക്സ് അഡിക്ഷൻ' എന്ന് പറയുന്ന ഒന്നുണ്ട്. ഹിന്ദിയിൽ സപ്നാ ചൗധരിയുടെ വലിയ 'കലാപ്രകടനങ്ങളുണ്ട്'. രാഷ്ട്രീയ പാർട്ടികളുടെ വേദികളിലും, സൽക്കാരങ്ങളിലും, സമ്മേളനങ്ങളിലും ആളുകളെ പിടിച്ചിരുത്തുവാൻ ദേഹം ഇളക്കിക്കൊണ്ടുള്ള ഡാൻസാണ് ആ 'കലാപ്രകടനം'. 

ഹിന്ദി ബെൽറ്റിൽ സമാജ് വാദി പാർട്ടി ഒക്കെ ആളെ കൂട്ടാൻ ഇതു പോലുള്ള ഡാൻസർമാരെ സ്ഥിരം അവരുടെ സമ്മേളന വേദികളിൽ അവതരിപ്പിക്കാറുണ്ട്. ജനം അപ്പോൾ ആവേശഭരിതരാകുന്നു. സപ്നാ ചൗധരി ഹിന്ദി ബെൽറ്റിൽ അതുകൊണ്ടുതന്നെ പ്രിയ താരവുമാണ്. 

പതിനായിരങ്ങളും, ലക്ഷങ്ങളും ഒക്കെ അവരുടെ പ്രകടനങ്ങൾ കാണാൻ എത്തുന്നു; ജനം കറൻസി നോട്ടുകൾ അവർക്കുനേരെ വാരി വിതറുന്നൂ; കൊഴുപ്പു കൂട്ടാൻ ലൈംഗിക ചുവയുള്ള നാടൻ ഗാനങ്ങളും, യു ട്യൂബ് വീഡിയോകളും കൂടി ഉണ്ട്. ഹിന്ദി ബെൽറ്റിൽ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്ക്‌ കഴിഞ്ഞ കുറെ നാളുകളായി ഒഴിച്ച് കൂടാൻ പറ്റാത്തതായി മാറി ഇത്തരം 'കലാ പ്രകടനങ്ങൾ'. 

ലോകം മുഴുവനും ഇത്തരം 'കലാ പ്രകടനങ്ങൾ' ഉണ്ട്. മഡോണയെ പോലുള്ളവർ പാശ്ചാത്യ ലോകത്ത് അത് സ്ഥിരം ചെയ്യുന്നതാണ്. ലൈംഗികത ആഘോഷമാക്കുന്നത് പാശ്ചാത്യ സമൂഹത്തിൽ നമുക്ക് ദിവസവും കാണാവുന്നതാണ്. 

പ്രണോയ് റോയ് പണ്ട് അവതരിപ്പിച്ച 'വേൾഡ് ദിസ് വീക്കിൽ' ആണെന്ന് തോന്നുന്നു, പണ്ട് മഡോണയുടെ ഒരു പുതിയ സംഗീത ആൽബം പുറത്തിറക്കുന്നത് കാണിച്ചത്. ചടങ്ങിലേക്ക് മഡോണ തൻറ്റെ ബോഡി ഗാർഡുകളാൽ വലയം ചെയ്യപ്പെട്ട് ഒരു വലിയ ബ്ളാൻങ്കറ്റും പുതച്ചാണ് വന്നത്. 

ചുറ്റും കൂടിയ ഫോട്ടോഗ്രാഫേഴ്സ് മഡോണയോട് ആ ബ്ലാൻങ്കറ്റ് ഒന്ന് മാറ്റാമോ എന്നു ചോദിച്ചു. ചോദിക്കേണ്ട താമസം, മഡോണ ആ ബ്ലാൻങ്കറ്റ് ഊരിയെറിഞ്ഞു; ആയിരകണക്കിന് ഫ്ലാഷുകൾ ആ സമയത്ത് ഒരുമിച്ചു മിന്നുകയും ചെയ്തു. ഓസ്‌കാർ അവാർഡ് സമ്മാനിക്കുന്ന ചടങ്ങിലും, ഗ്രാമി അവാർഡ് ചടങ്ങിലും, ക്യാൻ ഫിലിം ഫെസ്റ്റിവലിലുമെല്ലാം ഇത്തരത്തിലുള്ള ശരീര പ്രദർശനവും, ഫാഷൻ പ്രദർശനവുമൊക്കെയുണ്ട്. 

madonna

അതൊക്കെ ലൈവ് ടെലിക്കാസ്റ്റായി ഇന്ത്യയിലും ലോകത്തെമ്പാടും ഇന്ന് കാണിക്കുന്നുണ്ട്. പാശ്ചാത്യ രാജ്യങ്ങളിൽ പതിനായിരകണക്കിന് പെൺകുട്ടികൾ വർഷം തോറും പോക്കറ്റ് മണിക്കായി ഫാഷൻ ഷോകളിൽ പങ്കെടുക്കുന്നു. കേരളത്തിലേയോ ഇന്ത്യയിലേയോ കുലസ്ത്രീകൾക്ക് സങ്കൽപ്പിക്കാൻ പോലും പറ്റാത്ത കാര്യമാണിതൊക്കെ.

മലയാളി എല്ലാം കെട്ടിപ്പൊതിഞ്ഞു വെച്ചിരിക്കുന്നതുകൊണ്ട് മലയാളികളുടെ 'സെക്ഷ്വൽ പെർവേർഷൻ' ഇന്നിപ്പോൾ ഒരു പ്രത്യേക രീതിയിലാണ്. ഇൻഡ്യാക്കാർ അല്ലെങ്കിലും സെക്സിനേയും നഗ്നതയേയും വളരെ ഗോപ്യമായാണ് കാണുന്നത്. അവിടെയാണ് സത്യം പറഞ്ഞാൽ പ്രശ്നം മുഴുവനും. 

നേരേമറിച്ച് നഗ്നത പാശ്ചാത്യ രാജ്യങ്ങളിൽ വലിയ വിഷയമേ അല്ല. പാശ്ചാത്യ രാജ്യങ്ങളിൽ 'ന്യൂഡ് റാലിയും', 'ന്യൂഡ് ബീച്ചും', 'ന്യൂഡ് സൈക്കിൾ റാലിയും' ഒക്കെ ഉണ്ട്. ന്യൂഡ് മാർച്ചുകൾ അവിടെ സ്ഥിരം സംഘടിപ്പിക്കാറുണ്ട്. താൽപ്പര്യമില്ലാത്ത ആരും അങ്ങോട്ട്‌ തിരിഞ്ഞു നോക്കാറില്ലാ. അതുകൊണ്ട് നഗ്നത അല്ലെങ്കിൽ 'ന്യൂഡിറ്റി' അവിടെ അധികം പ്രശ്നമുള്ള കാര്യമല്ലാ. 

നമ്മുടെ നാട്ടിൽ ഞരമ്പ് രോഗികൾ കണ്ടമാനം ഉള്ളത് ഒളിച്ചുവെക്കുന്നതും, മൂടി വെക്കുന്നതും കൊണ്ടു മാത്രമാണ്. അവയവങ്ങളൊക്കെ ഒളിച്ചു വെക്കേണ്ടതല്ലാ എന്നുള്ള ഒരു ബോധം കൈവരികയാണെങ്കിൽ പെൺകുട്ടികളും ആൺകുട്ടികളും നഗ്നതയെ ഓർത്ത് വേവലാതിപ്പെടുന്ന ഒരു പ്രശ്നമേ ഉദിക്കുന്നില്ലാ. 

ഒരു നൂറ്റാണ്ട്‌ മുമ്പുള്ള കേരളത്തിലെ വേഷവിധാനങ്ങൾ ബ്ളാക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെ ഇന്നും ലഭ്യമാണ്. നഗ്നതയെ സംബന്ധിച്ച് മൂല്യബോധം അന്ന് വ്യത്യസ്തമായിരുന്നു. അതുകൊണ്ട് അന്നത്തെ മാറ് മറക്കാതിരുന്നവർക്കും, അരയിൽ ഒറ്റമുണ്ട്‌ മാത്രം ധരിച്ചവർക്കും എതെങ്കിലും രീതിയിലുള്ള ആത്മവിശ്വാസക്കുറവ് ഇല്ലായിരുന്നു. 

ഒരു നൂറ്റാണ്ട് മുമ്പുപോലും കൂവള കോണകം, പാള കോണകം, അരയിലൊരു തോർത്ത് - പോലുള്ള വസ്ത്രങ്ങൾ മാത്രം ധരിച്ചു പരസ്യമായി മനുഷ്യർ നടന്നിരുന്ന ഒരു സ്ഥലമാണ് കേരളം. അന്നൊക്കെ 'കുപ്പായമിടീക്കൽ' എന്നുപറഞ്ഞാൽ മതം മാറുന്നതായി പോലും ആളുകൾ സങ്കൽപ്പിച്ചിരുന്നു. 

ഒരു നൂറ്റാണ്ടു മുമ്പുവരെ മാറ് മറക്കാതെ ഇഷ്ടം പോലെ സ്ത്രീകൾ നടന്നിരുന്ന സംസ്ഥാനമാണ് കേരളമെന്ന് ഓർക്കുമ്പോൾ, ഇന്നത്തെ കടുത്ത സദാചാര നിഷ്ഠയിലൊന്നും വലിയ കാര്യമില്ലെന്ന് മനസിലാക്കാം. 

ഒരു 40-50 വർഷങ്ങൾക്ക് മുമ്പു വരെ ഇഷ്ടംപോലെ ഗ്രാമ വേശ്യകൾ ഉണ്ടായിരുന്ന നാടാണ് കേരളം. അതുകൊണ്ട് നഗ്നത, ലൈംഗികത എന്നിവയുടെ കാര്യത്തിൽ നമ്മുടെ ഇപ്പോഴുള്ള പല ശീലങ്ങളും ചിന്തകളും പൊളിച്ചെഴുതേണ്ടതുണ്ട്. 

നമ്മുടെ സമൂഹം ലൈംഗികതയുടെ കാര്യത്തിലിപ്പോൾ അങ്ങേയറ്റത്തെ 'ഫ്യുഡൽ-കൺസർവേറ്റിവ്' മൂല്യങ്ങളുടെ തടവറയിലാണ്. അതുകൊണ്ടുതന്നെ, പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർധന്‍റെ കേസിൽ കണ്ടതുപോലെ സ്ത്രീകളുടെ മാനത്തിൻറ്റെ 'രക്ഷിതാവായി' ചമയാൻ കണ്ടമാനം കുല പുരുഷന്മാരും, കുല സ്ത്രീകളും മലയാളികളുടെ ഇടയിലുണ്ട്. 

മൂന്നു ദിവസമാണ് ഏതോ സ്ത്രീ വിഷയത്തിൻറ്റെ പേരും പറഞ്ഞു സിദ്ധാർധനെ എടുത്തിട്ടലക്കിയത്; ഈ മൂന്നു ദിവസം ആ പയ്യന് ഭക്ഷണവും കൊടുത്തില്ല. അവസാനം കാര്യങ്ങൾ നല്ല ഭാവിയുള്ള ആ പയ്യന്‍റെ മരണത്തിലാണ് കലാശിച്ചത്. 

ഇതുപോലെ നമ്മൾ മഹത്തരമെന്ന് കരുതിക്കൊണ്ട് നടക്കുന്ന സന്മാർഗ വിചാരണ പോലുള്ള പലതും മനുഷ്യൻറ്റെ അടിസ്ഥാന ചോദനകളെ നിഷേധിക്കുന്നതും മനുഷ്യത്വ വിരുദ്ധവുമാണ്. നമ്മുടെ എല്ലാ ഇൻസ്റ്റിറ്റ്യൂഷൻസിലും ഉള്ള 'സദാചാര ആങ്ങളമാർ' ആണ് സിദ്ധാർധനെ മരണത്തിലേക്ക് നയിച്ചത്. 

സിബിഐ കുറ്റപത്രം അത് കൃത്യമായി വെളിവാക്കുന്നുണ്ട്. സിദ്ധാർധന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള സിബിഐ കുറ്റപത്രത്തിലെ കാര്യങ്ങൾ മിക്ക പത്രങ്ങളിലും അച്ചടിച്ചു വന്നതുമാണ്. 'സദാചാര പോലീസ്' ചമയാൻ ഇറങ്ങിയ 30 പേർ മൂന്നു ദിവസമാണ് സിദ്ധാർധനെ ബെൽറ്റ് വെച്ച് തല്ലുന്നതൊക്കെ ഉൾപ്പെടെയുള്ള പ്രാകൃതമായ ശിക്ഷകൾക്ക് വിധേയമാക്കിയത്. 

യുവത്വത്തിൽ എതിർ ലിംഗത്തോടുള്ള ആകർഷണമൊക്കെ ഉണ്ടാകുന്നത് പ്രകൃത്യാ സ്വോഭാവികമായ ഒന്നാണെന്നുള്ളത് മെഡിസിൻ പഠിക്കുന്ന പിള്ളേർക്ക് അറിയാൻ വയ്യെങ്കിൽ അവർ വൻ ദുരന്തങ്ങളാണ്.

(ലേഖകൻറ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ)

Advertisment