Advertisment

'ശബരിമല മേൽശാന്തിയായി മലയാള ബ്രാഹ്മണരെ നിയമിക്കുന്നത് ആചാരം; കോടതി ഇടപെടരുത്:' ഹൈക്കോടതിയിൽ വാദം

New Update

publive-image

Advertisment

കൊച്ചി; ശബരിമല മേൽശാന്തിയായി മലയാള ബ്രാഹ്മണരെ നിയമിക്കുന്നത് ആചാരത്തിന്റെ ഭാഗമാണെന്നും ഇതില്‍ കോടതി ഇടപെടരുതെന്നും ഹൈക്കോടതിയിൽ വാദം. ഇന്ന് നടന്ന പ്രത്യേക സിറ്റിങിൽ യോഗക്ഷേമ സഭയാണ് വാദം ഉന്നയിച്ചത്. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഇന്ന് പ്രത്യേക സിറ്റിംഗ് നടത്തിയത്.

ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാനായിരുന്നു കോടതി പ്രത്യേക സിറ്റിംഗ് വിളിച്ചുചേര്‍ത്തത്.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച് അപേക്ഷകൻ കേരളത്തിൽ ജനിച്ച മലയാളി ബ്രാഹ്മണനായിരിക്കണമെന്ന വ്യവസ്ഥയുണ്ട്.ഇതിനെതിരെ സിജിത്ത് ടി.എൽ, വിജീഷ് പി.ആർ എന്നിവർ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത് . തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറപ്പെടുവിച്ച വിജ്ഞാപനം ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.

ശബരിമല മേൽശാന്തി നിയമനത്തിനുള്ള നിലവിലെ തിരഞ്ഞെടുപ്പ് രീതി മുൻ കാലങ്ങളിലെ കോടതി വിധികൾ അനുസരിച്ചാണെന്നും അത് കൊണ്ട് തന്നെ ഈ രീതിയിൽ അല്ലാതെ നിയമന വിജ്ഞാപനം പുറപ്പെടുവിക്കാൻ ആകില്ലെന്നും മുൻ മേല്ശാന്തിമാർ ഹൈക്കോടതിയെ ബോധിപ്പിച്ചു. ഒരു കോടതി വിധിയെ മറ്റൊരു കോടതി വിധി കൊണ്ട് മറികടക്കാൻ ആകില്ലെന്നും മേല്‍ശാന്തിമാര്‍ക്ക്‌ വേണ്ടി ഹാജരായ അഡ്വ പി ബി കൃഷ്ണൻ ചൂണ്ടിക്കാട്ടി,

ശബരിമല മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തി നിയമനം പൊതു നിയമനം അല്ലെന്നും അതുകൊണ്ട് തന്നെ ഭരണഘടനയുടെ 15,16 വകുപ്പുകളുടെ ലംഘനം എന്നത് ഉത്ഭവിക്കുന്നില്ലെന്നും പി ബി കൃഷ്ണൻ  വാദിച്ചു.  ഹർജി ജനുവരി 28ന് പരിഗണിക്കാൻ മാറ്റി.

Advertisment