Advertisment

ഇന്ത്യയുടെ വര്‍ഷങ്ങളുടെ കാത്തിരിപ്പിനെ പൊന്നണിയിച്ച നീരജ് ചോപ്രയ്ക്ക് അഭിനന്ദനപ്രവാഹം; ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി-വീഡിയോ വൈറല്‍

New Update

publive-image

Advertisment

ന്യൂഡല്‍ഹി/ടോക്യോ: ഒളിമ്പിക്‌സ് ചരിത്രത്തില്‍ ആദ്യമായി അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി നീരജ് ചോപ്ര സ്വര്‍ണം നേടിയപ്പോള്‍, 130 കോടിയോളം വരുന്ന ജനതയുടെ വര്‍ഷങ്ങളായുള്ള സ്വപ്‌നമാണ് പൂവണിഞ്ഞത്. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ 87.58 മീറ്റര്‍ ദൂരമണിഞ്ഞാണ് ഈ 23-കാരന്റെ സുവര്‍ണ നേട്ടം.

പ്രമുഖരടക്കം നിരവധി പേരാണ് ഇന്ത്യയുടെ പൊന്നിന്‍ താരകത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ നീരജിനെ പ്രശംസിച്ചു. പ്രധാനമന്ത്രി നീരജുമായി നടത്തിയ ഫോണ്‍ സംഭാഷണവും ശ്രദ്ധേയമാവുകയാണ്.

ടോക്യോ ഒളിമ്പിക്‌സ് മത്സരങ്ങളിലെ അവസാന ദിനത്തില്‍ സ്വര്‍ണ മെഡല്‍ നേടിയതിലൂടെ രാജ്യത്തിന് നീരജ് അഭിമാനം പകര്‍ന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വര്‍ണം നേടുകയെന്നത് വലിയ കാര്യമാണെന്നും, നിരവധി പേരുടെ പിന്തുണ ലഭിച്ചെന്നുമായിരുന്നു നീരജിന്റെ മറുപടി.

'' കൊവിഡ് മഹാമാരി മൂലം ഒളിമ്പിക്‌സ് ഒരു വര്‍ഷത്തോളം നീട്ടിവയ്‌ക്കേണ്ടി വന്നതിനാല്‍ നിങ്ങള്‍ക്ക് കഠിന പരിശ്രമം നടത്തേണ്ടി വന്നു. തോളിലുണ്ടായ പരിക്കിനോടും നിങ്ങള്‍ പോരാടി. പ്രതിസന്ധികളോട് പോരാടിയാണ് നിങ്ങള്‍ അത്ഭുതങ്ങള്‍ കാണിച്ചത്. ഇതെല്ലം കഠിന പരിശ്രമത്തിന്റെ ഫലമാണ്''-പ്രധാനമന്ത്രി പറഞ്ഞു.

മത്സരത്തിലുടനീളം നീരജ് ചോപ്രയില്‍ ആത്മവിശ്വാസം പ്രകടമായിരുന്നുവെന്നും മോദി ചൂണ്ടിക്കാട്ടി. ഓഗസ്റ്റ് 15-ന് നേരില്‍ കാണാമെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി സംഭാഷണം അവസാനിപ്പിച്ചത്. പ്രധാനമന്ത്രിയുടെ പ്രശംസയ്ക്ക് നീരജും നന്ദി അറിയിച്ചു.

അഭിനവ് ബിന്ദ്രയ്ക്കുശേഷം വ്യക്തിഗത സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് കരസേനയിലെ ഈ ജൂനിയര്‍ കമ്മീഷന്‍സ് ഓഫീസര്‍. ബെയ്ജിങ്ങിനുശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുന്നത്. ഫൈനലില്‍ തന്റെ രണ്ടാമത്തെ ശ്രമത്തിലാണ് നീരജ് സ്വര്‍ണദൂരം കണ്ടെത്തി. യോഗ്യതാ റൗണ്ടിൽ ഒന്നാം സ്ഥാനത്തോടെ ഫൈനലിന് യോഗ്യത നേടാൻ പിന്നിട്ട ദൂരത്തേക്കാൾ മികച്ച ദൂരം കണ്ടെത്തിയാണ് ഫൈനലിൽ നീരജ് പോരാട്ടം ആരംഭിച്ചത്.

ആദ്യ ശ്രമത്തില്‍ 87.03 മീറ്ററും മൂന്നാം ശ്രമത്തില്‍ 76.79 മീറ്ററുമാണ് എറിഞ്ഞത്. തന്‍റെ അഞ്ചാം ശ്രമത്തില്‍ 86.67 മീറ്റര്‍ ദൂരമെറിഞ്ഞ ചെക്ക് താരം വാഡ്ലെക്ക് യാക്കൂബ് വെള്ളി നേടിയപ്പോള്‍ മൂന്നാം ശ്രമത്തില്‍ 85.44 മീറ്റര്‍ ദൂരമെറിഞ്ഞ ചെക്കിന്‍റെ തന്നെ വെസ്ലി വിറ്റെസ്ലാ വ്വെങ്കലം നേടി.

2017ലെ ലോക ചാംപ്യനും ഈ ഒളിംപിക്സിൽ സ്വർണം നേടാൻ ഏറ്റവുമധികം സാധ്യത കൽപിക്കപ്പെട്ട താരവുമായ ജർമനിയുടെ ജൊഹാനസ് വെറ്റർ യോഗ്യതാ റൗണ്ടിനു പിന്നാലെ ഫൈനലിലും നിറംമങ്ങി. ആദ്യ ശ്രമത്തിൽ 82.52 മീറ്റർ ദൂരം പിന്നിട്ട വെറ്റർ, അടുത്ത രണ്ടു ശ്രമങ്ങളിലും അയോഗ്യനായതോടെ ഫൈനൽ ആദ്യ റൗണ്ടിൽത്തന്നെ പുറത്തായി. 97 മീറ്റര്‍ ദൂരം പിന്നിട്ടിട്ടുള്ള താരമാണ് വെറ്റര്‍.

1900 പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കുവേണ്ടി മത്സരിച്ച ഇംഗ്ലീഷുകാരന്‍ നോര്‍മന്‍ പ്രിച്ചാര്‍ഡ് മാത്രമാണ് ഇതിന് മുന്‍പ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കുവേണ്ടി മെഡല്‍ നേടിയത്. ഒളിമ്പിക്‌സിന്റെ സുദീര്‍ഘമായ ചരിത്രത്തില്‍ ഇന്ത്യ സ്വന്തമാക്കുന്ന പതിനൊന്നാമത്തെ സ്വര്‍ണമാണിത്.

നീരജിലൂടെ ടോക്കിയോയിലെ ഏഴാം മെഡൽ കുറിച്ച ഇന്ത്യ, ഒളിംപിക് ചരിത്രത്തിൽ ഒറ്റ പതിപ്പിൽ നേടുന്ന ഏറ്റവുമുയർന്ന മെഡലെണ്ണമാണിത്. 2012ൽ ലണ്ടനിൽ കൈവരിച്ച ആറു മെഡലുകൾ എന്ന നേട്ടമാണ് ഏഴിലേക്ക് ഉയർത്തിയത്. പുരുഷൻമാരുടെ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ 65 കിലോ വിഭാഗത്തിൽ ബജ്‌രംഗ് പൂനിയ വെങ്കലം നേടിയതോടെ ഇന്ത്യ ലണ്ടനിലെ റെക്കോർഡിന് ഒപ്പമെത്തിയിരുന്നു.

ടോക്കിയോയിൽ വനിതകളുടെ ഭാരോദ്വഹനത്തിൽ മീരാബായ് ചാനു, ഗുസ്തിയിൽ രവികുമാർ ദാഹിയ എന്നിവർ ഇന്ത്യയ്ക്കായി വെള്ളി നേടിയിരുന്നു. ബജ്‌രംഗ് പൂനിയയ്ക്കു പുറമെ ബാഡ്മിന്റൻ സിംഗിൾസിൽ പി.വി. സിന്ധു, ബോക്സിങ്ങിൽ ലവ്‌ലിന ബോർഗോഹെയ്ൻ, ഇന്ത്യൻ പുരുഷ ഹോക്കി ടീം എന്നിവർ വെങ്കലവും നേടി.

ടോക്യോ ഒളിമ്പിക്‌സില്‍ ഒരു സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമുള്‍പ്പെടെ ഏഴ് മെഡലുകള്‍ നേടിയ ഇന്ത്യ 47-ാം സ്ഥാനത്താണുള്ളത്. 38 സ്വര്‍ണമുള്‍പ്പെടെ 86 മെഡല്‍ നേടിയ ചൈനയാണ് ഒന്നാമത്. 34 സ്വര്‍ണമുള്‍പ്പെടെ 104 മെഡല്‍ നേടി അമേരിക്ക രണ്ടാമതെത്തി. ആതിഥേയരായ ജപ്പാനാണ് മൂന്നാമത്.

 

Advertisment