കൊച്ചി: പള്ളിയിലും അമ്പലത്തിലും പോകാന്‍ യൂത്ത് കോണ്‍ഗ്രസുകാരോട് സംഘടനാ നിര്‍ദേശം. ആരാധനാലയങ്ങളില്‍ വര്‍ഗീയശക്തികള്‍ പിടിമുറുക്കുന്നത് തടയാന്‍ ക്ഷേത്രങ്ങളിലും പള്ളികളിലും പ്രവര്‍ത്തകര്‍ നേതൃത്വത്തിലെത്തണമെന്നാണ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. സാമുദായിക സംഘടനകളിലും യുവാക്കള്‍ പ്രവര്‍ത്തിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ സംഘടനയില്‍ പ്രധാന പദവികളില്‍ ഉള്ളവര്‍ സാമുദായിക സംഘടനയുടെ ഭാഗമാകരുതെന്ന് നിര്‍ദേശമുണ്ടായിരുന്നു.
പാലക്കാട്ട് നടന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പിലവതരിപ്പിച്ച പ്രമേയത്തിലാണ് പുതിയ തീരുമാനം. സമൂഹത്തില്‍ ശക്തമാകുന്ന വര്‍ഗീയതയെ ചെറുക്കാനും അതിലേക്ക് ആകര്‍ഷിക്കപ്പെട്ടവരെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് മടക്കിക്കൊണ്ടുവരാനും തയ്യാറാകണമെന്നും പ്രമേയത്തിലുണ്ട്. യൂത്ത് കോണ്‍ഗ്രസിന്റെ അടിത്തറ വിപുലപ്പെടുത്താന്‍ ഓരോ മണ്ഡലത്തിലും അഞ്ചുമുതല്‍ പത്തുവരെ യൂണിറ്റുകള്‍ പുതുതായി രൂപീകരിക്കും. പാര്‍ട്ടി ആശയങ്ങള്‍ പഠിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസും പഠനകേന്ദ്രങ്ങള്‍ ആരംഭിക്കും.
പൊതുവിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാട് ഇനി മുതല്‍ കോര്‍കമ്മറ്റി ചേര്‍ന്ന് കൈകൊള്ളും. ഇതിനായി പുതിയ കോര്‍ കമ്മറ്റി രൂപീകരിക്കും. പിടി തോമസിന്റെ പേരില്‍ പരിസ്ഥിതി അവാര്‍ഡ് ഏര്‍പ്പെടുത്തുംയ സംഘടന, രാഷ്ട്രീയം, പരിസ്ഥിതി, സമൂഹസേവനം എന്നീ വിഭാഗങ്ങളിലാണ് പ്രമേയങ്ങള്‍ അവതരിപ്പിച്ചത്. ഇതില്‍ പരിസ്ഥിതി സംബന്ധിച്ച പ്രമേയം മാത്രമാണ് അംഗങ്ങള്‍ക്കിടയില്‍ വിതരണംചെയ്തത്